Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓലയിട്ട ഒറ്റമുറി വീട്ടിൽ നിന്ന് മുന്നോട്ടു വന്നത് ഇല്ലായ്മകളോട് പടപൊരുതി; ഒരു നൂറു രൂപ കയ്യിൽ വന്നാൽ അത് ആദ്യം എത്തിക്കുക ദാരിദ്ര്യം നിറഞ്ഞ വീടുകളിൽ; ഒൻപത് മക്കളുണ്ടായിട്ടും രണ്ടു പേരെ കൂടി ദത്തെടുത്ത നന്മയുടെ ആൾരൂപം; വീട് വെച്ച് നൽകിയും പഠനച്ചെലവ് വഹിച്ചും കണ്ണന്താനത്തിന്റെ അമ്മ അത്താണിയായത് നിരവധി പേർക്ക്; ഡൽഹി എയിംസിൽ വിട പറഞ്ഞത് മണിമലയിലെ കാരുണ്യത്തിന്റെ ആൾരൂപം; ബ്രിജീത ജോസഫ് ഇനി ഓർമ്മ

ഓലയിട്ട ഒറ്റമുറി വീട്ടിൽ നിന്ന് മുന്നോട്ടു വന്നത് ഇല്ലായ്മകളോട് പടപൊരുതി; ഒരു നൂറു രൂപ കയ്യിൽ വന്നാൽ അത് ആദ്യം എത്തിക്കുക ദാരിദ്ര്യം നിറഞ്ഞ വീടുകളിൽ; ഒൻപത് മക്കളുണ്ടായിട്ടും രണ്ടു പേരെ കൂടി ദത്തെടുത്ത നന്മയുടെ ആൾരൂപം; വീട് വെച്ച് നൽകിയും പഠനച്ചെലവ് വഹിച്ചും കണ്ണന്താനത്തിന്റെ അമ്മ അത്താണിയായത് നിരവധി പേർക്ക്; ഡൽഹി എയിംസിൽ വിട പറഞ്ഞത് മണിമലയിലെ കാരുണ്യത്തിന്റെ ആൾരൂപം; ബ്രിജീത ജോസഫ് ഇനി ഓർമ്മ

എം മനോജ് കുമാർ

കോട്ടയം: കാരുണ്യത്തിന്റെ ആൾരൂപമായാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത ജോസഫ് അറിയപ്പെട്ടത്. ഇപ്പോൾ അൽഫോൻസ് കണ്ണന്താനത്തിന്റെ ഡൽഹിയിൽ വീട്ടിൽ നിന്നും ബ്രിജീത ജീവിതത്തോട് ഗുഡ്‌ബൈ പറഞ്ഞു പോകുമ്പോൾ കോട്ടയത്ത് മണിമലക്കാരുടെ ദുഃഖം കൂടി അണപൊട്ടുകയാണ്. മണിമലയിലെ ധനസ്ഥിതി മോശമായ പല കുടുംബങ്ങൾക്കും ഒരു കാലത്ത് അത്താണിയായിരുന്നു ബ്രിജീത. സഹായം തേടി ബ്രിജീതയെ സമീപിച്ച ഒരാൾക്കും പോലും മനസ് വിഷമിച്ച് മണിമലയിലെ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നിട്ടില്ല. ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിട്ട്യുട്ടിൽ നിന്നും ബ്രിജീതയുടെ മരണവാർത്ത കോട്ടയത്തേക്ക് എത്തുമ്പോൾ ഈ വിയോഗത്തിന്റെ ദുഃഖം കണ്ണന്താനം കുടുംബത്തിന്റെത് മാത്രമല്ലാതായി മാറുന്നത് ഈ നല്ല മനസ് കാരണമാകുന്നത്.

ബ്രിജീതയെപോലെ സഹായ മനസുള്ള ഒരാൾ ഇനി ജനിക്കില്ലെന്നാണ് മണിമലക്കാർ മറുനാടനോട് പറഞ്ഞത്. ഒരു നൂറു രൂപ കയ്യിൽ വന്നാൽ ബ്രിജീത ആദ്യം ആലോചിക്കുക പണത്തിനു ബുദ്ധിമുട്ടുന്ന മണിമലയിലെ ചിലരുടെയെങ്കിലും മുഖമാകും. ഈ പണം അവർക്ക് ഏൽപ്പിച്ചാൽ മാത്രമേ ബ്രിജീതയ്ക്ക് സമാധാനം ആകുമായുന്നുള്ളൂ. അനേകം വിദ്യാർത്ഥികളുടെ പഠനച്ചെലവ് ആണ് ബ്രിജീത നോക്കിനടത്തിയ്ത്. നിരവധി പേർക്കു വീടുകൾ വച്ചുനൽകുകയും ചെയ്തിട്ടുണ്ട്. ബ്രിജീതയെ ഈ രീതിയിൽ മനസിലാക്കിയതിനാൽ ആർക്കും ബ്രിജീതയുടെ രീതികളിൽ അത്ഭുതം തോന്നിയിരുന്നുമില്ല. അതുകൊണ്ട് തന്നെ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ വിയോഗ വാർത്ത ഒരു നോവായി തന്നെയാണ് മണിമലയിൽ പടരുന്നത്.

ഡൽഹിയിൽ സുഖമില്ലാത്ത നാളുകളിൽ ആദ്യം കൊറോണ പോസിറ്റീവ് ആയിരുന്നു തൊണ്ണൂറു വയസുണ്ടായിരുന്ന ബ്രിജീത. പിന്നീടുള്ള പരിശോധനയിൽ നെഗറ്റീവും ആയി. പക്ഷെ കൊറോണ ആരോഗ്യ സ്ഥിതിയെ കവർന്നെടുത്തപ്പോൾ വന്ന ന്യൂമോണിയെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് ബ്രിജീതയുടെ ജീവനെടുത്തത്. പതിനൊന്നു മക്കളുടെയും വീടുകളിൽ മാറി മാറി താമസിക്കുന്നതായിരുന്നു ബ്രിജീതയുടെ രീതി. പ്രായം ബ്രിജീതയ്ക്ക് ഒരിക്കലും തടസവുമായിരുന്നില്ല. മക്കളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ മക്കൾക്ക് തിടുക്കവുമായിരുന്നു. പ്രായത്തിന്റെ പ്രശ്‌നങ്ങൾ ബ്രിജീതയെ തളർത്തിയുമില്ല. എപ്പോഴും ഊർജ്ജ്വസ്വലയായിരുന്നു ഇവർ. ഈ ഊർജ്വസ്വലത ബ്രിജീത എത്തുമ്പോൾ ആ വീടുകളിൽ കൂടി പടരുമായിരുന്നു. കുടുംബത്തെ ആഹ്ലാദഭരിതമാക്കുന്ന ബ്രിജീതയുടെ രീതികൾ തന്നെയാണ് ഓരോ മക്കളെയും ബ്രിജീതയെ തങ്ങളുടെ വീടുകളിൽ എത്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. ലോക്ക് ഡൗൺ വരുന്നതിനു മുൻപാണ് ബ്രിജീത കണ്ണന്താനത്തിന്റെ ഡൽഹിയിലെ വീട്ടിലേക്ക് പോകുന്നത്. മക്കളിൽ ഒരു പിടി ഇഷ്ടം അധികമുണ്ടായിരുന്ന പ്രിയ മകന്റെ അടുത്ത് നിന്നുമാണ് ബ്രിജീത ഇപ്പോൾ ജീവിതത്തിൽ നിന്നും വിടപറഞ്ഞു പോകുന്നതും.

കോട്ടയം മണിമലയിലെ ഒറ്റമുറി വീട്ടിൽ നിന്നാണ് ജോസഫ് കണ്ണന്താനന്താനവും ഭാര്യ ബ്രിജീതയും പടപൊരുതി മുന്നോട്ടു വന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം മണിമലയിൽ അദ്ധ്യാപകനായി മാറുകയായിരുന്നു ജോസഫ് കണ്ണന്താനം. ബ്രിജീത കഴിഞ്ഞത് വീട്ടമ്മയായും. ദാരിദൃത്തിൽ കഴിയുകയും ദാരിദ്ര്യത്തിൽ നിന്നും നീന്തിക്കയറുകയും ചെയ്തിരുന്ന വേളയിൽ ബ്രിജീത മുറുക്കിപ്പിടിച്ചത് സഹായ മനസ്ഥിതിയായിരുന്നു. വീട്ടിലെ സ്ഥിതി ഈ കാര്യത്തിൽ ബ്രിജീത നോക്കിയിരുന്നില്ല. ആരെങ്കിലും സഹായം ചോദിച്ച് വന്നാൽ വീട്ടിലുള്ളത് എന്താണോ അത് വരുന്നവർക്ക് നൽകുമായിരുന്നു. പണമോ, വസ്ത്രമോ, ഭക്ഷണമോ എന്ന കണക്കൊന്നും ബ്രിജീത നോക്കിയില്ല. ഈ മനസ്ഥിതി മനസിലാക്കി ജോസഫ് കണ്ണന്താനം ഭാര്യയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയിരുന്നത്. ഒമ്പത് മക്കൾ ഉള്ളപ്പോൾ തന്നെയാണ് രണ്ടു മക്കളെക്കൂടി ദത്തെടുക്കാനുള്ള നല്ല മനസ് ഇവർ പുറത്തെടുത്തത്. അതും കോട്ടയത്ത് നിന്നല്ല ഈ രണ്ടു പേരെയും ദത്തെടുത്തത് കോഴിക്കോട് നിന്നുമാണ്.

ബ്രിജീതയുടെ ഒരു സഹോദരി കോഴിക്കോടുണ്ടായിരുന്നു. ഇവരാണ് കോഴിക്കോട് ഒരു ഓർഫനേജിൽ കഴിഞ്ഞിരുന്ന രണ്ടു കുട്ടികളുടെ കാര്യം ബ്രിജീതയോട് പറയുന്നത്. ബ്രിജീതയുടെ മൂത്ത മകൾ ജോളിക്ക് ശേഷം പിറന്ന ഒരു കുട്ടി അസുഖത്തെതുടർന്ന് മരിച്ചിരുന്നു. അപ്പോഴാണ് സഹോദരി ഓർഫനേജിലെ കുട്ടികളുടെ കാര്യം പറയുന്നത്. അങ്ങനെയാണ് രണ്ടു കുട്ടികളെയും ബ്രിജീത ദത്തെടുത്തത്. ഇപ്പോൾ മണിമല കുടുംബ വീടിനു സമീപത്ത് തന്നെ താമസിക്കുന്ന പോളും കോഴിക്കോടുള്ള മിനിയുമാണ് ഈ രണ്ടു പേർ. മിനിയും പോളും മണിമല വീട്ടിലാണ് കഴിഞ്ഞിരുന്നത്. പോൾ മണിമല തന്നെ തുടർന്നപ്പോൾ മിനിയെ കോഴിക്കോടുള്ള സഹോദരിയുടെ മേൽനോട്ടത്തിലാണ് പിന്നീട് വിട്ടത്. എല്ലാ സഹായങ്ങളും നൽകി തനിക്കുള്ള ഒമ്പത് മക്കളെപ്പോലെ തന്നെയാണ് ബ്രിജീത ഇവരെയും നോക്കിയത്. ഈ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ബ്രിജീത ചെയ്തിരുന്നില്ല. മൂത്ത മകൾ ജോളിക്ക് ജോലി കിട്ടുന്ന വേളയിലാണ് ഇല്ലായ്മയിൽ നിന്നും ഈ കുടുംബം കരകയറി തുടങ്ങിയത്. പക്ഷെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വീട്ടിലെ ദാരിദ്രമോ ഇല്ലായ്മയോ ഒന്നും ജീവിതത്തിൽ ഒരിക്കലും ബ്രിജീത പരിഗണിച്ചിരുന്നില്ല. കുടുംബം സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടതോടെ ബ്രിജീതയുടെ സഹായ മനസ്ഥിതിയും കൂടി. ഇല്ലായ്മയിൽ കഴിഞ്ഞിരുന്ന ഒട്ടുവളരെ ആളുകളാണ് ബ്രിജീതയുടെ സഹായങ്ങൾ സ്വീകരിച്ച് നിറഞ്ഞ മനസോടെ ഈ വീട്ടിൽ നിന്നും പടിയിറങ്ങിയത്.

രണ്ടു പതിറ്റാണ്ട് മുൻപ് ജോസഫ് കണ്ണന്താനം വിടവാങ്ങി. അതിനു ശേഷവും താൻ പിന്തുടർന്ന പോന്ന പാതയിൽ ഒരു മാറ്റവും ബ്രിജീത വരുത്തിയില്ല. മറ്റു മക്കൾ എല്ലാം സാമ്പത്തികമായി ഉന്നതിയിലെത്തുകയും അൽഫോൻസ് കണ്ണന്താനത്തിനു ഐഎഎസ് ലഭിക്കുകയും ഒക്കെ ചെയ്തപ്പോൾ പഴയ ഇല്ലായ്മകളിൽ നിന്നെല്ലാം കുടുംബം കരകയറുകയും ചെയ്തു. പക്ഷെ ബ്രിജീത ബ്രിജീതയായി തന്നെ തുടരുകയും ചെയ്തു. ആനിക്കാട് ഇല്ലിക്കൽ കുടുംബാംഗമാണ് ബ്രിജീത. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയിൽ തന്നെ നടത്തും.

മക്കൾ: ജോളി (ബംഗളൂരു), മേഴ്സി (ജർമനി), അൽഫോൻസ് (ഡൽഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോർജ് (ക്ലരീഷ്യൻ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇതിൽ പോൾ (മണിമല), മിനി (കോഴിക്കോട്) എന്നിവർ ദത്തുമക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP