Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലഞ്ചു ദിവസം കോഴി മടിപിടിച്ച് ഇരുന്നു കണ്ടാൽ പിടിച്ചു വെള്ളത്തിൽ എറിയും; ഉള്ളിലെ തമസ്സ് മാറ്റി കഴിവുകളെ ഉണർത്താൻ ശ്രമിച്ചാൽ എല്ലാം സാധിക്കുമെന്ന് ഉപദേശിച്ചത് സ്വന്തം അമ്മയുടെ ഇടപെടൽ ഉദാഹരണമാക്കി; .മകളിലെ ദൈവീകത തിരിച്ചറിഞ്ഞതു മുതൽ മകളെ അമ്മ എന്നു വിളിച്ച പെറ്റമ്മ; ദമയന്തി അമ്മയ്ക്ക് അമൃതാനന്ദമയിയുടെ അന്ത്യചുംബനം

നാലഞ്ചു ദിവസം കോഴി മടിപിടിച്ച് ഇരുന്നു കണ്ടാൽ പിടിച്ചു വെള്ളത്തിൽ എറിയും; ഉള്ളിലെ തമസ്സ് മാറ്റി കഴിവുകളെ ഉണർത്താൻ ശ്രമിച്ചാൽ എല്ലാം സാധിക്കുമെന്ന് ഉപദേശിച്ചത് സ്വന്തം അമ്മയുടെ ഇടപെടൽ ഉദാഹരണമാക്കി; .മകളിലെ ദൈവീകത തിരിച്ചറിഞ്ഞതു മുതൽ മകളെ അമ്മ എന്നു വിളിച്ച പെറ്റമ്മ; ദമയന്തി അമ്മയ്ക്ക് അമൃതാനന്ദമയിയുടെ അന്ത്യചുംബനം

ആർ പീയൂഷ്

കൊല്ലം: സ്വന്തം മകളെ അമ്മ എന്ന് വിളിച്ച ഏക സ്ത്രീയായിരിക്കണം ഇന്ന് അമൃതപുരിയിൽ അന്തരിച്ച മാതാ അമൃതാനന്ദമിയുടെ അമ്മ ദമയന്തിയമ്മ. മകളിലെ ദൈവീകത തിരിച്ചറിഞ്ഞതു മുതൽ അവർ അമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. മകളെ ഭക്തിയോടെ മാത്രം കണ്ടിരുന്ന ദമയന്തിയമ്മ വർഷങ്ങളോളം അമൃതാനന്ദമയി ആശ്രമത്തിലെ ഭക്ത കൂടിയായിരുന്നു.

പറയകടവിലെ പ്രാചീന കുടുംബമാണ് ഇടമണ്ണേൽ. മത്സ്യബന്ധനവും കച്ചവടവുമായിരുന്നു ഇവരുടെ വരുമാനം. ഈ കുടുംബത്തിലേക്കാണ് സുഗുണാനന്ദൻ ദമയന്തിയെ കൈപിടിച്ച് കൂട്ടികൊണ്ട് വന്നത്. കഥകളി നടൻ കൂടിയായിരുന്ന സുഗുണാനന്ദൻ സാംസ്കാരിക പ്രവർത്തനങ്ങളിലും തല്പരനായിരുന്നു. വീടിന്റെ ഐശ്വര്യമായിരുന്നു അവർ എന്ന് അമൃതാനന്ദമയി എപ്പോഴും പറയുമായിരുന്നു.

ഇവരുടെ ഒൻപതു മക്കളിൽ നാലാമത്തെയാളാണ് അമൃതാനന്ദമയി. അന്ന് അവർ സുധാമണി എന്ന പേരാണ് നൽകിയിരുന്നത്. ഓർമ വച്ചകാലം മുതൽ തന്നെ കൃഷ്ണ ഭക്തയായി മാറിയ മകളുടെ ശീലങ്ങൾ പലപ്പോഴും ദമയന്തിയമ്മയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പലപ്പോഴും അവർ വിലക്കി. ആദ്ധ്യാത്മികത തേടി സുധാമണി വീടിന് പുറത്തായിരുന്നു താമസം. അന്ന് മകളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടിയെങ്കിലും പതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുകയായിരുന്നു. പിന്നീട് അമ്മ എന്ന് ഭക്തിയോടെ വിളിച്ചു പോന്നു.

വലിയ ആചാരനിഷ്ഠയുള്ളയായിരുന്നു ദമയന്തിയമ്മ. പുലർച്ചെ 2 മണിക്ക് മുടങ്ങാതെ എഴുന്നേൽക്കും. വീടും പരിസരവും ആശ്രമവും വൃത്തിയാക്കിയ ശേഷം വിളക്കുകൾ തേച്ചു മിനുക്കിയെടുക്കും. പിന്നെ 6 മണി വരെ പ്രാർത്ഥനയാണ്. ആശ്രമത്തിലെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരുന്നു.

അന്നത്തെ കാലത്ത് പൂജയ്ക്കായി തെങ്ങിൽ നിന്നും തോട്ടി ഉപയോഗിച്ച് കരിക്ക് ഇടുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുമായിരുന്നു. ആശ്രമത്തിലെത്തുന്നവരോട് ഭവ്യതയോടെ മാത്രമേ സംസാരിച്ചിരുന്നുള്ളൂ. മകൾ ലോകം ആരാധിക്കുന്നയാളായി മാറിയപ്പോഴും അവർ പഴയ പോലെ തന്നെ തന്റെ കർമ്മം തുടർന്ന് വരികയായിരുന്നു. ഒരു വർഷം മുൻപാണ് പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകളാൽ കിടപ്പിലാകുന്നത്.

അമൃതാനന്ദമയി ഗുരുസ്ഥാനത്ത് കണ്ടിരുന്നത് മാതാവ് ദമയന്തിയമ്മയെയായിരുന്നു. ആചാര നിഷ്ഠയായ ഈശ്വര ഭക്തയും കുടുംബ ഭരണത്തിൽ വളരെ കർക്കശക്കാരിയുമായിരുന്നു. ദമയന്തി അമ്മയിൽ നിന്നാണ് താൻ ഈ ലോകം മനസ്സിലാക്കിയത് എന്നും മാതാ അമൃതാനന്ദമയി തന്റെ പ്രഭാഷണങ്ങളിൽ അനുനായികളെ ഓർമിപ്പിച്ചിരുന്നു.

തന്നിലെ ഈശ്വര വാസന ആദ്യം അറിഞ്ഞതും അമ്മയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം നാളെ വൈകുന്നേരം അഞ്ച്മണിക്ക് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒരു പ്രഭാഷണത്തിൽ അമ്മയെ കുറിച്ച് അമൃതാനന്ദമയി പറഞ്ഞത് ഇങ്ങനെ

അതു പറയുന്‌പോൾ അമ്മയുടെ കുട്ടിക്കാലത്തെ ഒരു സംഭവം ഓർക്കുകയാണ്: എന്റെ വീട്ടിൽ കോഴികളെ വളർത്തുമായിരുന്നു. അത് നാടൻ കോഴികളാണ്, ബ്ലോക്ക് കോഴിയല്ല. അത് കുറച്ചു മുട്ടയിട്ടുകഴിഞ്ഞാൽ പിന്നെ കുറച്ചു നാളേക്ക് മുട്ടയിട്ടില്ല. അത് അടയിരിക്കുന്നു എന്നാണ് പറയുന്നത്. ഒരു മൂലയിൽപോയി അങ്ങാതെ ഇരിക്കും. ഒരു പനി വന്നപോലെ മൂലയിൽപോയി ഇരിക്കും. അത് ആളുകളെ അടുപ്പിക്കില്ല. ഇര കൊത്തിത്തിന്നാൻ പോകില്ല. കൊടുത്താലും തിന്നില്ല. അടുത്തോട്ടു ചെന്നാൽ ശബ്ദമുണ്ടാക്കും. അങ്ങിനെ ഇരുന്നാൽ അഞ്ചാറുമാസം അങ്ങിനെ തന്നെ ഇരിക്കും. ഓടിച്ചുവിട്ടില്ലെങ്കിൽ ചത്തുപോകാനും ഇടയുണ്ട്.

നാലഞ്ചു ദിവസം അങ്ങിനെ ഇരുന്നു കണ്ടാൽ ദമയന്തിയമ്മ കോഴിയെ പിടിച്ചു വെള്ളത്തിൽ എറിയും. വെള്ളത്തിൽ മുങ്ങാതിരിക്കാൻ വേണ്ടി ചിറകടിച്ചു ചിറകടിച്ചു കരയിലേക്ക് വരും. പിന്നെയും അമ്മ വെള്ളത്തിൽ ഏറിയും. പിന്നെയും ചിറകടിച്ചു കരയിലേക്ക് വരും. അങ്ങിനെ നാലഞ്ചു പ്രാവശ്യം എറിഞ്ഞുകഴിയുന്‌പോൾ മൂലക്കിരിക്കാൻ പോകില്ല. നടന്നു കൊത്തിത്തിന്നാൻ തുടങ്ങും. പതിനഞ്ചു ദിവസം കഴിയുന്‌പോൾ മുട്ടയിടാൻ തുടങ്ങും.

സത്യത്തിൽ ഈ കഴിവ് കോഴിക്ക് ഉണ്ടായിരുന്നില്ലേ. അങ്ങിനെ വെള്ളത്തിലേക്ക് എറിഞ്ഞതുകൊണ്ടല്ലേ ഉണർത്തികൊണ്ടുവരാൻ കഴിഞ്ഞത്. ഇതുപോലെ നമ്മുടെ ഉള്ളിലെ തമസ്സ് മാറ്റി കഴിവുകളെ ഉണർത്താൻ ശ്രമിച്ചാൽ എല്ലാവർക്കും സാധിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP