Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർബുദം കാർന്നുതിന്നുമ്പോളും കണ്ടത് പുതിയ സിനിമയുടെ സ്വപ്‌നങ്ങൾ; ജ്യോതി പ്രകാശ് വിടവാങ്ങുമ്പോൾ ഇല്ലാതാകുന്നത് മലപ്പുറത്തിന്റെ കലാ-സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം; ദേശീയ പുരസ്‌കാാരം നേടിയ 'ഇതിഹാസത്തിലെ ഖസാക്ക്' ഒരുക്കിയ ജ്യോതിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

അർബുദം കാർന്നുതിന്നുമ്പോളും കണ്ടത് പുതിയ സിനിമയുടെ സ്വപ്‌നങ്ങൾ; ജ്യോതി പ്രകാശ് വിടവാങ്ങുമ്പോൾ ഇല്ലാതാകുന്നത് മലപ്പുറത്തിന്റെ കലാ-സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം;  ദേശീയ പുരസ്‌കാാരം നേടിയ 'ഇതിഹാസത്തിലെ ഖസാക്ക്' ഒരുക്കിയ ജ്യോതിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കെ വി നിരഞ്ജൻ

കോഴിക്കോട്: ദേശീയ പുരസ്‌ക്കാരം നേടിയ 'ഇതിഹാസത്തിലെ ഖസാക്ക്' ഒരുക്കിയ ജ്യോതി പ്രകാശ് വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഇതിഹാസ സൃഷ്ടിയും ഓർമ്മകളിൽ മാത്രമായി ഒതുങ്ങുകയാണ്. ദേശീയ പുരസ്‌ക്കാരം ഉൾപ്പെടെ നേടിയെങ്കിലും ഇതിഹാസത്തിലെ ഖസാക്കിന്റെ കൂടുതൽ പ്രിന്റ് എടുത്തുവെക്കാൻ നിർമ്മാതാക്കൾക്ക് സാധിച്ചിരുന്നില്ല. സിനിമ പുതിയ ഫോർമാറ്റിലേക്ക് മാറ്റി കോപ്പികളെടുത്ത് സൂക്ഷിക്കാനും സാധിച്ചില്ല. ഇതോടെ ഒ വി വിജയൻ ഉൾപ്പെടെ രംഗത്തുവന്ന ഈ ഡോക്യുെമെന്ററി പുതിയ തലമുറയ്ക്ക് കാണുവാനും സാധിക്കില്ല.

ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറുകളിൽ മലപ്പുറത്തിന്റെ കലാ- സാംസ്‌കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന കലാകാരനെയാണ് ജ്യോതിപ്രകാശിന്റെ വേർപ്പാടിലൂടെ നഷ്ടമായത്. ഒ വി വിജയന്റെ ഇതിഹാസ കാവ്യമായ ഖസാക്കിന്റെ ഇതിഹാസം പശ്ചാത്തലമാക്കി ഒരുക്കിയ 'ഇതിഹാസത്തിലെ ഖസാക്ക്' ഒരുക്കാൻ വലിയ ത്യാഗമാണ് ജ്യോതി പ്രകാശ് ഉൾപ്പെടെയുള്ളവർ സഹിച്ചത്. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിക്ക് പലരും സംഭാവനയായും കടമായും നൽകിയ തുക കൊണ്ടായിരുന്നു ഇതിഹാസം ഒരുക്കാൻ ജ്യോതിപ്രകാശ് ഇറങ്ങിപ്പുറപ്പെട്ടത്. ഒഡേസ ഫിലിം സൊസൈറ്റിയുട മാതൃകയിൽ പലരിൽ നിന്നും സംഭാവന പിരിച്ചായിരുന്നു നിർമ്മാണത്തിനുള്ള തുക കണ്ടെത്തിയത്. ഒ വി വിജയനിൽ നിന്ന് അനുവാദവും വാങ്ങി. ക്യാമറ കൈകാര്യം ചെയ്യാൻ പ്രശസ്ത ഛായാഗ്രാഹകൻ വേണു സമ്മതിച്ചു.

ഡൽഹിയിൽ ചാണക്യപുരിയിലെ നീതി മാർഗിലുള്ള ഒ വി വിജയന്റെ വീട്ടിൽ വെച്ച് ആദ്യഭാഗം ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം. അതിനായി ജ്യോതിയും സുഹൃത്തുക്കളും ഡൽഹിയിലെത്തി. ഒ വി വിജയൻ നിർദ്ദേശിച്ചതനുസരിച്ച് സ്വിച്ച് ഓണിന് ക്ഷണിക്കേണ്ട വ്യക്തികളെയെല്ലാം നേരിൽ കണ്ടു. എ കെ ആന്റണിയും എൻ എസ് മാധവനും എം മുകുന്ദനും എല്ലാം തന്നെ സ്വിച്ച് ഓൺ പരിപാടിക്ക് അന്ന് ഡൽഹിയിൽ എത്തിയിരുന്നു.

ഷൂട്ടിങ് ആരംഭിച്ചപ്പോൾ ക്ഷീണിതനെങ്കിലും തന്റെ രംഗങ്ങളെല്ലാം ഭംഗിയാക്കാൻ ഒ വി വിജയൻ ഉത്സാഹിച്ചു. എട്ട് മാസങ്ങൾക്ക് ശേഷം നോവലിന്റെ പശ്ചാത്തല ഭൂമികയായ തസ്‌റാക്കിൽ വെച്ച് ചിത്രത്തിന്റെ അവസാന ഷെഡ്യൂളും പൂർത്തിയാക്കി. ഇവിടെ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ ശ്രദ്ധേയനായ സന്തോഷ് തുണ്ടിയിലായിരുന്നു. രമേശ് നാരായണനായിരുന്നു പശ്ചാത്തല സംഗീതം.

ഷൂട്ടിങ് കഴിഞ്ഞ് സിനിമ അവാർഡിന് സമർപ്പിക്കുമ്പോഴേക്കും നിർമ്മാതാക്കളായ രശ്മിയുടെ ഭാരവാഹികളെല്ലാം കടത്തിലായിരുന്നു. എന്നാൽ 1996 ൽ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ നോൺ ഫിക്ഷൻ വിഭാഗത്തിൽ ഇതിഹാസത്തിലെ ഖസാക്കിന് സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരം ലഭിച്ചു. 96 ആഗസ്റ്റിൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് രാജ് കുമാറിൽ നിന്ന് ജ്യോതി പ്രകാശ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. 97 ൽ തിരുവനന്തപുരത്ത് നടന്ന ഐ എഫ് എഫ് ഐയിലെ ഇന്ത്യൻ പനോരമയുടെ നോൺ ഫീച്ചർ സിനിമകളുടെ വിഭാഗത്തിലും ഇതിഹാസത്തിലെ ഖസാക്ക് പ്രദർശിപ്പിച്ചു.

അംഗീകാരങ്ങൾ നേടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ചിത്രത്തിന്റെ കൂടുതൽ പ്രിന്റ് എടുക്കാൻ പോലും നിർമ്മാതാക്കൾക്ക് സാധിച്ചില്ല. നടൻ ഗോപകുമാർ കേന്ദ്രകഥാപാത്രമായ ആത്മൻ, ചിത്രകാരനായ അത്തിപ്പറ്റ ശിവരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള എ എസ് വരകൾക്കുമപ്പുറം, സി എച്ച് മുഹമ്മദ് കോയയെ കുറിച്ചുള്ള സി എച്ച്- നവോത്ഥാനത്തിന്റെ ഹരിതാക്ഷരി എന്നീ ഡോക്യുമെന്ററികളും ജ്യോതിപ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്.

റവന്യു വകുപ്പിൽ നിന്നും വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. ഇതിനിടയിലാണ് അർബുദ ബാധിതനായ ജ്യോതി പ്രകാശ് യാത്രയാകുന്നത്. പരേതരായ കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻനായരുടേയും മലപ്പുറം മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ്. ഭാര്യ: കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് രയരോത്ത് ഗീത (അദ്ധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, നടക്കാവ്). മക്കൾ: ആദിത്യമേനോൻ, ചാന്ദ് പ്രകാശ്. സഹോദരങ്ങൾ: പ്രമോദ്, പ്രീത, പ്രദീപ് മേനോൻ, പ്രശാന്ത്.

ജ്യോതി പ്രകാശിന്റെ സംസ്‌കാരം പൊലീസ് ബഹുമതിയോടെ പേരാമ്പ്ര മുയിപ്പോത്തെ ഭാര്യ വീട്ടിൽ നടന്നു. സംസ്ഥാന സർക്കാറിന് വേണ്ടി ഡെപ്യൂട്ടി തഹസിൽദാർ പി പ്രേമലത റീത്ത് സമർപ്പിച്ചു. ചലച്ചിത്ര - ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ ജ്യോതി പ്രകാശിന്റെ നിര്യാണത്തിൽ മന്ത്രി ടി പി രാമകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി. ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി ചലച്ചിത്ര - ഹ്രസ്വ ചിത്ര രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ജ്യോതി പ്രകാശിന്റെ വേർപാട് സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP