Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടുകാരൻ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാനിറങ്ങി; ഒടുവിൽ ആത്മസുഹൃത്തിനൊപ്പം മരണത്തിലേക്ക്; എപ്പോഴും ഒരുമിച്ചു കണ്ടിട്ടുള്ള സുഹൃത്തുക്കളുടെ വേർപാട് ചേർത്തലക്കാർക്ക് നഷ്ടമാക്കിയത് യുവകവിയെയും സിനിമക്കാരനെയും

കൂട്ടുകാരൻ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാനിറങ്ങി; ഒടുവിൽ ആത്മസുഹൃത്തിനൊപ്പം മരണത്തിലേക്ക്; എപ്പോഴും ഒരുമിച്ചു കണ്ടിട്ടുള്ള സുഹൃത്തുക്കളുടെ വേർപാട് ചേർത്തലക്കാർക്ക് നഷ്ടമാക്കിയത് യുവകവിയെയും സിനിമക്കാരനെയും

ആലപ്പുഴ : ഈരാറ്റുപേട്ട മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങി മുങ്ങിമരിച്ച ചേർത്തല സ്വദേശികളായ യുവാക്കളുടെ വേർപാട് ഒരു നാടിന്റെ വേദനയായി. ചേർത്തല മണവേലി സ്വദേശികളായ റോജിൻ ജോബി(23)യും സുഹൃത്ത് ശ്യാം അശോകു (23)മാണ് ഇന്നലെ വെള്ളച്ചാട്ടത്തിനു സമീപം മുങ്ങിമരിച്ചത്.

തൃശൂർ ഗവ.എൻജിനിയറിങ് കോളജ് വിദ്യാർത്ഥിയായ ശ്യാമിന്റെ പരീക്ഷ കഴിഞ്ഞ സന്തോഷത്തിലാണ് ഇരുവരും സ്വദേശമായ ചേർത്തലയിൽനിന്നും ബൈക്കിൽ കോട്ടയത്തേക്ക് പോയത്. കൂടെ മറ്റൊരു ബൈക്കിൽ ചേർത്തല സെന്റ് മാർട്ടിൻ പള്ളിക്കു സമീപമുള്ള ഇവരുടെ സുഹൃത്തായ വിൻസെന്റുമുണ്ടായിരുന്നു. യാത്രയ്ക്കിടയിലാണ് കട്ടിക്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയത്.

ആത്മസുഹൃത്തായ ശ്യാം മുങ്ങിത്താഴുന്നതുകണ്ടാണ് റോജിൻ രക്ഷിക്കാൻ ശ്രമിച്ചത്. ഇതിനിടയിലാണ് റോജിനും അപകടത്തിൽപ്പെട്ടത്. മലയാളത്തിൽ രണ്ടു ഹ്രസ്വ ചിത്രങ്ങൾ പൂർത്തീകരിച്ചാണ് റോജിൻ കടന്നുപോയത്. അഭ്രപാളികളിലെ നല്ല സിനിമക്കാരനാകാൻ കൊതിച്ചു നടന്ന റോജിന് വിധി നൽകിയത് ദാരുണാന്ത്യം. പടവുകൾ താണ്ടി സിനിമയിലേക്ക് എത്തുകയെന്ന മഹാദൗത്യത്തിന്റെ ഭാഗമായി റോജിൻ കഥകളും കവിതകളും രചിച്ച് ശ്രദ്ധ നേടിവരികയായിരുന്നു.

യുവകവിയെന്ന നിലയിൽ റോജിൻ നാട്ടിൽ ആദരണീയനായിരുന്നു. വീട്ടിലെ സ്വീകരണ മുറിയിൽ റോജിനെ തേടിവന്ന അംഗീകാരങ്ങൾ ഒന്നൊന്നായി അടുക്കും ചിട്ടയോടെ സൂക്ഷിച്ചിരിക്കുന്നതിലേക്ക് നോക്കി മാതാപിതാക്കൾ വിങ്ങുമ്പോൾ ഇനിയൊരു അംഗീകാരം റോജിനെ തേടിയെത്തില്ലല്ലോയെന്നോർത്ത് നാട്ടുകാരും വിലപിക്കുന്നു.

തൃപ്പുണിത്തുറ ഗവ.കോളജിൽ എംഎ ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു റോജിൻ. ഇത്തവണ നടന്ന കേന്ദ്രസർവകലാശാലയുടെ പ്രവേശന പരീക്ഷയിൽ ഹൈദ്രബാദിൽ എം എ സാഹിത്യത്തിൽ പ്രവേശനം കിട്ടിയ റോജിൻ അവിടേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ചങ്ങനാശേരി എസ്ബി കോളജിൽ ബിരുദപഠനം പൂർത്തിയാക്കിയ റോജിൻ പഠനകാലത്ത് കോളജ് മാഗസിനുകളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയും കവിതയുമായി പാറിപ്പറന്നു നടന്ന വലിയൊരു കലാകാരനെയാണ് റോജിന്റെ മരണത്തോടെ മണവേലി ഗ്രാമത്തിന് നഷ്മായത്.

റോജിനും ശ്യാമും മുട്ടം സിഎൽസിയുടെ കേരള ക്വിസ് മത്സരങ്ങളിലും, സ്‌കൂൾ തലത്തിലും സിബിഎസ്ഇ തലത്തിലും നടന്ന മത്സരങ്ങളിലും അനേകം ട്രോഫികളും മെഡലുകളും ലഭിച്ചിട്ടുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇരുവർക്കും മുഴുവൻ വിഷയങ്ങൾക്കും എ വൺ ലഭിച്ചിരുന്നു. എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചാണ് സർക്കാർ കോളജിൽ ശ്യാമിന് പ്രവേശനം ലഭിച്ചത്.

ചേർത്തല വാരനാട് വർക്ക്ഷോപ്പ് നടത്തുകയാണ് പിതാവ് അശോകൻ. സഹോദരി ശിവമോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. റോജിന്റെ പിതാവ് ജോബി ഇലക്ട്രീഷ്യനാണ്. പ്ലസ്ടു വിദ്യാർത്ഥിയാണ് സഹോദരൻ ജോസുകുട്ടി. ആത്മ സുഹൃത്തുകളുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌ക്കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP