Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

മരണം പോലും നർമത്തിൽ ചാലിച്ച് നേർപ്പിക്കുന്ന സ്വഭാവം; തന്റെ ശവസംസ്‌കാരവേളയിൽ 'ഇനി ബാബുപോൾ സംസാരിക്കും' എന്ന് ഓർക്കാതെ പറഞ്ഞ് കാർമികൻ ചമ്മിപ്പോകാതിരിക്കാൻ ആ പ്രസംഗം നേരത്തെ റെക്കോഡ് വച്ച രസികൻ; പുതിയ കാലത്ത് ഒബാമായും മോദിയും ഇഷ്ടപ്രഭാഷകർ; ഗിരിപർവം മുതൽ വേദശബ്ദരത്നാകരം വരെ വിശ്രമില്ലാതെ എഴുത്തിന്റെ വഴിയേ സഞ്ചാരം; സിവിൽ സർവീസിലും പുറത്തും വിട്ടുവീഴ്ചയില്ലാതെ നിലപാടുകൾ തുറന്നുപറഞ്ഞ തന്റേടി; ഡോ.ഡി.ബാബുപോളിനെ ഓർക്കുമ്പോൾ

മരണം പോലും നർമത്തിൽ ചാലിച്ച് നേർപ്പിക്കുന്ന സ്വഭാവം; തന്റെ ശവസംസ്‌കാരവേളയിൽ 'ഇനി ബാബുപോൾ സംസാരിക്കും' എന്ന് ഓർക്കാതെ പറഞ്ഞ് കാർമികൻ ചമ്മിപ്പോകാതിരിക്കാൻ ആ പ്രസംഗം നേരത്തെ റെക്കോഡ് വച്ച രസികൻ; പുതിയ കാലത്ത് ഒബാമായും മോദിയും ഇഷ്ടപ്രഭാഷകർ; ഗിരിപർവം മുതൽ വേദശബ്ദരത്നാകരം വരെ വിശ്രമില്ലാതെ എഴുത്തിന്റെ വഴിയേ സഞ്ചാരം; സിവിൽ സർവീസിലും പുറത്തും വിട്ടുവീഴ്ചയില്ലാതെ നിലപാടുകൾ തുറന്നുപറഞ്ഞ തന്റേടി; ഡോ.ഡി.ബാബുപോളിനെ ഓർക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പറയുന്നത് ഏതുവിഷയവുമാകട്ടെ, അതിൽ അൽപം നർമം കലർത്താതെ വയ്യ. അത് മരണത്തെ കുറിച്ചായാലും ശരി എന്നാലിരിക്കട്ടെ മേമ്പൊടിക്ക് അൽപം. നർമം കലർത്തുന്നത് കേൾവിക്കാരനെ രസിപ്പിക്കാൻ മാത്രമല്ല, കാര്യങ്ങൾ കൃത്യമായി എത്തേണ്ടിടത്ത് എത്തിക്കാനുള്ള പോംവഴി കൂടിയാണ്. സ്‌കൂളിൽ പഠിക്കുമ്പോഴേ പ്രസംഗിക്കാൻ ശീലിച്ച ഡി.ബാബുപോൾ ഒരിക്കൽ പറഞ്ഞത് ഇങ്ങനെ:

Stories you may Like

'73 വർഷം മുമ്പ് ഒരുഒക്ടോബർ 24 നാണ് അഞ്ചാം വയസിൽ സ്‌കൂളിൽ പ്രസംഗിക്കുന്നത്. അച്ഛനാണ് എഴുത്തിനിരുത്തിയത്. എല്ലാ കാര്യങ്ങളും അച്ഛനായിരുന്നു. അവസാന വാക്യം മഹാരാജാവിന് ആയുരാരോഗ്യ സമ്പൽസമൃദ്ധി നേരുന്നതായിരുന്നു എന്ന് നേരിയ ഓർമയുണ്ട്. വീടിന്റെ ചൂറ്റുവട്ടത്തുള്ള പ്രൈമറി സ്‌കൂൾ, സൺഡേ സ്‌കൂൾ എന്നിവിടൊക്കെ പ്രസംഗിക്കാൻ വിളിക്കും. സ്‌കൂളിലെ പ്യൂൺ ഉലഹന്നാൻ ചേട്ടനായിരുന്നു സൈക്കിളിന്റെ കാര്യറിൽ ഇരുത്തി പ്രസംഗങ്ങൾക്ക് കൊണ്ടുപോവുക. സിനിമയിൽ ഗിന്നസ് പക്രുവിനെ ഒക്കെ കൊണ്ടുപോകും പോലെ. ഏറ്റവും അവിസ്മരണീയം അന്നാച്ചാണ്ടിയുടെ കൂടെ പ്രസംഗിച്ചതാണ്. പ്രസംഗം കഴിഞ്ഞപ്പോൾ അവർ എഴുന്നേറ്റ് ചേർത്ത് നിർത്തി നെറ്റിയിൽ ഉമ്മ വച്ച് സദസിനോട് പറഞ്ഞു: ഇയാൾ ഒരുവല്യ ആളാകും. അത് കാണാനുള്ള ആയുസ് എനിക്കുണ്ടാവില്ല.

സ്‌കൂൾതലത്തിൽ സമ്മാനങ്ങൾ കിട്ടിയെങ്കിലും സർവകലാശാലതലത്തിൽ കിട്ടിയിട്ടില്ല. ചില സദസുകളിലൊക്കെ അപ്രതീക്ഷിതമായി ഇനി ബാബു പോൾ സാർ സംസാരിക്കും എന്നുപറയും. അതുകൊണ്ട് ഞാനിപ്പോൾ എന്റെ ശവസംസ്‌കാരവേളയിൽ കേൾപ്പിക്കാനുള്ള പ്രസംഗം ഇപ്പോൾ റെക്കോഡ് ചെയ്ത് വച്ചിട്ടുണ്ട്. കാരണം ഏതെങ്കിലും ഒരുകാർമികൻ ഞാൻ മരിച്ചുവെന്ന് ഓർക്കാതെ ഇനി ബാബുപോൾ സാർ സംസാരിക്കും എന്നുപറഞ്ഞുചമ്മിപ്പോകാതിരിക്കാൻ അപ്പോൾ ഇത് സ്വിച്ച് ഓൺ ചെയ്യണമെന്ന് പറഞ്ഞ് സെക്യൂരിറ്റി അജിത്തിനെ ഏൽപിച്ചിരിക്കുകയാണ്. സഹോദരീ സഹോദരന്മാരെ ഭയപ്പെടേണ്ട. ഇത് ഞാൻ ജീവിച്ചിരിക്കുമ്പോൾ രേഖപ്പെടുത്തിയ പ്രസംഗമാണ് എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. ശവം വർത്തമാനം പറഞ്ഞാൽ ആളുകളൊക്കെ ഓടുമല്ലോ..

കെ.ബാലകൃഷ്ണാണ് ഇംഗ്ലീഷിലും മലയാളത്തിലും നന്നായി പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഇഷ്ടമുണ്ടായിരുന്ന ആൾ. ആർ. മനയ്ക്കലാത്ത് മറ്റൊരാൾ. പനമ്പള്ളി ഗോവിന്ദ മേനോന്റെ പ്രസംഗം കേമമായിരുന്നുവെന്നാണ് കേട്ടറിവ്. ഹൈക്കോടതി ജഡ്ജിയായിരുന്ന എംപി.മേനോന്റെ പ്രസംഗവും കേമം. എഴുത്തുകാരുടെ കൂട്ടത്തിൽ ജി.ശങ്കരകുറുപ്പ്, എം.കെ.സാനു മാസ്റ്റർ, എന്നിവരെ ഇഷ്ടമാണ്. പ്രസംഗിക്കാൻ ക്ഷണിക്കുമ്പോൾ ജന്മവാസനയെന്ന പോലെ കുരിശുവരയ്ക്കുന്ന സ്വഭാവമുണ്ട്. പലപ്പോഴും നാവിലാണ് കുരിശ ്വരയ്ക്കുക. കാഴ്ചക്കാർക്ക് അത് പല്ലിനിടയിലെ നാര് എടുത്തുകളയുന്നതാകാമെന്ന് തോന്നാമെന്നും ബാബുപോൾ പറയുന്നു. തന്റെ പ്രസംഗം കൊണ്ട് ഒരാൾക്കെങ്കിലും ഗുണമുണ്ടാകട്ടെ എന്നുകരുതിയാണ് കുരിശുവരയ്ക്കുന്നത്. പിന്നെ സംഘാടകരെ നിരാശപ്പെടുത്തരുതല്ലോ എന്നും കരുതും.' പുതിയ കാലത്ത് താൽപര്യം തോന്നിയ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങൾ ഒബാമയുടേതും മോദിയുടേതുമാണെന്നും ബാബുപോൾ ഒരഭിമുഖത്തിൽ പറഞ്ഞു.

വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുകളും അത് തുറന്നു പറയാനുള്ള ആർജ്ജവവും പൊതു സമൂഹത്തോടുള്ള കലർപ്പില്ലാത്ത പ്രതിബദ്ധതയുമായിരുന്നു ഡോ. ഡി ബാബുപോൾ എന്ന മനുഷ്യനെ വ്യത്യസ്തനാക്കിയിരുന്നത്. ചീഫ് സെക്രട്ടറിയുടെ പദവിയിൽ നിന്നും വിരമിച്ച ശേഷവും വിശ്രമമില്ലാതെ എഴുതുകയും പറയുകയും പൊതു സമൂഹത്തിൽ ഇടപെടുകയും ചെയ്യാൻ ബാബു പോളിന് കഴിഞ്ഞിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസിലെ തിരക്കുപിടിച്ച ജീവിതത്തിലും എഴുത്തും പ്രഭാഷണവും ഒപ്പം കൂട്ടാൻ ബോബുപോൾ മറന്നില്ല. ഒപ്പം തന്റെ നിലപാടുകളെ കൈവിട്ടുകളയാനും അദ്ദേഹം കൂട്ടാക്കിയുമില്ല.

1941 ഏപ്രിൽ 11ന് എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനിച്ച ബാബുപോൾ കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എൻജിനീയറിംങ്ങ് കോളെജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്.സി എൻജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964 ൽ ഐ.എ.എസിൽ പ്രവേശിച്ചു.

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്‌പെഷ്യൽ കളക്റ്ററുമായി 1971 മുതൽ പ്രവർത്തിച്ച ബാബുപോൾ ഇടുക്കി ജില്ല നിലവിൽ വന്ന 1972 ജനുവരി 26 മുതൽ 1975 വരെ ഇടുക്കി ജില്ലാ കളക്റ്ററായിരുന്നു. മാധ്യമം പത്രത്തിൽ 'മധ്യരേഖ' എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു. നവകേരള നിർമ്മാണ പദ്ധതിയുടെ ഉപദേശകനായും ബാബു പോൾ പ്രവർത്തിച്ചിട്ടുണ്ട്. കിഫ്ബി ഭരണസമിതി അംഗമെന്ന നിലയിലും ബാബു പോൾ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ തിരുവനന്തപുരത്തെ ഓഫീസ് ഉദ്ഘാടനത്തിൽ ബാബുപോൾ സംബന്ധിച്ചിരുന്നു.

ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ), കഥ ഇതുവരെ (അനുഭവകുറിപ്പുകൾ), രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇടുക്കിയെ കുറിച്ച് എഴുതിയ ഗിരിപർവ്വം ഏറെ പ്രശംസ പിടിച്ചുപറ്റിയ മലയാളത്തിലെ ആദ്യസർവീസ് സ്റ്റോറിയാണ്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഗിരിപർവ്വം പുറത്തിറങ്ങുമ്പോൾ അത് മലയാളത്തിലെ ആദ്യത്തെ സർവ്വീസ് സ്റ്റോറിയായിരുന്നു. ഇടുക്കിയിൽ കളക്ടർ ആയിരുന്ന സമയത്ത് ഡിസി കിഴക്കേമുറിയുടെ നിർദ്ദേശപ്രകാരമാണ് ഇതെഴുതിയതെന്ന് ബാബുപോൾ ആമുഖത്തിൽ അനുസ്മരിക്കുന്നുണ്ട്. പിന്നീട് ഔദ്യോഗിക ജീവിതസ്മരണകൾ സർവ്വീസ് സ്റ്റോറി എന്ന ശീർഷകത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ എഴുതിത്ത്ത്തുടങ്ങിയതോടെ അത് ആദ്യ സർവീസ് സ്റ്റോറിയായി കണക്കാക്കപ്പെടുകയായിരുന്നു.

ഭയമില്ലാത്ത വാഗ്മിയും ആയിരുന്നു ബാബു പോൾ. ഒരു ദളിത് മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് കണ്ടിട്ട് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞ ബാബു പോൾ എൻഡിഎയുടെ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് തനിക്ക് ഒരു പാർട്ടിയിലും അംഗമായിരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. അതേസമയം മോദി അധികാരത്തിൽ വരേണ്ടത് ബിജെപിയുടെ മാത്രമല്ല രാജ്യത്തിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP