Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപസർപ്പക, മാന്ത്രിക കഥാലോകത്തിലേക്ക് വിദേശ കഥാപാത്രങ്ങളെ മാജിക്കിലെന്നപോലെ ആവാഹിച്ചത് രാജ്യംവിട്ട് പോയിട്ടില്ലാത്ത മാന്ത്രികൻ; മുന്നൂറോളം നോവലുകളുമായി കേരളത്തിൽ അടക്കിവാണത് മൂന്നരപതിറ്റാണ്ട്; ചെറുപ്പത്തിലേ കഥകൾ വായിപ്പിച്ച അമ്മയും ഷെർലക് ഹോംസിനെ പരിചയപ്പെടുത്തിയ ഐപ്പ് മാഷും ഉള്ളിലെ കഥാകാരനെ ഉണർത്തി; മനോരാജ്യത്തിന് വേണ്ടി കാനം ഇജെ കണ്ടെത്തിയ 'പയ്യന്' വേണ്ടി മറ്റെല്ലാ വാരികക്കാരും ക്യൂനിന്നു; കോട്ടയം പുഷ്പനാഥ് വിടപറയുമ്പോൾ

അപസർപ്പക, മാന്ത്രിക കഥാലോകത്തിലേക്ക് വിദേശ കഥാപാത്രങ്ങളെ മാജിക്കിലെന്നപോലെ ആവാഹിച്ചത് രാജ്യംവിട്ട് പോയിട്ടില്ലാത്ത മാന്ത്രികൻ;  മുന്നൂറോളം നോവലുകളുമായി കേരളത്തിൽ അടക്കിവാണത് മൂന്നരപതിറ്റാണ്ട്; ചെറുപ്പത്തിലേ കഥകൾ വായിപ്പിച്ച അമ്മയും ഷെർലക് ഹോംസിനെ പരിചയപ്പെടുത്തിയ ഐപ്പ് മാഷും ഉള്ളിലെ കഥാകാരനെ ഉണർത്തി; മനോരാജ്യത്തിന് വേണ്ടി കാനം ഇജെ കണ്ടെത്തിയ 'പയ്യന്' വേണ്ടി മറ്റെല്ലാ വാരികക്കാരും ക്യൂനിന്നു; കോട്ടയം പുഷ്പനാഥ് വിടപറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുന്നുറോളം നോവലുകളും ആയിരത്തിലേറെ കഥാപാത്രങ്ങളും മലയാള സാഹിത്യരംഗത്ത് സംഭാവനചെയ്ത കോട്ടയം പുഷ്പനാഥ് എന്ന പുഷ്പനാഥൻ പിള്ള വിടപറയുമ്പോൾ വേദനിക്കുന്നത് ഒരുകാരത്ത് ഈ കഥാകാരനെ നെഞ്ചിലേറ്റിയ ആയിരക്കണക്കിന് ആസ്വാദകർക്കുതന്നെ ആയിരിക്കും. ടിവിയും സീരിയലും ഒന്നുമില്ലാതിരുന്ന കാലത്ത് വീടുകളിൽ സജീവസാന്നധ്യമായിരുന്ന വാരികകളിലെ തുടരൻ നോവലുകളുടെ ഓരോ ലക്കത്തിനായും ആകാംക്ഷയോടെ കാത്തിരുന്ന കാലമായിരിക്കും മുൻ തലമുറകൾ ഓർക്കുന്നത്. ഒരു വിദേശരാജ്യത്ത് പോലും പോകാതെ പുസ്തകങ്ങളിലൂടെ അറിഞ്ഞ വിജ്ഞാനത്തിന്റെ നിറവിലായിരുന്നു ആ കഥാകാരന്റെ പാത്രസൃഷ്ടി. തന്റെ മനസ്സിലേക്ക് ആവാഹിച്ച വിദേശകഥകളിലെ കഥാപാത്രങ്ങളെ കേരളത്തിലെ സാഹചര്യത്തോടു കൂടി ഇണക്കിയുള്ള രചനയിലൂടെ അത്ഭുതലോകമാണ് കോട്ടയം പുഷ്പനാഥ് സൃഷ്ടിച്ചത്. അപസർപ്പക, മാന്ത്രിക നോവലുകളിലൂടെ വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയുള്ള രചനകൾ കേരളത്തിൽ അദ്ദേഹത്തിന് ഇടംലഭിച്ച വാരികകളുടെയെല്ലാം ഗ്രാഫ് കുത്തനെ ഉയർത്തിയെന്നത് ചരിത്രം.

ചെറുപ്പകാലത്തേ അമ്മയെ നഷ്ടപ്പെട്ടെങ്കിലും തന്നെ വായനാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അമ്മയാണെന്ന് എന്നും പറയുമായിരുന്നു ആ കഥാകാരൻ. ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷക കഥാപാത്രം അങ്ങനെയാണ് കുട്ടിക്കാലത്തുതന്നെ പുഷ്പനാഥിന്റെ മനസ്സിൽ ചേക്കേറുന്നത്. അങ്ങനെയാണ് ഈയൊരു കഥാകാരൻ പിറവിയെടുക്കുന്നതും. വിദേശകഥകളിൽ നിന്ന് ആവാഹിക്കുന്ന കഥാപാത്രങ്ങളെ തന്റേതായൊരു മാന്ത്രിക സ്പർശത്തിലൂടെ കേരളമണ്ണിൽ പറിച്ചുനടുകയായിരുന്നു ഗോപിനാഥൻ പിള്ള. ഒരു വിദേശരാജ്യത്തുപോലും പോകാത്തയാളാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹത്തെ വായിക്കുന്നവർക്ക് ആദ്യകാലങ്ങളിൽ ഒട്ടും അറിയുകപോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. അങ്ങനെയുള്ള പുഷ്പനാഥിന്റെ രചനകളിൽ കാർപാത്യൻ മലനിരകളും ബാസ്‌കർവിൽസിലെ വേട്ടനായയും ഡ്രാക്കുളയുമെല്ലാം ഇടംപിടിച്ചതും കഥാപാത്രങ്ങൾ കേരള മണ്ണിന് യോജിച്ച രീതിയിൽ മാറിവരുന്നതുമെല്ലാം ശരിക്കും അദ്ദേഹത്തെ കുറ്റാന്വേഷണ സാഹിത്യരചനയിലെ മാന്ത്രികനാക്കി.

വിദേശത്ത് ഡിറ്റക്ടീവ് മാർകിനും ഇന്ത്യയിൽ പുഷ്പരാജും

1967 ൽ കല്ലാർകുട്ടി സ്‌കൂളിൽ അദ്ധ്യാപകനായിരിക്കുമ്പോഴാണ് മനോരാജ്യം വാരികയിൽ 'ചുവന്ന മനുഷ്യൻ' എന്ന ആദ്യനോവൽ പുഷ്പനാഥിന്റേതായി വരുന്നത്. പിന്നീടങ്ങോട്ട് അദ്ദേഹം വാരികകളിലെ നിറസാന്നിധ്യമായി. ഇതിന് പിന്നാലെ നോവൽ ഗ്രന്ഥങ്ങളും പുറത്തിറങ്ങി.

വിദേശത്ത് കുറ്റാന്വേഷണം നടത്താൻ പോവുന്നത് ഡിറ്റക്ടീവ് മാർക്സിൻ എന്ന കഥാപാത്രമാണെങ്കിൽ ഇന്ത്യയിൽ അന്വേഷണച്ചുമതല പുഷ്പരാജിനെ ഏൽപ്പിക്കുന്ന കഥാകഥനമാണ് പുഷ്പനാഥ്്് സ്വീകരിച്ചത്. ആദ്യത്തെ മൂന്നു നാലു നോവലുകളിൽ ഡിറ്റക്ടീവ് സുധീർ ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ആ പേര് മെച്ചപ്പെടുത്താൻ തീരുമാനിച്ചു. അതോടെയാണ് പുഷ്പരാജ് ആയി മാറുന്നത്. ആ പേരിന് രചയിതാവിന്റെ പേരിനോട് സാമ്യം ഉള്ളതിനാൽ തന്നെ പുഷ്പനാഥ് സ്വയം കേസ് കണ്ടുപിടിക്കുന്നയാൾ ആണെന്നുവരെ വായനക്കാർ വിശ്വസിച്ചു. വിദേശത്ത് അന്വേഷണം നടത്താൻ പുഷ്പരാജ് എന്നു പേരുള്ളയാൾ പോയാൽ നടക്കില്ലെന്നു തോന്നി. അങ്ങനെയാണ് മാർക്സിൻ എന്ന പേരു വന്നത്. വായനക്കാരെ പിടിച്ചുനിർത്തുന്ന വലിയൊരു കഥാകാരനെന്ന ഭാവം ഒട്ടും പ്രകടിപ്പിച്ചിരുന്നില്ല പുഷ്പനാഥ്. കഥയെഴുതുമ്പോഴും ഒരു ലക്കം എഴുതിയാൽ അതിന്റെ അവസാനം എവിടെയെന്നു മാത്രമേ ഓർത്തുവയ്ക്കു. പിന്നെ അടുത്ത ലക്കം കൊടുക്കേണ്ടതിന് മുമ്പായിരിക്കും അതിന്റെ തുടർച്ചയിലേക്ക് ഊളിയിടുകയെന്ന് പല അഭിമുഖങ്ങളിലും പുഷ്പനാഥ് വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞുനാളിൽ ഒരു ഓണക്കാലത്തായിരുന്നു അമ്മയുടെ മരണം. കുട്ടിക്കാലത്തേ നോവലുകളും ആഴ്ചപ്പതിപ്പുകളുമൊക്കെ വായിക്കാൻ കൊടുത്തിരുന്ന അമ്മ രാത്രി ഉറങ്ങുംവരെ കൂടെയിരുന്ന് വായിപ്പിക്കുമെന്നും പു്ഷ്പനാഥ് പറഞ്ഞിരുന്നു. പിന്നീട് കോട്ടയം എം ടി.സെമിനാരി സ്‌കൂളിൽ പഠിക്കുമ്പോഴാണ് കുറ്റാന്വേഷണ കഥകളിൽ ആകൃഷ്ടനാകുന്നത്. ഐപ് സാറായിരുന്നു കഥകളുടെ വേറിട്ട ലോകത്തേക്ക് പോകാൻ പ്രചോദനമായത്. കുട്ടികൾക്ക് ബോറടിക്കുമെന്നു തോന്നുമ്പോൾ സാർ ഷെർലക്ഹോംസിന്റെ നോവലുകൾ പറഞ്ഞുകൊടുത്തു. ചെറിയ സൂചനകളിൽ നിന്നും മറ്റുള്ളവരുടെ കണ്ണിൽപ്പെടാത്ത തെളിവുകൾ സൃഷ്ടിക്കുന്ന മാന്ത്രികൻ. പിന്നീട് സ്‌കോട്ട്‌ലാൻഡ് യാർഡിന് വരെ പഠിക്കാൻ ഹോംസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ച ആർതർ കോനൻ ഡോയ്ൽ എന്ന പാശ്ചാത്യ കഥാകാരൻ അങ്ങനെ പുഷ്പനാഥിന്റെയും ഹീറോ ആയി.
ഹോംസ് എങ്ങനെ ഒരു കേസ് തെളിയിക്കുന്നു എന്ന് ഐപ്പ് സാർ സസ്‌പെൻഷൻ നിലനിർത്തി വിവരിക്കുമ്പോൾ കണ്ണുംകാതും കൂർപ്പിച്ച് ഇരിക്കും കുട്ടികൾ. അങ്ങനെയെല്ലാമാണ് കുറ്റാന്വേഷണ നോവലെഴുത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് കോട്ടയം പുഷ്പനാഥ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സ്‌കൂൾ കാലത്തുതന്നെ തുടങ്ങിയ എഴുത്ത്

അദ്ധ്യാപകനായാണ് പുഷ്പനാഥ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കോട്ടയം ഗുഡ്ഷെപ്പേഡ് എൽപിഎസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എംടി സെമിനാരി ഹൈസ്‌കൂളിലെത്തി.സ്‌കൂൾകാലത്തുതന്നെ ചെറിയതോതിലുള്ള എഴുത്ത് തുടങ്ങി. പിന്നീട് സിഎൻഐ ട്രെയ്നിങ് സ്‌കൂളിൽ നിന്ന് ടിടിസി പാസായി. ദേവികുളം ഗവൺമെന്റ് ഹൈസ്‌കൂൾ, കല്ലാർകുട്ടി എച്ച്.എസ്, നാട്ടകം ഗവൺമെന്റ് എച്ച്.എസ്,ആർപ്പൂക്കര ഗവ.എച്ച്.എസ്. കാരാപ്പുഴ ഗവ.എച്ച്.എസ് തുടങ്ങിയ സ്‌കൂളുകളിൽ ജോലി ചെയ്തിട്ടുണ്ട്.

അക്കാലം മുതൽ എഴുതിയ മുന്നൂറോളം നോവലുകളിൽ പലതും കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തർജമ ചെയതോടെയും ഹിറ്റായി മാറി. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ പിന്നീട് ചലച്ചിത്രങ്ങളായും എത്തി.

കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ദി മർഡർ, നീലക്കണ്ണുകൾ, സിംഹം, മന്ത്രമോഹിനി, മോണാലിസയുടെ ഘാതകൻ, തുരങ്കത്തിലെ സുന്ദരി, ഓവർ ബ്രിഡ്ജ്, നാഗച്ചിലങ്ക, നാഗമാണിക്യം, മർഡർ ഗാങ്ങ്, ഡെവിൾ, ഡ്രാക്കുളക്കോട്ട, നിഴലില്ലാത്ത മനുഷ്യൻ, ലേഡീസ് ഹോസ്റ്റലിലെ ഭീകരൻ, റെഡ് റോബ്, ഡയൽ 0003, ഡെവിൾസ് കോർണർ, ഡൈനോസറസ്, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, സന്ധ്യാരാഗം, തിമൂറിന്റെ തലയോട് തുടങ്ങിയവയാണ് വായനക്കാരെ പിടിച്ചുലച്ച പ്രധാന നോവലുകൾ.

ആ മാന്ത്രിക തൊപ്പിക്ക് പിന്നിലെ രഹസ്യം

കോട്ടയംപുഷ്പനാഥിനെ കാണുന്നവർക്കെല്ലാം ഒരു സംശയമുണ്ടായിരുന്നു. എപ്പോഴും കൂടെയുള്ള തൊപ്പി. അതിന് പിന്നിൽ എന്തോ രഹസ്യമുണ്ടെന്നും ആളുകൾ പറഞ്ഞു. അതോടെ ശരിക്കും മാന്ത്രികനാണ് പുഷ്പനാഥ് എന്ന മട്ടിലും പലരും ചിന്തിച്ചു. ആരാധകരുടെ വലിയൊരു നിരയുണ്ടായിരുന്നു പുഷ്പനാഥിന്. അതിനാൽ ഇത്തരം കഥകൾക്കും പഞ്ഞമുണ്ടായില്ല. എന്നാൽ തന്റെ തൊപ്പിക്ക് പിന്നിൽ ഒരു രഹസ്യവുമില്ലെന്നാണ് പു്ഷ്പനാഥ് പറഞ്ഞത്. പണ്ട് വിഗ് വച്ചിരുന്നു. അതു കഴിഞ്ഞപ്പോൾ ആഗ്രയിൽ നിന്ന് ഒരാൾ എനിക്ക് ഈ തൊപ്പി കൊണ്ടുവന്നു തന്നു. പിന്നീടത് സ്ഥിരമായി. അല്ലാതെ എഴുത്തും തൊപ്പിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അപ്പോഴും ആൾക്കാരുടെ സംശയം മാറിയില്ല.

നോവലുകൾ വാരികകൾക്ക് കൊടുക്കുന്ന തിരക്ക് കൂടുന്ന കാലത്ത് രാവിലെ ഏഴുമണിമുതൽ തുടങ്ങും എഴുത്ത്. അതുപിന്നെ പാതിരാവരെ നീളും. ഇടയ്ക്ക് തിരക്ക് വീണ്ടും കൂടിയപ്പോൾ മൂന്നുപേരെ പറഞ്ഞുകൊടുത്ത് എഴുതാൻ വരെ വച്ചിരുന്നു. ഒരു മുറിയിൽവച്ചുതന്നെ വ്യത്യസ്ത കുറ്റാന്വേഷണ നോവൽ അവർക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതുപോലും പരീക്ഷിച്ചിട്ടുണ്ടെന്ന് ആണ് ഒരു അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുത്തത്. വീടിനുവെളിയിൽ വാരികകളുടെ ആൾക്കാർ അടുത്ത ഭാഗത്തിന് വേണ്ടി ക്യൂനിൽക്കുന്നതും അക്കാലത്തെ കാഴ്ചയായിരുന്നു.

ചുവന്ന മനുഷ്യന്റെയും ജനപ്രിയ കഥാകാരന്റേയും പിറവി

കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മനോരാജ്യം വാരിക പ്രചാരം ഇടിഞ്ഞ് വലിയ പ്രതിസന്ധിയിലായ കാലത്താണ് അതിൽ നിന്ന് കരകയറാൻ സ്ഥാപന ഉടമകൾ പോംവഴി ആലോചിക്കുന്നത്. ഇതിന് പരിഹാരം തേടുമ്പോഴാണ് അന്നത്തെ ജനകീയ രചനാകൃത്തുക്കളിൽ പ്രമുഖനായ കാനം ഇ ജെ ഒരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്. വാരികയിൽ ഒരു കുറ്റാന്വേഷണ നോവൽ ആരംഭിച്ചാൽ രക്ഷപ്പെടാമെന്നായിരുന്നു അത്. എന്നാൽ അന്ന് അത് മാനേജ്‌മെന്റിന് കൊള്ളാമെന്ന് തോന്നിയില്ല. പിന്നീട് മറ്റുവഴികൾ നോക്കിയെങ്കിലും രക്ഷയില്ലാതെ വന്നതോടെ അക്കാര്യം വീണ്ടും പരിഗണിച്ചു. ആരെ ഏൽപിക്കുമെന്നായി ചോദ്യം.

പരീക്ഷണാടിസ്ഥാനത്തിൽ ഇതിന് തയ്യാറായതോടെ കാനത്തിനെ ചുമതല ഏൽപിച്ചു. അന്ന് കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള ബി കെ എം ബുക്ക് ഡിപ്പോ എന്ന പുസ്തക പ്രസാധകർ ഇറക്കിയിരുന്ന 'ഡിറ്റക്ടർ' മാസികയിൽ പതിവായി കുറ്റാന്വേഷണ കഥകൾ എഴുതിയിരുന്നു ഒരു കഥാകാരൻ. ഇത് കാനം വായിച്ചിട്ടുണ്ടായിരുന്നു. പാശ്ചാത്യ സാഹിത്യ ലോകത്ത് ഏറെ വായനക്കാരെ നേടിയ കുറ്റാന്വേഷണ കഥകളുടെ ചുവടു പിടിച്ച് അയാളെഴുതുന്ന കഥകൾ നിരവധി പേരെ ആകർഷിച്ചിരുന്ന കാര്യം കാനത്തിന് അറിയാമായിരുന്നു.

---------------------------------------------------

കോട്ടയം പുഷ്പനാഥ് അപസർപ്പക നോവലുകളുടെ ആചാര്യൻ എന്ന പുസ്തകത്തെ അധികരിച്ചുള്ള പുസ്തകവിചാരം ഇവിടെ വായിക്കാം

---------------------------------------------------

ഡിറ്റക്ടർ മാസികയിൽനിന്നും വിലാസവും വാങ്ങി കാനം കഥാകാരനെ കണ്ടുപിടിക്കാൻ ഇറങ്ങി. നേരിൽ കണ്ടപ്പോൾ കാനം തന്നെ അമ്പരന്നുപോയി. ഒരു കൊച്ചു പയ്യൻ! സംശയവും അമ്പരപ്പും മാറ്റിവച്ച് ആവശ്യം അറിയിച്ചു - മനോരാജ്യം വാരികയിലേക്ക് ഒരു കുറ്റാന്വേഷണ നോവൽ വേണം എന്നുപറഞ്ഞപ്പോൾ അതിനെന്താ എന്നായി ആ പയ്യൻ. എങ്കിൽ വാരികയിൽ അനൗൺസ് ചെയ്യാൻ ഒരാഴ്ചക്കകം നോവലിന്റെ പേര് തരാമോ എന്നായി കാനം. അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് പയ്യന്റെ മറുപടി ഉടൻ വന്നു. ഒരാഴ്ചയൊന്നും വേണ്ട.. ഇപ്പോൾതന്നെ പറയാമല്ലോ എന്ന്. അങ്ങനെയാണ് ചുവന്ന മനുഷ്യൻ എന്ന പേര് കോട്ടയം പുഷ്പനാഥ് പറയുന്നത്. പിന്നീട് മൂന്നര പതിറ്റാണ്ടിലേറെ മലയാള അപസർപ്പക, മാന്ത്രി നോവൽ സാഹിത്യത്തെ കൈവെള്ളയിട്ട് അമ്മാനമാടി ആ കഥാമാന്ത്രികന്റെ താരോദയമായിരുന്നു ആ സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP