Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അക്ഷരങ്ങളുടെ ലോകത്തേക്ക് ആയിരങ്ങളെ കൈപിടിച്ചുയർത്തി; മരണത്തിനു തൊട്ടുമുമ്പും കിടന്നുകൊണ്ടു പത്രങ്ങൾ വായിച്ചു; രാജീവ് ഗാന്ധിയിൽ നിന്നും മികച്ച സാമൂഹ്യപ്രവർത്തനത്തിനുള്ള അവാർഡ് നേടി; കെ വി ഗോപിനാഥന് വായിക്കാത്ത പത്രങ്ങൾ മെത്തയാക്കി സുഹൃത്തുക്കളുടെ അന്ത്യാഞ്ജലി

അക്ഷരങ്ങളുടെ ലോകത്തേക്ക് ആയിരങ്ങളെ കൈപിടിച്ചുയർത്തി; മരണത്തിനു തൊട്ടുമുമ്പും കിടന്നുകൊണ്ടു പത്രങ്ങൾ വായിച്ചു; രാജീവ് ഗാന്ധിയിൽ നിന്നും മികച്ച സാമൂഹ്യപ്രവർത്തനത്തിനുള്ള അവാർഡ് നേടി; കെ വി ഗോപിനാഥന് വായിക്കാത്ത പത്രങ്ങൾ മെത്തയാക്കി സുഹൃത്തുക്കളുടെ അന്ത്യാഞ്ജലി

രഞ്ജിത് ബാബു

കണ്ണൂർ: അക്ഷരങ്ങളുടെ ലോകത്തേക്ക് ആയിരങ്ങളെ നയിച്ച കെ.വി.ഗോപിനാഥൻ എന്ന സാമൂഹിക പ്രവർത്തകന് പത്രങ്ങൾ മെത്തയാക്കി അന്ത്യാഞ്ജലി. നിരക്ഷരരും നിരാലംബരുമായ ദരിദ്രകുടുംബങ്ങളിൽ അക്ഷരത്തിന്റേയും അറിവിന്റേയും കൈത്തിരിയുമായി കാൽനൂറ്റാണ്ടിലേറെ പ്രവർത്തിച്ച ആളായിരുന്നു ഗോപിനാഥ്. പരിയാരം സെന്റർ സ്വദേശിയായ ഗോപിനാഥിന്റെ പ്രവർത്തനമേഖല സംസ്ഥാനത്തോളം വിപുലമായിരുന്നു. സാമൂഹിക മേഖലയിൽ ഇനിയും ഏറെ ചെയ്യാനുണ്ടെന്ന ആഗ്രഹവും മനസ്സിൽ വച്ചു കഴിഞ്ഞിരുന്ന ഗോപിനാഥിന് ഗുരുതരമായ വൃക്കരോഗമാണ് മരണകാരണമായത്. പൊതു സമൂഹവുമായി ഇഴുകിച്ചേർന്നു പ്രവർത്തിച്ചിരുന്ന ഈ സാമൂഹിക പ്രവർത്തകന് സുഹൃത്തുക്കളും ദേശവാസികളും അക്ഷരം പതിച്ച പത്രങ്ങൾ കൊണ്ടുള്ള മെത്തയിലായിരുന്നു യാത്രാമൊഴി നൽകിയത്.

കെ.കെ. എൻ പരിയാരം വായനശാലാ പരിസരത്ത് പൊതുദർശനത്തിന് മൃതദേഹം വച്ചപ്പോഴാണ് ഗോപിനാഥിന് വായിക്കാനാവാത്ത അന്നത്തെ പത്രം കൊണ്ട് ആദരാഞ്ജലികളർപ്പിച്ചത്. മരണത്തിനു തൊട്ടു തലേന്നു വരെ ശയ്യയിൽകിടന്നു പത്രങ്ങൾ വായിച്ച ഗോപിനാഥിന് വായിക്കാൻ കഴിയാത്ത പത്രങ്ങളിൽ കിടത്തിയാണ് സുഹൃത്തുക്കളും നാട്ടുകാരും വിട നല്കിയത്.

1989 ൽ മികച്ച സാമൂഹിക പ്രവർത്തകനുള്ള ദേശീയ അവാർഡ് നൽകിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഗോപിനാഥിനെ വിശേഷിപ്പിച്ചത് 'ഗ്രാമീണ ഇന്ത്യയുടെ നാട്ടുവെളിച്ചമാണ് 'ഈ വ്യക്തിയെന്നായിരുന്നു. 1980 കളിൽ പി.എൻ പണിക്കർ , പി.ടി. ഭാസ്‌ക്കരപ്പണിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സാക്ഷരതാ പ്രവർത്തനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു ഗോപിനാഥ്. 1982 ൽ കാൻഫെഡ് അവാർഡും 1993 ൽ ശാന്തി ഗ്രാം അവാർഡും ഗോപിനാഥിനെത്തേടിയെത്തിയിരുന്നു. കാൻഫെഡും മത്സ്യഫെഡും സംയുക്തമായി സംസ്ഥാനത്ത് നടത്തിയ സാക്ഷരതാ പ്രവർത്തനങ്ങളുടെ പ്രധാന ചുക്കാൻ പിടിച്ചത് ഗോപിനാഥായിരുന്നു. മാവിൻ ചുവട്ടിലും വീട്ടുമുറ്റത്തും സ്‌ക്കൂൾ അങ്കണത്തിലും അക്ഷരമെന്തെന്ന് അറിയാത്തവരെ സംഘടിപ്പിച്ച് അക്ഷരമധുരം പകർന്നു നൽകാൻ ഗോപിനാഥ് ഊണും ഉറക്കവും ഉപേക്ഷിച്ചിരുന്നു.

സ്വന്തം ഗ്രാമത്തിലൂടെ ഓടുന്ന ബസ്സിന്റെ പേര് പോലും വായിക്കാനറിയാത്ത, നിറം നോക്കി ദിശ നിർണ്ണയിക്കുന്ന നിരക്ഷരരെ ആദ്യം പഠിപ്പിച്ചാണ് ഗോപിനാഥിന്റെ തുടക്കം. കടലോര ജനതയേയും മലമുകളിലെ ആദിവാസികളേയും അക്ഷരം പഠിപ്പിക്കാൻ ഗോപിനാഥ് പട്ടിണിപോലും മറന്ന് ഓടി നടന്നു. ഒരു കൈയിൽ തുണിസഞ്ചിയും പുസ്തകങ്ങളുമേന്തി കൈരേഖപോലുള്ള ഗ്രാമീണ വഴികളിലൂടെ നഗ്നപാദനായി ഇയാൾ യൗവനത്തിന്റെ ഏറിയ പങ്കും വിനിയോഗിച്ചു. സാക്ഷരതാ പ്രവർത്തനത്തിനിടെ റേഷൻ കാർഡ് ലഭിക്കാത്തവർക്കും വില്ലേജ് ഓഫീസിൽ പോകാൻ മടിക്കുന്നർക്കും അർഹതയുണ്ടായിട്ടും പെൻഷൻ ലഭിക്കാത്തവർക്കും വേണ്ടി ഓഫീസുകളിൽ കയറിയിറങ്ങി. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് അത് നേടിയെടുത്ത് മാത്രമേ ഗോപിനാഥിന് ഉറങ്ങാനായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ അവർക്കെല്ലാം കാണപ്പെട്ട ദൈവമായിരുന്നു ഇയാൾ.

ആശുപത്രി കിടക്കയിൽ അന്ത്യനാൾ എണ്ണിക്കഴിയുമ്പോഴും ഗോപിനാഥ് പത്രങ്ങളെല്ലാം വായിച്ചു. മരണം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്റെ സുഹൃത്തുക്കളോടായി ഈ ആഗ്രഹം പറഞ്ഞു. എന്റെ മൃതദേഹം കാണാൻ പ്രമാണിമാർ ആരാണ് വരുന്നതെന്ന് ശ്രദ്ധിക്കേണ്ടതേയില്ല. എന്നാൽ ചെരിപ്പും മൊബൈൽ ഫോണും ഇല്ലാത്ത കുറേ ആളുകളെത്തും. അവർ തന്നെ അവസാനമായി കണ്ടുവോയെന്ന് നിങ്ങളുറപ്പിക്കണം. ഗോപിനാഥ് പറഞ്ഞതുപോലെ തന്നെ പൊതുദർശനത്തിന് വച്ച മൃതദേഹം കാണാൻ അറിയപ്പെടാത്ത ഒട്ടേറെപ്പേർ എത്തി. ആദിവാസികൾ, ഗ്രന്ഥശാലാ സംഘം പ്രവർത്തകർ, സർവ്വോദയ സംഘം പ്രവർത്തകർ, കാൻഫെഡ് പ്രവർത്തകർ എന്നിവരായിരുന്നു ഏറേയും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP