Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

ബർലിന് ചുവപ്പൻ മടക്കയാത്ര; നാറാത്തെ വീട്ടുവളപ്പിൽ അന്ത്യാഭിവാദ്യങ്ങൾ നേർന്ന് നാടും നാട്ടാരും; ബർലിന്റെ അന്ത്യാഭിലാഷ പ്രകാരം ചിതാഭസ്മം ക്യൂബയിലേക്ക്

ബർലിന് ചുവപ്പൻ മടക്കയാത്ര; നാറാത്തെ വീട്ടുവളപ്പിൽ അന്ത്യാഭിവാദ്യങ്ങൾ നേർന്ന് നാടും നാട്ടാരും; ബർലിന്റെ അന്ത്യാഭിലാഷ പ്രകാരം ചിതാഭസ്മം ക്യൂബയിലേക്ക്

അനീഷ് കുമാർ

 വളപട്ടണം: ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ വളർച്ചയ്ക്കും തളർച്ചയ്ക്കും നിരവധി ചരിത്രസംഭവങ്ങൾക്കും ദൃക്സാക്ഷിയായ ചരിത്രപുരുഷൻ ബർലിൻ കുഞ്ഞനന്തൻനായർക്ക് ചുവപ്പൻ മുദ്രാവാക്യം വിളികളോടെ നാടിന്റെ യാത്രാമൊഴി. അന്താരാഷ്ട്ര മാധ്യമമായ ബ്ളിറ്റ്സിന്റെ റിപ്പോർട്ടറും കമ്യൂണിസ്റ്റ് സഹയാത്രികനും കമ്യൂണിസ്റ്റ് പാർട്ടി നിരോധന കാലത്ത് ഇന്ത്യയിൽ പാർട്ടി രഹസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖനുമായ ബെർലിൻ കുഞ്ഞനന്തൻ നായർക്ക് നാറാത്ത് ശ്രീദേവിപുരം വീട്ടുവളപ്പിലാണ് നാടും നാട്ടുകാരുംചുവപ്പൻ അഭിവാദ്യങ്ങളോടെ അന്ത്യയാത്ര നൽകിയത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് അനന്തരവൻ ഡോ. ഗംഗാധരൻ ചിതക്ക് തിരികൊളുത്തിയത്. ബെർലിന്റെ മകളായ ഉഷയും മരുമകനും ജർമ്മനിയിലെ വാസ്തു ശിൽപ്പിയായ വെർണറും മക്കളും ഈ മാസം പത്തൊൻപതോടെ വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷം മരണാനന്തര കർമ്മങ്ങൾ നടക്കും. തന്റെ ചിതാഭസ്മം ക്യൂബയിലൊഴുക്കണമെന്നാണ് ബർലിൻ കുഞ്ഞനന്തൻ നായരുടെ അന്ത്യാഭിലാഷം. ഇതു തന്റെ സഹചാരിയായ തമ്പാനെന്നയാളെ അറിയിച്ചിട്ടുണ്ട്. മകൾ വന്നതിനു ശേഷം ഇ ക്കാര്യം തീരുമാനിക്കുമെന്ന് തമ്പാൻ അറിയിച്ചു.

കണ്ണൂരിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കത്തിൽ അഭിനവ് ഭാരത് ബാലസംഘം സംസ്ഥാനസെക്രട്ടറിയായിരുന്ന ബർലിൻകുഞ്ഞനന്തൻനായർ ഇ.കെ നായനാരടൊപ്പമാണ് തന്റെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ബ്ളിറ്റിസിന്റെ ലേഖകനായി ജർമനിയിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതല വഹിച്ചു കൊണ്ടു ഡൽഹിയിലും പ്രവർത്തിച്ചു.

ആദ്യകാലകമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബർലിൻ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന കാലത്ത് ഇ. എം. എസിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തിൽ ബർലിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾസാധാരണക്കാർ ഉൾപ്പടെ നൂറുകണക്കിനാളുകൾ പ്രീയസഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ചു.

സി. പി. എം .ജില്ലാ സെക്രട്ടറി എം വിജയരാജന്റെ നേതൃത്വത്തിൽ ഭൗതിക ശരീരത്തിൽ ചെങ്കൊടി പുതപ്പിച്ചു. കെ.വി.സുമേഷ് എംഎ‍ൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ. സി.പി. എം കണ്ണൂർ ഏരിയാ സെക്രട്ടറി കെ.പി.സുധാകരൻ, കെ.പി. സഹദേവൻ, മുൻ എംഎൽഎടി.വി രാജേഷ്,അബ്ദുൽ കരീം ചേലേരി, എ പ്രദീപൻ, അഖിലേന്ത്യാഹജ്ജ്കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി, കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ, കെ. ചന്ദ്രൻ, ടി.കെ.ഗോവിന്ദൻ മാസ്റ്റർ, കെ. സന്തോഷ്. പി.വി. ഗോപിനാഥ്, പി.കെ. വിജയൻ, ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്, കെ.സി.മുഹമ്മദ് ഫൈസൽ, അഡ്വ. റഷീദ് കവ്വായി . ഹരിന്ദ്രൻ ,എം.കെ മുരളി ,കെ.ബാബുരാജ്, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് പ്രസിഡന്റ് ശിൽപ കെ.വി എസ് .എഫ് . ഐ. ജില്ലാ വൈഷ്ണവ് മഹേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP