Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണ് നിറഞ്ഞ്, വാക്കുകൾ മുറിഞ്ഞ് മോഹൻലാൽ; പൊട്ടിക്കരഞ്ഞ് വിനീതും; അച്ഛന്റെ പ്രിയശിഷ്യന് കാവാലം ശ്രീകുമാർ വിട നൽകിയത് സംഗീതാർച്ചന നടത്തി; ഓർമകളിൽ വിതുമ്പി സഹപ്രവർത്തകർ; മലയാളത്തിന്റെ നാട്യകൊടുമുടിക്ക് വികാരനിർഭരമായ യാത്രയയപ്പ്

കണ്ണ് നിറഞ്ഞ്, വാക്കുകൾ മുറിഞ്ഞ് മോഹൻലാൽ; പൊട്ടിക്കരഞ്ഞ് വിനീതും; അച്ഛന്റെ പ്രിയശിഷ്യന് കാവാലം ശ്രീകുമാർ വിട നൽകിയത് സംഗീതാർച്ചന നടത്തി; ഓർമകളിൽ വിതുമ്പി സഹപ്രവർത്തകർ; മലയാളത്തിന്റെ നാട്യകൊടുമുടിക്ക് വികാരനിർഭരമായ യാത്രയയപ്പ്

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെ കാലം ചലച്ചിത്രരംഗത്തും അരനൂറ്റാണ്ടിലേറെ കാലമായി വേദികളിലും നാട്യാത്ഭുതം സൃഷ്ടിച്ച അതുല്യ കലാകാരൻ നെടുമുടി വേണുവിന് വികാരനിർഭരമായ യാത്രയയപ്പ്. തിരുവനന്തപുരം കുണ്ടമൺഭാഗത്തെ വസതിയിലും അയ്യങ്കാളി ഹാളിലും പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.

സഹോദരതുല്യനായ നെടുമുടിയെ അവസാനമായി കാണാൻ രാത്രി ഒന്നരയോടെ മോഹൻലാൽ എത്തി. മോഹൻലാലും നെടുമുടി വേണുമായുള്ള ഹൃദയബന്ധം പ്രസിദ്ധമാണ്. ചിത്രം, കമലദളം, സ്ഫടികം, മണിച്ചിത്രത്താഴ് മുതൽ മരയ്ക്കാറും ആറാട്ടും വരെ നൂറുകണക്കിന് സിനിമകളാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. നെടുമുടി വേണുവിന്റെ ഭൗതിക ശരീരത്തിൽ പ്രണാമങ്ങൾ അർപ്പിച്ച മോഹൻലാൽ അക്ഷരാർത്ഥത്തിൽ തളർന്നുപോകുകയായിരുന്നു.

നിറകണ്ണുകളോടെ മാധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയ അദ്ദേഹം വാക്കുകൾ കിട്ടാതെ സംസാരം പാതിവഴിയിൽ നിർത്തേണ്ടിവന്നു. ക്യാമറകൾക്ക് മുന്നിൽ നിയന്ത്രണം വിടാതിരിക്കാനും കലങ്ങിയ കണ്ണുകൾ തുളുമ്പാതിരിക്കാനും മോഹൻലാൽ നന്നേ കഷ്ടപ്പെട്ടു.

ഇന്ന് അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിന് മുന്നിൽ കണ്ണീർ വാർത്ത നടൻ വിനീതും കണ്ടുനിന്നവർക്ക് ഒരു വേദനയായി.

കമലദളം, സർഗം, സമൂഹം, ആരണ്യകം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചവരാണ് വിനീതും നെടുമുടിയും. നടന- സംഗീത കലകളോടുള്ള കമ്പവും ഇരുവരും തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തി. ഒടുവിൽ നെടുമുടി ജീവിതനാടകം പൂർത്തിയാക്കി യാത്രയാകുമ്പോൾ കണ്ണീർ തേവിയാണ് വിനീത് വിട ചൊല്ലിയത്.

അച്ഛന്റെ പ്രിയശിഷ്യന് സംഗീതാർച്ചന നടത്തിയാണ് കാവാലം ശ്രീകുമാറും സംഘവും അന്ത്യയാത്രാമൊഴി നൽകിയത്. കാവാലം നാരായണപ്പണിക്കരായിരുന്നു നെടുമുടി വേണുവിലെ കലാകാരനെ കണ്ടെത്തിയതും പരിപോഷിപ്പിച്ചതും. കാവാലത്തിന്റെ നാടകകളരിയിലെ മറ്റ് ശിഷ്യന്മാരും സംഗീതാർച്ചനയ്ക്ക് നേതൃത്വം നൽകി.

മമ്മൂട്ടി ഇന്നലെ രാത്രിയിൽ വീട്ടിലെത്തി ഭൗതികശരീരത്തിൽ പ്രണാമമർപ്പിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും നെടുമുടിയെ അവസാനമായി കാണാൻ നടൻ ശ്രീനിവാസനും കണ്ണൂരിൽ നിന്നെത്തി. മണിയൻപിള്ള രാജു, നിർമ്മാതാവ് സുരേഷ് കുമാർ, മധുപാൽ, നന്ദു തുടങ്ങിയവർ ഇന്നലെ മുതൽ തന്നെ ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ, സിനിമാ- ടെലിവിഷൻ രംഗത്തെ സഹപ്രവർത്തകർ, മറ്റ് സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.

തൈക്കാട് ശാന്തികവാടത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗാർഡ് ഓഫ് ഓണർ നൽകി മൃതദേഹം സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP