Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

പമ്പാ നദിക്കായി ഉഴിഞ്ഞുവെച്ച ജീവിതം; അദ്ധ്യാപനത്തിനൊപ്പം പ്രകൃതിസംരക്ഷണവും ജീവിതചര്യയാക്കി; പ്രകൃതിക്കുവേണ്ടി പോരാടിയപ്പോൾ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളും; എൻ കെ സുകുമാരൻ നായരുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് കേരളം കണ്ട മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളെ

പമ്പാ നദിക്കായി ഉഴിഞ്ഞുവെച്ച ജീവിതം; അദ്ധ്യാപനത്തിനൊപ്പം പ്രകൃതിസംരക്ഷണവും ജീവിതചര്യയാക്കി; പ്രകൃതിക്കുവേണ്ടി പോരാടിയപ്പോൾ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളും; എൻ കെ സുകുമാരൻ നായരുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് കേരളം കണ്ട മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളെ

സ്വന്തം ലേഖകൻ

കോഴഞ്ചേരി: കേരളം കണ്ട മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളെയാണ് എൻ.കെ. സുകുമാരൻ നായരുടെ വിയോഗത്തിലുടെ സാംസ്കാരിക കേരളത്തിന് നഷ്ടമാകുന്നത്. അദ്ധ്യാപനത്തിലാണ് ജീവിതം ആരംഭിച്ചതെങ്കിലും തന്റെ ജീവിതം മുഴുവൻ പരിസ്ഥിതിക്കും അതിലുപരി പമ്പാ നദിക്കുമായി മാറ്റിവച്ച വ്യക്തിത്വമായിരുന്നു സുകുമാരൻ നായരുടെത്. ശനിയാഴ്‌ച്ച രാത്രിയോടെയാണ് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായ മാരാമൺ തോട്ടപ്പുഴശ്ശേരി പ്രശാന്തിൽ എൻ.കെ.സുകുമാരൻ നായർ അന്തരിച്ചത്.79 വയസ്സായിരുന്നു.

പമ്പ നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളാണ് ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്.പമ്പ നേരിടുന്ന പാരിസ്ഥിതിക, സാംസ്‌കാരിക പ്രശ്നങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തുകയും അവയ്ക്ക് പരിഹാരങ്ങൾ കാണാനും ഇദ്ദേഹം മുൻപന്തിയിൽ നിന്നു. പമ്പാനദിയുടെ സംരക്ഷണത്തിനു വേണ്ടി സജീവമായ ഇടപെടൽ നടത്തിയ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പമ്പ ആക്ഷൻ പ്ലാനിനു രൂപം കൊടുത്തത്.1994-ൽ പമ്പാ പരിരക്ഷണ സമിതിയും 2006-ൽ പൂവത്തൂർ കേന്ദ്രമായി എൻവയോൺമെന്റൽ റിസോഴ്സ് സെന്ററും സ്ഥാപിച്ചു.

1997-ൽ നിയമസഭാ പരിസ്ഥിതി കമ്മിറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ, കുട്ടനാട് പാക്കേജ്-നദീസംരക്ഷണ നിയമം-മണൽവാരൽ നിയന്ത്രണ നിയമം, 2003-ൽ കേന്ദ്ര സർക്കാർ അനുവദിച്ച 320 കോടിയുടെ പമ്പാ ആക്ഷൻപ്ലാൻ, ആറന്മുള വിമാനത്താവളവിരുദ്ധ സമരം എന്നിവയിൽ നിർണായക പങ്കാണ് സുകുമാരൻ നായർ വഹിച്ചത്.


1961-ൽ പൂവത്തൂർ സർവോദയ യു.പി.സ്‌കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായി. ശബരിഗിരി, ഇടുക്കി, കക്കാട് പ്രോജക്ടുകളിൽ പ്രവർത്തിച്ചു. സിവിൽ അസിസ്റ്റന്റ് എൻജിനീയറായി വിരമിച്ചു. കേരള ശാസ്ത്രസാഹിത്യ പരിക്ഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ കമ്മിറ്റികളുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പൂവത്തൂർ വൈ.എം.എ. വായനശാലാ വൈസ് പ്രസിഡന്റാണ്.നിലവിൽ സെന്ററിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണ്.

പരിസ്ഥിതി പ്രശ്‌നങ്ങളും പരിഹാരങ്ങളും അടിസ്ഥാനമാക്കി പുസ്തകങ്ങളും ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.'പമ്പാ നദി: ഒരു പാരിസ്ഥിതികപഠനം', 'പമ്പാ നദി: പരിസ്ഥിതിയും പരിപാലനവും', 'പ്രളയാനന്തര കേരളവും നദീ പുനരുജ്ജീവനവും' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. വരട്ടാർ, വരാച്ചാൽ, പമ്പ-അച്ചൻകോവിൽ, വൈപ്പിൻ കനാൽ പദ്ധതി, പമ്പാ നദീതടത്തിലെ ജൈവവൈവിധ്യം തുടങ്ങിയവ ഇതിൽ ശ്രദ്ധേയങ്ങലാണ്.

കേന്ദ്ര ജലമന്ത്രാലയത്തിന്റെ 2019-ലെ നാഷണൽ വാട്ടർ മിഷൻ അവാർഡ്, പ്രഥമ ജയ്ജി പീറ്റർ പരിസ്ഥിതി പുരസ്‌കാരം, എറണാകുളം കരയോഗത്തിന്റെ പി.എസ്.ഗോപിനാഥൻ നായർ പരിസ്ഥിതി പുരസ്‌കാരം, വനംവകുപ്പിന്റെ വനമിത്ര അവാർഡ്, സംസ്ഥാന പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്ര അവാർഡ്, പ്രൊഫ. ഫാ. മാത്യു വാണിശ്ശേരി ഫൗണ്ടേഷൻ പരിസ്ഥിതി അവാർഡ്, കൊല്ലം സത്കർമ പുരസ്‌കാരം, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പരിസ്ഥിതി മിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

കെ.സുശീലയാണ് ഭാര്യ. മക്കൾ: എസ്. അനിൽ(എൻജിനീയർ), ഡോ. എസ്.അമ്പിളി. മരുമക്കൾ: ഡോ. ദീപ്തി എ.കാരണവർ(അദ്ധ്യാപിക), ഡോ. ജി.ഗോപകുമാർ. ശവസംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP