Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വണ്ടൂരിലെ ആദ്യ എംബിബിഎസ് ബിരുദധാരി; മഞ്ചേരി റോഡരികിലെ വീട്ടിൽ എല്ലായിപ്പോഴും രോഗികൾ; ഭിന്നശേഷിക്കാർക്കും കാൻസർരോഗികൾക്കും പ്രത്യേക പരിഗണന; സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ കൂട്ടായ്മയിലൂടെ വണ്ടൂർ നിംസ് ആശുപത്രിക്ക് തുടക്കമിട്ടു; ഇന്നലെ വിട പറഞ്ഞ ഡോ. അബ്ദുൽ കരീം വണ്ടൂർകാരുടെ ജനകീയ ഡോക്ടർ

വണ്ടൂരിലെ ആദ്യ എംബിബിഎസ് ബിരുദധാരി; മഞ്ചേരി റോഡരികിലെ വീട്ടിൽ എല്ലായിപ്പോഴും രോഗികൾ; ഭിന്നശേഷിക്കാർക്കും കാൻസർരോഗികൾക്കും പ്രത്യേക പരിഗണന; സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ കൂട്ടായ്മയിലൂടെ വണ്ടൂർ നിംസ് ആശുപത്രിക്ക് തുടക്കമിട്ടു; ഇന്നലെ വിട പറഞ്ഞ ഡോ. അബ്ദുൽ കരീം വണ്ടൂർകാരുടെ ജനകീയ ഡോക്ടർ

ജാസിം മൊയ്തീൻ

മലപ്പുറം: ഇന്നലെ അന്തരിച്ച ഡോ.പി അബ്ദുൽ കരീം മലപ്പുറം ജില്ലയിലെ വണ്ടൂർ, എടവണ്ണ, മഞ്ചേരി പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ജനകീയ ഡോക്ടറായിരുന്നു. ഈ പ്രദേശത്ത് നിന്നും ആദ്യകാലത്ത് എംബിബിഎസ് ബിരുദം സ്വന്തമാക്കിയ അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു ഡോ. അബ്ദുൽ കരീം. എടവണ്ണ സർക്കാർ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ തന്നെ കാവനൂർ, പോരൂർ, തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും അദ്ദേഹം ജോലി ചെയ്തു.

വണ്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും മെഡിക്കൽ ഓഫീസറായിട്ടാണ് അദ്ദേഹം വിരമിച്ചത്. ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിൽ തന്നെയാണ് അദ്ദേഹത്തെയും കാൻസർ രോഗം പിടികൂടിയത്. പിന്നീട് കാൻസർ രോഗികൾക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇതിന്റെ ഭാഗമായി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് കാരുണ്യ കൂട്ടായ്മക്ക് അദ്ദേഹം രൂപം നൽകി. ഇതിലൂടെ കാൻസർ അതിജീവന കൂട്ടായ്മകളുടെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി.

ജില്ലാ കാൻസർ സൊസൈറ്റി അംഗം കൂടിയായിരുന്നു ഡോ. അബ്ദുൽ കരീം. കാരുണ്യ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെയും ആർസിസിയുടെയും അടക്കം വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും കാരുണ്യ കൂട്ടായ്മയിലൂടെ നേതൃത്വം നൽകി. ഇതേ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിന് വേണ്ടിയുടെ പ്രവർത്തനങ്ങളും നടപ്പിലാക്കി. ഇതിനായി ആശ്രയ എന്ന പേരിൽ ഭിന്ന ശേശി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ സ്‌കൂളും അദ്ദേഹം ആരംഭിച്ചു. ഈ സ്‌കൂൾ നിരവധി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്രയമായി. ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രിന്റിങ് ടെകനോളജി ഉൾപ്പെടെയുള്ള തൊഴിൽ പരിശീലനങ്ങളും ആശ്രയ സ്‌കൂളിൽ ആരംഭിച്ചിരുന്നു.

ലളിത ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയായ വ്യക്തികൂടിയായിരുന്നു ഡോ. പി അബ്ദുൽ കരീം. മഞ്ചേരി റോഡരികിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ എല്ലായിപ്പോഴും രോഗികളുടെ തിരക്കായിരുന്നു. വളരെ കുറഞ്ഞ ഫീസായിരുന്നു അവിടെ അദ്ദേഹം ഈടാക്കിയിരുന്നത്. പലർക്കും ചികിത്സ സൗജന്യമായിരുന്നു. പണമില്ലാത്തവർക്ക് സ്വന്തം കയ്യിൽ നിന്നും പണം മുടക്കി മരുന്നും ചികിത്സയും അദ്ദേഹം നൽകിയിരുന്നു. ഏത് സമയത്തും ഈ വീട്ടിലേക്ക് രോഗികൾക്ക് പ്രവേശനമുണ്ടായിരുന്നു.

വണ്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും മെഡിക്കൽ ഓഫീസറായി വിരമിച്ചതിന് ശേഷം അദ്ദേഹം ഒരു കൂട്ടായ്മ രൂപീകരിക്കുകയും ആ കൂട്ടായ്മയിലൂടെ വണ്ടൂരിൽ ഒരു അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതാണ് വണ്ടൂരിൽ ഇന്നുള്ള നിംസ് ആശുപത്രി. നിംസ് ആശുപത്രിയുടെ സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹം. നിംസ് ആശുപത്രിയിലും അദ്ദേഹം രോഗികളിൽ നിന്നും വളരെ ചെറിയ ഫീസാണ് ഈടാക്കിയിരുന്നത്. ഇവിടെയും പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചിക്തസയും മരുന്നും നൽകാൻ അദ്ദേഹം മറന്നില്ല.

രോഗികൾക്ക് മുന്നിൽ സ്വന്തം ജീവിതം വിവരിച്ച് ആത്മവിശ്വാസം പകർന്ന ആളായിരുന്നു ഡോ. പി അബ്ദുൽ കരീം. 76 വയസ്സുണ്ടായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്. കയനിക്കര ഖദീജയാണ് അദ്ദേഹത്തിന്റെ ഭാര്യ. യൂനുസ്, ഉമൈസ, ഡോ. ഹിഫ്സുറഹ്മാൻ, ലിൻസ് ജമാൽ എന്നിവർ മക്കളും ഡോ. സി.ടി.പി. അബ്ദുൾ ഗഫൂർ, ഷെറിൻ യൂനുസ്, റിസവാൻ ഹിഫ്സു റഹമാൻ, ഹംന ജമാൽ എന്നിവർ മരുമക്കളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP