Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.....ആ വെറുപ്പിക്കുന്ന ശബ്ദം എന്റേതാണ്! പരസ്യത്തിലെ ഡയലോഗ് കേട്ടാൽ ആളുകൾ പുകവലി നിർത്തണം എന്നായിരുന്നു നിർമ്മാതാവ്; പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു മനസ്സിലാക്കിയപ്പോൾ അതുപേക്ഷിച്ചവനാണു ഞാൻ! തിയേറ്ററിലെ ആ ശബ്ദത്തെ കണ്ടെത്തിയത് സുരാജ് വെഞ്ഞാറമൂടും; വാർത്തകൾ വായിക്കുന്നത് ഗോപനും; വിടവാങ്ങുന്നത് ശബ്ദം കൊണ്ട് മലയാളിയെ പല വികാരങ്ങളിലേക്ക് കൊണ്ടുപോയ അത്ഭുത പ്രതിഭ; ഗോപിനാഥൻ നായർ വ്യത്യസ്തനായത് ഇങ്ങനെ

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.....ആ വെറുപ്പിക്കുന്ന ശബ്ദം എന്റേതാണ്! പരസ്യത്തിലെ ഡയലോഗ് കേട്ടാൽ ആളുകൾ പുകവലി നിർത്തണം എന്നായിരുന്നു നിർമ്മാതാവ്; പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു മനസ്സിലാക്കിയപ്പോൾ അതുപേക്ഷിച്ചവനാണു ഞാൻ! തിയേറ്ററിലെ ആ ശബ്ദത്തെ കണ്ടെത്തിയത് സുരാജ് വെഞ്ഞാറമൂടും; വാർത്തകൾ വായിക്കുന്നത് ഗോപനും; വിടവാങ്ങുന്നത് ശബ്ദം കൊണ്ട് മലയാളിയെ പല വികാരങ്ങളിലേക്ക് കൊണ്ടുപോയ അത്ഭുത പ്രതിഭ; ഗോപിനാഥൻ  നായർ വ്യത്യസ്തനായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിയേറ്ററുകളിലെ പുകവലിക്കെതിരായ പരസ്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി സന്നദ്ധ സഘടനയാണു പരസ്യം ഒരുക്കിയത്. പരസ്യത്തിലെ ഡയലോഗ് കേട്ടാൽ ആളുകൾ പുകവലി നിർത്തണം എന്നായിരുന്നു നിർമ്മാതാവിന്റെ നിബന്ധന. ഇതോടെ മനസ്സിലേക്ക് ചെയ്യേണ്ടതിന്റെ കൃത്യമായ സൂചന കടന്നു കയറി. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്..... സിനിമാ തിയേറ്ററുകളിൽ മലയാളിയെ ചിന്തിപ്പിച്ച പരസ്യം അവിടെ തുടങ്ങി. ഈ വെറുപ്പിക്കുന്ന ശബ്ദം ഏന്റേതാണെന്ന് പറയാനും ഗോപന് മടിയുണ്ടായില്ല. ആകാശവാണിയിലെ മുൻ വാർത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും ഒട്ടേറെ പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയ കലാകാരനുമായ ഗോപൻ എന്ന ഗോപിനാഥൻ നായരാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

പഴയ തലമുറയ്ക്ക് ആകാശവാണിയിലെ വാർത്തകളിലൂടെ ഗോപനെ അറിയാം. ദേശീയ സംഭവങ്ങൾ മുതൽ പ്രാദേശിക പ്രശ്‌നങ്ങൾ വരെ ഈ ശബ്ദത്തിലൂടെ ടിവിയെത്തുന്നതിന് മുമ്പ് മലയാളി അറിഞ്ഞു. നെഹ്‌റുവിന്റെ മരണം മുതൽ രാജീവ് ഗാന്ധിയുടെ മരണം വരെ വേറിട്ട ടോണിൽ വീടുകളിൽ എത്തിച്ച ആകാശവാണി അവതാരകൻ. എന്നാൽ ന്യൂജെൻ തലമുറയ്ക്ക് ശ്വാസകോശത്തിന്റെ പ്രവർത്തനമാണ് ഗോപനെ പരിചിതനാക്കിയത്. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്..... പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു മനസ്സിലാക്കിയപ്പോൾ അതുപേക്ഷിച്ചവനാണു ഞാൻ!-ഇങ്ങനെ പരസ്യത്തിന് പിന്നിലെ സത്യം ഗോപൻ തന്നെ പറഞ്ഞു. പ്രേക്ഷകരിലേക്ക് പറയുന്നതെന്തും അതിന്റെ വികാരം ഉൾക്കൊണ്ട് അവതരിപ്പിച്ച ആളാണ് ഗോപൻ. അതു തന്നെയാണ് പുകവലി പരസ്യവും ശ്രദ്ധേയമാകാൻ കാരണം.

സിനിമാ നടൻ സുരാജ് വെഞ്ഞാറമ്മൂട് ആണ് പുകവലി ശബ്ദത്തിനു പിന്നിൽ ഗോപനാണെന്ന നഗ്‌നസത്യം ലോകത്തെ വിളിച്ചറിയിച്ചത്. മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഡൽഹിയിലെത്തിയ സുരാജ് ഗോപനെ 'കയ്യോടെ പിടികൂടി'. അതുപോട്ടെ, ഇതൊക്കെ പറയുന്ന ഗോപൻ പുകവലിക്കുമോ? അതിഭീകരമായി വലിച്ചിരുന്നു. ചെറുപ്പത്തിൽ ഒന്നാന്തരം പുകവലിക്കാരനായിരുന്നു ഗോപൻ. എഴുപതുകളിൽ ഹൃദയത്തിനു നേരിയ പ്രശ്‌നം നേരിട്ടതോടെ നിർത്തി. പരസ്യത്തിനു ശബ്ദം നൽകുന്നതിനും വർഷങ്ങൾ മുൻപേ താൻ പുകവലി നിർത്തിയെന്നു ഗോപൻ പറയുന്നു. പക്ഷേ, സുരാജ് സമ്മതിക്കില്ല. 'സാറിന്റെ ചുണ്ട് കണ്ടാലറിയില്ലേ ഇപ്പോഴും നല്ല വലിയാണെന്നു' സുരാജ് ഗോപനെ കളിയാക്കും.-ഈ പരസ്യത്തിലെ വ്യക്തിയെ കണ്ടെത്തിയത് മനോരമ മുമ്പൊരിക്കൽ റിപ്പോർട്ട് ചെയ്തത് ഇത്തരത്തിലായിരുന്നു.

ആകാശവാണിയിലെ മുൻ വാർത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും ഒട്ടേറെ പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയ കലാകാരനുമാണ് ഗോപൻ. 1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാള വിഭാഗത്തിൽ ജോലി ചെയ്തു. ഡൽഹി ആകാശവാണിയിലെ മലയാള വിഭാഗത്തിൽ നിന്നെത്തുന്ന വാർത്താ ബുള്ളറ്റിനുകളിലൂടെയാണ് ഒരുകാലത്ത് മലയാളികൾ ലോകത്തിന്റെ സ്പന്ദനം അറിഞ്ഞത്. ആകാശവാണി, ഡൽഹി, വാർത്തകൾ വായിക്കുന്നത് എന്നു പറഞ്ഞുതുടങ്ങുമ്പോൾ തന്നെ വായിക്കുന്ന ആളുടെ പേര് മലയാളികൾ പൂരിപ്പിച്ചിരുന്നു. ശബ്ദത്തിലും ശൈലിയിലുമുള്ള വൈവിധ്യത്തിലൂടെ കേൾവിക്കാരന്റെ കാതുകളിൽ സ്വന്തം ഇടമുറപ്പിച്ച വാർത്താ അവതാരകരകൻ. ഭാര്യ: രാധ. മകൻ: പ്രമോദ്. അഞ്ചു പതിറ്റാണ്ടിലേറെയായി ഡൽഹിയിലായിരുന്നു താമസം. തിരുവനന്തപുരം സ്വദേശിയായിരുന്നു ഗോപിനാഥൻ നായർ.

തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ജനനം. സി വി രാമൻപിള്ളയുടെ പേരമകളുടെ മകൻ. അടൂർഭാസിയും ഇ വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കൾ. എം എ പഠിച്ചിറങ്ങിയപ്പോൾ ചരിത്രാധ്യാപകനാകാനായിരുന്നു മോഹം. അന്ന് സർദാർ കെ എം പണിക്കർ കശ്മീർ സർവകലാശാല വൈസ് ചാർസലറാണ്. അദ്ദേഹം പറഞ്ഞതു പ്രകാരം ഡൽഹിയിക്ക് വണ്ടി കയറി. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിന് മൈസുരു സർവ്വകലാശാലയിലേക്ക് മാറ്റമായി. നാട്ടിലേക്ക് ഉടൻ മടങ്ങാൻവയ്യ. തൽക്കാലത്തേക്ക് ഡൽഹിയിൽ നിഖിൽ ചക്രവർത്തിയുടെ മെയിൻസ്ട്രീം എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിൽ ജോലിക്ക് പോയിത്തുടങ്ങി.

അപ്പോഴാണ് ഡൽഹി ആകാശവാണിയിൽ അവതാരകൻ തസ്തികയിലേക്ക് ആളെ വിളിക്കുന്നത്. ജോലി ലഭിച്ചു. ശമ്പളം 300 രൂപ. ആദ്യവാർത്ത വായിക്കുമ്പോൾ പ്രായം 21. ഇക്കാലത്ത് അടൂർ ഭാസിയും ആകാശവാണി ജോലി തേടി ഗോപനൊപ്പം ഉണ്ടായിരുന്നു. 500 രൂപ പ്രതിഫലത്തിൽ അടൂർ ഭാസിക്ക് സിനിമയിൽ അവസരം ലഭിച്ചതിനാൽ അദ്ദേഹം ആ വഴി പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP