Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ന് പുലർച്ചെയോടെ ആംബുലൻസ് എത്തിയപ്പോൾ കാത്തുനിന്നത് നൂറുകണക്കിന് നാട്ടുകാർ; മൃതദേഹം കണ്ടതും വാവിട്ടുകരഞ്ഞ് ഉമ്മയും സഹോദരനും ബന്ധുക്കളും; കണ്ണീരടക്കാൻ പാടുപെട്ട് പഴയ സഹപാഠികളും ഉറ്റബന്ധുക്കളും; ന്യൂസിലാന്റിൽ മതവെറിയന്റെ വെടിയേറ്റുവീണ് അന്ത്യനിദ്ര പൂകിയ പെൺകൊടിക്ക് നാടിന്റെ യാത്രാമൊഴി; പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുറങ്ങുന്ന ചേരമാൻ ജുമാ മസ്ജിദ് കബറിസ്ഥാനിൽ അൻസിക്ക് അന്ത്യനിദ്ര

ഇന്ന് പുലർച്ചെയോടെ ആംബുലൻസ് എത്തിയപ്പോൾ കാത്തുനിന്നത് നൂറുകണക്കിന് നാട്ടുകാർ; മൃതദേഹം കണ്ടതും വാവിട്ടുകരഞ്ഞ് ഉമ്മയും സഹോദരനും ബന്ധുക്കളും; കണ്ണീരടക്കാൻ പാടുപെട്ട് പഴയ സഹപാഠികളും ഉറ്റബന്ധുക്കളും; ന്യൂസിലാന്റിൽ മതവെറിയന്റെ വെടിയേറ്റുവീണ് അന്ത്യനിദ്ര പൂകിയ പെൺകൊടിക്ക് നാടിന്റെ യാത്രാമൊഴി; പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുറങ്ങുന്ന ചേരമാൻ ജുമാ മസ്ജിദ് കബറിസ്ഥാനിൽ അൻസിക്ക് അന്ത്യനിദ്ര

കെ എം അക്‌ബർ

തൃശൂർ: വംശീയ വെറിയുടെ രക്തസാക്ഷി അൻസിക്ക് നാടിന്റെ യാത്രാമൊഴി. ദിവസങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിൽ ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻസിയുടെ മൃതദേഹം ഇന്ന് പുലർച്ചെയോടെയാണ് നാട്ടിൽ എത്തിച്ചത്. വൻകരകൾക്കപ്പുറം ന്യൂസിലാന്റിലുണ്ടായ ദുരന്തത്തെകുറിച്ച് അറിഞ്ഞിട്ടും കഴിഞ്ഞിട്ടും ഉൾക്കൊള്ളാൻ കഴിയാതെ മരവിച്ചു നിന്ന നാട്ടിലേക്ക് പുലർച്ചേയാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് എത്തിയത്. മൃതദേഹം ഇന്ന് എത്തുമെന്ന് അറിഞ്ഞ് നേരം പുലരുംമുമ്പേതന്നെ നൂറുകണക്കിന് പേരാണ് അൻസിയെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. വിവരമറിഞ്ഞ് ദൂരെ നിന്നുപോലും നിരവധിപേർ എത്തി.

കണ്ണെത്താ ദൂരത്ത് നടന്ന ദുരന്തം തട്ടിയെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവളുടെ മുഖം അവസാനമായി ഒരു നോക്ക് കാണാനുള്ള ദിവസങ്ങൾ നീണ്ട കാത്തിരിപ്പിലായിരുന്നു അൻസിയുടെ കുടുംബവും ആ നാടും. പുലർച്ചെ കൊടുങ്ങല്ലൂർ ലോകമലേശ്വരത്തുള്ള നാസറിന്റെ വീട്ടിലും പിന്നീട് ടികെഎസ് പുരത്തെ സ്വന്തം വീട്ടിലും പൊതു ദർശനത്തിനു വെച്ച് അൻസിയുടെ മൃതദേഹം കാണാൻ നാടൊന്നാകെ എത്തുകയായിരുന്നു.

കളിച്ചുവളർന്ന വീട്ടിലേക്ക് പൊന്നോമനയുടെ മൃതദേഹം എത്തിയപ്പോൾ വാവിട്ടു കരയുകയായിരുന്നു ഉമ്മയും സഹോദരനും അടുത്ത ബന്ധുക്കളുമെല്ലാം. ദുരേനിന്നുപോലും പണ്ട് കൂടെ പഠിച്ച സഹപാഠികളും മറ്റുമെത്തി. പലരും വിതുമ്പിക്കരഞ്ഞു. തങ്ങളിലൊരാളായി ആഹ്‌ളാദത്തോടെ കഴിഞ്ഞ കൂട്ടൂകാരിക്ക് നേരിട്ട ദുരന്തം അറിഞ്ഞവർക്കെല്ലാം അവിശ്വസനീയമായിരുന്നു അൻസിയുടെ വേർപാട്. കൂട്ടുകാരികൾ പലരും ദുഃഖം താങ്ങാതെ പൊട്ടിക്കരഞ്ഞുപോയി അവളെ അവസാനമായി കണ്ടപ്പോൾ.

മേത്തല കമ്മ്യൂണിറ്റി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. വിദ്യാഭ്യാസ മന്ത്രി പ്രാഫ. സി രവീന്ദ്രനാഥ്, ഇന്നസെന്റ് എം പി, യു ഡി എഫ് കൺവീനറും ചാലക്കുടിയിലെ സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാൻ, എം എൽ എ മാരായ വി.ആർ സുനിൽ കുമാർ, ഇ.ടി ടൈസൺ, നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ആർഡിഒ കാർത്ത്യായനി ദേവി റീത്ത് സമർപ്പിച്ചു.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അൻസിയെ അവസാനമായി കാണാൻ എത്തിയിരുന്നു. അൻസി പഠിച്ച വിദ്യാലയങ്ങളിലെ അദ്ധ്യാപകരും, സഹപാഠികളും അന്ത്യാഞ്ജലിയർപ്പിച്ചു. എളന്തിക്കര ശാരദ വിദ്യാമന്ദിറിലെ കുരുന്നു വിദ്യാർത്ഥികളും അൻസിക്ക് അന്തിമോപചാരമർപ്പിച്ചു.

പിന്നീട് ചേരമാൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോയി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രൗഢിയും പാരമ്പര്യവും ഉള്ള പുരാതന മുസ്‌ളീം പ്രാർത്ഥനാലയത്തിൽ തന്നെയാണ് അൻസിക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഖലീൽ ബുഖാരി തങ്ങൾ മയ്യിത്ത് നിസ്‌ക്കാരത്തിനും, സയ്യിദ് മുനവ്വറലി തങ്ങൾ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ചേരമാൻ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദ് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി തങ്ങൾ, ഇമാംസൈഫുദ്ദീൻ അൽ ഖാസിമി, സെക്രട്ടറി എസ്.എ അബ്ദുൾ കയ്യും എന്നിവർ സംസാരിച്ചു.

മാർച്ച് 15ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് ടൗണിലെ അൽനൂർ ജുമാ മസ്ജിജിദിൽ ജുമാ നിസ്‌ക്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി കൊല്ലപ്പെട്ടത്. വെടിവെയ്്പ്പിനെ തുടർന്ന് റെഡ് ക്രോസ് പുറത്തിറക്കിയ കാണാതായതായവരുടെ ലിസ്റ്റിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും ന്യൂസിലാന്റിലെ ലിൻകോൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയുമായ അൻസിയുടെ പേരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ആക്രമണം നടന്ന വെള്ളിയാഴ്‌ച്ച ഇന്ത്യൻ സമയം ആറ് മണിയോടെ നാട്ടിലേക്ക് വന്ന അൻസിയുടെ ഭർത്താവ് നാസറിന്റെ ഫോൺ വിളിയിലായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. വെടിവെയ്‌പ്പിനിടയിൽ കാലിന് പരിക്കേറ്റ അൻസി ആശുപത്രിയിൽ ആണെന്നായിരുന്നു സന്ദേശം.

അന്നേദിവസം ഉച്ചവരെ മകൾക്ക് ഒന്നും പറ്റിയില്ലെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലും ആയിരുന്നു അൻസിയുടെ മാതാവും, സഹോദരനും, നാസറിന്റെ കുടുംബവും പിടിച്ചു നിന്നത്. എന്നാൽ വൈകുന്നേരമായതോടെ പ്രതീക്ഷ അസ്ഥാനത്തായി. അൻസിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എത്തിയതോടെ നാട് നടുങ്ങി, പിന്നെ തേങ്ങി. കൊടുങ്ങല്ലൂർ ടികെഎസ് പുരത്തുള്ള അൻസിയുടെ വീട്ടിലും, മാടവന തിരുവള്ളൂരിലുള്ള നാസറിന്റെ വീട്ടിലും ബന്ധുക്കളാലും നാട്ടുകാരാലും നിറഞ്ഞു.

ആശ്വാസവാക്കുകൾക്ക് മുന്നിൽ കണ്ണീരടക്കാൻ അൻസിയുടെ ബന്ധുക്കൾക്കായിരുന്നില്ല. പിന്നീട് അൻസിയെ അവസാനമായി ഒന്നു കാണാനുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ആദ്യം നാട്ടിലേക്ക് കൊണ്ടുവരാതെ ന്യൂസിലാൻഡിൽ തന്നെ സംസ്‌കരിക്കാമെന്ന് ന്യൂസിലാൻഡ് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. എന്നാലും മകളെ ഒരുനോക്കു കാണണമെന്ന് ഉമ്മയും മറ്റും പറഞ്ഞതോടെ സംസ്ഥാന സർക്കാർ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP