Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമപഠനത്തിന് ഒപ്പം കോവിഡ് മുന്നണി പോരാളിയും; ഒന്നാം തരംഗം മുതൽ മരുന്നും സാധനങ്ങളും എത്തിക്കാനും വീടുകൾ അണുവിമുക്തം ആക്കാനും മുൻപന്തിയിൽ; എസ്.ആർ.ആശയുടെ വേർപാടിൽ കണ്ണീരോടെ ബാലരാമപുരം നിവാസികൾ; അനുശോചനം അറിയിച്ച് ആരോഗ്യമന്ത്രി

നിയമപഠനത്തിന് ഒപ്പം കോവിഡ് മുന്നണി പോരാളിയും; ഒന്നാം തരംഗം മുതൽ മരുന്നും സാധനങ്ങളും എത്തിക്കാനും വീടുകൾ അണുവിമുക്തം ആക്കാനും മുൻപന്തിയിൽ; എസ്.ആർ.ആശയുടെ വേർപാടിൽ കണ്ണീരോടെ ബാലരാമപുരം നിവാസികൾ; അനുശോചനം അറിയിച്ച് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളി ആയിരുന്ന എസ്.ആർ.ആശയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. കോവിഡ് ബാധിച്ചായിരുന്നു ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആർ ആശ (26)യുടെ മരണം. കോവിഡിന്റെ ആദ്യഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്നു. എസ്എഫ്‌ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ ആകസ്മിക വേർപാട് നാടിനെയാകെ ദുഃഖത്തിലാഴ്‌ത്തി.

തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ -ശൈലജ ദമ്പതികളുടെ മകളാണ്. അജേഷ്, ആർഷ എന്നിവർ സഹോദരങ്ങൾ. പാറശാല സ്വകാര്യ ലോ കോളജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

അനുശോചനം അറിയിച്ച് ആരോഗ്യമന്ത്രി

എസ്.ആർ. ആശയുടെ വേർപാടിൽ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശയുടെ വീട്ടുകാരെ ഫോണിൽ വിളിച്ചാണ് ആരോഗ്യ വകുപ്പിന്റെ അനുശോചനം അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആശയുടെ വേർപാട് വേദനാജനകമാണ്.

കോവിഡ് ആദ്യതരംഗം മുതൽ പോസിറ്റീവ് ആയവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും അവർക്ക് മരുന്നും മറ്റ് സാധനങ്ങളും എത്തിക്കുന്നതിനും ആശ മുന്നിൽ നിന്നിരുന്നു. സംസ്‌കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു. അവസാനവർഷ എൽ.എൽ.ബി. വിദ്യാർത്ഥിയായ ആശ പഠനത്തോടൊപ്പമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കുചേർന്നത്. ആശയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP