Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷുകാരെ പോലും അമ്പരപ്പിച്ച നിയമ പണ്ഡിതൻ; മലയാളികൾ ആദരവോടെ വിളിച്ച സ്വാമി; എല്ലാം തികഞ്ഞ മനുഷ്യാവകാശ പോരാളി; അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ബഹുമുഖ പ്രതിഭയായത് അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന്

ബ്രിട്ടീഷുകാരെ പോലും അമ്പരപ്പിച്ച നിയമ പണ്ഡിതൻ; മലയാളികൾ ആദരവോടെ വിളിച്ച സ്വാമി; എല്ലാം തികഞ്ഞ മനുഷ്യാവകാശ പോരാളി; അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ബഹുമുഖ പ്രതിഭയായത് അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന്

ബി രഘുരാജ്

തിരുവനന്തപുരം: ദീർഘവീക്ഷണമുള്ള ന്യായാധിപൻ, ചലനാത്മകമായ വ്യാഖ്യാതാവ്' ഇംഗ്ലണ്ടിലെ പ്രശസ്തനായ ജഡ്ജി ഡെന്നിങ് പ്രഭു അങ്ങനെയാണ് വി.ആർ.കൃഷ്ണയ്യരെ വിശേഷിപ്പിച്ചത്. ഡെന്നിങ് പ്രഭു നീതിയുടെ അവസാന വാക്കായിരുന്നു. എന്തുകൊണ്ടും അസാധാരണമായ വ്യക്തിപ്രഭാവവും പാണ്ഡിത്യവുമുള്ള ന്യായാധിപനായിരുന്നു കൃഷ്ണയ്യർ. എന്നാൽ അതുമാത്രമായിരുന്നില്ല താനും.

എംഎ‍ൽഎ, മന്ത്രി, അഭിഭാഷകൻ, ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജി, സാമൂഹികമനുഷ്യാവകാശ പ്രവർത്തകൻ, ഭരണഘടനാ വ്യാഖ്യാതാവ്, നിയമജ്ഞൻ. എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ മേഖലകളിൽ ആഗോളശ്രദ്ധ നേടിയ വ്യക്തിയാണ് വി.ആർ.കൃഷ്ണയ്യർ. ഭരണഘടനാ ശിൽപ്പികളുടെ സങ്കൽപത്തിനും വിഭാവനയ്ക്കും അപ്പുറം മൗലീകവകാശങ്ങൾക്ക് പുതിയ മാനങ്ങൾ നൽകാൻ സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോൾ കൃഷ്ണയ്യർക്ക് കഴിഞ്ഞു.

ഇന്ത്യൻ പൗരന്റെ രക്ഷാകവചമായി ഭരണഘടനയെ രൂപപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ജസ്റ്റീസ് കൃഷ്ണയ്യർ. ഭരണഘടനാ ശിൽപ്പികളുടെ സങ്കൽപത്തിനും വിഭാവനയ്ക്കും അപ്പുറം മൗലീകവകാശങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. ഇന്ത്യൻ പൗരന്റെ രക്ഷാകവചമായി ഭരണഘടനയെ രൂപപ്പെടുത്തിയതും മലയാളി ആദരവോടെ വിളിച്ച സ്വാമിയെന്ന നിയമപണ്ഡിതനാണ്.

ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിടപറഞ്ഞത് ഇന്ത്യകണ്ട ഏറ്റവും മികച്ച നിയമജ്ഞനും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവും

ഭരണഘടനയും നിയമവും ജനങ്ങൾക്കു വേണ്ടി നിലകൊള്ളേണ്ടത് എങ്ങനെ എന്ന വ്യാഖ്യാനങ്ങൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. കസ്റ്റഡിയിലുള്ള പ്രതിക്ക് സർക്കാർ സൗജന്യനിയമസഹായം നൽകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിചാരണത്തടവുകാരുടെ ജാമ്യം, കുറ്റവാളിയെ ജയിൽവാസത്തിനിടെ നല്ലവനാക്കാനുള്ള നിർദ്ദേശങ്ങൾ എന്നിവയിലൂടെ, ആരും വാദിക്കാനില്ലാത്ത തടവുകാർക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. വധശിക്ഷ അപൂർവമായി മാത്രമേ നൽകാവൂ എന്ന അദ്ദേഹത്തിന്റെ വിധിന്യായം ലോകശ്രദ്ധ നേടി. അഹിംസയുടെ പാഠമോതിയ ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടിൽ വധശിക്ഷ സ്വീകാര്യമാകുന്നതെങ്ങനെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. സുപ്രീംകോടതി ന്യായാധിപനായി വിരമിച്ച ശേഷം സർക്കാറിൽ പദവികളൊന്നും ഏറ്റെടുക്കാതെ സാധാരണക്കാർക്കൊപ്പം നിന്ന് അനീതിക്കെതിരായ പോരാട്ടം അദ്ദേഹം 34 വർഷം നടത്തി.

അയ്യരെ രാഷ്ട്രീയഭാഷാസ്ഥല ഭേദമന്യേ എല്ലാവരും അംഗീകരിച്ചു. അദ്ദേഹത്തിന്റെ ഒരു കത്ത് പോലും നിയമ സംവിധാനങ്ങളേയും ഭരണകൂടങ്ങളേയും സ്വാധീനിച്ചു. അത് അവരുടേയും അവസാന വാക്കായി. നിയമത്തെ സത്യത്തിന്റെ ഭാഗത്ത് നിന്ന് സൂക്ഷമതയോടെ മാത്രമേ സ്വാമി വ്യാഖ്യാനിച്ചിരുന്നുള്ളൂ. നൂറാം വയസ്സിലും അദ്ദേഹം അതുതന്നെ തുടർന്നു. മതേതരവാദികളുടേയും സാസ്‌കാരികസാമൂഹിക കൂട്ടായ്മകളുടേയും പ്രതീക്ഷാ കേന്ദ്രമായി അദ്ദേഹം. ശരിയെന്ന് തോന്നുന്നത് വെട്ടിതുറന്നു പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയത്തോടുള്ള അടുപ്പം പോലും അതിന് വിലങ്ങുതടിയായില്ല.

നരേന്ദ്ര മോദിയെ പോലൊരു പ്രധാനമന്ത്രിയാണ് രാജ്യത്തിന് ആവശ്യമെന്ന് കൃഷ്ണയ്യർ തിരിച്ചറിയുകയും തന്റെ സാമൂഹിക സാംസ്‌കാരിക ബന്ധങ്ങൾ പോലും മറന്ന് അത് തുറന്നു പറയുകയും ചെയ്തു. ഒരു പക്ഷേ രാജ്യത്തിന്റെ മനസ്സ് മോദിക്ക് ഒപ്പമാണെന്ന തിരിച്ചറിവ് തന്നെയാകണം കൃഷ്ണയ്യരുടെ വാക്കുകളിലും പ്രതിഫലിച്ചത്. നൂറാം പിറന്നാൾ ആഘോഷച്ചടങ്ങിൽ ഫോട്ടോ ക്ലിക്കിലൂടെ പരസ്യത്തിനായി കേക്കുമായി വന്നവർക്കും കൃഷ്ണയ്യരുടെ വാക്കിന്റെ ചൂട് കിട്ടി. പ്രായത്തിന്റെ ആകുലതകളൊന്നും ദിവസങ്ങൾക്ക് മുമ്പ് വരെ കർമ്മ മണ്ഡലത്തിൽ സജീവമായി തുടരാൻ കൃഷ്ണയ്യർക്ക് തടസ്സമായില്ല. പൊതു വിഷയങ്ങളിൽ വാർത്താ സമ്മേളനം വിളിച്ചു പോലും പ്രതികരിച്ച് ജനമനസ്സുകളെ ഉണർത്തി. രാഷ്ട്രീയക്കാരിലെ ജസ്റ്റീസ് അങ്ങനെ സമൂഹമനസാക്ഷിയെ ഉണർത്തി അശരണരുടെ ആശാ കേന്ദ്രമായി.

1957ൽ സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ നിലവിൽ വന്നു. സ്വതന്ത്രനായി ജയിച്ചെത്തിയ കൃഷ്ണയ്യറെ ഇഎംഎസ് മന്ത്രിസഭയിലെടുത്തു. തലശ്ശേരിയിൽനിന്ന് സ്വതന്ത്രനായി ജയിച്ചാണ് കൃഷ്ണയ്യർ എംഎൽഎ ആയത്. പാലക്കാട്ട് സ്വദേശിയാണെങ്കിലും പിതാവ് രാമഅയ്യർ പ്രാക്ടീസ് ചെയ്തതുകൊയിലാണ്ടി മുൻസിഫ് കോടതിയിലായിരുന്നു. ആത്മസുഹൃത്തുക്കളിൽ ചിലർ കൊയിലാണ്ടിക്കാരായിരുന്നു. പിന്നീട് തലശ്ശേരിയിലും ഓഫീസ് തുടങ്ങി. അങ്ങനെയാണ് കൃഷ്ണയ്യരും തലശ്ശേരിയിൽ പ്രാക്ടീസ് തുടങ്ങിയത്. ഇ.എം.എസ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവരിൽ രണ്ടുപേർ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കൃഷ്ണയ്യരും കെ.ആർ.ഗൗരിയമ്മയും. അന്ന് ആഭ്യന്തര വകുപ്പുൾപ്പെടയുള്ള പ്രധാന വകുപ്പുകൾ കൃഷ്ണയ്യർ ഭരിച്ചു.

മന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് മോഷ്ടാക്കളുടെ ശല്യം പെരുകി. ഒരു രാത്രി പൊലീസ് ഐ.ജി.യോടൊപ്പം ആഭ്യന്തരമന്ത്രിയും പെട്രോളിങ്ങിന് ഇറങ്ങി. പൊലീസുകാർ യൂണിഫോം ധരിക്കേണ്ടെന്ന് കൃഷ്ണയ്യർ പറഞ്ഞു. ഒരു ക്ഷേത്രത്തിന് സമീപം പതിയിരുന്ന കള്ളനെ പിടികൂടാൻ മന്ത്രിയും ഐ.ജി.യും മതിൽ ചാടി. കള്ളനെ കിട്ടിയില്ലെങ്കിലും പിറ്റേന്ന് പത്രങ്ങളിൽ അത് വല്യ വാർത്തയായി. പൊലീസുകാരും ജാഗ്രത പാലിച്ചു, അങ്ങനെ മോഷ്ടാക്കളുടെ ശല്യം കുറഞ്ഞു. ഓഫീസിലിരുന്നായിരുന്നില്ല കൃഷ്ണയ്യർ എന്ന മന്ത്രി പ്രവർത്തിച്ചതെന്ന് സാരം.

1957 ൽ ഇ.എം.എസ്. മന്ത്രിസഭ കേന്ദ്രസർക്കാർ പിരിച്ചുവിട്ടപ്പോൾ കൃഷ്ണയ്യർ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. പെട്ടെന്ന് തന്നെ ഹൈക്കോടതിയിലെ തിരക്കുള്ള വക്കീലായി കൃഷ്ണയ്യർ. പാവപ്പെട്ടവരുടെ കേസ് വാദിക്കാൻ ജനകീയ നേതാവ് കാശ് വാങ്ങിയിരുന്നില്ല. പക്ഷേ കാശുള്ളവരിൽ നിന്ന് പണം വാങ്ങി തന്നെ നിയമോപദേശവും നൽകി. അങ്ങനെ ജനകീയ പരിവേഷവുമായി 1968 ൽ കൃഷ്ണയ്യർ ഹൈക്കോടതി ജഡ്ജിയായി.

ചീഫ് ജസ്റ്റിസായിരുന്ന എം.എസ്.മേനോന്റെ നിർബന്ധമായിരുന്നു അഭിഭാഷകനെന്ന നിലയിൽ നിന്ന് ജസ്റ്റീസിന്റെ റോളിൽ കൃഷ്ണയ്യറെ എത്തിച്ചത്. അങ്ങനെ എംഎൽഎയും മന്ത്രിയും ആയിരുന്ന വ്യക്തി ഹൈക്കോടതി ന്യായാധിപനാകുന്ന അപൂർവ്വതയും എത്തി. ഇന്നും അത്തരത്തിലൊരു മാറ്റം സംഭവിച്ചിട്ടില്ല. ജസ്റ്റീസ് എം എസ് മേനോന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ജഡ്ജി സ്ഥാനം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'അദ്ദേഹത്തിന്റെ തീരുമാനം എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. അതിന് കാരണമുണ്ട്. പണ്ഡിതനായ ഒരു ന്യായാധിപനായിരുന്നു എം.എസ്. മേനോൻ.

ഒരു കമ്മ്യൂണിസ്റ്റുകാരനെ ജഡ്ജിയാക്കി എന്ന ആരോപണം അന്ന് ശക്തിപ്പെട്ടിരുന്നു. പക്ഷെ പ്രഗത്ഭനായ അഭിഭാഷകൻ എന്ന നിലയിൽ കൃഷ്ണയ്യരുടെ വ്യക്തിത്വം അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.എസ്.ബെയ്ഗിനെ ആകർഷിച്ചിരുന്നു. 1973ൽ കൃഷ്ണയ്യർ സുപ്രീംകോടതി ജഡ്ജിയായി. ചീഫ് ജസ്റ്റിസ് പി.എൻ.ദളപതിയും ജഡ്ജിമാരായ ചിന്നപ്പ റെഡ്ഡിയും കൃഷ്ണയ്യരും ചേർന്ന് ഇന്ത്യൻ ജ്യുഡീഷ്യറിയെ ജനകീയമായി. പാവപ്പെട്ടവരുടെ ആശാകേന്ദ്രമായി നിയമവ്യവസ്ഥയെ മാറ്റി. പൊതുതാല്പര്യ വ്യവഹാരങ്ങൾക്ക് തുടക്കം കുറിച്ചു. പരാതിക്കത്തുകൾ പരാതിയായി പരിഗണിച്ച് ജനങ്ങൾക്ക് ആശ്വാസവും നീതിയും നൽകുന്ന വിപ്ലവകരമായ മാറ്റം സുപ്രീം കോടതി തുടങ്ങിവച്ചു. മനുഷ്യവകാശത്തിന് പ്രഥമ പരിഗണനയെന്ന വാദം ജ്യൂഡീഷ്യറിയിലും എത്തി. സുപ്രീംകോടതിയുടെ മാതൃക ഹൈക്കോടതിയും കീഴ്‌ക്കോടതിയും പിന്തുടർന്നു.

1980 ൽ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് കൃഷ്ണയ്യർ വിരമിച്ചു. എഴുത്തും വായനയും പ്രഭാഷണവുമായി പിന്നെ ജീവിതം. രാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തണമെന്ന സ്‌നേഹബുദ്ധിയാലുള്ള ആവശ്യവും നിരസിച്ചു. അദ്ദേഹം താമസം അൽപ്പകാലം മദ്രാസിലും, 1984 മുതൽ കൊച്ചിയിലേക്കും മാറ്റി. പക്ഷെ കൊച്ചിയിലെ വീട് ഇൻകംടാക്‌സ് കോടതിക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഒഴിയാൻ കേന്ദ്രസർക്കാർ കൂട്ടാക്കിയില്ല. ഒടുവിൽ സ്വന്തം വീട് വീണ്ടെടുക്കാൻ കൃഷ്ണയ്യർ എറണാകുളം മുൻസിഫ് കോടതിയിൽ കേസുകൊടുത്തു. ജയിക്കുകയും ചെയ്തു.

കൊച്ചിയിൽ താമസിച്ചപ്പോഴും കൃഷ്ണയ്യർ തിരക്കിട്ട യാത്രകൾ നടത്തി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രഭാഷണങ്ങൾക്ക് പോയി. പത്തുവർഷം മുമ്പുവരെ അത് മുടങ്ങാതെ നടന്നു. 60 ഓളം ഗ്രന്ഥങ്ങൾ കൃഷ്ണയ്യർ രചിച്ചിട്ടുണ്ട്. 1984 ൽ കൊച്ചിയിൽ താമസമാക്കിയശേഷമാണ് 40 ഓളം ഗ്രന്ഥങ്ങൾ എഴുതിയത്.

  • വി ആർ കൃഷ്ണയ്യർക്ക് ചുവടേയുള്ള കമന്റ് ബോക്‌സിൽ ആദരാഞ്ജലി അർപ്പിക്കാം.. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP