Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ആരുടെ കയ്യിൽ നിന്നും നയാ പൈസ വാങ്ങാത്തവനായിരുന്നു; എങ്ങനെയും നശിപ്പിക്കാൻ കുറേപേർ മുന്നിലുണ്ടായിരുന്നു; അതിന്റെ ഒടുക്കം ഇങ്ങനെയായി; എന്റെ മകന്റെ ജീവനെടുത്തവനോട് പ്രകൃതി ചോദിക്കും; ഇനി അവനെ ആർക്കും പേടിക്കണ്ടല്ലോ': ഉച്ചയൂണിന് ഇന്നലെ വീട്ടിൽ എത്തേണ്ട എസ്.വി.പ്രദീപ് ചേതനയറ്റ് നേമത്തെ വീട്ടിൽ എത്തിയപ്പോൾ വിങ്ങിപ്പൊട്ടി അമ്മ

'ആരുടെ കയ്യിൽ നിന്നും നയാ പൈസ വാങ്ങാത്തവനായിരുന്നു; എങ്ങനെയും നശിപ്പിക്കാൻ കുറേപേർ മുന്നിലുണ്ടായിരുന്നു; അതിന്റെ ഒടുക്കം ഇങ്ങനെയായി; എന്റെ മകന്റെ ജീവനെടുത്തവനോട് പ്രകൃതി ചോദിക്കും; ഇനി അവനെ ആർക്കും പേടിക്കണ്ടല്ലോ': ഉച്ചയൂണിന് ഇന്നലെ വീട്ടിൽ എത്തേണ്ട എസ്.വി.പ്രദീപ് ചേതനയറ്റ് നേമത്തെ വീട്ടിൽ എത്തിയപ്പോൾ വിങ്ങിപ്പൊട്ടി അമ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്റെ മകന്റെ ജീവനെടുത്തവനോട് പ്രകൃതി ചോദിക്കും. ഇനി അവനെ ആർക്കും പേടിക്കണ്ടല്ലോ.. വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ ഭൗതിക ശരീരം നേമം പള്ളിച്ചൽ ഗോവിന്ദ ഭവനിൽ എത്തിച്ചപ്പോൾ മാതാവ് വസന്തകുമാരി തേങ്ങലോടെ പറഞ്ഞ വാക്കുകളാണ്. മകനെ കുറിച്ചുള്ള വാക്കുകൾ എണ്ണിയെണ്ണി പതംപറഞ്ഞ് വസന്തകുമാരി പറഞ്ഞപ്പോൾ കേട്ടു നിന്നവരുടെ കണ്ണുകളിലും സങ്കടക്കടൽ ആഞ്ഞടിച്ചു. ആരുടെ കയ്യിൽ നിന്നും നയാ പൈസ വാങ്ങാത്തവനായിരുന്നു. എങ്ങനെയും നശിപ്പാക്കാൻ കുറേപേർ മുന്നിലുണ്ടായിരുന്നു. അതിന്റെ ഒടുക്കം ഇങ്ങനെയായി...ഇങ്ങനെ പലതും പറഞ്ഞ് വിങ്ങിപൊട്ടുകയായിരുന്നു അവർ.

ഇന്നലെ ഉച്ചയ്ക്കു ശേഷം ജോലിസ്ഥലത്തു നിന്നു ഉച്ചഭക്ഷണത്തിനായി വീട്ടിൽ എത്തേണ്ടിയിരുന്ന എസ്.വി പ്രദീപ് 24 മണിക്കൂറിനു ശേഷം ഇന്നു വൈകിട്ട് നേമത്തെ വീട്ടു മുറ്റത്തു എത്തിയതു ചേതനയറ്റ ശരീരമായി ആയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെ പേരാണ് അവസാനമായി പ്രദീപിനെ കാണാൻ എത്തിയതു. ഇന്നലെ വൈകിട്ടായിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകനായ പ്രദീപ് വാഹനാപകടത്തിൽ മരണപ്പെടുന്നതു. ബാലരാമപുരം ഗവൺമെന്റ് ഹോമിയൊ മെഡിക്കൽ ഓഫീസറായ ഭാര്യ ഡോ.ശ്രീജ യും മകൻ സിനോ എസ്. നായരും, സംഭവത്തിന്റെ ഞെട്ടലിൽ നിന്നു ഇതു വരെ മോചിതരായിട്ടില്ല.

അപ്രതീക്ഷിതമായി വന്നെത്തിയ ദുരന്തത്തിന്റെ ആഴം അവരുടെ മുഖങ്ങളിൽ നിന്നു വായിച്ചെടുക്കാമായിരുന്നു മരണ വീട്ടിൽ എത്തിയ എല്ലാവർക്കും. കേരളത്തിലെ പ്രമുഖ ചാനലുകളിലൊക്കെയും ജോലി നോക്കിയിട്ടുള്ള പ്രദീപിനു ധാരാളം ശത്രുക്കളുണ്ടായിരുന്നതായി ഭാര്യ ശ്രീജ പറയുന്നുണ്ടായിരുന്നു. അച്ഛന്റെ നഷ്ടം ജീവിതത്തിൽ സൃഷ്ടിച്ച ശൂന്യത മകൻ സിനോയുടെ നിൽപ്പിലും ഭാവത്തിലും പ്രകടമായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട്് നാലുമണിയോടെയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി പ്രസ്സ് ക്ലബ്ബിലെ പൊതു ദർശനവും കഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിച്ചത്. ധീരനായ മാധ്യമ പ്രവർത്തകനെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധിപേരാണ് എത്തിയത്. പ്രദീപിന്റെ മൃതദേഹം കണ്ട് ഭാര്യ ശ്രീജ തളർന്നു വീണു. പൊതു ദർശനത്തിന് ശേഷം മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌ക്കാരം നടത്തി. പ്രസ്സ് ക്ലബ്ബിൽ പൊതു ദർശനത്തിന് വച്ചപ്പോൾ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

അതേ സമയം പ്രദീപിനെ ഇടിച്ച ലോറി പൊലീസ് കണ്ടെത്തി. ലോറിയുടെ ഡ്രൈവർ വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ജോയിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽനിന്നാണ് ലോറി പിടികൂടിയത്. വെള്ളായണിയിൽ എം.സാൻഡ് ഇറക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ഭയം കാരണം വാഹനം നിർത്തിയില്ലെന്നുമാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ലോറി ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നതായി പൊലീസിന് ഇയാൾ മൊഴി നൽകി. ഇതേ തുടർന്ന് ലോറി ഉടമയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. പ്രദീപിനെ ഇടിച്ചിട്ട ലോറി നിർത്താതെ പോവുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. അപകടമുണ്ടായ സ്ഥലത്ത് ട്രാഫിക് പൊലീസിന്റെ സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിലെ ആദ്യ വെല്ലുവിളിയായിരുന്നു. പിന്നീട് സമീപത്തെ മറ്റു സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചാണ് ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും അപകടം നടന്ന് 24 മണിക്കൂർ തികയുന്നതിന് മുമ്പേ വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതിനിടെ, പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മകനെ ചതിച്ച് കൊന്നതാണെന്നും അവന്റെ തുറന്നനിലപാടുകൾ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ടെന്നുമായിരുന്നു പ്രദീപിന്റെ അമ്മയുടെ പ്രതികരണം. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി സഹോദരിയും വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴി പൊലീസ് സംഘം കഴിഞ്ഞദിവസം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയവൺ, മംഗളം തുടങ്ങിയ വാർത്താ ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്ന എസ്.വി. പ്രദീപ് നിലവിൽ ഒരു ഓൺലൈൻ മാധ്യമത്തിന്റെ ഭാഗമായി പ്രവർത്തിച്ച് വരികയായിരുന്നു. അടുത്തിടെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണക്കടത്തിന്റെ ഉള്ളറകൾ തേടിയുള്ള നിരവധി റിപ്പോർട്ടുകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിരുന്നു. അത്തരത്തിലുള്ള ഒരു വൻ വെളിപ്പെടുത്തലിന് എസ് വി പ്രദീപ് ഒരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ അപകടത്തിൽ പലരും സംശയം ഉന്നയിക്കുന്നുമുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP