Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലച്ചുപോയത് മരണക്കിടക്കയിൽ നിന്ന് എംജിആറിനെ ബോധത്തിലേക്കുണർത്തിയ മാന്ത്രികസംഗീതം; ആശുപത്രിയിൽ നിന്ന് കേരളത്തിൽ കച്ചേരിക്കുവന്നിറങ്ങിയ ബാലമുരളിയെ സ്‌നേഹത്താൽ മൂടി തലൈവരുടെ ആരാധകർ; കർണാടക സംഗീതത്തെ പുതുവഴികളിൽ കൈപിടിച്ച് നടത്തിയ അനന്യപ്രതിഭ യാത്രയാകുമ്പോൾ

നിലച്ചുപോയത് മരണക്കിടക്കയിൽ നിന്ന് എംജിആറിനെ ബോധത്തിലേക്കുണർത്തിയ മാന്ത്രികസംഗീതം; ആശുപത്രിയിൽ നിന്ന് കേരളത്തിൽ കച്ചേരിക്കുവന്നിറങ്ങിയ ബാലമുരളിയെ സ്‌നേഹത്താൽ മൂടി തലൈവരുടെ ആരാധകർ; കർണാടക സംഗീതത്തെ പുതുവഴികളിൽ കൈപിടിച്ച് നടത്തിയ അനന്യപ്രതിഭ യാത്രയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പ്രദായിക രീതികളിൽ നിന്ന് എന്നും വഴിമാറി സഞ്ചരിക്കുന്ന ഗാനധാരയാണ് ഡോ. ബാലമുരളീകൃഷ്ണയെന്ന അതുല്യ പ്രതിഭയുടെ വേർപാടിലൂടെ നിലയ്ക്കുന്നത്. കർണാടക സംഗീതം തനിക്ക് കളിക്കാൻ കിട്ടിയ കളിപ്പാട്ടംപോലെയായിരുന്നു അദ്ദേഹത്തിന്. സംഗീതത്തെ ഒരു പരീക്ഷണവസ്തുവായി കണ്ട സംഗീത ശാസ്ത്രജ്ഞനായി ബാലമുരളി മാറി. വേറിട്ട വഴികളിലൂടെ നടന്ന് അദ്ദേഹം തന്റേതായ രീതിയിൽ 25ലേറെ രാഗങ്ങൾക്കും രൂപംനൽകി.

വ്യത്യസ്ത ശൈലിതന്നെയായിരുന്നു സംഗീതലോകത്ത് ആ പ്രതിഭാധന്റെ മുഖമുദ്ര. വായ്പാട്ടിൽ മാത്രമല്ല, മൃദംഗത്തിലും ഗഞ്ചിറയിലും വയലിനിലും പ്രാവീണ്യംകാട്ടിയ അപൂർവ പ്രതിഭയായിരുന്നു ബാലമുരളി. വിദ്യാരംഭം കുറിച്ചതുമുതൽ താൻ ഇന്നുവരെ സാധകം ചെയ്തിട്ടില്ലെന്ന് പറയുന്നതിൽ നിന്നുതന്നെ ആ പ്രതിഭയുടെ ആഴം വ്യക്തമാകും. സ്വയം സ്ഫുടംചെയ്ത ആ ശാരീരവും ഗാംഭീര്യവും രാഗാലാപന രീതികളും എന്നും വേറിട്ട പാത സംഗീതലോകത്ത് വെട്ടിത്തുറന്നു.

പുല്ലാങ്കുഴലും വീണയും വയലിനും ഒരുപോലെ കൈകാര്യം ചെയ്ത സംഗീതവിദ്വാൻ പട്ടാഭിരാമയ്യയുടേയും വീണവിദുഷിയായ സൂര്യകാന്തമ്മയുടേയും മകനായി ആന്ധ്രയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് ബാലമുരളി ജനിച്ചത്. ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിൽ അഞ്ചാമൂഴക്കാരനായി ഇദ്ദേഹം. മുരളീകൃഷ്ണയുടെ കച്ചേരി കേൾക്കാനിടയായ ഹരികഥാകാരൻ മുസുനുരി സത്യനാരായണയാണ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ആദ്യമായി 'ബാല'മുരളീകൃഷ്ണയെന്ന് വിളിച്ചത്.

പാട്ടിന്റെ ലോകത്ത് എഴുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് ബാലമുരളി യാത്രയാകുമ്പോൾ അദ്ദേഹം സംഗീതലോകത്തിന് നൽകിയ അനന്യമായ സംഭാവനകൾ തിട്ടപ്പെടുത്താൻപോലും ആവാത്തതാണ്. 14-ാം വയസ്സിൽതന്നെ 71 മേളകർത്താ രാഗങ്ങളും ആസ്പദമാക്കി 'രാഗാംഗരവളി' രചിച്ച അദ്ദേഹം അതോടെതന്നെ സംഗീതലോകത്തെ അത്ഭുതബാലനായി മാറി.

മകന്റെ സിദ്ധി കണ്ടറിഞ്ഞ അച്ഛൻ പട്ടാഭിരാമയ്യ തന്നെയാണ് അദ്ദേഹത്തെ പാരുപ്പള്ളി രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനാക്കിയത്. ജനിച്ചതിന്റെ പതിനഞ്ചാംനാൾ അമ്മയെ നഷ്ടപ്പെട്ട കുട്ടിയായിരുന്നു മുരളി. നേരത്തെ വിധവയായിരുന്ന അമ്മയുടെ സഹോദരിയെ അച്ഛൻ വിവാഹം ചെയ്തതോടെ അവരായിരുന്നു മുരളിക്ക് അമ്മ. സ്‌കൂൾ പഠിപ്പു വേണ്ടെന്നും തനിക്ക് അച്ഛനെപ്പോലെ പാട്ടുപഠിച്ചാൽ മതിയെന്നും പറഞ്ഞ് വാശിപിടിച്ച ബാലമുരളിയെ പക്ഷേ, കുടുംബക്കാരുടെ നിർബന്ധംമൂലം അച്ഛൻ പതിനൊന്നാം വയസ്സിൽ വിജയവാഡ സ്‌കൂളിൽ 
 ചേർത്തു.

നേരിട്ട് ആറാം ക്ലാസിൽ. പ്രാർത്ഥന പാടാൻ നിയോഗം മുരളിക്കായിരുന്നു. പ്രാർ്ഥനാഗീതം ഒരുമണിക്കൂറിലേറെ നീളുകയും കാൽക്കൊല്ല പരീക്ഷയിൽ മുരളി തോൽക്കുകയും ചെയ്തതോടെ പഠിത്തം നിന്നു. സ്‌കൂൾ ഹെഡ്‌മാസ്റ്റർതന്നെ അച്ഛനെ ഉപദേശിച്ചു. അവന് പാട്ടാണിഷ്ടമെങ്കിൽ അതു പഠിപ്പിച്ചാൽ മതി. അങ്ങനെ മൂന്നുമാസംകൊണ്ട് സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് ബാലമുരളീകൃ്ഷണ പാട്ടിന്റെ ലോകത്തേക്ക് പൂർണമായും ജീവിതം സമർപ്പിക്കുകയായിരുന്നു.

വിദ്യാഭ്യാസം ഇങ്ങനെ അവസാനിച്ചതിൽ ദുഃഖമുണ്ടോ എന്ന് പിന്നീട് പലരും ചോദിച്ചിട്ടുണ്ട്. ഞാനെന്തിന് ദുഃഖിക്കണമെന്നും സ്‌കൂളിൽ പോകാത്ത ഞാൻ ഒരു യൂണിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാൻസലർവരെ ആയില്ലേയെന്നുമുള്ള മറുപടിയും ചെറുചിരിയുമായി അദ്ദേഹം ആ ചോദ്യങ്ങളെ മറികടക്കും. വിവിധ സർവകലാശാലകളിൽ നിന്ന് ഒമ്പത് ഡോക്ടറേറ്റുകളാണ് അദ്ദേഹത്തെ തേടിവന്നത്. അങ്ങനെ ബാലമുരളീകൃഷ്ണ ഡോക്ടറായി. പഠിക്കാൻ പോയിരുന്നെങ്കിൽ ബിഎയും എംഎയുമൊക്കെ എടുക്കാൻ വെറുതെ അഞ്ചാറുകൊല്ലം കളഞ്ഞേനെയെന്ന് അദ്ദേഹം പറഞ്ഞു.

എംജിആറിനെ കോമയിൽ നിന്ന് ഉണർത്തിയ ആ ദേവരാഗം

ഗാനലോകത്ത് മുടിചൂടാ മന്നനായി മാറിയതോടെ ബാലമുരളി മ്യൂസിക് തെറാപ്പിയുടെ പ്രയോക്താവുമായി. പാട്ടുപാടി മഴപെയ്യിച്ച ടാൻസന്റെ കഥപോലെ സംഗീതത്തിന്റെ മന്ത്രധ്വനിയാൽ സാക്ഷാൽ എംജിആറിനെ, തമിഴകത്തിന്റെ പുരട്ചി തലൈവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച കഥയുണ്ട് ഈ സംഗീതമാന്ത്രികന്റെ ചരിത്രത്തിൽ.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ എംജിആർ മരണാസന്നനായി കിടന്ന സമയം. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരൻ കൂടിയായിരുന്നു ബാലമുരളീ കൃഷ്ണ. മരണക്കിടയ്ക്ക് അരികിലിരുന്ന് ബാലമുരളി ഡോക്ടറോട് ഒരു ആഗ്രഹം പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തെ തടുക്കാൻ എനിക്കാവില്ല. പക്ഷേ, എന്റെ പാട്ട് അദ്ദേഹത്തിന് ഇഷ്ടമാണ്. അതുകേട്ടുകൊണ്ട് ശാന്തനായി അദ്ദേഹത്തെ യാത്രയാക്കാൻ അനുവദിക്കാമോ?

ഡോക്ടർ സമ്മതം മൂളി. എംജിആറിന്റെ പത്‌നി ജാനകിയും അതിന് സമ്മതിച്ചു. അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ സുഹൃത്തിന്റെ കിടയ്ക്കയ്ക്ക് അരികിലിരുന്ന് ബാലമുരളി പാടി. അത് റെക്കോഡ് ചെയ്ത് നിരന്തരം കേൾപ്പിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പ്രിയ സുഹൃത്തിനോട് വിടപറഞ്ഞു.

പക്ഷേ, ആശുപത്രി മുറിയിൽ റെക്കോഡിന്റെ രൂപത്തിൽ ആ ശബ്ദം തുടർന്നും നിറഞ്ഞുമുഴങ്ങി. പിറ്റേന്ന് കേരളത്തിലായിരുന്നു കച്ചേരി. ട്രെയിൻ ഇറങ്ങിയപ്പോൾ ആവേശത്തോടെ ജനം വരവേൽക്കാൻ ഓടിയെത്തുന്നു. അമ്പരന്നുനിന്ന ബാലമുരളിയോട് അവരാണ് ആ സന്തോഷവാർത്ത പറയുന്നത്.

എംജിആറിന് ബോധംവീണിരിക്കുന്നു. കോമയിൽ, മരണംകാത്തുകിടന്ന സുഹൃത്തിനെ തന്റെ നാദധാരയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഗായകന് അഭിനന്ദനവുമായി ഓടിക്കൂടിയതായിരുന്നു ജനം. ഇതിനുശേഷം പലപ്പോഴും എംജിആർ ബാലമുരളിയെ വിളിച്ചിരുത്തി പാടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി അദ്ദേഹം പിന്നീടും ഏറെക്കാലം ഓടിനടന്നതും അമേരിക്കൻ യാത്രനടത്തുന്നതുമെല്ലാം താൻ കണ്ടുവെന്നും അത് സംഗീതത്തിന്റെ ശക്തിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ബാലമുരളി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഇതിനുശേഷം അദ്ദേഹത്തിന്റെ ഗാനങ്ങൾ മൃതസഞ്ജീവനിയാണെന്ന വിശ്വാസം കർണാടക സംഗീത ലോകത്തെ കീഴടക്കുകയും ചെയ്തു. ഇത്തരത്തിൽ സംഗീതത്തിനുള്ള അഭൗമ ശക്തിയിലും ബാലമുരളി ഗൗരവത്തോടെ തന്നെ വിശ്വസിച്ചിരുന്നു. മ്യൂസിക് തെറാപ്പി തന്നെയാണ് തന്റെ ആരോഗ്യ രഹസ്യമെന്നും അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്. പാശ്ചാത്യർ ആ വഴിയിൽ ഏറെ മുന്നിലെത്തിയെങ്കിലും നമ്മുടെ നാട്ടിൽ അതൊരു ചികിത്സാ ഉപാധിയായി പ്രചരിക്കാത്തതിൽ ഏറെ ദുഃഖിതനുമായിരുന്നു ആ പ്രതിഭാധനൻ. രാഗമല്ല രോഗം ഭേദപ്പെടുത്തുന്നതെന്നും പാടുന്ന വ്യക്തിയുടെ മനസ്സിന്റെ തീവ്രതയും രാഗം പ്രയോഗിക്കുന്ന രീതിയുമാണ് അതിന്റെ അടിസ്ഥാനമെന്നും ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ ബാലമുരളീകൃഷ്ണ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP