Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ഈറ്റയും, ഹിമവാഹിനിയും, അനുരാഗിയും, പാവം പാവം രാജകുമാരനും അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ;മലയാളത്തിലെ ആദ്യ യുഎഫ്ഒ സിനിമാ റിലീസ് നടത്തി; ഉദയംപേരൂരിൽ അഞ്ചേക്കറിലുള്ള സ്റ്റുഡിയോയും ശ്രദ്ധേയം; പ്രശസ്ത സിനിമ നിർമ്മാതാവ് ചെറുപുഷ്പം കൊച്ചേട്ടൻ ഓർമ്മയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മലയാള ചലച്ചിത്രലോകത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജോസഫ് ജെ കക്കാട്ടിൽ എന്ന ചെറുപുഷ്പം കൊച്ചേട്ടൻ(86) അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമജീവിതംജീവിതം നയിച്ചു വരികയായിരുന്നു. ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം.സംസ്്കാരം ശനിയാഴ്ച പകൽ മൂന്നിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം രാവിലെ എട്ടിന് പുലിയന്നൂരിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. ഇദ്ദേഹത്തിന്റെ യഥാർഥ പേരി ജോസഫ് ജെ കക്കാട്ടിലെന്നാണ്. ആദ്യകാല സിനിമ നിർമ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയായ കൊച്ചേട്ടൻ പാലായിലെ ആദ്യകാല വ്യാപാരിയുമാണ്.

മലയാള സിനിമ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ആദ്യകാല ബാനറായിരുന്ന ചെറുപുഷ്പം ഫിലിംസ്. അക്കാലത്തെ പ്രമുഖ നടീനടന്മാർ ഈ നിർമ്മാണ കമ്പനിയുടെ സിനിമയിൽ അവസരം ലഭിക്കാൻ കാത്തിരുന്ന കാലം ഉണ്ടായിരുന്നു. ആദ്യകാല സൂപ്പർ ഹിറ്റുകൾ ഉൾപ്പെടെ പത്തിലേറെ സിനിമകൾ നിർമ്മിച്ച ചെറുപുഷ്പം ഫിലിംസ് ദക്ഷിണേന്ത്യയിലെ പ്രധാന നിർമ്മാതാക്കളായിരുന്ന സൂപ്പർഗുഡുമായി ചേർന്ന് എട്ട് സിനിമകളും പുറത്തിറക്കി. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ഡിജിറ്റൽ വിപ്ലവമായ യുണൈറ്റഡ് ഫിലിം ഓർഗനൈസേഷൻ (യുഎഫ്ഒ) എന്ന സാറ്റലൈറ്റ് സിനിമാ റിലീസ് സംവിധാനം എന്ന ആശയം മലയാള സിനിമയിൽ ആദ്യമായി നടപ്പാക്കിയത് ചെറുപുഷ്പം ഫിലിംസ് വഴിയായിരുന്നു. കൊച്ചി ഉദയംപേരൂരിൽ അഞ്ചേക്കറിലുള്ള ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലം വരെയും സിനിമാ കേന്ദ്രമായിരുന്നു.

1975 ൽ അനാവരണം എന്ന സിനിമയുടെ നിർമ്മാണത്തിലൂടെയാണ് കൊച്ചേട്ടൻ സിനിമ നിർമ്മാണ രംഗത്ത് എത്തിയത്. ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും സിനിമ നിർമ്മാണ രംഗത്തുകൊച്ചേട്ടൻ ശ്രദ്ധേയനായി. ചിത്രത്തിലെ അണിയറക്കാർക്കെല്ലാം നഷ്ടം സഹിച്ചും അദ്ദേഹം പ്രതിഫലം നൽകിയത് ചലച്ചിത്ര രംഗത്ത് സംസാരവിഷയമായിരുന്നു. തുടർന്ന് താൽകാലികമായി സിനിമാലോകത്ത് വിട്ടു നിന്ന കൊച്ചേട്ടൻ, സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററിന്റെ നിർദ്ദേശാനുസരണം വീണ്ടും സജ്ജീവമായി.

1977ൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാറായി മാറിയ ശ്രീദേവി, മധു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെറുപുഷ്പം ഫിംലിംസ് നിർമ്മിച്ച 'ആ നിമിഷം' വലിയ വിജയം നേടി. അടുത്തവർഷം (1978) കമൽഹാസൻ, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ 'ഈറ്റ'യും വൻവിജയം നേടിയതോടെ മലയാള സിനിമയിൽ ഏറ്റവും മികച്ച ബാനറായി ചെറുപുഷ്പം ഫിലിംസും ഉടമയായ കൊച്ചേട്ടനും വളർന്നു. സംവിധായക പ്രതിഭകളായ എ വിൻസെന്റ്, ഐ വി ശശി, ഭരതൻ, പി ജി വിശ്വംഭരൻ, ശശികുമാർ, കമൽ തുടങ്ങി പ്രമുഖർക്കൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനായി. നിത്യഹരിതനായകൻ പ്രേംനസീർ, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ,മധു, സുകുമാരൻ, സുരേഷ്ഗോപി, ജയറാം, ശ്രീനിവാസൻ, ജഗതി, ഷീല, ജയഭാരതി, ശ്രീദേവി, സീമ, രമ്യാകൃഷ്ണൻ, കെപിഎസി ലളിത, മേനക, ഉർവ്വശി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ കൊച്ചേട്ടന്റെ ചിത്രങ്ങളിൽ അഭിനേതാക്കളായി.

നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊമ്പരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരൻ എന്നീ ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചത് ചെറുപുഷ്പം ഫിലിംസാണ്. 'നാടൻ പെണ്ണും നാട്ടുപ്രമാണിയും' എന്ന സിനിമയാണ് അവസാനമായി മലയാളത്തിൽ നിർമ്മിച്ചത്. അവസാന കാലത്തും സിനിമയിലെ സുഹൃദ്ബന്ധങ്ങൾ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

സിനിമയുടെ പാലായിലെ കേന്ദ്രമായാണ് കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്. അക്കാലത്തെ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്ന കൊച്ചേട്ടന്റെ വീടായിരുന്നു സിനിമാ പ്രവർത്തകരുടെയും നടീനടന്മാരുടെയും താമസസ്ഥലം. ജില്ലയിൽ എവിടെ ചിത്രീകരണം നടന്നാലും താമസം ഒരുക്കിയിരുന്നത് ഈ വലിയ വീട്ടിലായിരുന്നു. നിരവധി സിനിമകളിലും ഈ വീട് കഥാപാത്രമായിട്ടുണ്ട്. പ്രശസ്ത താരങ്ങൾ ആഴ്ചകളോളം കൊച്ചേട്ടന്റെ അതിഥികളായും കഥാപാത്രങ്ങളായും പുലിയന്നൂരിലെ വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്. കൂടാതെ സിനിമമേഖല പുതുതലമുറയിലേക്ക് മാറിയതോടെയാണ് കൊച്ചേട്ടൻ സിനിമാലോകത്ത് നിന്നും മാറിയത്.

പാലായിലെ ചെറുപുഷ്പം ചാരിറ്റബിൾ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിങ് ട്രസ്റ്റി, ടെക്സ്‌റ്റൈൽസ് വ്യാപാരം, ഹോം അപ്ലയൻസ് തുടങ്ങിയ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു.ഭാര്യ: പരേതയായ അന്നക്കുട്ടി തൊടുപുഴ വലിയമരുതുങ്കൽ കുടുംബാംഗം. മക്കൾ: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്സി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ ഡോ. ജോസി മാളിയേക്കൽ (എറണാകുളം), ജോയ് മാളിയേക്കൽ (പാലാ), വിൽസൺ നിരപ്പേൽ (തൊടുപുഴ), സണ്ണി പുത്തോക്കാരൻ (എറണാകുളം), ജ്യോതി ചെറക്കേക്കാരൻ (തൃശൂർ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP