Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജന്മികുടുംബത്തിൽ ജനിച്ച കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം വിളിച്ച ഗാന്ധിയൻ; ഗാന്ധിജിയുടെ ചിത്രവുമായി ഹൊസ്ദുർഗ് ടൗണിൽ ആനപ്പുറത്ത് സവാരി നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച സ്വാതന്ത്ര്യ സമര പോരാളി: കെ മാധവന്റെ വിടവാങ്ങലിൽ വിതുമ്പി കാഞ്ഞങ്ങാട്

ജന്മികുടുംബത്തിൽ ജനിച്ച കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം വിളിച്ച ഗാന്ധിയൻ; ഗാന്ധിജിയുടെ ചിത്രവുമായി ഹൊസ്ദുർഗ് ടൗണിൽ ആനപ്പുറത്ത് സവാരി നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച സ്വാതന്ത്ര്യ സമര പോരാളി: കെ മാധവന്റെ വിടവാങ്ങലിൽ വിതുമ്പി കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ആധുനിക കാലഘട്ടവുമായി ബന്ധിപ്പിച്ച് നിർത്തിയ വിലപ്പെട്ട ഒരു കണ്ണിയായിരുന്നു കെ.മാധവൻ. ദേശീയ പ്രസ്ഥാനത്തിന്റെ വിലപ്പെട്ട മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുകയും പുതുതലമുറക്ക് പകർന്നു കൊടുക്കുകയും ചെയ്ത ലളിതവും ത്യാഗോജ്വലവുമായ ജീവിതമായിരുന്നു ഈ ഗാന്ധിയൻ കമ്യൂണിസ്റ്റിന്റേത്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്റെ വിടവാങ്ങലിലൂടെ ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തവരിലെ അവസാന കണ്ണിയും ഓർമ്മയാകുകയാണ്.

ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന മാധവൻ 102-ാം വയസ്സിലാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അന്തരിച്ചത്. ആദ്യം ഗാന്ധിയനും പിന്നീട്, കമ്യൂണിസ്റ്റുകാരനുമായതു കൊണ്ട്, 'ഗാന്ധിയൻ കമ്യൂണിസ്റ്റ്' എന്ന വിളിപ്പേരു സ്വന്തമായത്. മാധവൻ 16 വർഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മൂന്നു തവണ നിയമസഭയിലേക്കു മൽസരിച്ചെങ്കിലും വിജയിച്ചില്ല. 1964ൽ പാർട്ടി പിളർന്നപ്പോൾ സിപിഐയ്‌ക്കൊപ്പം നിലയുറപ്പിച്ചു. 1987ൽ സിപിഎമ്മിൽ ചേർന്നെങ്കിലും 96ൽ പാർട്ടി വിട്ടു. പിന്നീട് വിശ്രമ ജീവിതത്തിലേക്ക് മാറി.

ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടിൽ എ.സി.രാമൻ നായരുടെയും കൊഴുമ്മൽ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1916ലായിരുന്നു ജനനിച്ച് കമ്മ്യൂണിസ്റ്റു മുദ്രാവാക്യങ്ങൾ വിളിച്ച നേതാവായിരുന്നു അദ്ദേഹം. 1915 ഓഗസ്ത് 26നാണ് ജനിച്ചത്. മൂന്ന് സഹോദരങ്ങളുണ്ട്. ചരിത്രപ്രസിദ്ധമായ കയ്യൂർ സംഭവസമയത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കാസർകോട് താലൂക്ക് സെക്രട്ടറിയായിരുന്നു. കർഷകസംഘവും പാർട്ടിയും കെട്ടിപ്പടുക്കാൻ ത്യാഗനിർഭര പ്രവർത്തനം നടത്തി. പൊലീസ-ഗുണ്ടാ മർദനങ്ങളെയും ജയിൽവാസത്തെയും അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്.

തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂൾ, നീലേശ്വരം രാജാസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പിന്നീട് വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായരുടെ വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തിൽ. എറണാകുളം ഹിന്ദി കോളേജിൽനിന്ന് വിശാരദ് പാസായി. വിദ്വാൻ പി കേളുനായർ, എ സി കണ്ണൻനായർ എന്നിവരുടെ സ്വാധീനമാണ് രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്.

1928ൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന കോൺഗ്രസ് സമ്മേളന വളണ്ടിയറായി. 1926ൽ കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ ഗാന്ധിജിയെ കണ്ട മാധവൻ 1929 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ ചിത്രവുമായി ഹൊസ്ദുർഗ് ടൗണിൽ ആനപ്പുറത്ത് സവാരി നടത്തി. 1930ൽ കേളപ്പജിയുടെ നേതൃത്വത്തിൽ പയ്യന്നൂരിലെ ഉളിയത്ത് കടവിലേക്ക് നടന്ന ചരിത്രപ്രസിദ്ധമായ ഉപ്പു സത്യഗ്രഹജാഥയിലെ പ്രായം കുറഞ്ഞ വളണ്ടിയറായിരുന്നു. 31ൽ കണ്ണൂരിൽനിന്ന് ഗുരൂവായൂരിലേക്ക് പുറപ്പെട്ട ക്ഷേത്രപ്രവേശന ജാഥയിലും സത്യഗ്രഹത്തിലും പങ്കെടുത്തു. അന്ന് ക്രൂര മർദനത്തിനിരയായി. ഇതേകാലത്ത് കോൺഗ്രസ് താലൂക്ക് സെക്രട്ടറിയായായി. 1935ൽ കെപിസിസി അംഗം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചതോടെ അതിൽചേർന്നു.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കർഷകസംഘം, കമ്യൂണിസ്റ്റ് പാർട്ടി എന്നിവയുടെ ആദ്യത്തെ താലൂക്ക് സെക്രട്ടറിയായിരുന്നു. മാധവന്റെ നേതൃത്വത്തിൽ അവിഭക്ത കാസർകോട് താലൂക്കിൽ ജന്മിത്വത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളാണ് കയ്യൂർ സമരത്തിലേക്ക് നയിച്ചത്. പൊലീസിന്റെയും ജന്മിഗുണ്ടകളുടെയും നോട്ടപ്പുള്ളിയായിരുന്നു. വർഷങ്ങളോളം ഒളിവുജീവിതവും ജയിൽവാസവും അനുഭവിച്ചു. കാസർകോട്-മലബാർ സംയോജനം, ഐക്യകേരള പ്രക്ഷോഭം, വിളകൊയ്ത്ത്-നെല്ലെടുപ്പ് സമരങ്ങളുടെ നായകനായി. പതിനഞ്ചാം വയസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ആദ്യജയിൽവാസം. കേരളീയൻ, വി പി കൃഷ്ണൻനായർ, പി എം കൃഷ്ണൻനായർ തുടങ്ങിയവർക്കൊപ്പം നാലാം ബ്‌ളോക്കിലാണ് പാർപ്പിച്ചത്. ഇവിടെവച്ച് ഇംഗ്‌ളീഷും ഹിന്ദിയും പഠിച്ചു. എ കെ ജിയെ ആദ്യമായി കണ്ടതും ജയിലിൽവച്ച്.

മാധവന്റെ വിയോഗത്തോടെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും പരിഹരിക്കാനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു്. മലബാറിലെ കർഷക പ്രസ്ഥാനമുന്നേറ്റങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവന വളരെ പ്രാധാന്യമുള്ളതാണ്. പുതിയ തലമുറക്ക് മുമ്പിൽ തുറന്നുവച്ച അർപ്പണബോധത്തിന്റെയും സമരസന്നദ്ധതയുടെയും പ്രതിജ്ഞാബദ്ധതയുടെയും പാഠങ്ങളാണ് മാധവേട്ടന്റെ ജീവിതമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഭാര്യ: കോടോത്ത് മീനാക്ഷിയമ്മ. മക്കൾ: ഇന്ദിര കോടോത്ത്(ബാംഗ്ലൂർ), അഡ്വ.സേതുമാധവൻ(ഹൊസ്ദുർഗ് കോടതി), ആശ ലത, ഡോ.അജയകുമാർ കോടോത്ത്(മുൻ പിഎസ്‌സി അംഗം). മരുമക്കൾ: ഗോപിനാഥൻ നായർ(റിട്ട. വിജയ ബാങ്ക് മാനേജർ), തമ്പാൻ നമ്പ്യാർ( റിട്ട. കോളജ് പ്രിൻസിപ്പൽ, കർണാടക), എ.സി.ലേഖ(അദ്ധ്യാപിക, ദുർഗ സ്‌കൂൾ), പ്രേമജ(മാനേജർ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP