Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് പോകാൻ ബസും ട്രെയിനും കാത്തു നിന്ന എംഎൽഎ; നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിന് അംബാസിഡർ നൽകി ഓട്ടോയിൽ പോയ ജനപ്രതിനിധി; മന്ത്രിയായപ്പോഴും മഴ പെയ്താൽ ചോരുന്ന കൊച്ചു വീട്ടിൽ കഴിഞ്ഞ ലാളിത്യം; സങ്കടം കേട്ടാൽ സ്വന്തം കൈയിൽ നിന്ന് പണം കൊടുക്കുന്ന ബേബി സാർ; സിഎഫ് തോമസ് നിശബ്ദനായി ചങ്ങനാശ്ശേരിയുടെ നായകനായത് നാല് പതിറ്റാണ്ട്; ഓർമ്മയാകുന്നത് കേരള രാഷ്ട്രീയത്തിലെ സൗമ്യനായ കരുത്തൻ

തിരുവനന്തപുരത്ത് പോകാൻ ബസും ട്രെയിനും കാത്തു നിന്ന എംഎൽഎ; നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിന് അംബാസിഡർ നൽകി ഓട്ടോയിൽ പോയ ജനപ്രതിനിധി; മന്ത്രിയായപ്പോഴും മഴ പെയ്താൽ ചോരുന്ന കൊച്ചു വീട്ടിൽ കഴിഞ്ഞ ലാളിത്യം; സങ്കടം കേട്ടാൽ സ്വന്തം കൈയിൽ നിന്ന് പണം കൊടുക്കുന്ന ബേബി സാർ; സിഎഫ് തോമസ് നിശബ്ദനായി ചങ്ങനാശ്ശേരിയുടെ നായകനായത് നാല് പതിറ്റാണ്ട്; ഓർമ്മയാകുന്നത് കേരള രാഷ്ട്രീയത്തിലെ സൗമ്യനായ കരുത്തൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മോഹനവാഗ്ദാനങ്ങൾ നൽകിയില്ല. സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം ഉറപ്പുകൾ നൽകി. പറ്റാത്ത കാര്യങ്ങളെക്കുറിച്ച് വളച്ചുകെട്ടില്ലാതെ നടക്കില്ലെന്നു പറഞ്ഞു. അങ്ങനെ ചങ്ങനാശേരിയുടെ ബേബി സാറായി സിഎഫ് തോമസ്. ലാളിത്യമായിരുന്നു മുഖമുദ്ര. അഴിമതിക്കെതിരായ നിലപാടും. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽനിന്നു നിയമസഭയിലെത്തി. 40 കൊല്ലം എംഎൽഎ ആയി തുടർന്നു. 2001 2006 യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായി. അപ്പോഴെല്ലാം ഉയർത്തി പിടിച്ചത് സംശുദ്ധ രാഷ്ട്രീയം മാത്രമായിരുന്നു.

മന്ത്രിയായിട്ടും മഴ പെയ്താൽ ചോരുന്ന കൊച്ചുവീട്ടിൽ താമസിച്ച സിഎഫ് കേരള രാഷ്ട്രീയത്തിലെ അപൂർവ്വതയാണ്.തിരുവനന്തപുരത്തേക്കു പോകാൻ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കാത്തുനിൽക്കുന്ന എംഎൽഎയായിരുന്നു സിഎറ്. കേരളാ കോൺഗ്രസിന്റെ പാർട്ടി ചെയർമാനെന്ന നിലയിൽ അനുവദിക്കപ്പെട്ട ഒരു അംബാസിഡർ കാറുണ്ടായിരുന്നു പണ്ട്. നിർധനയായ ഒരു പെൺകുട്ടിയുടെ കല്യാണത്തിന് ആ കാർ വിട്ടുകൊടുത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത നേതാവാണ് സിഎഫ്.

വാഹനാപകടത്തിൽപ്പെട്ട യാത്രക്കാരനെ സ്റ്റേറ്റ് കാറിൽ ആശുപത്രിയിലാക്കിയ മന്ത്രിയാണ് സിഎഫ്. സങ്കടം കേട്ടാൽ മനസ്സലിയും, സ്വന്തം കയ്യിൽനിന്നു പണം നൽകി സഹായിക്കുന്ന ബേബി സാർ. അതായിരുന്നു സിഎഫ് തോമസ്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളാണ് സിഎഫ്. കെഎസ്‌യുവിലൂടെയാണ് സിഎഫ് രാഷ്ട്രീയത്തിലെത്തുന്നത്. അദ്ധ്യാപന ജോലി ഉപേക്ഷിച്ച് പിന്നീടു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങി. കെ.എം.മാണിക്കൊപ്പം പ്രതിസന്ധികളിൽ ഒന്നിച്ചുനിന്നു. ജനറൽ സെക്രട്ടറി, ഡപ്യൂട്ടി ചെയർമാൻ, ചെയർമാൻ സ്ഥാനങ്ങൾ പാർട്ടിയിൽ വഹിച്ചു. മാണിയുടെ മരണശേഷം മാത്രമാണു പി.ജെ.ജോസഫിനൊപ്പം ചേർന്നത്.

ഒരിക്കലും ആരേയും വെട്ടി മുമ്പോട്ട് കുതിക്കാൻ സിഎഫ് ആഗ്രഹിച്ചിരുന്നില്ല. ചങ്ങനാശേരിയെ കുറിച്ച് മാത്രമായിരുന്നു മനസ്സിലുള്ള ചിന്തകളിൽ ഏറെയും. സൗമ്യത മുഖമുദ്രയാക്കിയ ജനനേതാവ്. പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും സൗമ്യതയും എളിമയും വിനയവും വിട്ട് പെരുമാറിയതേയില്ല സി.എഫ്.തോമസ്. നിശബ്ദവും ശാന്തവുമായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തി.

1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 40 വർഷം എംഎൽഎയായി തുടർന്നു. കേരള കോൺഗ്രസിലെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം കെ എം മാണിയുടെ മരണത്തിന് ശേഷം പിജെ ജോസഫിന്റെ ഒപ്പമായിരുന്നു. ചങ്ങനാശ്ശേരി എംഎൽഎയും മുൻ മന്ത്രിയും കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായിരുന്നു സി.എഫ് തോമസ്. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. എന്നും കെ.എം.മാണിക്കൊപ്പം നിന്ന സൗമ്യമുഖമായിരുന്നു തോമസ്. എന്നാൽ മാണിയുടെ മരണ ശേഷം ജോസ് കെ മാണിയെ അംഗീകരിക്കാനും തയ്യാറായില്ല.

ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവർ മക്കളും ലീന,ബോബി, മനു എന്നിവർ മരുമക്കളുമാണ്. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പരാജയം അറിഞ്ഞിട്ടില്ല. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു. പൊതു രംഗത്തേക്ക് അദ്ദേഹം കടന്ന് വന്നത് വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളിലൂടെ ആയിരുന്നു. പിടി ചാക്കോയിൽ ആകൃഷ്ണനായി 1956ൽ കോൺഗ്രസിൽ ചേർന്നു.

1964ൽകേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ സി.എഫ് തോമസും കേരളാകോൺഗ്രസിലെത്തി. പാർട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. ദീർഘകാലം കേരള കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു. 1939 ജൂലൈ മുപ്പതിന് ചങ്ങാനാശേരി ചെന്നിക്കര സിടി ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായിട്ട് ജനനം. എസ് ബി കോളജിൽ നിന്നും ബിരുദം നേടി. എൻഎസ് എസ് ട്രെയിനിങ് കോളജിൽ നിന്നും ബി എഡും നേടി.

1962ൽ ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്‌കൂളിലും അദ്ധ്യാപകനായി ജോലിയ ചെയ്തു. 1980ൽ എംഎൽഎ ആകുന്നത് വരെ അദ്ധ്യാപകനായി തുടർന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിലാണ് ചങ്ങനാശ്ശേരിയിൽ കടുത്ത മത്സം നേരിടേണ്ടി വന്നത്. അദ്ദേഹത്തിനെതിരെ പോസ്റ്ററുകൾ നിരന്നു. ചങ്ങനാശേരിയിൽ താൻ നടപ്പാക്കിയ 250 വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് സിഎഫ് പ്രതികരിച്ചത്. ഇതിൽ ഒന്നെങ്കിലും തെറ്റെന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നു വെല്ലുവിളിച്ചു.

എതിരാളികളെ സാക്ഷിനിർത്തി 13,041 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ സിഎഫ് വീണ്ടും നിയമസഭയിൽ എത്തി. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽനിന്നു നിയമസഭയിലെത്തി. 40 കൊല്ലം എംഎൽഎ ആയി തുടർന്നു. 2001 2006 യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായി. കേരളാ കോൺഗ്രസിൽ കെഎം മാണിക്ക് ശേഷം രണ്ടാമത്തെ നേതാവ് എന്ന സ്ഥാനം എന്നും സിഎഫ് തോമസിന് ഉണ്ടായിരുന്നു. കെഎം മാണിയുടെ മരണ ശേഷം പിജെ ജോസഫ് പക്ഷത്തിനൊപ്പമെന്നായിരുന്നു സിഎഫ് തോമസിന്റെ നിലപാട്.

അടിമുടി ചങ്ങനാശ്ശേരിക്കാരനാണ് സിഎഫ് തോമസ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയ സിഎഫ് തോമസ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് പേരെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP