Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു; വിടവാങ്ങിയത്, 1960 ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ സുവർണ നിരയിലെ അംഗം; ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ഡ്യൂറൻഡ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി ടൂർണമെന്റുകളിലെ നിറസാന്നിദ്ധ്യം

ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു; വിടവാങ്ങിയത്, 1960 ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ സുവർണ നിരയിലെ അംഗം; ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ഡ്യൂറൻഡ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി ടൂർണമെന്റുകളിലെ നിറസാന്നിദ്ധ്യം

സ്പോർട്സ് ഡെസ്ക്

കൊച്ചി: മുൻ ഇന്ത്യൻ ഫുട്‌ബോൾ സുവർണ നിരയിലെ അംഗമായിരുന്ന മലയാളി ഒളിംപ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു. 1960 ലെ റോം ഒളിമ്പിക്‌സിൽ കളിച്ച ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. കാൾട്ടക്‌സ്, ബോംബെ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. എസ്‌ബിറ്റിക്കായും ബൂട്ടുകെട്ടി. 1963ൽ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.

ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളിൽ പന്തു തട്ടിയായിരുന്നു തുടക്കം. തൃശൂർ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടർന്നു. തുടർന്ന് ബോംബെ കാൾട്ടക്‌സിൽ ചേർന്നു. 1958 മുതൽ 1966 വരെ ഇന്ത്യൻ ജേഴ്‌സിയിൽ തിളങ്ങിയ ചന്ദ്രശേഖരൻ, ഇന്ത്യൻ ഫുട്‌ബോളിലെ സുവർണ നിരയുടെ പൊട്ടാത്ത പ്രതിരോധനിരയിലെ കണ്ണിയായിരുന്നു.

ഇന്ത്യൻ ടീമിന്റെ നായകനായും ചന്ദ്രശേഖരൻ തിളങ്ങി. 1962ലെ ടെൽ അവീവ് ഏഷ്യൻ കപ്പിൽ വെള്ളി. 1959, 1964 മെർദേക്ക ഫുട്‌ബോളിലും വെള്ളിത്തിളക്കം. 1964 ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരങ്ങൾ കളിച്ചു. പക്ഷേ, ഇന്ത്യക്ക് യോഗ്യത നേടാനായില്ല.

ചുനി ഗോസ്വാമിയും നെവിൽ ഡിസൂസയും ബലറാമും കെമ്പയ്യയും യൂസഫ് ഖാനുമൊക്കെ ഉൾപ്പെട്ട ഇന്ത്യൻ ഫുട്‌ബോളിലെ സുവർണനിരയിൽ പ്രതിരോധത്തിൽ നെടുങ്കോട്ട തീർത്ത് മലയാളി താരമാണ് ഒ ചന്ദ്രശേഖരൻ. ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരെയൊക്കെ തോൽപ്പിച്ച് 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലെ അംഗമായിരുന്നു ചന്ദ്രശേഖരൻ.

ഇന്ത്യൻ ഫുട്‌ബോളിന്റെ ആ വസന്തകാലത്ത് പ്രതിരോധത്തിന്റെ വലതുഭാഗത്ത് എതിർനീക്കങ്ങൾക്ക് തടയിടാൻ നിയുക്തനായ ഇരിങ്ങാലക്കുട ഓടമ്പള്ളിൽ ചന്ദ്രശേഖരൻ എന്ന ഒ ചന്ദ്രശേഖരൻ തോമസ് വറുഗീസ് (തിരുവല്ല പാപ്പൻ), കോട്ടയം സാലി, എസ് എസ് നാരായണൻ, ടി അബ്ദുൾ റഹ്‌മാൻ, എം ദേവദാസ് എന്നിങ്ങനെ ഒളിമ്പിക്‌സ് ഫുട്‌ബോളിൽ പന്തു തട്ടാൻ ഭാഗ്യം സിദ്ധിച്ച മലയാളികളിൽ വിരലിലെണ്ണാവുന്നവരിൽ ഒരാളാണ്.

ഫുട്‌ബോളിനോടുള്ള അഭിനിവേശം 1955ൽ ചന്ദ്രശേഖരനെ ബോംബെ കാൽടെക്‌സിൽ എത്തിച്ചു. കൂട്ടിന് മലബാറിന്റെ ഹരമായിരുന്ന പവിത്രൻ, മാധവൻ, ആന്റണി തുടങ്ങിയവരുമുണ്ടായിരുന്നു. നാളുകൾക്കകം കാൽടെക്‌സ് ഇന്ത്യയിലെ മുന്തിയ ഫുട്‌ബോൾ ടീമുകളിലൊന്നായി മാറി.

നെവിൽ ഡിസൂസയും ലത്തീഫും ചന്ദ്രശേഖരനും ഉൾപ്പെട്ട കാൽടെക്‌സ് കൽക്കത്തയിലെ വൻ തോക്കുകൾക്ക് ഭീതിയുണർത്തിയ നാളുകൾ. 1958ൽ മൊഹമ്മദൻ സ്‌പോർട്ടിങ്ങിനെ തോൽപ്പിച്ച് റോവേഴ്‌സ് കപ്പ് നേടിയ കാൽടെക്‌സ് തുടർന്ന് വിജയത്തിന്റെ ജൈത്രയാത്രയിലായിരുന്നു. ബൾഗേറിയയും യുഗോസ്ലാവ്യയും ബോംബെ സന്ദർശിച്ചപ്പോൾ ഏറ്റുമുട്ടിയ ഇന്ത്യൻ ടീമിൽ ചന്ദ്രശേഖരനും ഉണ്ടായിരുന്നു.

ശക്തരായ യൂറോപ്യൻ ടീമുകളെ ശാസ്ത്രീയ പരിശീലനമൊന്നും ഇല്ലാതെ നേരിട്ടിട്ടും ഇരുമത്സരത്തിലും ഓരോ ഗോളിനു മാത്രമാണ് ഇന്ത്യ തോറ്റത്. കാൽടെക്‌സിൽ ഫുട്‌ബോൾ കളിക്കാരനായതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും ഇല്ലായിരുന്നു. 135 രൂപ ശമ്പളം, ദിവസവും നാലുമണിക്കൂർ പരിശീലനവും ബാക്കിസമയം ഓഫീസ് ജോലിയും. 

1963ൽ മദിരാശിയിൽ നടന്ന ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയുടെ നായകനായി സന്തോഷ് ട്രോഫി ഏറ്റുവാങ്ങി ആ ബഹുമതിക്ക് അർഹനാവുന്ന ആദ്യ മലയാളിയും ഒ ചന്ദ്രശേഖരനാണ്. പഠിപ്പിലും കളിയിലും ഒരുപോലെ മികവുകാട്ടിയ ചന്ദ്രശേഖരൻ 1954ൽ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ യൂണിവേഴ്‌സിറ്റി ടീമിലും തിരു-കൊച്ചി ടീമിലും കളിച്ചിട്ടുണ്ട്.

അന്നത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് 1955ൽ കാൽടെക്‌സ് ടീമിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 1955 മുതൽ 1966 വരെ മഹാരാഷ്ട്രയെയും 1968 വരെ ഇന്ത്യയെയും പ്രതിനിധീകരിച്ച ചന്ദ്രശേഖരനിലെ ഫുട്‌ബോളറെ കണ്ടെത്തുന്നതിലും രാജ്യം അറിയുന്ന താരമായി വളർത്തിയെടുക്കുന്നതിലും മുംബൈയിലെ ജീവിതവും അവിടെ കാഴ്ചവച്ച കളിയുമായിരുന്നു പടവുകളായത്. 

1956- 1966 കാലത്ത് മഹാരാഷ്ട്രയ്ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ൽ ക്യാപ്റ്റനായി കപ്പ് നേടി. ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ചശേഷം 1966ൽ എസ്‌ബിഐയിൽ ചേർന്നു. അവിടെ ഏഴുവർഷം ജോലിക്കൊപ്പം പരിശീലകന്റെയും കളിക്കാരന്റെയും റോളും വഹിച്ചു. കളി നിർത്തിയശേഷം കേരള ടീമിന്റെ സെലക്ടറും ,കൊച്ചി കേന്ദ്രമായി തുടങ്ങിയ എഫ്‌സി കൊച്ചിൻ ടീമിന്റെ ജനറൽ മാനേജരുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഒളിമ്പിക്‌സ്, ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ഡ്യൂറൻഡ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി എന്നിങ്ങനെ നിരവധി ടൂർണമെന്റുകളിൽ നിറസാന്നിധ്യമായിരുന്ന ഒ ചന്ദ്രശേഖരൻ 1969ൽ ബൂട്ടഴിച്ചെങ്കിലും കാൽപ്പന്തുകളിയോട് പ്രണയവും ഭ്രാന്തും വിശ്രമജീവിതകാലത്തും തുടർന്നു. ഫുട്‌ബോൾ കളിയും കരിയറും ഒരുപോലെ നന്നായി കൊണ്ടുപോയ അപൂർവ കളിക്കാരിലൊരാളാണ് ചന്ദ്രശേഖരൻ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായാണ് അദ്ദേഹം വിരമിച്ചത്. ഇന്ത്യൻ ഫുട്‌ബോളിന് യശസ്സ് നേടിക്കൊടുക്കുന്നതിൽ മുഖ്യസംഭാവന നൽകിയ കളിക്കാരുടെ സുവർണനിരയിലാണ് ചന്ദ്രശേഖരന്റെ സ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP