Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ചാച്ഛനെ നോക്കാൻ അഞ്ച് പെൺമക്കളും ഓടിയെത്തുമ്പോഴും ആരും ഒരിക്കലും രാഷ്ട്രീയത്തിൽ തലകാണിച്ചില്ല; 62വർഷം കൂടെ താമസിച്ചിട്ടും ഉദ്ഘാടകയാകാൻ പോലും കുട്ടിയമ്മയും പോയില്ല; മകൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത് പോലും ഒരുപാട് തവണ ഗുണിച്ചും ഹരിച്ചും ഉറപ്പു വരുത്തിയ ശേഷം; ഉടയാത്ത മുണ്ടും ജുബ്ബയും പാലായുടെ ഐഡന്റിന്റിയായി; എംഎൽഎ ആകും മുമ്പും മരങ്ങാട്ടുപിള്ളി വിട്ടിട്ടും ജന്മവീടിനോട് കൂറൊഴിയാതെ എന്നും; അതികായനായ നേതാവിന് പിന്നിൽ ഒളിച്ചിരുന്നത് സാധുവായ കുടുംബനാഥന്റെ ജീവിതം

അച്ചാച്ഛനെ നോക്കാൻ അഞ്ച് പെൺമക്കളും ഓടിയെത്തുമ്പോഴും ആരും ഒരിക്കലും രാഷ്ട്രീയത്തിൽ തലകാണിച്ചില്ല; 62വർഷം കൂടെ താമസിച്ചിട്ടും ഉദ്ഘാടകയാകാൻ പോലും കുട്ടിയമ്മയും പോയില്ല; മകൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത് പോലും ഒരുപാട് തവണ ഗുണിച്ചും ഹരിച്ചും ഉറപ്പു വരുത്തിയ ശേഷം; ഉടയാത്ത മുണ്ടും ജുബ്ബയും പാലായുടെ ഐഡന്റിന്റിയായി; എംഎൽഎ ആകും മുമ്പും മരങ്ങാട്ടുപിള്ളി വിട്ടിട്ടും ജന്മവീടിനോട് കൂറൊഴിയാതെ എന്നും; അതികായനായ നേതാവിന് പിന്നിൽ ഒളിച്ചിരുന്നത് സാധുവായ കുടുംബനാഥന്റെ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുട്ടിയമ്മ തന്റെ 'ആദ്യ ഭാര്യ'യും പാലാ നിയോജകമണ്ഡലം 'രണ്ടാം ഭാര്യ'യെന്നുമാണു കെ.എം.മാണി വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം കുട്ടിയമ്മയുടെ പിന്തുണയാണെന്നു പറയാൻ കെ.എം. മാണിക്ക് മടിയില്ലായിരുന്നു. അങ്ങനെ കുട്ടിയമ്മയുടെ പിന്തുണയിൽ നേടിയെതെല്ലാം പാലയ്ക്കും കുടുംബത്തിനും മാണി വീതിച്ചു നൽകി. അഞ്ച് പെൺമക്കളും ജോസ് കെ മാണിയെന്ന ആൺതരിയും. എന്നും പാലയെ കുറിച്ച് ചിന്തിക്കുമ്പോഴും മക്കളുടെ ഭാവിയും ഈ അച്ഛന് പ്രധാനമായിരുന്നു. രാഷ്ട്രീയത്തിലേക്ക് പെൺമക്കളെ മാണി രാഷ്ട്രീയത്തിൽ എത്തിച്ചില്ല. മരുമക്കളേയും അകറ്റി നിർത്തി. മകനേയും പഠിപ്പിച്ച് ജോലിക്കാരനായി. പിന്നീട് മകനെ രാഷ്ട്രീയത്തിലേക്കും എത്തിച്ചു. ഏറെ കൂട്ടിയും ഗണിച്ചുമായിരുന്നു ജോസ് കെ മാണിയെ രാഷ്ട്രീയത്തിൽ മാണി ഇറക്കിയത്. ആദ്യ തവണ മൂവാറ്റുപുഴയിലെ ലോക്‌സഭാ പോരിൽ ജോസ് കെ മാണിക്ക് അടിതെറ്റി. എന്നാൽ മൂവാറ്റുപുഴ പോയി കോട്ടയമെത്തിയപ്പോൾ ജോസ് കെ മാണി എംപിയായി. ഇപ്പോൾ രാജ്യസഭയിലെ കേരളാ കോൺഗ്രസിന്റെ മുഖവും. അങ്ങനെ മകനെ തന്റെ രാഷ്ട്രീയ പിൻഗാമിയാക്കി കെഎം മാണി.

എപ്പോഴും ഫ്രഷായിരിക്കണമെന്നു നിർബന്ധബുദ്ധിയുണ്ടായിരുന്നു മാണിക്ക്. എവിടെ യാത്ര പോയാലും വണ്ടിയിൽ പല ജോഡി മുണ്ടും ജൂബയുമുണ്ടാകും. അൽപമൊന്നു വിയർത്താൽ പിന്നെ, ആദ്യം കയറുന്ന ഗസ്റ്റ്ഹൗസിൽ കുളിച്ചുടുപ്പുമാറിയിരിക്കും. ഉത്തരേന്ത്യൻ രാഷ്ട്രീയക്കാർക്കില്ലാത്ത ഒരു മെച്ചം പക്ഷേ മാണിക്ക് ഇക്കാര്യത്തിൽ കിട്ടി. അവിടെ പലനിറ ഉടുപ്പുകളാണു രാഷ്ട്രീയക്കാർ ധരിക്കുന്നതെങ്കിൽ മാണിക്ക് വേഷം ഒന്നേ ഉണ്ടായിരുന്നൂള്ളൂ വെള്ള ഖദർ ജൂബ. അത ്പാലായുടെ ഔദ്യോഗിക വേഷമായി. പാലായുടെ മുഖമുദ്രയുമായി. എന്നും അവർക്കൊപ്പം ഈ വേഷം ധരിച്ച് മാണിയുണ്ടായിരുന്നു. സാധുവായ കുടുംബ നാഥനായിരുന്നു രാഷ്ട്രീയത്തിൽ കത്തികയറുമ്പോഴും കെ എം മാണി. ഭാര്യയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കും സ്‌നേഹ നിധിയായ കുടുംബനാഥൻ.

മാണി സാറിന്റെ 'ആദ്യ ഭാര്യ'യായി കരിങ്ങോഴയ്ക്കൽ തറവാട്ടിലേക്കു കുട്ടിയമ്മ വന്നുകയറിയത് 1957 നവംബർ 28നായിരുന്നു. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ ആയിരുന്നു വിവാഹം. അന്നു മാണിക്കു പ്രായം 25, കുട്ടിയമ്മയ്ക്ക് 22. രാഷ്ട്രീയത്തിൽ വച്ചടിവച്ചടി കയറ്റമായിരുന്നു മാണിക്ക്. കെപിസിസി അംഗവും കോട്ടയം ഡിസിസി സെക്രട്ടറിയുമായിരുന്ന മാണി അന്ന് പാലാ ബാറിലെ തിരക്കുള്ള അഭിഭാഷകനുമായിരുന്നു കല്യാണക്കാലത്ത് മാണി. വാഴൂർ ഈസ്റ്റ് കൂട്ടുങ്കൽ (പരിപ്പീറ്റത്തോട്ട്) പരേതനായ കെ.സി. തോമസിന്റെ മകളാണു കുട്ടിയമ്മ. 'ഞാൻ വീട്ടുകാര്യമൊന്നും നോക്കാറില്ല. കുട്ടികളുടെ വിദ്യാഭ്യാസവും കൃഷിയുമെല്ലാം കുട്ടിയമ്മ നോക്കുന്നതുകൊണ്ടാണു ടെൻഷനില്ലാതെ പൊതുരംഗത്തു നിൽക്കാനാവുന്നത്. അതിൽ കൂടുതൽ ഭാഗ്യമെന്തു വേണം' എന്ന മറുപടികൊണ്ട് ഓരോ വിജയവും കുട്ടിയമ്മയ്ക്ക് കൂടി മാണി പകുത്തു നൽകി. ഓരോ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെയും തലേന്നു ബന്ധുക്കൾ തറവാട്ടിൽ ഒത്തുകൂടും. വിജയമറിഞ്ഞാൽ മാണിയുടെ ആദ്യ ഫോൺ കുട്ടിയമ്മയ്ക്കാണ്. കുട്ടിയമ്മ ഫലം പ്രഖ്യാപിച്ചു വീട്ടിലുള്ളവർക്കു മധുരം വിതരണം ചെയ്യുന്നതായിരുന്നു പതിവ്.

കുട്ടിയമ്മ ഒരിക്കൽപോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ താൽപര്യം കാണിച്ചില്ല. 2011ലാണ് ആദ്യമായി ഒരു പൂർവവിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടകയായി അരങ്ങത്തെത്തിയത്. ഭർത്താവിന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് ഒരായുസ്സ് മുഴുവൻ നിഴലായി കൂടെനിൽക്കാനാണ് അവർ ഇഷ്ടപ്പെട്ടത്. പെൺമക്കളും അങ്ങനെ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിന്നു. പ്രിയപ്പെട്ട ഭാര്യയെ കല്യാണവീട്ടിൽ മറന്നുപോയ ചരിത്രവുമുണ്ട് കെ.എം. മാണിക്ക്. വീട്ടിൽ വന്നു പ്രത്യേകം ക്ഷണിച്ച പ്രവർത്തകന്റെ കല്യാണത്തിനു തലേന്നുതന്നെ കുട്ടിയമ്മയുമായി പോയി. പക്ഷേ, മണ്ഡലത്തിലെ ഏതോ തർക്കം പറഞ്ഞുതീർത്തു വരാനിറങ്ങിയ മാണി ആ വഴി പാലായ്ക്കു പോന്നു. രാത്രി ഒന്നരയ്ക്കു പാതി വഴി പിന്നിട്ടപ്പോഴാണു കുട്ടിയമ്മ കൂടെയില്ലെന്നോർത്തത്. തിരികെച്ചെന്നപ്പോൾ കല്യാണവീട്ടിൽ പാചകക്കാർക്കൊപ്പം ജോലിയിലാണു കുട്ടിയമ്മ. തിരിച്ചുപോകുമ്പോൾ കുട്ടിയമ്മ ചോദിച്ചു: 'അതേയ്, വല്ല അമേരിക്കയിലോ മറ്റോ ആണ് എന്നെ ഇങ്ങനെ മറന്നുവച്ചതെങ്കിൽ തിരിച്ചുകിട്ടുമായിരുന്നോ...?' മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ദൂരയാത്ര പോകുമ്പോൾ കൂടെയുള്ളവരെ തിരക്കുന്ന ശീലം അന്നു തുടങ്ങിയെന്നു കുട്ടിയമ്മ പറയും.

കെ.എം. മാണിയുടെ ബജറ്റ് അവതരണത്തെക്കുറിച്ചു 'നിത്യത്തൊഴിൽ അഭ്യാസം' എന്നായിരുന്നു കുട്ടിയമ്മ പറഞ്ഞിരുന്നത്. ബജറ്റൊക്കെ റെഡിമണിയാക്കും എന്നു പറയുമ്പോഴും പാലായുടെ വീട്ടുബജറ്റ് കുട്ടിയമ്മ വിട്ടുകൊടുത്തില്ല. വ്യക്തി ബജറ്റിൽ കെ.എം. മാണിക്ക് ചെലവു കമ്മിയാണെങ്കിലും ഭാര്യയ്ക്കു സാരിയോ മറ്റോ വാങ്ങാൻ കയറിയാൽ ധൂർത്തടിക്കാൻ മടിയില്ലെന്നായിരുന്നു വീട്ടുബജറ്റിലെ തമാശ.

മരങ്ങാട്ടുപിള്ളിക്കാരൻ മാണി

കരയാനും വിഷമിക്കാനുമൊക്കെയാണെങ്കിൽ രാഷ്ട്രീയത്തിൽ പല താഴ്ചകളിലൂടെയും കടന്നു പോയിട്ടുണ്ടായിരുന്നു കെ.എം. മാണി. മാണിയുടെ മനസ്സ് പോരാളിയുടേതായിരുന്നു. തനിക്കിഷ്ടപ്പെടാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അസ്വസ്ഥനാകും. അപ്പോഴും ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള തന്ത്രങ്ങൾ തിരയും. നീക്കങ്ങൾ നടത്തും. മീനച്ചിലിലെ ചങ്കുറപ്പുള്ള കർഷകന്റെ മനസ്സായിരുന്നു അത്. മരണവും വേദനയും കണ്ടാൽ പെട്ടെന്നു വരുന്ന കരച്ചിൽ. മരിച്ചവരെ കണ്ടു നിൽക്കുക അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. മുഖം പെട്ടെന്നു വലിഞ്ഞു മുറുകും. കണ്ണു നിറയും. രോഗികളെ കാണുമ്പോഴും മുഖം മാറും. പലരും ഇതിനെ അഭിനയാമായി കണ്ടു. എന്നാൽ പാലാക്കാർക്ക് അത് സ്‌നേഹത്തിന്റെ കണ്ണുനീർ തുള്ളികളായിി.

മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണി - ഏലിയാമ്മ ദമ്പതികളുടെ മകൻ പ്രസംഗിച്ചും പ്രവർത്തിച്ചും വളർന്നു തലയെടുപ്പുള്ള നേതാവായി മാറിയെങ്കിലും ജന്മനാട് ഒരിക്കലും മനസ്സിൽനിന്നു മാഞ്ഞിരുന്നില്ല. മരങ്ങാട്ടുപിള്ളി - കടപ്ലാമറ്റം റോഡിലെ പഴയ കരിങ്ങോഴയ്ക്കൽ വീട് ഇപ്പോഴില്ല. പുതുക്കിപ്പണിതു. മാണിയുടെ സഹോദര പുത്രൻ തോമസുകുട്ടിയാണ് ഇവിടെ താമസം. പാലായിലേക്കു താമസം മാറിയിട്ടും മരങ്ങാട്ടുപിള്ളി വഴി പോയാൽ മാണി ജന്മവീട്ടിൽ കയറുമായിരുന്നു. ദശാബ്ദങ്ങളോളം പാലാ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു മരങ്ങാട്ടുപിള്ളി പഞ്ചായത്ത്. ഏതാനും വർഷം മുൻപു കടുത്തുരുത്തിയുടെ ഭാഗമായി. എങ്കിലും മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഏതു ചടങ്ങിനും മാണിയുടെ സാന്നിധ്യം നിർബന്ധമായിരുന്നു.

മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ കെ.എം. മാണി 1965 ലാണു പാലായിലേക്കു താമസം മാറുന്നത്. 1965ലെ തിരഞ്ഞെടുപ്പു വരെ മരങ്ങാട്ടുപിള്ളിയിൽ നിന്നാണു പാലായിലെത്തി മടങ്ങിയിരുന്നത്. പ്രവർത്തനം പാലായിലേക്കു മാറ്റിയതോടെ താമസവും മാറ്റി. 1965ൽ കൊട്ടാരമറ്റത്തിനു സമീപം കുറിച്ചിയേൽ കെ.എം. മാത്യുവിന്റെ (കുഞ്ഞാപ്പൻ) പക്കൽ നിന്ന് 1.65 ഏക്കർ സ്ഥലം വാങ്ങി. ഇവിടെ ഉണ്ടായിരുന്ന പഴയ വീട്ടിലായിരുന്നു താമസം. 1982ലാണു പുതിയ വീട് പണിതത്.

മാണിയെന്ന വക്കീൽ

പാലായിൽ ഒരു കൊലക്കേസിൽ പൊലീസിന്റെ തെളിവെടുപ്പ്. കുത്തിയ കത്തി കണ്ടെത്താൻ പൊലീസ് പ്രതിയുമായി എത്തുന്നു. പെട്ടെന്ന് പ്രതിയുടെ അഭിഭാഷകൻ ചാടിവീഴുന്നു; പ്രതിയെയും കയറ്റി വാഹനത്തിൽ പായുന്നു. ഊടുവഴികളിലൂടെ പാഞ്ഞ വക്കീലിന്റെ വാഹനം പൊലീസിനു കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്കുള്ളിൽ ജില്ലാ കോടതിയിൽ ഹാജരാക്കി പ്രതിക്കു ജാമ്യമെടുത്തു. ആ വക്കീൽ മറ്റാരുമല്ല, അഡ്വ. കെ.എം. മാണിയായിരുന്നു. കേസിലെ യഥാർഥ പ്രതിയെ കിട്ടാതെ പൊലീസ് ഡമ്മി പ്രതിയെ വച്ചു മുഖം രക്ഷിക്കാൻ നോക്കി. ഡമ്മി പ്രതിയുടെ വക്കീലാകട്ടെ കെ.എം. മാണി. കത്തി തലേദിവസം പൊലീസ് തന്നെ കൊണ്ടുവച്ചു. അതു പ്രതിയെക്കൊണ്ട് എടുപ്പിക്കണം. അതാണു പ്രധാന തെളിവ്. ഇക്കാര്യം കെ.എം. മാണി അറിഞ്ഞു. അങ്ങനെയാണു സ്‌പോട്ടിൽ നിന്നു തന്റെ കക്ഷിയുമായി മാണി വക്കീൽ കടന്നുകളഞ്ഞത്.

കോഴിക്കോട്ടും പാലാ സബ് കോടതിയിലും കോട്ടയം ജില്ലാ കോടതിയിലുമൊക്കെ വാദിച്ചിട്ടുണ്ട്. പ്രാക്ടീസ് സമയത്തുതന്നെ ക്രിമിനൽ കേസുകളോട് മാണിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. പിന്നീട് 1979ൽ കേരള കോൺഗ്രസ് പിളർപ്പിന്റെ സമയത്തു പാർട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷന്റെ മുൻപിലും വക്കീലായി ഹാജരായി. സുപ്രീം കോടതിയിൽ വാദിക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം കെ.എം. മാണി മനസ്സിൽ സൂക്ഷിച്ചിരുന്നു. 'ഇനിയാണെങ്കിലും ചെന്നു പ്രാക്ടീസ് ചെയ്താലോ എന്നു മനസ്സിൽ തോന്നും ചിലപ്പോൾ' എന്നാണ് ഒരു പിറന്നാൾ ദിവസം അദ്ദേഹം ആഗ്രഹം പറഞ്ഞത്.

വെള്ള ഷർട്ടിൽ നിന്നു വെള്ള ജൂബയിലേക്കു കെ.എം. മാണി മാറുന്നത് 1967ലാണ്. ലിബർട്ടി കോട്ടൺ വെള്ള ഷർട്ടിൽ നിന്നു ഖദർ ജൂബയിലേക്കുള്ള മാറ്റം വക്കീലിൽ നിന്നു പൊതുപ്രവർത്തകനിലേക്കുള്ള മാറ്റം കൂടിയായി. ആദ്യം പാലാ സെന്റ് തോമസ് ഹൈസ്‌കൂളിന് എതിർവശത്തുള്ള കണ്ടത്തിൽ കുഞ്ഞുകുട്ടൻ നായരാണ് ജൂബ തയ്ച്ചിരുന്നത്. 1970 മുതൽ തിരുവനന്തപുരത്ത് എംഎൽഎ ക്വാർട്ടേഴ്‌സിന് എതിർവശത്തുള്ള സദാനന്ദനായി തയ്യൽ. ഇപ്പോഴും അവിടെയാണു വസ്ത്രങ്ങൾ തുന്നുന്നത്. തിരുവനന്തപുരം ഓവർബ്രിജിനു സമീപം ഖാദി ഭണ്ഡാറിൽ നിന്നു തുണി വാങ്ങും. ഒരു റോൾ ഒരുമിച്ച് എടുക്കും. അതുകൊണ്ടു 12 ജൂബ റെഡിയാക്കും.

തികഞ്ഞ ദൈവവിശ്വാസി

പാലായിലാണെങ്കിൽ ഞായറാഴ്ച രാവിലെ ഏഴിന്റെ കുർബാനയ്ക്കു കത്തീഡ്രലിൽ കെ.എം. മാണിയുണ്ടെന്ന് ഉറപ്പാക്കാം. തിരുവനന്തപുരത്താണെങ്കിൽ ലൂർദ് പള്ളിയിലും. എത്ര തിരക്കുണ്ടെങ്കിലും ഞായറാഴ്ച കുർബാന മുടക്കാറില്ല. ഭാര്യ കുട്ടിയമ്മയോടൊപ്പമായിരുന്നു എത്തിയിരുന്നത്. ബജറ്റ് അവതരണ ദിവസവും ജന്മദിനത്തിലും കുർബാന മുടക്കിയിരുന്നില്ല. ദൈവവിശ്വാസത്തിൽ അടിയുറച്ചതായിരുന്നു ആ ജീവിതം.

വർഷത്തിൽ 2 തവണയെങ്കിലും ഒരാഴ്ചത്തെ ധ്യാനം കൂടും. പാലാ രൂപത ബൈബിൾ കൺവൻഷനിൽ ഒരു ദിവസമെങ്കിലും പങ്കെടുക്കണമെന്ന നിർബന്ധവുമുണ്ടായിരുന്നു. മാതാപിതാക്കളാണു വിശ്വാസത്തിൽ അടിയുറച്ച ജീവിതത്തിനു കാരണമെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. യാത്രയ്ക്കിടയിൽ പോലും പള്ളികളിൽ കയറി പ്രാർത്ഥിക്കുമായിരുന്നു. ജന്മദിനമായ ജനുവരി 30നു കത്തീഡ്രലിൽ കുർബാന അർപ്പിക്കാനുള്ള പണം പാർട്ടി പ്രവർത്തകനും സുഹൃത്തുമായ തോമസ് ആന്റണിയെയാണ് ഏൽപിക്കുന്നത്. 25 വർഷമായുള്ള ആ പതിവ് ഇത്തവണയും തെറ്റിയില്ല. കെ. എം. മാണിയും ഭാര്യയും മക്കളുമെല്ലാം കുർബാനയിൽ പങ്കെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP