Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202220Thursday

നിറകണ്ണുകളോടെ സഹപാഠികൾ; വിതുമ്പി കരഞ്ഞ് വീട്ടുകാരും ബന്ധുക്കളും; ജന്മനാട്ടിൽ എത്തുമ്പോഴേക്കും വഴിനീളെ കാത്തുനിന്നത് ആയിരങ്ങൾ; പൈനാവ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച ധീരജിന് അന്ത്യാഞ്ജലി

നിറകണ്ണുകളോടെ സഹപാഠികൾ; വിതുമ്പി കരഞ്ഞ് വീട്ടുകാരും ബന്ധുക്കളും; ജന്മനാട്ടിൽ എത്തുമ്പോഴേക്കും വഴിനീളെ കാത്തുനിന്നത് ആയിരങ്ങൾ; പൈനാവ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച ധീരജിന് അന്ത്യാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജിൽ കുത്തേറ്റു മരിച്ച ധീരജിന് നാടിന്റെ അന്ത്യാഞ്ജലി. രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം തളിപ്പറമ്പ് തൃച്ചംബരത്തെ 'അദ്വൈത'ത്തിൽ എത്തിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരം നടത്തിയത്. തളിപ്പറമ്പിലെ ധീരജിന്റെ വീടിനോട് ചേർന്ന് സിപിഎം വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് സംസ്‌കാരം നടത്തിയത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ചൊവ്വാഴ്ച ഉച്ചയോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്.

രാത്രി 12.30ന് തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. ആയിരക്കണക്കിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും ഇവിടെ ധീരജിനെ അവസാനമായി കാണാൻ എത്തിയിരുന്നു. ഇതിന് ശേഷം അന്ത്യ കർമങ്ങൾ ചെയ്യുന്നതിനായി വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. ധീരജിന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചപ്പോൾ മാതാപിതാക്കളേയും സഹോദരനേയും ആശ്വസിപ്പിക്കാൻ കഴിയാതെ കണ്ടുനിന്നവർ ബുദ്ധിമുട്ടി.

ഇടുക്കിയിൽ നിന്ന് തളിപ്പറമ്പ് വരെ വഴിനീളെ ആയിരക്കണക്കിനാളുകളും പാർട്ടി പ്രവർത്തകരും കാത്തുനിന്നു. പൊതുദർശനം നിശ്ചയിച്ചിരുന്ന ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടം വിചാരിച്ചതിലും അതികമായി എത്തിയതോടെയാണ് അഞ്ച് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്‌കാരം രാത്രി വൈകാൻ കാരണം. വഴി നീളെ കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് ധീരജിന് അന്തിമോപചാരം അർപ്പിച്ചത്.രാത്രി എട്ടരയോടെ കോഴിക്കോട് നഗരത്തിലെ മലാപ്പറമ്പിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു പ്രമുഖ നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.

ഇടുക്കി മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെ 10 മണിയോടെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് സച്ചിൻദേവ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘടനാപതാക പുതപ്പിച്ച് ഏറ്റുവാങ്ങിയത്. പിന്നെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക്. ജില്ലാ സെക്രട്ടറി സി.വി വർഗീസും എം.എം മണി എംഎ‍ൽഎയുമടക്കമുള്ള നേതാക്കൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ പൊതുദർശനത്തിനുശേഷമാണ് കോളേജിലേക്കും തുടർന്ന് ജന്മനാട്ടിലേക്കും കൊണ്ടുപോയത്. മൃതദേഹം കടന്നുപോയ വഴികളിലെല്ലാം എസ്.എഫ്.ഐ പ്രവർത്തകർ ശുഭ്രപതാകയുമായി ഒരുനോക്കു കാണാൻ കാത്തു നിന്നു.ധീരാ ധീരാ ധീരജേ, ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ....'നിറകണ്ണുകളോടെ സഹപാഠികൾ വിളിച്ചു.

ക്രിസ്മസ് അവധിക്കാണ് ഇടുക്കിയിൽ നിന്ന് അവസാനമായി ധീരജ് വീട്ടിലെത്തി മടങ്ങിയത്. അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ധീരജ് ആറ് മാസത്തിനപ്പുറം പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്. മകന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കരഞ്ഞുതളർന്ന അവസ്ഥയിലായിരുന്നു അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്പകലയും ഒപ്പം സഹോദരൻ അദ്വൈദും. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വൈകുന്നേരം നാല് മണി മുതൽ തളിപ്പറമ്പിൽ ഹർത്താൽ ആചരിക്കുകയാണ്.

തിങ്കളാഴ്ചയാണ് ധീരജ് നെഞ്ചിൽ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി, ജെറിൻ ജോ എന്നിങ്ങനെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തത് അല്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തിലാണ് സംഭവമെന്നുമാണ് പൊലീസ് പറയുന്നത്. കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് താൻ കോളേജിൽ എത്തിയതെന്നാണ് ഒന്നാം പ്രതി നിഖിലിന്റെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP