Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പ്രേംനസീർ നായകനായ സിനിമയ്ക്ക് കോറസ് പാടി അഭിനയിച്ച് രംഗപ്രവേശം; കമൽഹാസനും മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും നൃത്തച്ചുവടുകൾ പകർന്നുനൽകി; നടി ശ്രീദേവി പതിനെട്ട് വയസ്സുവരെ നൃത്തം അഭ്യസിച്ചതും മാസ്റ്റരുടെ കീഴിൽ; നൃത്ത സംവിധായകൻ ചെന്നൈ ശ്രീധരൻ മാസ്റ്റർ വിടവാങ്ങുമ്പോൾ ഓർമയാകുന്നത് തെന്നിന്ത്യൻ സിനിമയിലെ തിളങ്ങുന്ന ഒരുകാലഘട്ടം

പ്രേംനസീർ നായകനായ സിനിമയ്ക്ക് കോറസ് പാടി അഭിനയിച്ച് രംഗപ്രവേശം; കമൽഹാസനും മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും നൃത്തച്ചുവടുകൾ പകർന്നുനൽകി; നടി ശ്രീദേവി പതിനെട്ട് വയസ്സുവരെ നൃത്തം അഭ്യസിച്ചതും മാസ്റ്റരുടെ കീഴിൽ; നൃത്ത സംവിധായകൻ ചെന്നൈ ശ്രീധരൻ മാസ്റ്റർ വിടവാങ്ങുമ്പോൾ ഓർമയാകുന്നത് തെന്നിന്ത്യൻ സിനിമയിലെ തിളങ്ങുന്ന ഒരുകാലഘട്ടം

കെ വി നിരഞ്ജൻ

 കോഴിക്കോട്: അന്തരിച്ച പ്രമുഖ നടി ശ്രീദേവി ഒൻപത് വയസ്സുമുതൽ പതിനെട്ട് വയസ്സുവരെ നൃത്തം അഭ്യസിച്ചത് ചെന്നൈ ശ്രീധരൻ മാസ്റ്ററുടെ കീഴിലായിരുന്നു. മദ്രാസിൽ വാടക വീട്ടിൽ അമ്മയ്‌ക്കൊപ്പം താമസിക്കുമ്പോഴാണ് ശ്രീദേവി ചെന്നൈ ശ്രീധരൻ മാസ്റ്ററുടെ ശിക്ഷ്യയാകുന്നത്. പിന്നീട് ശ്രീദേവി അഭിനയിച്ച പല സിനിമകളുടെയും നൃത്ത സംവിധാനവും മാസ്റ്റർ നിർവ്വഹിച്ചു. ശ്രീദേവി മാത്രമല്ല. പ്രേംനസീർ, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, വിജയകാന്ത്, ഉണ്ണിമേരി, മേനക, ഗൗതമി തുടങ്ങിയ നിരവധി താരങ്ങൾക്ക് ശ്രീധരൻ മാസ്റ്റർ നൃത്തച്ചുവടുകൾ പകർന്നു നൽകി.

പ്രശസ്ത സംവിധായകരായ ശശികുമാർ, ഹരിഹരൻ തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ സിനിമകൾക്ക് നൃത്ത സംവിധാനം ഒരുക്കിയ കലാകാരൻകൂടിയാണ് ശ്രീധരൻ മാസ്റ്റർ. അരനൂറ്റാണ്ട് കാലം തെന്നിന്ത്യൻ സിനിമകളിൽ നൃത്ത സംവിധായകനായി തിളങ്ങിയ ആ പ്രതിഭയാണ് ഇപ്പോൾ യാത്രയായിരിക്കുന്നത്. കൊയിലാണ്ടി അരങ്ങാടത്ത് സത്യ നിവാസിൽ ഹൃദ്രോഗ ബാധയെത്തുടർന്ന് നാട്യകലാരത്‌നം ചെന്നൈ ശ്രീധരൻ മാസ്റ്റർ അന്തരിക്കുമ്പോൾ തെന്നിന്ത്യൻ സിനിമയിലെ ഒരു കാലഘട്ടം തന്നെയാണ് ഓർമ്മയാകുന്നത്.

തൃശ്ശൂർ പേരാമംഗലം സ്വദേശിയാണ് ശ്രീധരൻ മാസ്റ്റർ. കഴിഞ്ഞ കുറേ കാലമായി ഇദ്ദേഹം കൊയിലാണ്ടി അരങ്ങാടത്താണ് താമസം. സിനിമയിൽ നിന്ന് മാറി നിൽക്കുമ്പോഴും സിനിമാരംഗത്തെ വിപുലമായ സൗഹൃദം അവസാനകാലം വരെ മാസ്റ്റർ നിലനിർത്തിയിരുന്നു. വാർദ്ധക്യത്തിന്റെ അവശതകളെ വകവെയ്ക്കാതെ അദ്ദേഹം അടുത്തകാലം വരെ കുട്ടികൾക്ക് ചുവടുകൾ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു.

പ്രേംനസീർ നായകനായ സിനിമയ്ക്ക് കോറസ് പാടി ഒരു സീൻ അഭിനയിച്ചുമാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. തമിഴ് നൃത്തസംവിധായകനായ ദണ്ഡായുധപാണി പിള്ളയുടെ ശിക്ഷ്യനായി ഭരതനാട്യം അഭ്യസിച്ചു. ഇതോടൊപ്പം സിനിമയിലെ ഗ്രൂപ്പ് ഡാൻസ് ടീമിൽ സ്ഥിരം അംഗമായി. വൈജയന്തിമാല ഡാൻസ് ഗ്രൂപ്പിന്റെ ചണ്ഡാലിക, സംഘ തമിഴ് മാലൈ ബാലെ ഗ്രൂപ്പിലെ സ്ഥിരം അംഗമായി. പുത്രകാമേഷ്ടി എന്ന സിനിമയിലുടെയായിരുന്നു നൃത്തസംവിധായകനായി മാറിയത്. നഖക്ഷതങ്ങൾ, വൈശാലി, വടക്കൻ വീരഗാഥ, പരിണയം, വെങ്കലം തുടങ്ങിയ നിരവധി സിനിമകളിൽ നൃത്തസംവിധാനം നിർവ്വഹിച്ചു. ഒരു തലൈ രാഗം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നൃത്തസംവിധായകനും ശ്രീധരൻ മാസ്റ്ററാണ്. സതീദേവിയാണ് ഭാര്യ. മക്കൾ. ഗോപിനാഥ്, സുഭാഷിണി, മരുമക്കൾ. ആനന്ദ് (ബോഡി സോൺ കൊയിലാണ്ടി) ലിജന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP