Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയും മക്കളും പട്ടിണിയിലാണ്, കൈയൊഴിയരുത്; രണ്ട് മാസത്തെ ലോക്ക് ഡൗൺ ചതിച്ചു സാറേ... ജീവിക്കാൻ ഒരു നിവൃത്തിയുമില്ല... ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്... കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു; കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി; മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് കോട്ടയത്ത് ഹോട്ടൽ തൊഴിലാളി ജീവനൊടുക്കി; രാജു ദേവസ്യ ജീവനൊടുക്കിയത് തറവാട്ടു വീട്ടിലെത്തി അവസാനമായി അമ്മയെയും കണ്ടശേഷം

ഭാര്യയും മക്കളും പട്ടിണിയിലാണ്, കൈയൊഴിയരുത്; രണ്ട് മാസത്തെ ലോക്ക് ഡൗൺ ചതിച്ചു സാറേ... ജീവിക്കാൻ ഒരു നിവൃത്തിയുമില്ല... ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്... കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു; കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി; മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് കോട്ടയത്ത് ഹോട്ടൽ തൊഴിലാളി ജീവനൊടുക്കി; രാജു ദേവസ്യ ജീവനൊടുക്കിയത് തറവാട്ടു വീട്ടിലെത്തി അവസാനമായി അമ്മയെയും കണ്ടശേഷം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോവിഡ് കാരണം ലോകം മുഴുവൻ പ്രതിസന്ധിയിലാണ്. ഇതിനിടെ കടുത്ത പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായ ഹോട്ടൽ തൊഴിലാളി മുഖ്യമന്ത്രിക്ക് കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തി വെള്ളാശ്ശേരി കാശാംകാട്ടിൽ രാജു ദേവസ്യ(55)യെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടുവർഷമായി മുട്ടുചിറയിലെ ഹോട്ടലിൽ സപ്ലെയറായി ജോലിചെയ്തു വരികയായിരുന്നു രാജു.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ടുമാസമായി ഹോട്ടൽ തുറന്നിരുന്നില്ല. പാഴ്സൽ നൽകാൻ ആരംഭിച്ചെങ്കിലും സപ്ലയറായ രാജുവിന് ജോലിയുണ്ടായിരുന്നില്ല. ഇതെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രാജു. ജോലിയില്ലാത്തതിനാൽ അതീവദുഃഖിതനുമായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മുതൽ ഹോട്ടലുകൾ തുറക്കുമെന്നും തനിക്ക് വീണ്ടും ജോലി ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, ഹോട്ടൽ തിങ്കളാഴ്ച തുറന്നെങ്കിലും കാര്യമായ കച്ചവടമുണ്ടായില്ല.

ഈ സാഹചര്യത്തിൽ പാഴ്സൽതന്നെ നൽകാൻ ഹോട്ടൽ ഉടമ തീരുമാനിച്ചു. ഇതെത്തുടർന്ന് രാജു അടക്കമുള്ളവർക്ക് ജോലിയുണ്ടാവില്ലെന്ന സൂചന ലഭിക്കുകയും ചെയ്തു. വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള തറവാട്ടുവീട്ടിൽ അമ്മയെ കാണാനാണ് രാജു എത്തിയത്. അമ്മയെ കണ്ടശേഷം രാജുവിനെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. രാത്രി പത്തരയായിട്ടും രാജുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തറവാട്ടുവീട്ടിലെ മുറിയിൽ രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 'ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാൻ പോലും കഴിയുന്നില്ല. രണ്ട് മാസത്തെ ലോക്ക് ഡൗൺ ചതിച്ചുസാറേ... ജീവിക്കാൻ ഒരു നിവൃത്തിയുമില്ല... ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്... കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു.... ഒരു വീട് വയ്ക്കാൻ സഹായിക്കണം, കൈയൊഴിയരുത്.. എന്ന് കത്തെഴുതിവച്ച ശേഷമാണ് രാജു ജീവനൊടുക്കിയത്.

നാല് മാസമായി വീട്ടു വാടക കൊടുക്കാനായിട്ടില്ല. മക്കളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ കഴിയാതെ വന്നതും മരണ കാരണമായി ബന്ധുക്കൾ പറയുന്നു. രാജുവും ഭാര്യ ഷീലയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലും എട്ടു വർഷമായി കെഎസ്പുരം അലരിയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ഷീലയുടെ സ്വർണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങിയിരുന്നു. വീടു വയ്ക്കാൻ സാമ്പത്തിക സഹായത്തിന് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചിട്ടില്ല.

ഭാര്യ: ഷീല. മൂത്ത മകൾ എയ്ഞ്ചൽ എട്ടാംക്ലാസിലും രണ്ടാമത്തെ മകൻ ഇമ്മാനുവൽ നാലാംക്ലാസിലുമാണ് പഠിക്കുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്‌കാരം കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP