Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാടപ്രാവിന്റെ മനസുള്ള അവളെ കാക്കണേയെന്ന പിതാവിന്റെ പ്രാർത്ഥനയ്‌ക്കൊപ്പം നിന്ന കേരളത്തെ കണ്ണീരിലാഴ്‌ത്തി ആ പെൺകുട്ടി വിടവാങ്ങി; തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത് തിരുവല്ല സ്വദേശിനി കവിത വിജയകുമാർ; 60 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി മരണത്തിലേക്ക് വഴുതിവീണത് എട്ടുദിവസം തീതിന്ന ശേഷം; കവിതയെ തിരുവല്ല ജംഗ്ഷനിൽ വച്ച് യുവാവ് തീകൊളുത്തിയത് പ്രണയപ്പക തീർക്കാൻ

മാടപ്രാവിന്റെ മനസുള്ള അവളെ കാക്കണേയെന്ന പിതാവിന്റെ പ്രാർത്ഥനയ്‌ക്കൊപ്പം നിന്ന കേരളത്തെ കണ്ണീരിലാഴ്‌ത്തി ആ പെൺകുട്ടി വിടവാങ്ങി; തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത് തിരുവല്ല സ്വദേശിനി കവിത വിജയകുമാർ; 60 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി മരണത്തിലേക്ക് വഴുതിവീണത് എട്ടുദിവസം തീതിന്ന ശേഷം; കവിതയെ തിരുവല്ല ജംഗ്ഷനിൽ വച്ച് യുവാവ് തീകൊളുത്തിയത് പ്രണയപ്പക തീർക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശി കവിത വിജയകുമാറാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി എറണാകുളം മെഡിക്കൽ സെന്ററിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. വെന്റിലേറേററിൽ കഴിഞ്ഞിരുന്ന പെൺകുട്ടി ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് മരണമടഞ്ഞത്. 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇന്ന് ഉച്ചയോടെ പെൺകുട്ടിയുടെ രക്ത സമ്മർദം ഉയരുകയും ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുകയും ചെയ്തതതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.നെഞ്ചിൽ ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണു മരണത്തിനു കാരണമായത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. പൊലീസ് എത്തി നാളെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും

പതിനെട്ട് വയസ്സുള്ള യുവാവാണ് പട്ടാപ്പകൽ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിഎസ്സി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ അജിനോട് പെൺകുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.

മാർച്ച് 12ന് ചിലങ്ക ജംഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്‌ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കൃത്യമായ ചികിത്സ കൊണ്ട് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുകയായിരുന്നു കേരളം ഒന്നാകെ. ഇതിനിടെ ദരിദ്ര കുടുംബത്തിലെ അംഗമായ പെൺകുട്ടിക്ക് ചികിത്സക്കായി പണം കണ്ടെത്താൻ മറുനാടൻ മലയാളിയുടെ നേതൃത്വത്തിൽ തുടങ്ങിയ ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം സ്വരൂപിച്ചിരുന്നു. മറുനാടൻ വായനക്കാർ വളരെ സ്നേഹപൂർവം തന്നെ പൊള്ളലേറ്റ പെൺകുട്ടിയെ സഹായിക്കാൻ രംഗത്തുവന്നു. ഇതോടെ അക്കൗണ്ടിൽ ഒഴുകി എത്തിയത് 5,43,456.36 രൂപയാണ്. ആവാസ് അക്കൗണ്ടിലേക്ക് എത്തിയ പണം മുഴുവൻ പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞു. പണം കൈമാറിയതിന്റെ രസീത് ഈ വാർത്തക്കൊപ്പം നൽകിയിട്ടുണ്ട്. ആറ് ദിവസങ്ങളിലായാണ് പെൺകുട്ടിക്ക് സഹായം നൽകാനുള്ള പണം ആവാസ് അക്കൗണ്ടിലേക്ക് എത്തിയത്.

അവൾക്ക് മാടപ്രാവിന്റെ മനസ്സാണ്. 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവൾ എന്റെ മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്. അവളിപ്പോൾ അത്യാസന്ന നിലയിലാണ് .സാഹായിക്കാനാണെങ്കിൽ ആരുമില്ല..ത്രാണിയില്ലാത്തതിനാൽ ഞാൻ അവളെ കാണാനും പോയില്ല ... വിതുമ്പിക്കരഞ്ഞുകൊണ്ട് വിജയകുമാർ പറഞ്ഞു. ഇന്നലെ രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ പ്രണയം നിഷേധിച്ചതിന്റെ പേരിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ 19 കാരിയുടെ പിതാവിന്റെതാണ് വാക്കുകൾ. മറുനാടനോട് വിജയകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഓർമയിൽ തെളിയുക.

മകൾക്കുണ്ടായ ക്രൂരതയെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അച്ഛൻ ഓർത്തെടുത്തത്. കുറച്ചുദിവസമായി അവൾ ഫോൺ ഓഫ് ചെയ്താണ് നടന്നിരുന്നത്. അവന്റെ ശല്യം സഹിക്കാൻ പറ്റാത്തതിനാലാവാം അങ്ങിനെ ചെയ്തത്. 11 ഉം12 ഉം ക്ലാസ്സിൽ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. ഇത്രയും അറിയാമെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാവു എന്നാണ് സീനിയർ ഡോക്ടർ പറഞ്ഞിട്ടുള്ളത്. എന്റെ മകളെ ജിവനോടെ കിട്ടിയാൽ മതിയായിരുന്നു-തേങ്ങലിനിടെ വിജയകുമാർ വ്യക്തമാക്കി. കഷ്ടപ്പാടുകൾക്കിടയിലും മകൾക്ക് വേണ്ടി എല്ലുമുറിയെ പണിയെടുത്ത അച്ഛന്റെ പ്രതീക്ഷകൾക്ക് നേരെ കൂടിയായിരുന്നു ഈ ആക്രമണം.

തിങ്കാളാഴ്ച അമ്മയുടെ വീട്ടിലായതിനാൽ പെൺകുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്നിലെ സ്ഥാപനത്തിൽ എത്തിയിരുന്നില്ല. ലാബ് ടെക്നീഷ്യൻ കോഴ്സിലാണ് പെൺകുട്ടി ചേർന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്സിംഗിന് വിട്ടതിനാലാണ് ഇളയ പെൺകുട്ടിയെ എം എൽ റ്റിക്ക് വിടാൻ തീരുമാനിച്ചെതെന്നും ഇവർക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകൾക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയിൽ വാടക വീടെടുത്ത് താമസമാക്കിയതെന്നും വിജയകുമാർ അറിയിച്ചു.

രാവിലെ പണിക്കുപോയാൽ രാത്രി 8 മണിയൊക്കെയാവും വീട്ടിലെത്താൻ. കൂലിപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കഴിഞ്ഞികൂടിയിരുന്നത്. തലയും മുഖവുമെല്ലാം പൊള്ളി നാശമായി എന്നാണ് കണ്ടിട്ട് വന്നിട്ട് അവളുടെ അമ്മ പറഞ്ഞത്. ഈ അവസ്ഥയിൽ അവളെ കാണാൻ വലിയപ്രയാസമാണ്. അതുകൊണ്ട് ഞാൻ അവൾ കിടക്കുന്നിടത്തേയ്ക്ക് പോയില്ല. കുറിച്ചു തരുന്ന മരുന്നുകൾ ആരൊക്കെയോ വാങ്ങിനൽകുന്നു. എത്ര തുക ചെലവായൊന്നും എനിക്കറിയില്ല. ചികത്സയ്ക്കായി ഒത്തിരി പണച്ചെലവ് വരുമെന്നാണ് എല്ലാവരും പറയുന്നത്. ഒരിടത്തു നിന്നും ഒരു സാഹയവും ലഭിക്കുന്നില്ല. എന്തുചെയ്യണമെന്നും അറിയില്ല-വിജയകുമാർ വീണ്ടും വിതുമ്പി. ഏതായാലും എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലമാക്കി ആ പെൺകുട്ടി നമ്മെ വിട്ടുപോയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP