Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥികളെ കാണുമ്പോഴേ ഡബിൾ ബെല്ലടിക്കുന്ന പതിവുനിർത്തി; സ്റ്റുഡന്റ്‌സ് ഒൺലി ബസുകൾ തുടങ്ങി പാലാക്കാരെ അമ്പരിപ്പിച്ചു; അപ്പനോടും അമ്മയോടും സ്‌നേഹം ചൊരിഞ്ഞ് പാപ്പൻ, ചാച്ചി ബസുകൾ; പൊതുഗതാഗതം എന്തെന്ന് പഠിപ്പിച്ച കെ എം എസ് കൊച്ചേട്ടൻ ഓർമയാകുമ്പോൾ

വിദ്യാർത്ഥികളെ കാണുമ്പോഴേ ഡബിൾ ബെല്ലടിക്കുന്ന പതിവുനിർത്തി; സ്റ്റുഡന്റ്‌സ് ഒൺലി ബസുകൾ തുടങ്ങി പാലാക്കാരെ അമ്പരിപ്പിച്ചു; അപ്പനോടും അമ്മയോടും സ്‌നേഹം ചൊരിഞ്ഞ് പാപ്പൻ, ചാച്ചി ബസുകൾ; പൊതുഗതാഗതം എന്തെന്ന് പഠിപ്പിച്ച കെ എം എസ് കൊച്ചേട്ടൻ ഓർമയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബസുകളിൽ കയറും മുമ്പ് എല്ലാവരും സീറ്റുണ്ടോ എന്നുനോക്കും. ആർക്കാണ് നിന്ന് യാത്ര ചെയ്യാൻ ഇഷ്ടം. ഈ സീറ്റെല്ലാം സ്‌കൂൾ -കോളേജ് കുട്ടികൾ കൈയടക്കിയാലോ. അതുകൊണ്ട് സ്വകാര്യ ബസുകാർ പൊതുവെ ഓട്ടം നഷ്ടത്തിലാക്കുന്ന ഈ പരിപാടിക്ക് കൂട്ടുനിൽക്കാറില്ല. ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം കുട്ടികളെ കയറ്റുക, കുട്ടികളെ കണ്ടാൽ നിർത്താതെ പോവുക, കുട്ടികൾ നിൽക്കുന്ന സ്റ്റോപ്പിൽ നിർത്താതെ മാറ്റി നിർത്തുക, അങ്ങനെ എന്തെല്ലാം അഭ്യാസങ്ങൾ കാണിച്ചാലാണ് ഫുൾ ടിക്കറ്റുകാരെ കിട്ടുക. എന്നാൽ, പാലാക്കാരനായ കളപ്പുരയ്ക്കൽ കെ.ടി.മാത്യു എന്ന കെ എം എസ് കൊച്ചേട്ടൻ അവിടെയാണ് വ്യത്യസ്തനായത്. ഞായറാഴ്ച 81 ാം വയസിൽ മരണമടഞ്ഞപ്പോൾ നാട്ടുകാർക്ക് പറയാനുള്ളത് നല്ല വാക്കുകൾ മാത്രമായതിന് ഇതൊരു ചെറിയ ഉദാഹരണം മാത്രം.

സ്‌കൂൾ -കോളേജ് കുട്ടികളെ കരുതലോടെ കണ്ട ഈ മനുഷ്യൻ കെഎംഎസ് സ്റ്റുഡന്റ്‌സ് ഒൺലി ബസുകൾ തുടങ്ങിയാണ് ആദ്യം നാട്ടുകാരെ അമ്പരിപ്പിച്ചത്. പൈക കളപ്പുരയ്ക്കൽ മോട്ടോർ സർവീസ് എന്ന ബസ് കമ്പനി തുടങ്ങിയത് വെറും മുതലാളി ആയിരുന്നില്ല. ഒന്നാന്തരം മനുഷ്യപ്പറ്റുള്ള ബിസിനസുകാരനായിരുന്നു. കെ എം എസ് കൊച്ചേട്ടൻ. പാലാ സെന്റ് തോമസ് കോളേജിലേക്കും, അൽഫോൻസാ കോളേജിലേക്കും പോകേണ്ട കുട്ടികൾക്കായി ആയിരുന്നു കൊച്ചേട്ടന്റെ സ്റ്റുഡന്റ്‌സ് ഒൺലി ബസുകൾ. ഫുൾ ടിക്കറ്റുകാർക്ക് അവയിൽ പ്രവേശനമില്ല. ഡീസൽ അടിക്കാൻ പോലും കാശ് കിട്ടില്ലെങ്കിലും സ്വന്തം കീശയിൽ നിന്ന് കാശെടുത്തു പതിറ്റാണ്ടുകളോളം കെ ടി മാത്യു ആ സേവനം തുടർന്നു. ഒരുപക്ഷേ കെഎസ്ആർടിസി പോലും ചെയ്യാത്ത കാര്യം.

ഗതാഗതത്തിന്റെ പുതിയ മുഖമായി കെഎംഎസ്

പാലാ -പൊൻകുന്നം റൂട്ടിൽ വാടക വണ്ടി പോലും വിളിക്കാൻ ജനത്തിന് പൈസ ഇല്ലാതിരുന്ന ഒരു കാലഘട്ടം. പൊതുഗതാഗതം എന്താണെന്നും പൊതു ഗതാഗതത്തിന്റെ പ്രസക്തി എന്താണെന്നും തിരിച്ചറിവായി വരുന്ന കാലത്ത് 1950 ഓടെയാണ് കൊച്ചേട്ടന്റെ പിതാവ് കളപ്പുരയ്ക്കൽ പാപ്പൻ ചേട്ടൻ കെ എം എസ് ബസ് സർവീസ് തുടങ്ങിയത്. പിതാവിൽ നിന്ന് കൊച്ചേട്ടൻ സർവീസ് ഏറ്റെടുത്തു. പാലാ - പൊൻകുന്നം റൂട്ടിൽ, പാലാ പൊൻകുന്നം പൈക വഴി പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഒരു കാലഘട്ടം. മീനച്ചിൽ താലൂക്കിൽ പൊതു ഗതാഗതത്തിന്റെ പുതിയ മുഖമായി മാറി കെഎംഎസ് അഥവാ കളപ്പുരയ്ക്കൽ മോട്ടോർ സർവീസ് എന്ന ബസ് കമ്പനി.

ചെയിൻ സർവീസുകൾ മുതൽ കോട്ടയം ജില്ലയിലെ ആദ്യത്തെ എക്സ്‌പ്രസ് കാറ്റഗറി ഉള്ള പെർമിറ്റ് വരെ. എക്‌സപ്രസ് പെർമിറ്റ് തിരുവനന്തപുരത്തിനായിരുന്നു. പാലാ-കുമളി-രാമക്കൽമേട് റൂട്ടിലും, പാലാ എറണാകുളം റൂട്ടിലും, മുണ്ടക്കയം എറണാകുളം സർവീസുമൊക്കെയായി പടർന്നുപന്തലിച്ചു. കൂടാതെ രണ്ട് ഫാസ്റ്റ് പാസ്സഞ്ചർ സർവീസുകളും

ഹൈറേഞ്ചിലേക്ക് പാലായിൽ നിന്നുള്ള ആദ്യത്തെ ബസ് സർവീസുകളും കെ എം എസാണ് തുടങ്ങിയത്. പാലാ കുമളി രാമക്കൽമേട് സർവീസ്. കൂടാതെ എരുമേലിയുടെ ഗ്രാമീണ പ്രദേശമായ എയ്ഞ്ചൽവാലി, മുക്കൻപെട്ടി, തുലാപ്പള്ളി, ചാത്തൻതറ, മുക്കാട്ടുതറ മണ്ണടിശാല പ്രദേശങ്ങളിലേക്ക് ഒമ്പതോളം എരുമേലി പെർമിറ്റുകൾ. മുണ്ടക്കയത്തിന്റെ ഗ്രാമപ്രദേശമായ കോരുത്തോട്, കുഴിമാവ്, പുഞ്ചവയൽ,തുടങ്ങിയ പ്രദേശങ്ങളിലേക്കും, ചേറ്റുതോട,് പാലപ്ര, ചെങ്ങളം തുടങ്ങിയ ഗ്രാമീണ ദേശങ്ങളിലേക്കും വർഷങ്ങൾക്ക് മുമ്പ് പൊതുഗതാഗതം എന്ന ആശയം എത്തിച്ചു കെഎംഎസ് എന്ന പ്രസ്ഥാനം .

പാപ്പനും ചാച്ചിയും

പാപ്പൻ എന്ന പേരിലുള്ള സർവീസുകൾ കൊച്ചേട്ടൻ തുടങ്ങിയത് പിതാവിന്റെ ഓർമയ്ക്കായിരുന്നു. അമ്മയുടെ ഓർമയ്ക്കായി ചാച്ചി ബസും. മാതാപിതാക്കളുടെ പേരിൽ മാത്രമല്ല, മക്കളുടെ പേരിലും സ്‌നേഹം ചൊരിഞ്ഞു. മൂത്തമകൻ സാബുവിന്റെയും, സാബുവിന്റെ മക്കളുടെയും, സജിയുടെ മകന്റെയും ഒക്കെ പേരിൽ ബസുകൾ ഇറക്കി. സാബു, രേഷ്മ, കെവിൻ, മാത്യു എന്നിങ്ങനെ പേരുകൾ.

പാലാ-പൊൻകുന്നം റൂട്ട് കെഎംഎസ് വൽകരിച്ചു

പാലാ-പൊൻകുന്നം റൂട്ടിൽ, രാവിലെ ആറ് മുതൽ രാത്രി 8.50 വരെ ചെയിൻ സർവീസ് ആയിട്ടായിരുന്നു കെ എം എസ് സർവീസ്. പാലാ-പൊൻകുന്നം റൂട്ട് കൊച്ചേട്ടൻ കെഎംഎസ് വൽകരിച്ചു എന്നുപറയാം. ആർ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്ത് പാലാ-പൊൻകുന്നം റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയെങ്കിലും കെ എം എസ് തന്നെയായിരുന്നു നാട്ടുകാർക്ക് പ്രിയം.

കാലം മാറിയതോടെ, കെഎസ്ആർടിസിയുടെ അതി പ്രസരവും സൂപ്പർ ക്ലാസ്സ് പെർമിറ്റുകൾ നഷ്ടം ആയതും മൂലം കെഎംഎസ് എന്ന പ്രസ്ഥാനത്തിനും മങ്ങലേറ്റു. നാടിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് ബസ് ഇറക്കി ഓടിച്ച് സേവനം ചെയ്തു എന്നതാണ് കൊച്ചേട്ടന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പൈക ക്രംബ് ജംഗ്ഷനിൽ പാലാ-പൊൻകുന്നം റോഡിന്റെ സൈഡിലാണ് കൊച്ചേട്ടന്റെ കളപ്പുരയ്ക്കൽ വീട്.

കെ ടി മാത്യുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൈക സെന്റ് ജോസഫ്‌സ് പള്ളിയിൽ നടക്കും. മൃതദേഹം തിങ്കളാഴ്ച വസതിയിൽ എത്തിക്കും. ഭാര്യ ലിസിയമ്മ ചങ്ങനാശേരി കോയിപ്പള്ളി കുടുംബാംഗമാണ്. മക്കൾ: സാബു, സജി, സജിനി, സഞ്ജയ്, സഞ്ജീവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP