Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവാശ്രയത്തിൽ ഉറച്ചുനിന്നു സഭയെ നയിച്ച പോരാളി; വിശ്വാസസത്യത്തിൽ കാർക്കശ്യം പുലർത്തിയപ്പോഴും ളോഹ വേണ്ടെന്നു പറഞ്ഞ പുരോഗമനവാദി; ഇളംതലമുറയിലേക്കു പാരമ്പര്യം കൈമാറാൻ കലയെ സ്നേഹിച്ച സഹൃദയൻ; വിടവാങ്ങിയ കുന്നശേരി പിതാവിനെ സ്മരിക്കുമ്പോൾ

ദൈവാശ്രയത്തിൽ ഉറച്ചുനിന്നു സഭയെ നയിച്ച പോരാളി; വിശ്വാസസത്യത്തിൽ കാർക്കശ്യം പുലർത്തിയപ്പോഴും ളോഹ വേണ്ടെന്നു പറഞ്ഞ പുരോഗമനവാദി; ഇളംതലമുറയിലേക്കു പാരമ്പര്യം കൈമാറാൻ കലയെ സ്നേഹിച്ച സഹൃദയൻ; വിടവാങ്ങിയ കുന്നശേരി പിതാവിനെ സ്മരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആഴമായ വിശ്വാസത്തിലും ദൈവത്തെ ആശ്രയിച്ചുള്ള ജീവിതശൈലിയിലും ഉറച്ചുനിന്നുകൊണ്ടാണ് മാർ കുര്യാക്കോസ് കുന്നശേരി ക്‌നാനായ സമുദായത്തെ നയിച്ചത്. ക്‌നാനായ കത്തോലിക്കാ സമുദായത്തിനും സീറോ മലബാർ സഭയ്ക്കും നിസ്തുല സംഭാവനകൾ നല്കിയ മഹാആചാര്യനാണ് വിടവാങ്ങിയിരിക്കുന്നത്. വിശ്വാസ സത്യങ്ങളുടെ സംരക്ഷണത്തിൽ കാർക്കശ്യം പുലർത്തിയിരുന്നെങ്കിലും പല കാര്യങ്ങളിലും കുന്നശ്ശേരി പിതാവ് പുരോഗമനവാദിയും പ്രത്യുൽപ്പന്നമതിയുമായിരുന്നു. സ്വന്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടാകണം, കാലത്തിന്റെ കാലൊച്ചകൾ കേട്ടുകൊണ്ട് പല തീരുമാനങ്ങളും എടുക്കാൻ പിതാവിന് കഴിഞ്ഞത്. വൈദികരുടെ ഔദ്യോഗിക വസ്ത്രമായ ളോഹ ധരിക്കുന്നതിനെക്കുറിച്ച് അദ്ദേഹമെടുത്ത നിലപാട് ഇതിനു ഉത്തമോദാഹരണമാണ്.

യാത്രാവേളകളിൽ സൗകര്യത്തെപ്രതി ളോഹ ധരിക്കുന്നത് നിർബന്ധമല്ലെന്ന് ഔദ്യോഗിക കല്പന പുറപ്പെടുവിച്ച സീറോ മലബാർ സഭയിലെ ആദ്യത്തെ മെത്രാൻ കുന്നശ്ശേരി പിതാവായിരുന്നു. ഡീക്കൻ മിനിസ്ട്രിയെക്കുറിച്ചും വിശുദ്ധ കുർബാന കൈയിൽ സ്വീകരിക്കുന്നതിനെക്കുറിച്ചുമെല്ലാം പിതാവെടുത്ത തീരുമാനങ്ങൾ നിലവിലിരുന്ന രീതികൾക്കനുസരിച്ചായിരുന്നില്ല. ക്‌നാനായ സമുദായത്തിന്റെ സൂര്യ തേജസായിരുന്ന മാർ കുര്യാക്കോസ് കുന്നശേരി പിതാവ് ഇന്നു വൈകിട്ട് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വൈകിട്ട് 4.45നാണ് അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു ക്‌നാനായ സമുദായക്കാർ മഹാആചാര്യനായി പരിഗണിച്ചിരുന്ന അഭിഷിക്തന്റെ അന്ത്യം.

കടുത്തുരുത്തിയിലെ പുരാതന കുടുംബമായ കുന്നശ്ശേരിൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി 1928 സെപ്റ്റംബർ 11 നാണു പിതാവിന്റെ ജനനം. കോട്ടയം ഇടയ്ക്കാട്ടു സ്‌കൂളിലും സി.എൻ.ഐ. സ്‌കൂളിലും കടുത്തുരുത്തി സെന്റ് മൈക്കിൾസ് മിഡിൽ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരുഹൃദയക്കുന്ന് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ പഠനവും പൂർത്തിയാക്കിയശേഷം തിരുഹൃദയക്കുന്നിലുള്ള മൈനർ സെമിനാരിയിൽ ചേർന്നു വൈദികപഠനം ആരംഭിച്ചു. തുടർന്നു ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂർത്തിയാക്കി.

1955 ഡിസംബർ 21-ാം തീയതി കർദിനാൾ ക്‌ളമന്റ് മിക്കാറിയിൽ നിന്നും വൈദികപട്ടം സ്വീകരിക്കുകയും പിറ്റെദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലുള്ള വി. പത്താംപീയൂസിന്റെ അൾത്താരയിൽ പ്രഥമദിവ്യബലി അർപ്പിക്കുകയും ചെയ്തു. റോമിലെ ഊർബൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റും (ജെ.യു.ഡി) കരസ്ഥമാക്കി നാട്ടിൽ തിരിച്ചത്തെിയ ഫാ. കുന്നശ്ശേരി തറയിൽ പിതാവിന്റെ സെക്രട്ടറിയും രൂപതയുടെ ചാൻസലറുമായി നിയമിതനായി. രണ്ടു വർഷത്തിനുശേഷം അമേരിക്കയിലെ ബോസ്റ്റൺ കോളജിൽനിന്നും രാഷ്ട്രമീമാംസയിൽ മാസ്റ്റർ ബിരുദം നേടി. ബി.സി.എം. കോളജിൽ അദ്ധ്യാപകനായി നിയമിതനായ കുന്നശ്ശേരിലച്ചൻ അപ്നാദേശ് ദ്വൈവാരികയുടെ പത്രാധിപർ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാപൈ്‌ളൻ എന്നീ നിലകളിലും സേവനം ചെയ്തു. പിന്നീട് അദ്ദേഹം തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയുടെ റെക്ടറായി. ഈ ജോലി നിർവഹിച്ചുവരവെയാണ് 1967 ഡിസംബർ 9-ാം തീയതി പോൾ ആറാമൻ മാർപാപ്പ ഇദ്ദേഹത്തെ കേഫായുടെ സ്ഥാനിക മെത്രാനായും കോട്ടയം രൂപതയുടെ പിന്തുടർച്ചാവകാശത്തോടുകൂടിയ സഹായമെത്രാനായും നിയമിച്ചത്.

പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്ട് കാർഡിനൽ മാക്‌സ്മില്യൻ ഫുസ്റ്റൻബർഗിന്റെ പ്രധാന കാർമ്മികത്വത്തിൽ 1968 ഫെബ്രുവരി 24-ാം തീയതി തിരുഹൃദയക്കുന്ന് സ്‌കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു മെത്രാഭിഷേകം. 1974 മെയ് അഞ്ചാം തീയതി തോമസ് തറയിൽ തിരുമേനി രൂപതാഭരണത്തിൽ നിന്നും വിരമിച്ചതിനത്തെുടർന്ന് മാർ കുന്നശ്ശേരി രൂപതാ ഭരണം ഏറ്റെടുത്തു. ഏതാണ്ട് നാലുപതിറ്റാണ്ടു നീണ്ടുനിന്ന കുന്നശ്ശേരി തിരുമേനിയുടെ മേല്പട്ട ശുശ്രൂഷ കോട്ടയം അതിരൂപതയെ അസൂയാവഹമായ വളർച്ചയിലേക്കു നയിച്ചു. പിതാവിന്റെ പ്രവൃത്തിപഥങ്ങൾ വിലയിരുത്തുമ്പോൾ മഹിതമായ ആ വ്യക്തിത്വത്തിന്റെ സവിശേഷതകൾ കണ്ടെത്താൻ കഴിയും. കോട്ടയം രൂപതയുടെ പ്രത്യേകതകൾ വസ്തുനിഷ്ഠമായി അപഗ്രഥിച്ചു ദിശാബോധത്തോടെ രൂപതയെ നയിച്ചു എന്നതാണു കുന്നശ്ശേരി പിതാവിന്റെ പ്രത്യേകത.

തെക്കുംഭാഗർക്കു മാത്രമായി സ്ഥാപിതമായ കോട്ടയം രൂപതയുടെ വളർച്ചയ്ക്കു കൂടുതൽ ഇടവക സമൂഹങ്ങൾ വേണമെന്ന തിരിച്ചറിവിലാണ് കുന്നശേരി പിതാവ് മലബാറിലും ഹെറേഞ്ചിലും ക്‌നാനായ ഇടവകകൾ സ്ഥാപിക്കുന്നത്. മലബാറിലെയും ഹൈറേഞ്ചിലെയും ക്‌നാനായ ഇടവകകളിൽ പകുതിയിലധികവും പിതാവിന്റെ കാലത്താണ് ആരംഭിച്ചത്. മലബാർ മേഖലയ്ക്കു മാത്രമായി സഹായമെത്രാനെ നിയമിക്കുന്നതിനും മുൻകൈയെടുത്തു. സംഘടിത കുടിയേറ്റത്തിന്റെ ഭാഗമായല്ലാതെ മലബാറിന്റെ മറ്റു ഭാഗങ്ങളിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയ സമുദായാംഗങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും സമുദായ ഗാത്രത്തിൽ നിലനിർത്തുകയും ചെയ്യുന്നതിൽ കുന്നശേരി പിതാവ് വഹിച്ച പങ്ക് അവിസ്മരണീയമാണ്. അന്യ സമുദായങ്ങളിൽ ലയിച്ചുചേർന്നു സമുദായത്തിൽ നിന്നും മാറിപ്പോകാൻ സാധ്യതയുണ്ടായിരുന്ന അനേക കുടുംബങ്ങളെ സ്വസമുദായത്തിൽ ഉറപ്പിച്ചു നിർത്താൻ കഴിഞ്ഞതിൽ ഈ ഇടയനു എന്നും അഭിമാനിക്കാം.

ഇടവകകൾ വർധിച്ചതോടെ സമുദായത്തിന്റെ കെട്ടുറപ്പും ശക്തിയും വർദ്ധിച്ചു. കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററും അവിടെ ഒരു സഹായമെത്രാനും ഇന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ കുന്നശ്ശേരി പിതാവിന്റെ ദൂരക്കാഴ്ചയുമുണ്ട്. ഭാരതത്തിനു പുറത്തുള്ള സമുദായാംഗങ്ങളെ രൂപതയുടെ ചാലകശക്തിയായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഷിക്കാഗോയിലേക്കു ഒരു വൈദികനെ അയച്ചതിലൂടെയാണ് ഡയസ്‌പോറ എന്ന ഒരു ശുശ്രൂഷാ മേഖല രൂപം കൊണ്ടതെന്ന ചരിത്രസത്യവും ആർക്കും അവഗണിക്കാനാവില്ല. വിശ്വാസത്തിന്റെ അഗ്‌നിച്ചിറകുകളും സമുദായ സ്‌നേഹത്തിന്റെ പെലിക്കൻ ഹൃദയവും പിതാവിന്റെ വ്യക്തിത്വത്തിൽ ശരിയായ അനുപാതത്തിൽ ലയിച്ചിരുന്നു. സഭാംഗത്വം നഷ്ടപ്പെടുത്തി സമുദായാംഗത്വം നിലനിർത്തുന്നത് ബുദ്ധിശൂന്യമാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. ക്‌നാനായ സമുദായത്തിന്റെ സജീവമായ പൈതൃകവും പാരമ്പര്യവും സഭാവിശ്വാസത്തിലും സഭാ സ്‌നേഹത്തിലും വളരുവാൻ സഹായിക്കണം എന്നതായിരുന്നു പിതാവിന്റെ ഉറച്ച കാഴ്ചപ്പാട്. ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും ഇളംതലമുറയ്ക്കു കൈമോശം വരാതിരിക്കാനായി ഹാദൂസ സ്ഥാപിക്കുകയും മാർഗം കളിക്കും പുരാതനപ്പാട്ടുകൾക്കും ജനഹൃദയങ്ങളിൽ ശാശ്വതപ്രതിഷ്ഠ നിലനിർത്തുകയും ചെയ്തു.

1970 കളിൽ ഇന്നുള്ള ശക്തമായ ക്‌നാനായതരംഗം ഉണ്ടായിരുന്നില്ല. ക്‌നാനായക്കാരെന്നു അഭിമാനത്തോടെ പറയാൻ പലരും മടിച്ചിരുന്നു. യുവജനങ്ങളിൽ സമുദായത്തോടു ഇന്നുള്ള ആവേശമുണ്ടായിരുന്നില്ലെന്നു മാത്രമല്ല നിസ്സംഗതയും ഉണ്ടായിരുന്നു. എന്നാൽ, മാർഗംകളി കലോത്സവങ്ങളിൽ ഉൾക്കൊള്ളിക്കുകയും 'തൊമ്മൻ കീനാൻ' നാടകത്തിനു രൂപം നല്കുകയും യുവജനസംഘടനകളും കൂടാരയോഗങ്ങളും പുരാതനപ്പാട്ടുകൾക്കു പ്രചാരം നല്കുകയും ചെയ്തതോടെ പുതിയ ഒരുണർവ്വു സമുദായാംഗങ്ങളിൽ ഉണ്ടായി. രൂപതയുടെ പ്‌ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമുദായ ബോധവല്ക്കരണ ക്‌ളാസ്സുകൾ ഒരു സൈദ്ധാന്തികാടിത്തറ സമുദായാംഗങ്ങൾക്കു നല്കുകയും ചെയ്തു. സമുദായത്തിന്റെ വേരുകൾ തേടി ഇറാക്കിലേക്കു നടത്തിയ പഠനയാത്രയും ഒരു അസാധാരണ ചരിത്രസംഭവമായിരുന്നു.

ആചാരങ്ങളെ അനാചാരങ്ങളാക്കി മാറ്റാൻ പിതാവു ഒരിക്കലും അനുവദിച്ചിരുന്നില്ല. അർത്ഥം നഷ്ടപ്പെട്ട ചില പാരമ്പര്യങ്ങൾ ഉപേക്ഷിക്കുവാനും ചൈതന്യം നഷ്ടപ്പെട്ടവയെ സംസ്‌കരിച്ചെടുക്കാനും എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ആചാരങ്ങൾക്കും ഏകീഭാവം വരുത്തുവാനും പിതാവു ദത്തശ്രദ്ധനായിരുന്നു. മെത്രാൻ വിശ്വാസ സത്യങ്ങളുടെ സംരക്ഷകനും പ്രബോധകനുമാണെന്നുള്ള കുന്നശ്ശേരിൽ പിതാവിന്റെ ബോദ്ധ്യം തീക്ഷ്ണമായിരുന്നു. ഇടയലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സഭയോടൊത്തു ചിന്തിക്കുവാനും നിത്യസത്യങ്ങൾ പാലിക്കുവാനും പിതാവ് നിരന്തരം നിർദ്ദേശിച്ചിരുന്നു. പൗരസ്ത്യാരാധനക്രമങ്ങളുടെ സംരക്ഷണകാര്യത്തിൽ ഉറച്ച നിലപാടുകളാണ് പിതാവ് സ്വീകരിച്ചിരുന്നത്. സുറിയാനി ഭാഷ പ്രചരിക്കുവാൻ പിതാവ് മുൻപോട്ടു ഇറങ്ങിയതിനുശേഷമാണ് പലരും ഇതിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിഞ്ഞത്.

വിശ്വാസ സത്യങ്ങളുടെ സംരക്ഷണത്തിൽ കാർക്കശ്യം പുലർത്തിയിരുന്നെങ്കിലും പല കാര്യങ്ങളിലും കുന്നശ്ശേരി പിതാവ് പുരോഗമനവാദിയും പ്രത്യുൽപ്പന്നമതിയുമായിരുന്നു. സ്വന്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടാകണം, കാലത്തിന്റെ കാലൊച്ചകൾ കേട്ടുകൊണ്ട് പല തീരുമാനങ്ങളും എടുക്കാൻ പിതാവിന് കഴിഞ്ഞത്. വൈദികരുടെ ഔദ്യോഗിക വസ്ത്രമായ ളോഹ ധരിക്കുന്നതിനെക്കുറിച്ച് അദ്ദേഹമെടുത്ത നിലപാട് ഇതിനു ഉത്തമോദാഹരണമാണ്. യാത്രാവേളകളിൽ സൗകര്യത്തെപ്രതി ളോഹ ധരിക്കുന്നത് നിർബന്ധമല്‌ളെന്ന് ഔദ്യോഗിക കല്പന പുറപ്പെടുവിച്ച സീറോ മലബാർ സഭയിലെ ആദ്യത്തെ മെത്രാൻ കുന്നശ്ശേരി പിതാവായിരുന്നു. ഡീക്കൻ മിനിസ്ട്രിയെക്കുറിച്ചും വിശുദ്ധ കുർബാന കൈയിൽ സ്വീകരിക്കുന്നതിനെക്കുറിച്ചുമെല്ലാം പിതാവെടുത്ത തീരുമാനങ്ങൾ നിലവിലിരുന്ന രീതികൾക്കനുസരിച്ചായിരുന്നില്ല.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട സഭാത്മകദർശനം അതിന്റെ എല്ലാ അർത്ഥത്തിലും പിതാവ് ഉൾക്കൊണ്ടിരുന്നു. അല്മായർക്കു സഭയുടെ എല്ലാ തലങ്ങളിലും പിതാവ് അർഹമായ സ്ഥാനം നല്കിയിരുന്നു. രൂപതയുടെ സാമ്പത്തിക ഭരണസമിതി ഉൾപ്പെടെ എല്ലാകാര്യങ്ങളിലും അല്മായരുടെ പ്രാതിനിധ്യം പിതാവ് ഉറപ്പിച്ചിരുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. മാർ കുര്യാക്കോസ് കുന്നശ്ശേരി രൂപതാഭരണത്തിലൂടെ ക്‌നാനായസമുദായത്തിനു കൈമാറുന്ന പിതൃസ്വത്ത് എന്താണെന്ന ചോദ്യത്തിനു വ്യത്യസ്തങ്ങളായ ഉത്തരങ്ങൾ ഉണ്ടാകാം. ഒരുത്തരം മുകളിൽ സൂചിപ്പിച്ചുകഴിഞ്ഞു. കൂടുവിട്ടുപോയ കുഞ്ഞുങ്ങളെ ഒരു കുടക്കീഴിലാക്കുവാനും രൂപതാംഗങ്ങളിൽ ആഴമേറിയ സമുദായബോധവും സഭാസ്‌നേഹവും വളർത്തുവാനും കഴിഞ്ഞുവെന്നത്. മറ്റൊരു കാഴ്ചപ്പാടിലൂടെ നോക്കിയാൽ, പിതാവു ആരംഭിച്ച സ്ഥാപനങ്ങൾ പ്രാദേശികസഭയാകുന്ന ഈ വധുവിനെ സർവ്വാഭരണവിഭൂഷിതയായി അണിയിച്ചൊരുക്കിയെന്നത് കാലാതിവർത്തിയായി നിലനില്ക്കുന്ന ചരിത്രസത്യമായിരിക്കും.

തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അതിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് നവീകരിക്കുവാനും വളർത്തുവാനും പിതാവ് ശ്രദ്ധിച്ചിരുന്നു. ഒപ്പം രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുവാൻ പിതാവ് ആരംഭിച്ച ചൈതന്യ പാസ്റ്ററൽ സെന്ററും ആത്മീയ നവീകരണത്തിനായി തുടങ്ങിയ തൂവാനീസ പ്രാർത്ഥനാലയവും കേരളത്തിൽത്തന്നെ ആദ്യമായി ആരംഭിച്ച സംരംഭങ്ങളായിരുന്നു. തലയുയർത്തി നിൽക്കുന്ന കാരിത്താസ് ആശുപത്രി പിതാവിന്റെ ഭരണനേട്ടങ്ങളിലെ പൊൻതൂവലാണ്. രാജപുരം സെന്റ് പയസ് ടെൻത് കോളജ്, മടമ്പം പി.കെ.എം. കോളജും ശ്രീപുരം സ്‌കൂളും മറ്റ് അൺഎയ്ഡഡ് സ്‌കൂളുകളും എയ്ഡഡ് മേഖലകളിലാരംഭിച്ച വിവിധ ഹയർ സെക്കണ്ടറി സ്‌കൂളുകളും കാരിത്താസ് നഴ്‌സിങ് കോളജുൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പിതാവിന്റെ ഉന്നത ദർശനത്തിന്റെ അടയാളങ്ങളാണ്. വികലാംഗരെയും ബുദ്ധിമാന്ദ്യം ഉള്ളവരെയും സംരക്ഷിക്കുന്നതിനായി തുടങ്ങിയ സ്ഥാപനങ്ങളും ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടലും അനാഥത്വവുമായി കഴിയുന്നവർക്കായി ആരംഭിച്ച വയോധികമന്ദിരങ്ങളും ദൈവവിളി വർധിപ്പിക്കുവാനും മിഷനറി പ്രവർത്തനങ്ങൾ ഉണർവുള്ളതാക്കുവാനുമായി തുടങ്ങിയ വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയും വല്ലംബ്രോസിയൻ ബനഡിക്‌റ്റൈൻ സഭയും വി. ജോൺ ഗ്വിൽബർട്ടിന്റെ കുഞ്ഞുമക്കളുടെ സമൂഹവുമെല്ലാം കുന്നശ്ശേരി തിരുമേനിയുടെ ക്രാന്തദർശിത്വത്തിന്റെ മകുടോദാഹരണമാണ്. മികച്ച ഭരണാധികാരിയെന്ന നിലയിൽ പിതാവിന്റെ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ആരെയും അത്ഭുതപ്പെടുത്തും.

ഏതു പ്രസ്ഥാനം ആരംഭിച്ചപ്പോഴും അനേകവർഷം മുമ്പിൽ കാണുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പല സന്ദർഭങ്ങളിലും വിമർശനങ്ങളും എതിർപ്പുകളും ഉണ്ടായി. പക്ഷേ, നിരാശ നിഴൽ വീഴ്‌ത്താത്ത മനസ്സുമായി അദ്ദേഹം നടന്നുനീങ്ങി. അതിനാൽത്തന്നെ അനേക പ്രസ്ഥാനങ്ങൾക്കു അഗ്രഗാമിയായി വർത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാം തികഞ്ഞ അജപാലകനായിരുന്നു കുന്നശ്ശേരിൽ പിതാവ്. ആടുകളുടെ സ്വരം തിരിച്ചറിയുന്ന നല്ല ഇടയൻ. പിതാവിന്റെ ഓർമശക്തി അപാരമായിരുന്നു. കോട്ടയം രൂപതയിലുള്ള ഒരാളെ എവിടെവച്ചു കണ്ടാലും അയാളുടെ കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും പിതാവിനു പറയാനുണ്ടാകും. രൂപതയിലെ ഏതാണ്ടു എണ്ണായിരത്തോളം വീടുകൾ പിതാവു കയറിയിറങ്ങി. കേരളസഭ മുഴുവൻ ശ്രദ്ധിച്ച സംഭവമായിരുന്നു അത്. ആർദ്രത നിറഞ്ഞ ആ പിതൃഹൃദയത്തിന്റെ അലിവു കൂടിയുണ്ടായിരുന്നു അത്.

ദിവംഗതനായ പടിയറപ്പിതാവു രൂപതയോടുള്ള മാതൃസഹജമായ സ്‌നേഹം (maternal at¤itude towards the diocese) എന്നാണു ഈ മനോഭാവത്തെ വിശേഷിപ്പിച്ചത്. രൂപതയിലുള്ള ആളുകൾക്കു എന്തു ചെയ്യുവാൻ കഴിയും എന്ന ചിന്ത കുന്നശ്ശേരിപ്പിതാവിനെ എപ്പോഴും സ്വാധീനിച്ചിരുന്നു. ആര് എന്താവശ്യവുമായി വന്നാലും സാദ്ധ്യമായ വിധത്തിലെല്ലാം സഹായിക്കുവാനുള്ള മനസ്സിന്റെ വിശാലത പിതാവിനുണ്ട്. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ പിതാവിനെ പ്രേരിപ്പിച്ചതു ഈ കാരുണ്യമാണ്. ഒരു നയതന്ത്രജ്ഞനെന്ന നിലയിൽ കുന്നശ്ശേരിപ്പിതാവിനുള്ള കഴിവ് എല്ലാവരും തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. സീറോമലബാർ സഭയിൽ പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം ഒരു മദ്ധ്യവർത്തിയായി നിന്നുകൊണ്ട് ഉചിതമായ തീരുമാനങ്ങിലത്തൊൻ ഔദ്യോഗികമായും അനൗദ്യോഗികമായും കുന്നശ്ശേരിപിതാവ് വഹിച്ച പങ്ക് അതുമായി ബന്ധപ്പെട്ടിട്ടുള്ളവർ ഒരിക്കലും മറക്കുകയില്ല. ബിഷപ്പുമാരുടെ ഇടയിലെ പാലംപണിക്കാരൻ എന്നാണ് പടിയറപ്പിതാവ് കുന്നശ്ശേരി പിതാവിനെ വിശേഷിപ്പിച്ചത്.

പൗരസ്ത്യാരാധന ക്രമത്തെക്കുറിച്ചു ചേരിതിരിവുണ്ടായപ്പോൾ ഒരു ഗ്രൂപ്പിനാലും അമിതമായി സ്വാധീനിക്കപ്പെടാതെ സന്തുലിതമായ നിലപാടുകളാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്. പിതാവിന്റെ നിർദ്ദേശങ്ങളും വിലയിരുത്തലുകളും സത്യസന്ധമായ റിപ്പോർട്ട് തയ്യാറാക്കുവാൻ പൊന്തിഫിക്കൽ കമ്മീഷനെപ്പോലും സഹായിച്ചിട്ടുണ്ടെന്നുള്ളത് അധികം പേർക്കും അറിയാത്ത വസ്തുതയാണ്. സഭാതലത്തിൽ അനേകം ഉയർന്ന പദവികൾ പിതാവു വഹിച്ചിട്ടുണ്ട്. എസ്.എം.ബി.സി. വൈസ് പ്രസിഡന്റ്, സെക്രട്ടറി, ലിറ്റർജിക്കൽ കമ്മിറ്റിയംഗം, കെ.സി.ബി.സി.എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ, ആലുവ പൊന്തിഫിക്കൽ സെമിനാരിയുടെയും വടവാതൂർ സെമിനാരിയുടെയും ബിഷപ്‌സ് കമ്മീഷൻ ചെയർമാൻ, സി.ബി.സിഐ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ, റോമിൽ നടന്ന അല്മായരെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിൽ സി.ബി.സിഐയുടെ പ്രതിനിധി, പൗരസ്ത്യ കാനൻ നിയമപരിഷ്‌കരണത്തിന്റെ പൊന്തിഫിക്കൽ കമ്മീഷനംഗം, നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ട്രസ്റ്റി, ബാംഗ്‌ളൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജിന്റെ ഡയറക്ടർ ബോർഡംഗം, ഓർത്തഡോക്‌സ്- യാക്കോബായ സഭകളുമായി അനുരഞ്ജന ചർച്ചകൾക്കായി റോമിൽനിന്നും നിയമിതമായ കമ്മിറ്റിയംഗം, സീറോമലബാർ സഭയുടെ പ്രഥമ സ്ഥിരംസിനഡ് അംഗം, ഇങ്ങനെ നിരവധിയാണ് കുന്നശ്ശേരിപ്പിതാവിനു ലഭിച്ച അംഗീകാരങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP