Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രലോഭനങ്ങളിൽ വീഴാതെ ജില്ലാ ജഡ്ജി വിധിച്ചതു നാലു കൊല്ലം തടവും 100 കോടി പിഴയും; തെളിവുകൾ എല്ലാം എതിരായിട്ടും ഹൈക്കോടതി കുറ്റവിമുക്തയാക്കി; അപ്പീൽ പരിഗണിക്കുന്നതു വൈകിപ്പിച്ചു സുപ്രീം കോടതിയും: നിയമങ്ങൾ ജയലളിതയുടെ മുന്നിൽ വളഞ്ഞതു വില്ലു പോലെ

പ്രലോഭനങ്ങളിൽ വീഴാതെ ജില്ലാ ജഡ്ജി വിധിച്ചതു നാലു കൊല്ലം തടവും 100 കോടി പിഴയും; തെളിവുകൾ എല്ലാം എതിരായിട്ടും ഹൈക്കോടതി കുറ്റവിമുക്തയാക്കി; അപ്പീൽ പരിഗണിക്കുന്നതു വൈകിപ്പിച്ചു സുപ്രീം കോടതിയും: നിയമങ്ങൾ ജയലളിതയുടെ മുന്നിൽ വളഞ്ഞതു വില്ലു പോലെ

മറുനാടൻ ഡെസ്‌ക്

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ഏറെ പ്രലോഭനങ്ങളുണ്ടായിട്ടും ശക്തയായ നേതാവ് ജയലളിതയ്‌ക്കെതിരെ ബംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതു നാലു കൊല്ലം തടവും നൂറു കോടി രൂപ പിഴയുമാണ്. എന്നാൽ, തെളിവുകളൊക്കെ എതിരായിട്ടും ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കുകയായിരുന്നു. അപ്പീലെത്തിയെങ്കിലും ഇതു പരിഗണിക്കുന്നതു വൈകിപ്പിക്കുകയായിരുന്നു സുപ്രീം കോടതിയും. നിയമങ്ങളൊക്കെ ദക്ഷിണേന്ത്യയിലെ ഈ നേതാവിനു മുന്നിൽ വില്ലുപോലെ വളയുകയായിരുന്നു.

ബംഗളൂരു കോടതി വിധിയോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അയോഗ്യയാക്കപ്പെടുകയായിരുന്നു. എംഎൽഎ സ്ഥാനവും നഷ്ടമായി. കോടതി വിധിയോടെ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട സ്ഥാനം നഷ്ടമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി ജയലളിത മാറുകയും ചെയ്തു. തുടർന്ന് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ജയലളിതയുടെ അടുത്ത കൂട്ടുകാരി വി കെ ശശികലയും ദത്തുപുത്രൻ വി എൻ സുധാകരനും ശശികലയുടെ ബന്ധു ഇളവരശിയും കേസിലെ പ്രധാന പ്രതികളാണ്. ഇവർക്കും കോടതി നാല് വർഷത്തെ ശിക്ഷ വിധിച്ചു. പരപ്പന അഗ്രഹാര കോടതിയിലെ ജഡ്ജി ജോൺ മൈക്കൽ കുൻഹയാമ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്. ജയലളിതയെ എട്ടുവർഷം തടവിന് ശിക്ഷിക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

ജനപ്രാതിനിധ്യ നിയമത്തിന് സുപ്രീം കോടതി നൽകിയ പുനരാഖ്യാനപ്രകാരം, ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികൾ സ്ഥാനം വഹിക്കാൻ അയോഗ്യരാകും. ഈ വിധിയാണ് ജയലളിതയ്ക്ക് അധികാരത്തിൽ തുടരാൻ വിഘാതമായത്. പതിനെട്ട് വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് കേസിൽ വിധി വന്നത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവിൽ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66 കോടിയിലധികം രൂപ സമ്പാദിച്ചെന്നാരോപിച്ചാണ് കേസ്. രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് ജയലളിത കോടതിയിൽ പറഞ്ഞു.

2001ൽ താൻസി ഭൂമിയിടപാട് കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെതുടർന്ന് ജയലളിത മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറി നിന്നിരുന്നു. 1996ൽ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷനാണ് കേസ് ഫയൽ ചെയ്തത്. ജനതാപാർട്ടി നേതാവായിരുന്ന ഡോ. സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് നൽകിയത്. വിചാരണ നടപടികളെ സർക്കാർ സ്വാധീനിച്ചേക്കാമെന്ന് കാണിച്ച് ഡിഎംകെ നേതാവ് അൻപഴകൻ നൽകിയ ഹർജിയിന്മേൽ 2003ൽ സുപ്രീംകോടതി ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടിൽനിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി.

രണ്ട് ദശകങ്ങൾക്ക് മുമ്പ് ജയലളിത സമ്പാദിച്ചത് 66.5 കോടി രൂപയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. 28 കിലോ സ്വർണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകൾ, 10,500 സാരികൾ എന്നിവയടക്കം 66 കോടി രൂപയുടെ അനധികൃത സ്വത്ത് ജയലളിതയുടെ പേരിലുണ്ടെന്നാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ സാരികളും ചെരുപ്പുകളുമൊക്കെ തനിക്ക് സിനിമയിൽ അഭിനയിച്ചപ്പോൾ ലഭിച്ചതെന്നായിരുന്നു ജയലളിതയുടെ പ്രതികരണം. കേസിൽ വിധി പറഞ്ഞ സമയം ബംഗളൂരുവിൽ ശക്തമായ സുരക്ഷാ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയത്. തമിഴ്‌നാട് സർക്കാരിന്റെ സഹകരണത്തോടെ 6000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബംഗളൂരുവിൽ വിന്യസിച്ചത്.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ എതിരാളികളെയെല്ലാം തറപറ്റിച്ച് മുന്നേറുമ്പോഴാണ് ജയലളിതയ്ക്ക് കോടതി വിധിയിലൂടെ തിരിച്ചടി നേരിടേണ്ടി വന്നത്. എന്നാൽ, ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിത അധികാരത്തിൽ തിരികെ എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP