Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കുവൈറ്റിൽ ബ്രിട്ടീഷ് ബാങ്കിലെ ഉദ്യോഗം വേണോ തിരുവല്ലയിലെ വൈദിക തെരഞ്ഞടുപ്പ് ക്യാമ്പിലേക്ക് പോവണോ? 1954ൽ ഉയർന്ന ചോദ്യത്തിന് മുമ്പിൽ പകച്ചു നിൽക്കാതെ പോയതു കൊണ്ട് ബേബി പിന്നീട് ഡോ മാർ ജോസഫ് മെത്രോപൊലീത്തയായി; യുഎന്നിൽ പ്രസംഗിച്ചതിനൊപ്പം ചാൾസ് രാജകുമാരനൊപ്പം വിരുന്നും മോദിയുടെ മനസ്സിൽ കയറിയും ഒക്കെ ഒരു സഭയുടെ നായകനായി; അന്തരിച്ച മാർത്തോമാ മെത്രോപാലിത്തയുടെ കഥ

കുവൈറ്റിൽ ബ്രിട്ടീഷ് ബാങ്കിലെ ഉദ്യോഗം വേണോ തിരുവല്ലയിലെ വൈദിക തെരഞ്ഞടുപ്പ് ക്യാമ്പിലേക്ക് പോവണോ? 1954ൽ ഉയർന്ന ചോദ്യത്തിന് മുമ്പിൽ പകച്ചു നിൽക്കാതെ പോയതു കൊണ്ട് ബേബി പിന്നീട് ഡോ മാർ ജോസഫ് മെത്രോപൊലീത്തയായി; യുഎന്നിൽ പ്രസംഗിച്ചതിനൊപ്പം ചാൾസ് രാജകുമാരനൊപ്പം വിരുന്നും മോദിയുടെ മനസ്സിൽ കയറിയും ഒക്കെ ഒരു സഭയുടെ നായകനായി; അന്തരിച്ച മാർത്തോമാ മെത്രോപാലിത്തയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാർത്തോമ സഭയുടെ ആത്മീയവും, ഭൗതികവുമായ വളർച്ചക്കും, ഉയർച്ചക്കുമായി എക്കാലവും നിലകൊണ്ട പുരോഹിത ശ്രേഷ്ഠനായിരുന്നു ഡോ ജോസഫ് മാർത്തോമാ മെത്രാപൊലീത്ത. മാർത്തോമാ സഭക്കും, കേരളീയ സമൂഹത്തിനും വഴികാട്ടിയായി വർത്തിച്ച ഉജ്വല വ്യക്തിത്വം.

ഞായറാഴ്ച പുലർച്ചെ 2.30ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ഡോ ജോസഫ് മാർത്തോമാ മെത്രാപൊലീത്തയുടെ അന്ത്യം. കുറേ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. മലങ്കര മാർത്തോമ്മാ സഭയുടെ ഇരുപത്തി ഒന്നാം അധ്യക്ഷനായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിൻഗാമി അയിരുന്നു. 2007 മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ചു. 1957 ഒക്ടോബർ 18 വൈദികനായി. 1975 ഫെബ്രുവരി 8 എപ്പിസ്‌കോപ്പയായി.1999 ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി.

മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി ടി ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളേജിൽ ബി.ഡി പഠനത്തിനു ചേർന്നു. 1957 ഒക്ടോബർ 18-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി.

1999 മാർച്ച് 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപ്പൊലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പൊലീത്തയായി ജോസഫ് മാർത്തോമ്മ എന്ന പേരിൽ മാർ ഐറെനിയോസ് നിയോഗിതനായി. തികച്ചും വേറിട്ട വഴിയിലൂടെയാണ് മനുഷ്യ മനസ്സിലേക്ക് സ്‌നേഹം വിതറുന്ന വൈദിക ശ്രേഷ്ഠനായി മെത്രോപൊലീത്ത മാറിയത്.

1954ൽ ആലുവ യുസി കോളജിലെ ബിരുദ പഠനം പൂർത്തിയാക്കി പി.ടി. ജോസഫ് എന്ന ബേബി വീട്ടിലെത്തിയ ദിവസം. പിതാവ് പാലക്കുന്നത്ത് കടോൺ ലൂക്കോച്ചൻ രണ്ട് കത്തുകൾ മകന് കൈമാറി. കുവൈത്ത് ബ്രിട്ടിഷ് ബാങ്കിലേക്കുള്ള ക്ഷണവും വീസയുമായിരുന്നു ഒന്ന്. മറ്റൊന്ന് പോസ്റ്റ് കാർഡിൽ എഴുതിയ രണ്ടു വരി. തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നടക്കുന്ന വൈദിക പഠന കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക. ആലോചിച്ചു തീരുമാനമെടുക്കുക എന്നു മാത്രം പിതാവ് പറഞ്ഞു. ജോസഫ് ധർമസങ്കടത്തിലായി. പെട്ടെന്ന് മറ്റൊരു രംഗം ജോസഫിന്റെ മനസ്സിലേക്കു തിരശീല നീക്കി കടന്നുവന്നു.

1944.ൽ കോഴഞ്ചേരി പള്ളിയിൽ ബിഷപ് സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയാക്കിയ ശേഷം പാലക്കുന്നത്ത് തറവാട്ടിൽ സഭാ കൗൺസിൽ യോഗം ചേർന്നിരുന്നു. ബേബിയുടെ തറവാട് വീടായിരുന്നു അത്. 12 പേർ മാത്രമാണ് അന്ന് അംഗങ്ങൾ. മുറ്റത്തു നിൽക്കുന്ന ബേബിയെ ചേർത്തുപിടിച്ച് ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്ത ചോദിച്ചു? ഏതു ക്ലാസിലാണ് പഠിക്കുന്നത്. പിന്നെ ഹൃദയത്തെ തൊട്ട് ഇങ്ങനെയൊരു ഉപദേശവും. ജീവിതത്തിൽ ഏതു തീരുമാനവും ദൈവത്തോട് ആലോചിച്ചു മാത്രം എടുക്കുക. അതായിരുന്നു ധർമ്മ സങ്കടത്തെ മറികടക്കാൻ കൈമുതലാക്കിയതും. അവിടെ നിന്ന് ബേബി മാറിയത് ഡോ ജോസഫ് മാർത്തോമാ മെത്രാപൊലീത്ത എന്ന അംഗീകാരത്തിലേക്കാണ്.

സഭാസേവനത്തിലേക്ക് പോകണോ വേണ്ടയോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കാതെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. എന്തെങ്കിലും പ്രതീക്ഷിച്ചാണോ ഈ സ്ഥാനത്തേക്കു വരുന്നത് ? സിലക്ഷൻ ബോർഡ് അംഗങ്ങളിലൊരാളുടെ ചോദ്യം യുവാവിനെ ചൊടിപ്പിച്ചു. തിരിച്ചു ചില ചോദ്യങ്ങൾ ചോദിക്കാനും മടിച്ചില്ല. മൂന്നാം ദിവസം വീട്ടിലൊരു കത്ത് എത്തി. വൈദിക സിലക്ഷൻ ബോർഡിൽനിന്ന് ഒരു ക്ഷമാപണക്കുറിപ്പ്. ആ ചോദ്യം മനസ്സിനെ നോവിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. അങ്ങനെ അഡ്‌മിഷൻ കിട്ടി. അപ്പോഴും സഭയുടെ സ്‌കോളർഷിപ്പോടെ പഠിക്കുന്നില്ല എന്നു തീരുമാനിച്ചു. 200 രൂപ പ്രതിമാസ ഫീസ് കൊടുത്ത് ബാംഗ്ലൂർ യുടി കോളജിൽ വൈദിക പഠനത്തിനു ചേർന്നു. പഠന ശേഷം സഭാസേവനത്തിലേക്കു തിരിഞ്ഞില്ലെങ്കിൽ പരാതി വരരുതെന്ന ചിന്തയായിരുന്നു പിന്നിൽ.

അതിനുമുമ്പുള്ള അനുഭവമാണ് സഭയുമായി ബേബിയെ അടുപ്പിച്ചത്. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് സ്‌കൂൾ കഴിഞ്ഞാലുടൻ തിങ്കളാഴ്ചത്തേക്കുള്ള പുസ്തവുമായി മാരാമണ്ണിൽ നിന്ന് ബന്ധുവായ ജോസഫ് എന്ന കുട്ടി തിരുവല്ലയിലെത്തും. 1939 മുതൽ 1944 വരെ ഇതു തുടർന്നു. കെസിഎംഎസ് ബസിലാണ് മാരാമണ്ണിൽനിന്ന് തിരുവല്ലയ്ക്കുള്ള യാത്ര. ഫ്രീ ടിക്കറ്റാണ്. ബസ് കമ്പനിയിൽ ഷെയർ ഉള്ള കുടുംബാംഗമായതിന്റെ മെച്ചം. തീത്തൂസ് തിരുമേനിയുടെ കണ്ണിനു കാഴ്ച കുറഞ്ഞ സമയം. തീത്തൂസ് തിരുമേനിയുടെ വേദനകൾ ആ ബാല്യത്തേയും നൊമ്പരപ്പെടുത്തിയിരുന്നു.

ഏകദേശം 63 വർഷം മുമ്പ് മാരാമൺ മാർത്തോമ്മാ പള്ളി. മാത്യൂസ് മാർ അത്തനാസിയോസും യൂഹാനോൻ മാർത്തോമ്മയും പാലക്കുന്നത്ത് അച്ചനും മറ്റും സന്നിഹിതരായ അൾത്താര. 5 ശെമ്മാശന്മാർ സഭാശുശ്രൂഷയുടെ നിയോഗത്തിലേക്കു കടക്കുകയാണ്. റവ. പി. ടി ജോസഫിനെ കൂടാതെ റവ. കെ.എം. ഡേവിഡ്, റവ. സി. എ കുരുവിള, റവ. എ. പി. ജേക്കബ്, റവ. എൻ. ഐ. മത്തായി എന്നിവരും അന്ന് മാർത്തോമാ മെത്രോപൊലീത്തയ്‌ക്കൊപ്പം പട്ടത്വമേറ്റു.

കളമ്പാല മുതൽ പമ്പാവാലി വരെ ചെറുതും വലുതുമായ 9 ഇടവകകളുടെ ചുമതലയിലായിരുന്നു ആദ്യ നിയമനം. 1959 സഭയിലെ സംഘർഷ കാലമായിരുന്നു. സുവിശേഷ സംഘത്തിൽ പ്രതിസന്ധി. ഇതിനിടെ ട്രാവലിങ് സെക്രട്ടറിയാകണമെന്നു സമ്മർദം. മെത്രാപ്പൊലീത്തയോടു ചോദിച്ചിട്ടാവാമെന്ന മറുപടി കൊടുത്തു. പിറ്റേന്ന് തിരുവല്ലയിൽ എത്തി ചുമതലയേറ്റു. 1 രൂപ ട്രാവലിങ് അലവൻസ്. ബസിലായിരുന്നു യാത്ര. 80 രൂപ ശമ്പളത്തിൽനിന്ന് 20 രൂപ കട്ട് ചെയ്യും. 4 വർഷം കൊണ്ട് സംഘത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാക്കി. ഉപദേശിമാർക്ക് 1 മാസത്തെ ശമ്പളം അധികം നൽകി സ്ഥാനം ഒഴിഞ്ഞു. പിന്നീട് ഡൽഹി ഇടവകയിലേക്കു വിടാൻ തീരുമാനിച്ചെങ്കിലും കോഴിക്കോട് ഇടവകയിലേക്കു മാറ്റി നിയമിച്ചു.

പിന്നീട് ഉപരിപഠനത്തിന് അവസരം ലഭിച്ചു. ഷിക്കാഗോയിലെ ലൂതറൻ സെമിനാരിയിലേക്കായിരുന്നു സഭ പ്രവേശനം എടുത്തുകൊടുത്തത്. 10000 ഡോളർ സ്‌കോളർഷിപ്പ് കിട്ടി. പഠനത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ സഭയിലേക്കു കത്തയച്ചു. ഉപരിപഠനത്തിനുകൂടി അവസരം തരണം. അതും അംഗീകരിച്ചു. ഓക്‌സ്ഫഡിൽ പഠിക്കാൻ അവസരം വീണുകിട്ടി. ഇംഗ്ലണ്ടിലെ ഒരു ബന്ധുവിന്റെ വീട്ടിൽ കുറച്ചു നാൾ തങ്ങി. സിഎംഎസ് സഭയ്ക്ക് കത്തഴുതി. കാന്റർബറി കത്തീഡ്രലിൽ സേവനം ചെയ്തു പഠിക്കാൻ അവസരം തന്നു. വിമാനടിക്കറ്റിൽ ചില ആനുകൂല്യങ്ങൾ അനുവദിച്ച് ബ്രിട്ടിഷ് എയർവെയ്‌സും സഹായിച്ചു.

ഓക്‌സ്ഫഡിൽ വച്ച് ബ്രിട്ടിഷ് രാജ്ഞിയുടെ ചാപ്ലെയിൻ കെന്നത്ത് ഗ്രെയ്ൻ എന്ന പണ്ഡിതനെ പരിചയപ്പെട്ടു. സെന്റ് അഗസ്റ്റസ് കോളജിൽ പഠിച്ചിട്ടേ നാട്ടിലേക്കു പോകാവൂ എന്നായി അദ്ദേഹം. സഭാ നേതൃത്വത്തിനു തിരുവല്ലയിലേക്ക് അദ്ദേഹമാണു കത്തെഴുതിയത്. 9 മാസം കൂടി പഠിക്കാൻ അതുമൂലം കഴിഞ്ഞു. ഒരുദിവസം കാന്റർബറി ആർച് ബിഷപ് റാംസെയ്‌ക്കൊപ്പം ഉച്ചഭക്ഷണത്തിനു ക്ഷണം ലഭിച്ചു. അവിടെ എത്തിയപ്പോൾ കിരീടാവകാശിയായ ചാൾസ് രാജകുമാരനും പ്രിൻസസ് ആനും ഒപ്പം ഭക്ഷണം കഴിക്കാനുണ്ടായിരുന്നു.

യുഎസ്, സെറംപുർ, അലഹാബാദ് എന്നിവിടങ്ങളിൽ നിന്നായി പിന്നീട് 3 ഡോക്ടറേറ്റുകൾ ലഭിച്ചു. ബെക്കിങ് ഹാം കൊട്ടാരത്തിലേക്കു പല തവണ ക്ഷണം ലഭിച്ചു. യുഎൻ അസംബ്ലിയിൽ രാഷ്ട്രത്തലവന്മാർ പ്രസംഗിക്കുന്ന വേദിയിൽ നിന്ന് പത്തു മിനിറ്റ് സംസാരിക്കാൻ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നാന്റെ ക്ഷണം ലഭിച്ചു. നവതി സമ്മേളനം വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. മോദിക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങനെ മനുഷ്യ മനസ്സുകളിൽ വേറിട്ട വഴിയിലൂടെ സ്വാധീനം ചെലുത്തിയാണ് ഡോ ജോസഫ് മാർത്തോമാ മെത്രാപൊലീത്തയുടെ മടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP