Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണിക്യ മലരായ പൂവിയെന്ന പാട്ട് വിടർന്ന ശബ്ദം; നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾ പാടി ലോകമെമ്പാടുമുള്ള മലയാളികളുടെ ഹരമായി; ദിലീപിന്റെ ഗ്രാമഫോൺ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു; ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികൻ; അന്ത്യം അസുഖത്തെ തുടർന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ; ലാളിത്യവും സ്നേഹവും മുഖമുദ്രയാക്കിയ സൂഫി സമാനമായ ജീവിതം നയിച്ച കലാകാരൻ; എരഞ്ഞോളി മൂസ ഓർമ്മയാവുമ്പോൾ മാപ്പിളപ്പാട്ട് പ്രേമികളുടെ മനസ്സിൽ ഓർമ്മകളുടെ കടലിരമ്പം

മാണിക്യ മലരായ പൂവിയെന്ന പാട്ട് വിടർന്ന ശബ്ദം; നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾ പാടി ലോകമെമ്പാടുമുള്ള മലയാളികളുടെ ഹരമായി;  ദിലീപിന്റെ ഗ്രാമഫോൺ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു; ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികൻ; അന്ത്യം അസുഖത്തെ തുടർന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ; ലാളിത്യവും സ്നേഹവും മുഖമുദ്രയാക്കിയ സൂഫി സമാനമായ ജീവിതം നയിച്ച കലാകാരൻ; എരഞ്ഞോളി മൂസ ഓർമ്മയാവുമ്പോൾ മാപ്പിളപ്പാട്ട് പ്രേമികളുടെ മനസ്സിൽ ഓർമ്മകളുടെ കടലിരമ്പം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'മാണിക്യമലരായ പൂവി മഹതിയാം കദീജ ബീവി'.... 'അഡാർ ലൗ എന്ന ചിത്രത്തിൽ പ്രിയാവാര്യരുടെ ഒറ്റക്കണ്ണിറുക്കത്തിലൂടെ തരംഗമായ ഗാനം ആദ്യം പാടിയ മനുഷ്യൻ. നൂറുകണക്കിന് മാപ്പിളപ്പാട്ടുകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ എരഞ്ഞോളി മൂസ പക്ഷേ പുതുതലമുറക്കിടയിൽ അറിയപ്പെട്ടത് മാണിക്യമലരായ പൂവി ആദ്യം പാടിയ വ്യക്തി എന്ന നിലയിൽ ആയിരുന്നു. അതിൽ എരഞ്ഞോളി മൂസയെന്ന സൂഫി സമാനമായ ജീവിതം നയിച്ച അവധൂതന് ഒരു പരാതിയും പരിഭവും ഇല്ലായിരുന്നു. ആരു പാടിയാലും ആർക്ക് ക്രെഡിറ്റ് കിട്ടിയാലും
കിട്ടിയാലും മാപ്പിളപ്പാട്ടെന്ന ഗാന ശാഖ വളരണമെന്ന് അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ഒന്നിലും പരാതിയില്ല. ആരോടും പരിഭവുമില്ല. ലാളിത്യവും സ്നേഹവും മുഖമുദ്രയാക്കിയ സൂഫി സമാനമായ ജീവിതം നയിച്ച കലാകാരനായിരുന്നു ഇന്ന് അന്തരിച്ച എരഞ്ഞോളി മൂസ. 79ാം വയസ്സിൽ അദ്ദേഹം യാത്രയാവുമ്പോൾ മാപ്പിളപ്പാട്ട് പ്രേമികളുടെ മനസ്സിൽ ഓർമ്മകളുടെ കടലിരമ്പമാണ്.

തലശ്ശേരി എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായി ജനിച്ച മൂസ ഗ്രാമീണ കലാസമിതികളിലൂടെയാണ് വളർന്നത്. പ്രെടോമാക്സിന്റെ വെളിച്ചത്തിൽ മലബാറിലെ കല്യാണപ്പുരകളിൽ പാടിയാണ് അദ്ദേഹം പേരെടുത്തത്. പിന്നീട
ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. എം.എം. റോഡിലെ ടെലിച്ചേറി മ്യൂസിക്കിൽ നിത്യസന്ദർശകനായിരുന്ന കെ.രാഘവനാണു മൂസയെ മാപ്പിളപ്പാട്ടിൽ പ്രോൽസാഹിപ്പിച്ചത്. മാണിക്യമലരായ പൂവ് വിടർന്നതും തലശ്ശേരിയിൽ തന്നെയാണെന്ന് മൂസ മുമ്പ് ഓർത്തിരുന്നു. കൊടുങ്ങല്ലൂർ സ്വദേശിയായ പി.എം.എ. അബ്ദുൽ ജബ്ബാർ എഴുതിയ ആ വരികൾ തലശ്ശേരി കെ. റഫീഖിന്റെ ഈണത്തിൽ വിരിഞ്ഞ്, എരഞ്ഞോളി മൂസയുടെ ശബ്ദത്തിൽ സുഗന്ധം പരത്തി. 40 വർഷം മുൻപു കല്യാണവീടുകളിൽ തലശ്ശേരി റഫീഖും 30 വർഷം മുൻപ് ഓഡിയോ കസെറ്റിൽ എരഞ്ഞോളി മൂസയും പാടിയ ആ പാട്ട് ഇന്നു സമൂഹ മാധ്യമങ്ങളിലും പടരുന്നു.

മാണിക്യ മലരായ പൂവി ഉണ്ടായതിനെ കുറിച്ച് മൂസ ഒരു അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ..

'വളരെ ചെറുപ്പം മുതലേ കേൾക്കുന്ന പാട്ടാണു മുത്തുവൈരക്കല്ല് വച്ച... രത്നമാല മാറിൽ ചാർത്തി... എന്ന പാട്ട്. മാളിയേക്കൽ ജലീൽ ഈണമിട്ട് പീർ മുഹമ്മദ് പാടിയ ആ പാട്ട് അക്കാലത്തു വലിയ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു. അങ്ങനെയിരിക്കെയാണ് അതേ ഈണത്തിൽ മാണിക്യമലരായ പൂവി... എന്ന പാട്ട് കേൾക്കുന്നത്. അത് ആരുടെ പാട്ടാണ്, ആരാണ് എഴുതിയത് എന്നൊന്നും അറിയില്ലായിരുന്നു. അന്നൊന്നും ആരും പാട്ടുകൾ രജിസ്റ്റർ ചെയ്യുകയോ അവകാശ രേഖകൾ തയാറാക്കുകയോ ഒന്നും ചെയ്യാറില്ല. എന്റെ എത്രയോ പാട്ടുകൾ ഇങ്ങനെ മറ്റുള്ളവർ പാടിയിരിക്കുന്നു. ഈ പാട്ട് ഞാനും സിബില സദാനന്ദനും ചേർന്ന് ഓഡിയോ കസെറ്റിൽ പാടി. ഏഴു പാട്ടുകളുണ്ടായിരുന്നു ആ കസെറ്റിൽ. എന്റെ ശബ്ദത്തിലൂടെ ഈ പാട്ട് കൂടുതൽ ആൾക്കാർ കേട്ടു എന്നത് എന്റെ തെറ്റല്ല. അതിന് ഒരിടത്തും ഞാൻ അവകാശവാദം പറഞ്ഞിട്ടുമില്ല. ഈ പാട്ട് ഞാനോ റഫീഖോ മാത്രമല്ല മറ്റു പലരും പാടിയിട്ടുണ്ട്. എന്നാൽ ആദ്യമായി റെക്കോഡ് ചെയ്തത് എന്റെ ശബ്ദത്തിലായിരിക്കുമെന്നാണു ഞാൻ വിശ്വസിക്കുന്നത്.

മൂന്നു വർഷം മുൻപ് ജിദ്ദയിലെ ഒരു പരിപാടിക്കിടെയാണ് പി.എം.എ. ജബ്ബാറിനെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹം വളരെ വികാരാധീനനായി സംസാരിച്ചു. എത്രയോ പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും ഈ പാട്ടിലൂടെ ആളുകൾ അദ്ദേഹത്തെ അറിയുന്നു. അതിനു കാരണക്കാരൻ ഞാനാണ് എന്നെല്ലാം പറഞ്ഞു. അന്ന് അദ്ദേഹവുമായി സൗഹൃദം പങ്കിട്ടാണു മടങ്ങിയത്. ആരു പാടി, ആര് എഴുതി എന്ന തർക്കമൊക്കെ അപ്രസക്തമാണ്. അരനൂറ്റാണ്ടു പിന്നിടുന്ന ആ പാട്ട് നല്ല അസ്സൽ മാണിക്യം തന്നെയാണെന്നു തെളിഞ്ഞു കഴിഞ്ഞു.' - മൂസ വ്യക്തമാക്കി.

മിഅ്റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾക്കു ശബ്ദം നൽകിയ ഈ കലാകാരൻ അസുഖത്തെ തുടർന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളിൽ മാപ്പിളപ്പാട്ടു പാടിയിട്ടുണ്ട്. ദിലീപിന്റെ ഗ്രാമഫോൺ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അതായിരുന്നു അദ്ദേഹത്തിന് കിട്ടിയ ഏറ്റവു വലിയ അംഗീകാരം. എവിടെപ്പോയാലും ഈ പടംവെച്ച് ആളുകൾ തന്നെ തരിച്ചറിയുന്നുമെന്ന് അവസാനകാലത്ത് നൽകിയ ചില അഭിമുടത്തിൽ അദ്ദേഹം ഓർത്തിരുന്നു.

കല്യാണവീടുകളിൽ പെട്രോമാക്സിന്റെ ഇരുണ്ട വെളിച്ചത്തിൽ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗൾഫ്നാടുകളിൽ ഏറ്റവും കൂടുതൽ സ്റ്റേജ്ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. കഷ്ടപ്പാടുകൾക്കിടയിൽനിന്ന് അറിയപ്പെടുന്ന ഗായകനായിമാറിയ അദ്ദേഹം ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്നു. തികഞ്ഞ ഇടതുപക്ഷ സഹയാത്രികൻ കൂടിയായിരുന്നു അദ്ദേഹം.അടുത്ത സുഹൃത്തുകൂടിയായി പി ജയരാജനായി വടകരയിൽ പ്രചാരണത്തിന് എത്താൻ കഴിയാത്തതിന്റെ പരിഭവമായിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP