Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുന്നി ആശയാദർശങ്ങളിൽ കണിശത പുലർത്തിയ വ്യക്തിത്വം; മുസ്ലിംലീഗുമായി സമസ്തയുടെ ആത്മബന്ധം കാത്തുസൂക്ഷിച്ച മുൻനിരക്കാരൻ; മുസ്ലിം പണ്ഡിത കുടുംബത്തിലെ കാരണവർ: വിടപറഞ്ഞ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരെ അറിയാം

സുന്നി ആശയാദർശങ്ങളിൽ കണിശത പുലർത്തിയ വ്യക്തിത്വം; മുസ്ലിംലീഗുമായി സമസ്തയുടെ ആത്മബന്ധം കാത്തുസൂക്ഷിച്ച മുൻനിരക്കാരൻ; മുസ്ലിം പണ്ഡിത കുടുംബത്തിലെ കാരണവർ: വിടപറഞ്ഞ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരെ അറിയാം

എം പി റാഫി

കോഴിക്കോട്: സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വിയോഗത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും കേരളത്തിലെ ഇസ്ലാമിക സമൂഹത്തിനും നഷ്ടമായത് കർമ്മ ശാസ്ത്ര വിദഗ്ദനെയും അഗാധ പാണ്ഡിത്യത്തിന് ഉടമയായ ആത്മീയ ഗുരുവിനെയുമാണ്. സുന്നി ആശയാദർശങ്ങളിൽ കണിശത പുലർത്തിയ സൈനുദ്ധീൻ മുസ്ലിയാർ ഇസ്ലാമിലെ പുത്തൻ ആശയങ്ങൾക്കെതിരെയും തീവ്രവാദ നിലപാടുകൾക്കെതിരെയും എക്കാലത്തും പ്രതിരോധ മതിൽ തീർത്തു. 1989ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന കേരളത്തിലെ ആധികാരിക പണ്ഡിത സഭയിലുണ്ടായ പിളർപ്പിനു ശേഷമായിരുന്നു ഇ.കെ സമസ്തയുടെ അമരത്തേക്ക് ചെറുശ്ശേരി എന്ന പണ്ഡിത പ്രതിഭയുടെ നിയോഗം തുടങ്ങുന്നത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തൊണ്ണൂറാം വാർഷികം ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു ഇ.കെ സുന്നികളുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്നത്. കേരളത്തിലെ ഭൂരിഭാഗം മുസ്ലിംങ്ങളും അണിനിരക്കുന്ന സമസ്തയുടെ നേതൃപരമായ പങ്കുവഹിച്ച പണ്ഡിത പ്രമുഖരിലെ മുഖ്യ കാര്യദർശികളിൽ ഒരാളായിട്ടായിരിക്കും ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാരെ ഓർക്കുക. സമസ്തയിലെ പിളർപ്പിനു ശേഷമുണ്ടായ നിർണായക കാലയളവിൽ രണ്ടുപതിറ്റാണ്ടുകാലം ജനറൽ സെക്രട്ടറിയായി തുടരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം ഇന്നുണ്ടായത്.

1937ൽ ഒക്‌ടോബർ മാസം പണ്ഡിതനും സ്വൂഫിയുമായിരുന്ന ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടേയും, മൊറയൂരിലെ ബംഗാളത്ത് പാത്തുമ്മുണ്ണിയുടെയും മകനായി മാതൃ ഗൃഹത്തിലായിരുന്നു ചെറുശ്ശേരിയുടെ ജനനം. പണ്ഡിത കുടുംബത്തിൽ ജനിച്ച സൈനുദ്ദീൻ മുസ്ലിയാർ മതവിജ്ഞാനവും തഖ്‌വയും എന്നും കൈമുതലായിരുന്നു. സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ ജനറൽ സെക്രട്ടറിയും കേരളത്തിലെ നിരവധി (നൂറോളം)മഹല്ലുകളുടെ ഖാളിയും, ദാറുൽഹുദാ ഇസ്‌ലാമിക് യൂണി വേഴ്‌സിറ്റിയുടെ പ്രോ ചാൻസിലറുമായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ ചെറുശ്ശേരി പണ്ഡിത കുടും ബത്തിലെ അവസാന കണ്ണിയാണ്. ആദ്യകാലങ്ങളിൽ കൊണ്ടോട്ടി തുറക്കൽ എന്ന സ്ഥലത്ത് താമസമാക്കുകയും നിലവിൽ കൊണ്ടോട്ടി ഖാളിയാരകത്ത് താമസിക്കുകയും ചെയ്യുന്ന ചെറുശ്ശേരി പണ്ഡിത കുടുംബം കേരളത്തിൽ ജ്ഞാനപ്രസരണത്തിൽ പ്രത്യേകിച്ച് കർമ്മശാസത്ര മേഖലയിൽ വലിയ സംഭാവന ചെയ്ത കുടുംബമാണ്.

ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാർ, ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാർ, സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ എന്നിവരാണ് ഈ കുടുംബത്തിൽ ഏറെ ഖ്യാതി നേടിയ പണ്ഡിതർ. കൊണ്ടോട്ടിയുടേയും ഖാദിയാരകം മഹല്ലിലേയും മത, സാമൂഹിക, വിദ്യാഭ്യാസ മേഖലയിൽ അമൂല്യമായ സംഭാവനകൾ നൽകിയവരാണ് ചെറുശ്ശേരി കുടുംബം. പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഈ കുടുംബത്തിന്റെ നേതൃത്വത്തിൽ ഇന്നും നടന്നു വരുന്നു. ജമാഅത്ത് ഖുല്ലത്തുൽ ഇസ്‌ലാം എന്ന സംഘടിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്നും ഖാദിയാരകം മഹല്ലിന്റെ വിദ്യാഭ്യാസപരവും മതപരവുമായ മേഖലകളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. മഖ്ദൂം നാലാമന് ശേഷം ഖാദിയാരകം പള്ളിയുടെ ഖാളി സ്ഥാനം ഇതുവരെയും അലങ്കരിച്ചു വന്നത് ചെറുശ്ശേരി പണ്ഡിത കുടുംബത്തിലെ കാരണവരാണ്.

ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരാണ് സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ പിതാവ്. ചെറു ശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാരുടെ ജ്യേഷ്ഠ സഹോദരനും ഗുരുനാഥനുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർക്ക് കൊണ്ടോട്ടിക്കാരിയായ ഭാര്യയിൽ ജനിച്ച പുത്രനാണ് ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാർ. പുത്രൻ പിതാവിന്റെ പൊരുളാണെന്ന വാക്യം പൂർണാർത്ഥത്തിൽ യോജിക്കുന്നതാണ് സൈനുൽഉലമയുടെ ജീവിതവും. പള്ളിപ്പറമ്പിൽ ശൈഖ് മൊല്ലാക്കയുടെ ഓത്ത് പള്ളിയിൽ അൽപകാലവും, കൊണ്ടോട്ടി സ്‌കൂളിൽ എട്ട് വർഷവും വിദ്യനുകർന്ന ശേഷം സൈനുൽ ഉലമ കിതാബുകളുടെയും മതപഠന ലോകത്തേക്കും തിരിയുകയായിരുന്നു.

ഏഴ് വർഷം പിതാവ് മുഹമ്മദ് മുസ്‌ലിയാരുടെ ദർസിൽ ആത്മീയശിക്ഷണത്തിലൂടെ മത വിഷയങ്ങളെല്ലാം ഗഹനമായി പഠിക്കുകയും, ജീവിതത്തിനുവേണ്ട എല്ലാ വിധ ഊർജ്ജവും ആർജ്ജിച്ചെടുക്കുകയുമുണ്ടായി. ആ ദർസ്‌കാലം തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സൈനുദ്ധീൻ മുസ്ലിയാർ പലപ്പോഴായി അനുസ്മരിച്ചിരുന്നു. പിന്നീട് മഞ്ചേരിയിൽ ഓവുങ്ങൽ അബ്ദുർറഹ്മാൻ മുസ്‌ലിയാരുടെ ദർസിൽ രണ്ട് വർഷം പഠി ച്ചു. പഠന ശേഷം ആദ്യമായി ദർസ് തുടങ്ങിയ കോടങ്ങാട്ട് മൂന്ന് വർഷത്തെ അദ്ധ്യാപനത്തിന് ശേഷം ഒരു വർഷത്തെ ലീവെടുത്ത് കേരളത്തിലെ പ്രസിദ്ധമായ ദർസ് നടന്നിരുന്ന ചാലിയത്ത് ഓടക്കൽ സൈനുദ്ദീൻ(ഏന്തീൻകുട്ടി)മുസ്‌ലിയാരുടെ ദർസിൽ പഠിക്കുകയുണ്ടായി. കേരളത്തിലെ ഇസ്ലാമിക പണ്ഡിതരുടെ പ്രധാന ഗുരുവര്യരായിരുന്നു ഓ.കെ സൈനുദ്ധീൻ മുസ്ലിയാർ.

പഠനം കഴിഞ്ഞ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ ഔദ്യോഗികമായി അദ്ധ്യാപന രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. പിതാവ് ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാർ തന്നെയാണ് ദർസുത്ഘാടനം നിർവഹിച്ചത്. ഹിജ്‌റ വർഷം 1396 ശഅ്ബാൻ 18 ന് കോടങ്ങാട്ടെ ദർസ് സേവനം അവസാനിപ്പിക്കുമ്പോൾ ആകെ പത്തൊമ്പതുകൊല്ലത്തിനിടയിൽ 18 കൊല്ലമാണ് അവിടെ ദർസ് നടത്തിയത്. 1977 സെപ്റ്റംബർ 25 നായിരുന്നു ചെമ്മാട് അദ്ധ്യാപനവുമായി ബന്ധപ്പെട്ട് മാറുന്നത്.

ചെമ്മാട്ടെ ദർസ് ജീവിതം പതിനെട്ട് വർഷക്കാലം നീണ്ടുനിന്നു. ഇക്കാലയളവിലായിരുന്നു ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി സ്ഥാപിതമാവുന്നത്. ദാറുൽഹുദായുടെ സ്ഥാപകനേതാവും പ്രഥമ പ്രിൻസിപ്പളുമായിരുന്ന ബശീർ മുസ്‌ലിയാരുടെ വിയോഗ ത്തിന് ശേഷം സൈനുദ്ദീൻ മുസ്‌ലിയാരായിരുന്നു പ്രിൻസിപ്പൾ. 1994 ജൂൺ 8 മുതൽ ദാറുൽഹുദയിൽ സ്ഥിരമായി. ഇന്ത്യക്കകത്തും പുറത്തും, ഏഴ് വൻകരകളി ലായി ഇസ്‌ലാമിക പ്രബോധന സംസ്‌കരണ പ്രവർത്തനങ്ങളുമായി സജീവമായിക്കൊണ്ടിരിക്കുന്ന ആയിര ക്കണക്കിന് ശിഷ്യഗണങ്ങളെ അദ്ദേഹം സമൂഹമദ്ധ്യേ ഇക്കാലയളവിൽ സമർപ്പിച്ചു.

1980ൽ സമസ്ത മുശാവറ അംഗവും തൊട്ടടുത്ത വർഷം ഫത്‌വാ കമ്മിറ്റി അംഗവുമായി. 1994 ജൂൺ 11 മുതൽ സി.എച്ച് ഐദറൂസ് മുസ്‌ലിയാർക്ക് ശേഷം വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള പരീക്ഷാ ബോർഡ് ചെയർമാനായി നിയമിതനായി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർക്ക് ശേഷം 1996ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. അത് വരെ ഖജാഞ്ചിയായിരുന്നു. സമസ്ത ഫത്‌വ കമ്മിറ്റിയിലേക്ക് വരാറുള്ള പല സങ്കീർണ്ണ വിഷയങ്ങളെയും തീർപ്പ് കൽപിക്കുന്നതിനും പഠിക്കുന്നതിനുമായി സൈനുദ്ധീൻ മുസ്ലിയാരെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.

1980ൽ മുശാവറയിൽ അംഗമാവുകയും ചെയ്തതോടെ കർമ്മ മണ്ഢലങ്ങളിൽ സജീ വമായിത്തുടങ്ങി. പിന്നീടങ്ങോട്ട് വളരെ വേഗത്തിലുള്ള ഉയർച്ചകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എത്ര സങ്കീർണ്ണമാണെങ്കിലും ഞൊടിയിടയിൽ തീർപ്പുനൽകുകയും ഇസ്ലാമിക നിയമത്തിൽ നിന്നുകൊണ്ട് അദ്ദേഹം തീർപ്പു കൽപ്പിക്കുകയും ചെയ്തരുന്നു. സമസ്തയുടെ ആധികാരിക ശബ്ദം എന്നതിലുപരി നവീന ആശയവുമായി കടന്നുവരുന്ന മുജാഹിദ്, ജമാഅത്തേ ഇസ്ലാമി പ്രസ്ഥാനങ്ങൾക്കെതിരെയും തീവ്രവാദ നിലപാടുമായി കടന്നുവരുന്നവർക്കെതിരെയും ചെറുശ്ശേരി നിലപാട് കടുപ്പിച്ചു. സുന്നി ആദർശ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ വാദം നടത്താൻ കോടതിയിൽ പോയിട്ടുണ്ട്. ഒന്ന് തൃശൂർ ജില്ലയിലെ ഒരു പ്രദേശത്ത് മഹാന്മാരുടെ മഖ്ബറ കെട്ടിപ്പൊക്കുന്നതുമായി ബന്ധപ്പെട്ട് അന്നാട്ടിലുള്ള ചില പണ്ഡി തർ നൽകിയ ഫത്‌വയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിലായിരുന്നു. മറ്റൊന്ന് പുത്തൂർ ഫൈസിയുടെ ഫത്ഹുൽമുഈൻ പരിഭാഷയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിലാണ്. രണ്ട് പ്രാവശ്യവും അദ്ദേഹത്തിന് കോടതിയിൽ നിന്നും വിജയം കൈവരിക്കാൻ സാധിച്ചു.

സമസ്തയുടെ മേലുള്ള മുസ്ലിംലീഗിന്റെ ആധിപത്യം 1989ൽ സമസ്തയെ പിളർപ്പിലേക്ക് എത്തിച്ചെങ്കിലും മുസ്ലിംലീഗുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നതിനും സമസ്തയുടെ നിലപാടിനെതിരെ ലീഗിന് കടിഞ്ഞാണിടുകയും ചെയ്ത നേതാവായിരുന്നു ചെറുശ്ശേരി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എ പി സമസ്തയുമായി ലീഗ് അടുക്കുന്നതിനെതിരെ പരസ്യ നിലപാട് എടുക്കുകയും ലീഗിനുമേൽ സമസ്ത സമ്മർദ ശക്തിയായതും ചെറുശ്ശേരിയുടെ ഇടപെടലായിരുന്നു. എ പി സുന്നികളടക്കമുള്ള മറ്റു മുസ്ലിം സംഘടനകളുമായി ലീഗ് അടുപ്പം പാലിക്കുന്നതിനെ സമസ്ത എതിർത്തു. മാത്രമല്ല, സമസ്തയുടെ നിലപാടിൽ നിന്നും ലീഗ് മാറി ചിന്തിച്ച സാഹചര്യങ്ങളിൽ ഇത് തുറന്നു കാണിക്കാനും ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ മുൻപന്തിയിലുണ്ടായിരുന്നു. ബന്ധങ്ങളിൽ യാതൊരു കുറവും വരുത്താതിരുന്നു സൈനുദ്ധീൻ മുസ്ലിയാർ വിനയവും തഖ്‌വയുമായിരുന്നു ജീവിതമുദ്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP