Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

ജന്മനാടായ ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം എത്തി ആദരാജ്ഞലി അർപ്പിച്ചു; അവസാനമായി കണ്ട ശേഷം മുഷ്ടി ചുരുട്ടി ലാൽ സലാം പറഞ്ഞ് പിണറായി വിജയൻ; ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം ഉടൻ മടങ്ങി

ജന്മനാടായ ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം എത്തി ആദരാജ്ഞലി അർപ്പിച്ചു; അവസാനമായി കണ്ട ശേഷം മുഷ്ടി ചുരുട്ടി ലാൽ സലാം പറഞ്ഞ് പിണറായി വിജയൻ; ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം ഉടൻ മടങ്ങി

മറുനാടൻ ഡെസ്‌ക്‌

ഇരിങ്ങാലക്കുട: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും ജന്മനാട്ടിലും ജനപ്രവാഹം. പതിനായിരങ്ങളാണ് ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ ടൗൺഹാളിലേക്ക് എത്തിയത്. 3.30 വരെയാണ് ഇവിടെ പൊതുദർശനത്തിന് തീരുമാനിച്ചിരുന്നതെങ്കിലും ജനപ്രവാഹം എത്തുന്നതു മൂലം ഈ സമയം വീണ്ടും നീട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ഇരിങ്ങാലക്കുടയിൽ എത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിച്ചു. ഭാര്യ കമലയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി എത്തുന്നത് അറിഞ്ഞ് പൊലീസ് സന്നാഹങ്ങളും സ്ഥലത്തുണ്ടായിരുന്നു. മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച ശേഷം കൈകൂപ്പിയ പിണറായി പിന്നീട് മുഷ്ടിചുരുട്ടി ലാൽ സലാം പറഞ്ഞ് അന്തിമാഭിവാദ്യവും അർപ്പിച്ചു. തുടർന്ന് ബന്ധുക്കളുമായി സംസാരിച്ച ശേഷം ഉടൻ മടങ്ങുകയും ചെയ്തു. മന്ത്രി ആർ ബിന്ദുവും സിപിഎം പ്രാദേശികനേതാക്കളും അടക്കമുള്ളവരാണ് എല്ലാം നിയന്ത്രിക്കുന്നത്. എല്ലാവർക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കാൻ വേണ്ടി റെഡ് വൊളണ്ടിയേഴ്‌സും സജീവമായുണ്ട്.

ഇന്ന് രാവിലെ രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തിച്ചു. സഹപ്രവർത്തകരിൽ പലർക്കും പ്രിയനടന്റെ വിയോഗം താങ്ങാനായില്ല. വികാരഭരിതരായാണ് പലരും മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള നടന്മാർ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു.

കൊച്ചിയിൽ കടവന്ത്ര ഇൻഡോർ സ്റ്റേഡയിത്തിൽ പ്രിയനടനെ അവസാനമായി കാണാൻ എത്തിയത് ആയിരങ്ങളായിരുന്നു. പതിനൊന്നു മണിക്ക് കൊച്ചിയിൽ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചെങ്കിലും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിരക്കുകാരണം ഉച്ചവരെ കൊച്ചിയിൽ പൊതുദർശനം തുടരും. രാവിലെ മുതൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ വൻ ജനാവലിയായിരുന്നു ഇന്നസെന്റിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, കുഞ്ചൻ, സിബി മലയിൽ, ഫാസിൽ, ഇടവേള ബാബു, ബാബു രാജ്, സിദ്ദിഖ്, മോഹൻജോസ്, മധുപാൽ, പൊന്നമ്മ ബാബു തുടങ്ങി സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖരും രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹിക നേതാക്കളും ആദരാഞ്ജലി അർപ്പിചിച്ചു

അച്ഛനെപ്പോലെ, സഹോദരനെ പോലെ, ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു എന്ന് ദിലീപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നുവെന്നും ദിലീപ് കുറിച്ചു.

ഇന്നസെന്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണെന്ന് നടൻ ഹരിശ്രീ അശോകന്റെ പ്രതികരണം. ഗോഡ്ഫാദറിൽ ചെറിയ വേഷത്തിലഭിനയിക്കുമ്പോൾ അദ്ദേഹമാണ് അഭിനന്ദിച്ചത്. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. സ്വന്തം ശൈലി ജനങ്ങളേറ്റെടുക്കുക എന്നത് വലിയ കാര്യമാണ്. അത് ഏറ്റെടുപ്പിച്ചയാളാണ് ഇന്നസെന്റെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയൊരാൾ കൺമുന്നിൽ നിന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു നടൻ ജയസൂര്യയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിച്ചു എന്നതിലുപരി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്തെങ്കിലും പുതിയ തമാശകൾ കിട്ടിയാൽ അദ്ദേഹം വിളിക്കും പങ്കുവെയ്ക്കും. എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടയാളായിരുന്നു ഇന്നസെന്റെന്ന് ജയസൂര്യ പറഞ്ഞു.

ദീർഘകാലമായുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് സംവിധായകൻ മോഹൻ ഓർമിച്ചു. തന്റെ സിനിമാജീവിതത്തിലേക്ക് ഒരാൾ മാത്രമേ തള്ളിക്കയറി വന്നിട്ടുള്ളൂ. അതാണ് ഇന്നസെന്റ്. ഈ മരണം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അഭിനയിക്കാനായി പല വാതിലുകളും മുട്ടി തിരിച്ചുവരുമ്പോഴും അതൊന്നും കരഞ്ഞിട്ടായിരുന്നില്ല, ചിരിച്ചുകൊണ്ടായിരുന്നു. മോഹൻ പറഞ്ഞു. ജീവിതത്തിലും നർമം കാത്തുസൂക്ഷിച്ചയാളായിരുന്നു ഇന്നസെന്റെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു.

ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ 10-നാണ് സംസ്‌കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ഹ്രസ്വമായ അമേരിക്കൻയാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷൻ വാർഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. ഹാസ്യവേഷങ്ങളിൽത്തുടങ്ങി പിൽക്കാലത്ത് സ്വഭാവനടനായും ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വിവിധ ഭാഷകളിലായി എഴുന്നൂറോളം സിനിമകളിൽ വേഷമിട്ടു. 'മഴവിൽക്കാവടി' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാനപുരസ്‌കാരം നേടി.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് 75,000-ത്തോളം കോപ്പികൾ വിറ്റഴിഞ്ഞ 'കാൻസർവാർഡിലെ ചിരി' അർബുദകാല ജീവിതാനുഭവങ്ങളാണ്. ഈ കൃതിക്ക് ഇംഗ്ലീഷ്, ഇറ്റാലിയൻ, തമിഴ്, കന്നഡ ഭാഷകളിൽ പരിഭാഷകൾ വന്നു. 'ചിരിക്കു പിന്നിൽ' (ആത്മകഥ), മഴക്കണ്ണാടി (കഥകൾ), ഞാൻ ഇന്നസെന്റ്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി എന്നിവയാണ് മറ്റു പ്രധാനകൃതികൾ. തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-നാണ് ജനനം.

2014-ൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ ഇതേ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല. 2013-ൽ അർബുദം ബാധിച്ചു. പത്തുവർഷം മനസ്സുറപ്പോടെ രോഗത്തെ നേരിട്ടു. ഭാര്യ: ആലീസ്. മകൻ: സോണറ്റ്. മരുമകൾ: രശ്മി സോണറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP