Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; 'ആഴിത്തിരമാലകൾ' പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ

ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; 'ആഴിത്തിരമാലകൾ' പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഗാനമേളയ്ക്കിടെ പാട്ടുപാടി കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് പ്രശസ്ത ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ആലപ്പുഴയിൽ ബ്ലൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് വേദിയിൽ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീറിനെ രക്ഷിക്കാനായില്ല. പാതിരപ്പള്ളി ക്യാമലോട് കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.

കേരളത്തിന് അകത്തും പുറത്തും വിവിധ വേദികളിലും വിദേശത്തും ബഷീർ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. മലയാള ഗാനമേളവേദികളുടെ രൂപഭാവങ്ങൾ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ബഷീർ. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ തുടങ്ങിയവ ആദ്യമായി ഗാനമേളവേദികളിൽ അവതരിപ്പിച്ചത് ബഷീർ ആയിരുന്നു.

കൊല്ലം ജില്ലയോട് ചേർന്നുകിടക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്‌കൂളിൽ പഠിച്ചു. കോളജിൽ ചേർന്നുപഠിക്കാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിക്കാനായിരുന്നു ബഷീറിനു താൽപര്യം. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരിൽനിന്ന് സംഗീതവും അഭ്യസിച്ചു.

1972ൽ ഗാനഭൂഷണം പാസായി. പിന്നീട് സംഗീതാലയ എന്ന പേരിൽ ഗാനമേള ട്രൂപ്പും ആരംഭിച്ചു. അക്കാദമിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളിൽ പാടാൻ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചു.

1978ൽ 'രഘുവംശം' എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്.ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയത്. കെ.ജെ. ജോയിയുടെ സംഗീതത്തിൽ വാണിജയറാമിനൊപ്പം 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമയിൽ പാടിയ 'ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ' എന്ന ഗാനം സൂപ്പർ ഹിറ്റായി. ഏറ്റവും ശ്രദ്ധേയമായത് വാണി ജയറാമുമൊത്ത് പാടിയ ഈ ഗാനമാണ്. വീണവായിക്കുമെൻ വിരൽത്തുമ്പിലെ എന്ന ഗാനം എസ് ജാനകിക്കൊപ്പമാണ് ബഷീർ പാടിയത്. പിന്നീട്, തുടർന്നും സിനിമയിൽ ചില അവസരങ്ങൾ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാനാകാത്തതിനാൽ അതൊക്കെ നിരസിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP