Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോരുത്തർക്കും പറയാൻ അനുഭവകഥകൾ ഇനിയും ബാക്കി; ശാന്ത-സൗമ്യമായ ആ സാന്നിധ്യത്തിന്റെ തണൽ ഇനി ഓർമകളിൽ; യുകെയിലെ മലയാളി സമൂഹത്തിന്റെ സ്വന്തം ഹരിയേട്ടന് രാജകീയ യാത്രാമൊഴി; വ്യവസായിയും മുൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥനും സംഘാടകനും ആയിരുന്ന തെക്കുംമുറി ഹരിദാസിന് അന്ത്യാഞ്ജലി

ഓരോരുത്തർക്കും പറയാൻ അനുഭവകഥകൾ ഇനിയും ബാക്കി; ശാന്ത-സൗമ്യമായ ആ സാന്നിധ്യത്തിന്റെ തണൽ ഇനി ഓർമകളിൽ; യുകെയിലെ മലയാളി സമൂഹത്തിന്റെ സ്വന്തം ഹരിയേട്ടന് രാജകീയ യാത്രാമൊഴി; വ്യവസായിയും മുൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥനും സംഘാടകനും ആയിരുന്ന തെക്കുംമുറി ഹരിദാസിന് അന്ത്യാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനും, ലണ്ടനിലെ പ്രമുഖ വ്യവസായിയും, ഒഐസിസി യുകെ യുടെ അദ്ധ്യക്ഷനും, ലണ്ടനിലെ ഗുരുവായൂരപ്പക്ഷേത്ര കമ്മറ്റി ചെയർമാനുമായിരുന്ന തെക്കുംമുറി ഹരിദാസിന് ലണ്ടൻ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി. മാർച്ച് 24 ന് രാവിലെ 1 മണിക്ക് ടൂട്ടിങ് സെന്റ് ജോർജ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

ഹോസ്പിറ്റലിൽ നിന്ന് മരണാനന്തര ചടങ്ങുകളും മറ്റും പൂർത്തിയാക്കി ഭൗതിക ശരീരം വിട്ടുകിട്ടിയ ശേഷം രണ്ടു ദിവസത്തെ പൊതുദർശനം നടത്തി. അതിനുശേഷം തിങ്കളാഴ്ച (12-04-20 21) ന് രാവിലെ 9 മണിക്ക് മരണാനന്തര ചടങ്ങുകളോടെ ഉച്ചക്ക് ഒരു മണിക്ക് കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ ദൗതിക ശരീരം സംസ്‌കരിച്ചു.

അന്തിമോപചാരം അർപ്പിക്കാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരായ നൂറു കണക്കിന് ആളുകൾ എത്തി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ. ഏപ്രിൽ 10 നും 11 നും യുകെയിലെ രാഷ്ട്രീയ, സാമൂഹിക -കലാ -സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തിത്വങ്ങൾ എത്തി ഹരിദാസിന് അന്തിമോപചാരം അർപ്പിച്ചു.

മിച്ചമിൽ പൊതുദർശനത്തിന് വെച്ച ഹരിയേട്ടന്റെ ഭൗതിക ശരീരത്തിൽ ഒഐസിസി യുകെ നാഷണൽ കമ്മിറ്റി നേതാക്കളും റീജൻ നേതാക്കളും, പ്രവർത്തകരും ഏപ്രിൽ 10 ന് എത്തി റീത്ത് സമർപ്പിച്ചു. അതിനു ശേഷം അദ്ദേഹത്തെ ആചാര ബഹുമതിയോടെ ആദരിക്കുകയും ചെയ്തു., മിച്ചാമിൽ എത്തിയ നേതാക്കളും പ്രവർത്തകരും ചേർന്ന് അനുശോചന യോഗം നടത്തി.

യുകെ യുടെ വിവിധ റീജനുകളിൽ നിന്നും രണ്ടു ദിവസങ്ങളിലായി സംസ്‌കാര ശുശ്രൂഷ നിർദ്ദേശിച്ച സമയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ അതുസരിച്ചെത്തി ഹരിദാസിന് അന്തിമോപചാരം അർപ്പിച്ചു. ഹരിയേട്ടന്റെ വിയോഗം യുകെ മലയാളി സമൂഹത്തിനും ഒഐസിസി യുകെയ്ക്കും തീരാ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് നേതാക്കളും പ്രവർത്തകരും അനുശോചന യോഗത്തിൽ വിലയിരുത്തി.

യുകെയിലെ ഓരോ വ്യക്തിക്കും അവരവരുടെതായ അനുഭവകഥകൾ പറയുവാൻ മാത്രം ബാക്കി നിർത്തി, എല്ലാവരിലും ശൂന്യതകൾ മാത്രം ബാക്കിവെച്ച് അദ്ദേഹം ഓർമ്മയായി.

ഓർമകളിൽ ഹരിയേട്ടൻ

കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെ യുകെയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ മലയാളികൾ അടക്കം ഉള്ള ഇന്ത്യക്കാർക്ക് വേണ്ട സഹായങ്ങൾ ഒരു മടിയും കൂടാതെ തെക്കുംമുറി ഹരിദാസ് എന്ന ഹരിയേട്ടൻ ചെയ്തു കൊടുത്തിരുന്നു. നിരവധി ചാരിറ്റി സംഘടനകളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രകടമായിരുന്നു. മലബാർ ജംഗ്ഷൻ, രാധാകൃഷ്ണ തുടങ്ങിയ റെസ്റ്റോറന്റ് ഗ്രൂപ്പുകളുടെ ഉടമയും ലോക കേരള സഭാ പ്രതിനിധിയുമായിരുന്നു ഹരിദാസ്.

ഒഐസിസി യുകെയുടെ കൺവീനറും ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനും ഒക്കെയായി സേവനം അനുഷ്ഠിച്ചിരുന്ന ഹരിദാസ് യുകെ മലയാളികൾക്കെല്ലാം പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. റിട്ടയർമെന്റിനു ശേഷവും അതിനു മാറ്റമുണ്ടായില്ല. മലയാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാനും സഹായങ്ങൾക്കും ഒരു ഫോൺ കോൾ അകലത്തിൽ ഹരിദാസ് എപ്പോഴും ഉണ്ടായിരുന്നു.

കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ നൂറുകണക്കിനു മലയാളികൾക്കാണ് തെക്കുംമുറി ഹരിദാസിന്റെ നേതൃത്വത്തിൽ സഹായ ഹസ്തമേകിയത്. ഗുരുവായൂർ സ്വദേശിയായ അദ്ദേഹം കുടുംബസമേതം ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്. നാല് ആൺമക്കളുണ്ട്. യുകെയിലെ ഏറ്റവും പ്രമുഖനായ സംഘാടകനായിരുന്നു അന്തരിച്ച ഹരിദാസ്. എം എ യൂസഫലിയും രവിപിള്ളയും അടങ്ങുന്ന പ്രമുഖ വ്യവസായികളുടെയും പിണറായി വിജയനും ഉമ്മൻ ചാണ്ടിയും അടങ്ങുന്ന പ്രമുഖ നേതാക്കളുടെയും ഉറ്റ ചങ്ങാതിയും ആയിരുന്നു അദ്ദേഹം.

പ്രതിസന്ധികളിൽ ഏക ആശ്രയം

പണമുണ്ടാക്കി കഴിഞ്ഞാൽ പിന്നെ വന്ന വഴി മറക്കുന്നവർക്കിടയിൽ അപൂർവ മുഖമായിരുന്നു ഹരിയേട്ടൻ. അതിനാൽ തന്നെ സംഘടനകളും കൂട്ടായ്മകളും എല്ലാം ആ പേര് തങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന് പോലും അറിയാതെ പലപ്പോഴും ആ പേര് നേതൃ നിരയിൽ സ്ഥാനം പിടിച്ചിരുന്നു. അനുവാദം പോലും ചോദിക്കാതെ ആ പേര് എഴുതി വയ്ക്കാൻ പ്രിയ സുഹൃത്തുക്കൾക്ക് അദ്ദേഹം എപ്പോഴും സമ്മതം നൽകിയിരുന്നു.

ആരെയും ചതിക്കാനോ വഞ്ചിക്കാനോ അവസരം ഒരുക്കിയിട്ടില്ലാത്ത തന്നെയും ആരും ചതിക്കില്ല എന്ന വിശ്വാസമായിരുന്നു അതിനു അദ്ദേഹത്തിനുള്ള ധൈര്യം. സാമൂഹ്യ രംഗത്ത് ഒഐസിസി മുതൽ വിവിധ ഹിന്ദു സംഘടനകൾ വരെ, കലാ സാംസ്‌കാരിക രംഗത്തു ദക്ഷിണയുകെ മുതൽ യുക്മ വരെ, എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ഏറ്റവും ഒടുവിൽ ലോക് കേരള സഭ വരെ എന്തിലും ഏതിലും ആർക്കും ഒഴിവാക്കാൻ ആകാത്ത ഒരേയൊരു പേരായിരുന്നു ടി ഹരിദാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP