Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഇത്ര വേഗം അച്ഛന്റെ അടുത്തേക്ക് എന്നെ വിട്ടിട്ട് പോയത് എന്തിനാണ് അമ്മേ': പൊട്ടിക്കരഞ്ഞ് 'ഉപ്പും മുളകും' താരം ജൂഹി രുസ്തഗി; അമ്മയോട് പിരിയാൻ വയ്യാതെ കെട്ടിപ്പിടിച്ച് കരയുന്ന 'ലച്ചു'വിനെ ആശ്വസിപ്പിക്കാൻ നിഷ സാരംഗും അൽസാബിത്തും; ചോറ്റാനിക്കര ശാന്തിതീരത്ത് ഭാഗ്യലക്ഷ്മിക്ക് അന്ത്യവിശ്രമം

'ഇത്ര വേഗം അച്ഛന്റെ അടുത്തേക്ക് എന്നെ വിട്ടിട്ട് പോയത് എന്തിനാണ് അമ്മേ': പൊട്ടിക്കരഞ്ഞ് 'ഉപ്പും മുളകും' താരം ജൂഹി രുസ്തഗി;  അമ്മയോട് പിരിയാൻ വയ്യാതെ കെട്ടിപ്പിടിച്ച് കരയുന്ന 'ലച്ചു'വിനെ ആശ്വസിപ്പിക്കാൻ നിഷ സാരംഗും അൽസാബിത്തും;  ചോറ്റാനിക്കര ശാന്തിതീരത്ത് ഭാഗ്യലക്ഷ്മിക്ക് അന്ത്യവിശ്രമം

ആർ പീയൂഷ്

കൊച്ചി: അമ്മേ.. എന്തിനാമ്മേ എന്നെ വിട്ടിട്ടു പോയത്. എന്റെ കാര്യം അമ്മയ്ക്കറിയാവുന്നതല്ലെ.. ഇത്ര വേഗം അച്ഛന്റെ അടുത്തേക്ക് പോയതെന്തിനാമ്മേ... ഇനി എനിക്കാരുണ്ടമ്മേ.. ഉപ്പും മുളകും താരം ജൂഹി രുസ്തഗി(ലച്ചു) കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട മാതാവ് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞത് കണ്ടു നിന്നവരുടെ കണ്ണു നിറയിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം കുടുംബവീടായ ചോറ്റാനിക്കര കുരീക്കാട് ഉദയാക്കവലയിലെ കൊച്ചുവീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് ജൂഹി അടക്കാനാവാത്ത ദുഃഖത്തിൽ പൊട്ടിക്കരഞ്ഞത്.

അമ്മയുടെ നിശ്ചലമായ ശരീരത്തിൽ ഏറെ നേരം കെട്ടിപിടിച്ചു കരഞ്ഞു. ബന്ധുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പലതും പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു. ഉപ്പും മുളകിലെ അഭിനേതാക്കളായ നിഷാ സാരംഗും അൽസാബിത്തും(കേശു) എത്തിയിരുന്നു. അന്ത്യ കർമ്മങ്ങൾ നടത്തിയ ശേഷം മൃതദേഹം ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു സംസ്‌ക്കാരം. നിരവധിപേർ ഭാഗ്യലക്ഷ്മിക്ക് അന്ത്യാഞ്ജലി അർപ്പിക്കുവാനായെത്തി.

കഴിഞ്ഞ ദിവസം കാക്കനാട്ടെ ഫ്ളാറ്റിൽ നിന്നും കുടുംബ വീട്ടിലേക്ക് മകനൊപ്പം വരവെയാണ് പകൽ 11.45ന് ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ എച്ച്.പി.സി.എല്ലിനു മുന്നിൽ വച്ച് ഇരുചക്രവാഹനത്തിനുപിന്നിൽ പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുന്നത്. തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭാഗ്യലക്ഷ്മി സ്ഥലത്തുവച്ച് തന്നെ മരിച്ചു. മകൻ ചിരാഗ് രുസ്തഗിക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു.

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും അമ്മയെ കുറിച്ച് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബിസിനസുകാരനായ രഘുവീർ ശരൺ റുസ്തഗി ആണ് ഭർത്താവ്. അദ്ദേഹം നേരത്തെ അന്തരിച്ചിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. എൻജിനീയറാണ് മകനായ ചിരാഗ്. ഭർത്താവിന്റെ മരണ ശേഷം മക്കളുടെ ഏക ആശ്രയമായിരുന്നു ഭാഗ്യലക്ഷ്മി.

അച്ഛന്റെ മരണശേഷം ജൂഹിക്കും സഹോദരൻ ചിരാഗിനും കരുത്തായത് അമ്മ ഭാഗ്യലക്ഷ്മിയായിരുന്നു. കുടുംബത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ജൂഹി മനസ്സ് തുറന്നിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി കേരളത്തോടുമുള്ള ഇഷ്ടം കൊണ്ട് മലയാളിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയെ ജീവിതസഖിയാക്കി അദ്ദേഹം ആഗ്രഹം സഫലമാക്കി. ജൂഹി ഒരു നടി ആകണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതു യാഥാർഥ്യമാകും മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും അമ്മ ഭാഗ്യലക്ഷ്മി മക്കൾക്ക് തണലൊരുക്കി കുടുംബം മുന്നോട്ട് നയിച്ചു. വളരെ യാദൃച്ഛികമായാണ് ജൂഹി അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ ജന്മദിനാഘോഷത്തിനായി പോയപ്പോൾ, സുഹൃത്തിന്റെ അച്ഛനെ പരിചയപ്പെട്ടു. അദ്ദേഹം പുതിയതായി സംവിധാനം ചെയ്യുന്ന ഉപ്പും മുളകും പരമ്പരയിൽ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP