Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവി മധുസൂദനൻ നായരുടെ ശബ്ദത്തിൽ ദൈവദശക വരികൾ മുഴങ്ങിയില്ല; സ്വയം റെക്കോർഡ് ചെയ്ത് വച്ച ചരമപ്രസംഗവും ആരും കേട്ടില്ല; പൂർണ ഔദ്യോഗിക ബഹുമതികളോടെ വിടവാങ്ങുമ്പോഴും ഡോ.ഡി.ബാബുപോളിന്റെ സംസ്‌കാരം ആഗ്രഹങ്ങൾ ബാക്കിയാക്കി; ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിച്ച ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ

കവി മധുസൂദനൻ നായരുടെ ശബ്ദത്തിൽ ദൈവദശക വരികൾ മുഴങ്ങിയില്ല; സ്വയം റെക്കോർഡ് ചെയ്ത് വച്ച ചരമപ്രസംഗവും ആരും കേട്ടില്ല;  പൂർണ ഔദ്യോഗിക ബഹുമതികളോടെ വിടവാങ്ങുമ്പോഴും ഡോ.ഡി.ബാബുപോളിന്റെ സംസ്‌കാരം ആഗ്രഹങ്ങൾ ബാക്കിയാക്കി;  ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിച്ച ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ

പ്രകാശ് ചന്ദ്രശേഖർ

തിരുവനന്തപുരം: പൂർണ ഔദ്യോഗിക ബഹുമതികൾ ഏറ്റവാങ്ങി നിത്യതയിലേക്ക് യാത്രയാകുന്ന വേളയിൽ ബാബുപോളിന്റെ ആഗ്രഹങ്ങൾ ബാക്കിയായി തന്നെ നിൽക്കുകയാണ്. കവി മധുസൂദനൻ നായരുടെ ശബ്ദത്തിൽ ദൈവദശക വരികൾ തന്റെ മരണ വേളയിൽ മുഴങ്ങണമെന്നും സ്വയം റെക്കോർഡ് ചെയ്ത് വച്ച ചരമപ്രസംഗം ഏവരും കേൾക്കണമെന്നുള്ള ആഗ്രഹം നിവൃത്തിയാവാതെയാണ് അദ്ദേഹം യാത്രയായത്.

കുറുപ്പുംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ദേവാലയത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഡോ. ഡി. ബാബുപോളിന്റെ (78) സംസ്‌കാരച്ചടങ്ങ്. ബസേലിയസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയാണ് സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ശനിയാഴ്ച പുലർച്ചെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ബാബു പോളിന്റെ മൃതദേഹം രാവിലെ പുന്നന്റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രലിൽ എത്തിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ശുശ്രൂഷ നടത്തി. തുടർന്നു കവടിയാർ മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലേക്കു കൊണ്ടുപോയി.

ഞായറാഴ്ച രാവിലെ 5നു മൃതദേഹം പെരുമ്പാവൂരിലേക്കു കൊണ്ടുപോയി. 12 മണിയോടെ കുറുപ്പംപടിയിൽ ബാബു പോളിന്റെ പിതാവ് പി.എ.പൗലോസ് കോർ എപ്പിസ്‌കോപ്പയുടെ മാതൃഭവനത്തിൽ പൊതുദർശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ തോമസ് ഐസക്, കെ.രാജു, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

സംസ്‌കാര ചടങ്ങിനിടെ ഓർമ്മകൾ പങ്കുവെച്ച് ജസ്റ്റീസ് കെ.ടി ജോസഫ്

ഡോ. ഡി. ബാബു പോളിന്റെ ശവസംസ്‌കാര ചടങ്ങിനിടെ വികാരാധീനനായാണ് ജസ്റ്റീസ് കെ.ടി ജോസഫ് പ്രസംഗിച്ചത്. 28 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം തന്നെ ഒരു വിൽപത്രം ഏൽപ്പിച്ചിരുന്നുവെന്നും അത് അദ്ദേഹത്തിന്റെ സഹോദരൻ റോയ് പോളിനെ ഏൽപ്പിച്ചുവെന്നുമാണ് ജസ്റ്റീസ് ജോസഫ് പ്രസംഗിച്ചത്. എന്നാൽ അതിന്റെ ഉള്ളടക്കം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

വരുന്ന ഏതാനും നാളുകൾക്കുള്ളിൽ ഇതേക്കുറിച്ച് താൻ വിശദമായ ലേഖനമെഴുതുമെന്നും അന്ന് താൻ ഇക്കാര്യം വ്യക്തമാക്കുമെന്നും ജസ്റ്റീസ് കെ.ടി ജോസഫ് വ്യക്തമാക്കി. ഡോ. ഡി ബാബു പോളിന് ഹൈക്കോടതി ലീഗൽ ഫ്രറ്റേർണിറ്റി നൽകിയ സ്വീകരണച്ചടങ്ങിൽ വച്ച് പറഞ്ഞ വാക്കുകളാണ് ഓർമ്മിച്ചാണ് സുപ്രീം കോടതി മുൻ ജസ്റ്റീസ് കുര്യൻ ജോസഫ് പ്രസംഗം നടത്തിയത്.

എന്റെ മരണാനന്തര കർമ്മങ്ങളിൽ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ശ്രീനാരായണ ഗുരുവിന്റെ ഏതാനും വരികൾ ചൊല്ലണമെന്ന് ബാബുപോൾ പ്രഭാഷണത്തിനിടെ അന്ന് വ്യക്തമാക്കിയിരുന്നു. ഇത് കവി മധുസൂദനൻ ഇതെഴുതി കാസറ്റിലാക്കിയിട്ടുണ്ടെന്നും അന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മാത്രമല്ല താൻ മരിക്കുന്ന വേളയിൽ മുൻകൂട്ടി റെക്കോർഡ് ചെയ്തിരിക്കുന്ന ചരമ പ്രസംഗം ഏവരേയും കേൾപ്പിക്കണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു.

മികച്ച ഭരണകർത്താവും എഴുത്തുകാരനും

1941 ഏപ്രിൽ 11ന് എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനിച്ച ബാബുപോൾ കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എൻജിനീയറിംങ്ങ് കോളെജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്.സി എൻജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964 ൽ ഐ.എ.എസിൽ പ്രവേശിച്ചു.

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്‌പെഷ്യൽ കളക്റ്ററുമായി 1971 മുതൽ പ്രവർത്തിച്ച ബാബുപോൾ ഇടുക്കി ജില്ല നിലവിൽ വന്ന 1972 ജനുവരി 26 മുതൽ 1975 വരെ ഇടുക്കി ജില്ലാ കളക്റ്ററായിരുന്നു. മാധ്യമം പത്രത്തിൽ 'മധ്യരേഖ' എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു. നവകേരള നിർമ്മാണ പദ്ധതിയുടെ ഉപദേശകനായും ബാബു പോൾ പ്രവർത്തിച്ചിട്ടുണ്ട്. കിഫ്ബി ഭരണസമിതി അംഗമെന്ന നിലയിലും ബാബു പോൾ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ തിരുവനന്തപുരത്തെ ഓഫീസ് ഉദ്ഘാടനത്തിൽ ബാബുപോൾ സംബന്ധിച്ചിരുന്നു.

ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ), കഥ ഇതുവരെ (അനുഭവകുറിപ്പുകൾ), രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP