Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിജാദ്രയിൽ കുടി കൊള്ളും മഹേശ്വരി.... ഗാനമേള വേദിയിൽ ഈ യേശുദാസ് ഗാനത്തെ ഹിറ്റാക്കിയ ഗായകൻ; ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ... സൂപ്പറായിട്ടും ജനങ്ങളുമായി ചേർന്ന് നിൽക്കാൻ ഗാനമേള മതിയെന്ന് പറഞ്ഞ അപൂർവ്വ പ്രതിഭ; ഒടുവിൽ സ്റ്റേജിൽ വീണു മരണവും; ഇടവ ബഷീർ ഇഷ്ടവേദിയിൽ മരണം വരിക്കുമ്പോൾ

കുടിജാദ്രയിൽ കുടി കൊള്ളും മഹേശ്വരി.... ഗാനമേള വേദിയിൽ ഈ യേശുദാസ് ഗാനത്തെ ഹിറ്റാക്കിയ ഗായകൻ; ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ... സൂപ്പറായിട്ടും ജനങ്ങളുമായി ചേർന്ന് നിൽക്കാൻ ഗാനമേള മതിയെന്ന് പറഞ്ഞ അപൂർവ്വ പ്രതിഭ; ഒടുവിൽ സ്റ്റേജിൽ വീണു മരണവും; ഇടവ ബഷീർ ഇഷ്ടവേദിയിൽ മരണം വരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്‌റ്റേജിലെ പ്രകടനത്തിനിടെ മരണമെത്തുക. കലകാരന്മാരിൽ പലരും ആഗ്രഹിക്കുന്ന മടക്കമാണ് ഇത്. ഡാൻസ് ചെയ്യുമ്പോൾ മരിച്ചു വീണ ഗുരു ഗോപിനാഥും പ്രസംഗ വേദിയിൽ മരണം വരിച്ച എൻഎം വിജയനുമെല്ലാം ഈ ഗണത്തിൽ മലയാളികളെ വേദനിപ്പിച്ചവരാണ്. ഇപ്പോൾ ആ ഗണത്തിലേക്ക് ഇടവ ബഷീറും.

ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനായിരുന്നു ഇടവ ബഷീർ (78). ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും അൽപസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ആഘോഷപരിപാടികൾ നിർത്തിവച്ചു.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറി. പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്‌കൂളിൽ പഠിച്ചു. പിന്നീട് സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിച്ചു. 1972ൽ ഗാനഭൂഷണം പാസായി. അക്കാദമിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളിൽ പാടാൻ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്.

കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചു. 1978ൽ 'രഘുവംശം' എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്.ജാനകിയോടൊത്ത് ഗാനം ആലപിച്ചു. കെ.ജെ. ജോയിയുടെ സംഗീതത്തിൽ വാണിജയറാമിനൊപ്പം 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമയിൽ പാടിയ 'ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ' എന്ന ഗാനം സൂപ്പർ ഹിറ്റായി. പിന്നീട്, തുടർന്നും സിനിമയിൽ ചില അവസരങ്ങൾ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാനാകാത്തതിനാൽ അതൊക്കെ നിരസിക്കുകയായിരുന്നു.

അഞ്ച് പതിറ്റാണ്ടു മുൻപു ഗാനമേളയ്ക്കായി കൊല്ലം സംഗീതാലയയ്ക്കു രൂപം നൽകി. ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ആയിരുന്നു ഉദ്ഘാടകൻ. 1996ൽ കൊല്ലത്തു സംഗീതം റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോഴും ഉദ്ഘാടകൻ യേശുദാസ് തന്നെ. ഗാനമേള വേദികളിൽ യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബഷീർ ജനഹൃദയങ്ങൾ കീഴടക്കി. പിതാവ് അബ്ദുൽ അസീസ് സിംഗപ്പൂരിലായിരുന്നതിനാൽ അവിടെ നിന്ന് അത്യാധുനിക സംഗീതോപകരണം കൊണ്ടുവന്നായിരുന്നു ഗാനമേളയിൽ ഇടവ ബഷീർ വേറിട്ട വഴിയിൽ ആളുകളെ ആകർഷിച്ചത്. ഓൾ കേരള മ്യുസീഷ്യൻസ് ആൻഡ് ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായും ബഷീർ ഇടവ പ്രവർത്തിച്ചിട്ടുണ്ട്.

കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതഞ്ജന്റെ അടുത്തു നിന്നാണ് ബഷീർ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മദ്രാസിൽ എവി എം സ്റ്റുഡിയോയിൽ വച്ച് എസ്.ജാനകിക്കൊപ്പം പാടിയ 'വീണവായിക്കുമെൻ വിരൽത്തുമ്പിലെ..' എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം.

പിന്നീട് മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമക്ക് വേണ്ടി കെജെ ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..' എന്ന ഗാനം ഹിറ്റായി.ഓൾ കേരള മ്യുസീഷ്യൻസ് ആൻഡ് ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാർ. മക്കൾ: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉന്മേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP