Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാലഭാസ്‌ക്കറിന് സംഗീതാഞ്ജലിയുമായി ഉറ്റ സുഹൃത്ത് സ്റ്റീഫൻ ദേവസിയും സംഘവും; കണ്ണീരിൽ കുതിർന്ന വാദ്യോപകരണങ്ങളുമായി പ്രിയ സുഹൃത്തിന് വിട പറയുന്ന കൂട്ടുകാർ കണ്ടു നിൽക്കുന്നവരിലെല്ലാം തേങ്ങലായി മാറുന്നു; പരസ്പരം ആശ്വസിപ്പിച്ചും കണ്ണുനീർ തുടച്ചുമുള്ള പ്രിയ സുഹൃത്തുക്കളുടെ സംഗീതാഞ്ജലി; വേർപാട് താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് ആരാധകർ; പ്രശസ്തിയുടെ പിറകേപോവാതെ വയലിനെ പ്രേമിച്ച അതുല്യ പ്രതിഭയുടെ വിയോഗത്തിൽ തേങ്ങി കലാലോകം; സംസ്‌കാരം ബുധനാഴ്ച

ബാലഭാസ്‌ക്കറിന് സംഗീതാഞ്ജലിയുമായി ഉറ്റ സുഹൃത്ത് സ്റ്റീഫൻ ദേവസിയും സംഘവും; കണ്ണീരിൽ കുതിർന്ന വാദ്യോപകരണങ്ങളുമായി പ്രിയ സുഹൃത്തിന് വിട പറയുന്ന കൂട്ടുകാർ കണ്ടു നിൽക്കുന്നവരിലെല്ലാം തേങ്ങലായി മാറുന്നു; പരസ്പരം ആശ്വസിപ്പിച്ചും കണ്ണുനീർ തുടച്ചുമുള്ള പ്രിയ സുഹൃത്തുക്കളുടെ സംഗീതാഞ്ജലി; വേർപാട് താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് ആരാധകർ; പ്രശസ്തിയുടെ പിറകേപോവാതെ വയലിനെ പ്രേമിച്ച അതുല്യ പ്രതിഭയുടെ വിയോഗത്തിൽ തേങ്ങി കലാലോകം; സംസ്‌കാരം ബുധനാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വൈകിട്ട് നാലിന് ബാലഭാസ്‌കറിന്റെ മൃതദേഹം കലാഭവനിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരച്ചിലും പരസ്പരം ഉള്ള ആശ്വസിപ്പിക്കലും ആണ് എങ്ങും. യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ചപ്പോൾ എത്തിയ സംഗീത പ്രതിഭകളും ബാലുവിന്റെ കൂട്ടുകാരുമെല്ലാം കലാഭവനിലും എത്തിയിരുന്നു. അത്രമേൽ അവർക്ക് പ്രിയപ്പെട്ടവനായിരുന്നു ബാലഭാസ്‌ക്കർ എന്ന വയലിന് വിസ്മയം. പ്രിയ സുഹൃത്ത് മരണത്തിന് കീഴടങ്ങിയിട്ടും വിട്ടു കൊടുക്കില്ല എന്ന വാശിപോലെയാണ് സുഹൃത്തുക്കൾ എല്ലാം. അത്രയ്ക്കായിരുന്നു ബാഭാസ്‌ക്കറിന് സുഹൃത്തുക്കളോടും സംഗീതത്തോടും ഉള്ള സ്‌നേഹം.

യൂണിവേഴ്‌സിറ്റി കോളേജിലെ പൊതുദർശനത്തിന് പിന്നാലെ വൈകിട്ട് നാലുമണിക്ക് കലാഭവൻ തിയറ്ററിലും പൊതു ദർശനത്തിന് വെച്ച ബാലഭാസ്‌ക്കറിന്റെ മൃതദേഹം കാണാൻ നൂറുകണക്കിന് ജനങ്ങളാണ് ഇവിടേക്കും ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്.സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

ബാലഭാസ്‌ക്കറിന്റെ പ്രിയ സുഹൃത്തും ഒപ്പം വേദി പങ്കിട്ട് കയ്യടി വാങ്ങുകയും ചെയ്യുന്ന സറ്റീഫൻ ദേവസിയും കൂട്ടരുടേയും സംഗീതാഞ്ജലിയാണ് ഇവിടേക്ക് എത്തുന്നവരുടെ എല്ലാം കണ്ണ് നനയിക്കുന്നത്. ഒരായിരം സങ്കടക്കടൽ മനസ്സിലുണ്ടായിട്ടും കരച്ചിൽ അടക്കി പിടിച്ചു കൊണ്ടാണ് സ്റ്റീഫൻ ദേവസിയുടെ സംഗീതാഞ്ജലി. ബാലുവിന് പ്രിയപ്പെട്ട വരികൾ വായിക്കുമ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞു പോകുന്നുണ്ട് ഇവർ.

പരസ്പരം ആശ്വസിപ്പിച്ചും കണ്ണുനീർ തുടച്ചു കൊടുത്തുമാണ് ഇവർ തളരാതെ പിടിച്ചു നിൽക്കുന്നത്. ബാലു യാത്രയാകുമ്പോൾ അവന് പ്രിയപ്പെട്ട സംഗീതം എല്ലാം വായിച്ച് കേൾപ്പിക്കണം എന്ന വാശിയോട് തന്നെയാണ് അവർ തളരാതെ പിടിച്ചു നിൽക്കുന്നത്. കണ്ണീരിൽ കുതിർന്ന വാദ്യോപകരണങ്ങളുമായി പ്രിയ സുഹൃത്തിന് വിട പറയുന്ന കൂട്ടുകാർ കണ്ടു നിൽക്കുന്നവരിലെല്ലാം തേങ്ങലായി മാറുന്നു. ആരാധകരുടെയും സുഹൃത്തുക്കളുടേയും എല്ലാം പൊട്ടിക്കരച്ചിലുകളും ഉയരുന്നുണ്ട്. ബാലഭാസ്‌ക്കർ മരിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും അവർക്ക് ഇനിയും ഇത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം ബാലഭാസ്‌ക്കറിന് ആദരാഞ്ജലിയുമായി കലാലോകം ഒന്നടങ്കം എത്തി.

മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേർപാട്-ദിലീപ്
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന മുക്തരായിട്ടില്ല കലാലോകം. അകാലത്തിൽ പൊലിഞ്ഞ സംഗീത വിസ്മയം ബാലഭാസ്‌ക്കറിന് അനുശോചനവുമായി നടൻ ദിലീപ് എത്തി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അനുശോചനം അറിയിച്ചത്.

വാക്കുകൾകൊണ്ട് മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന്...ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേർപാട്, ആദരാഞ്ജലികൾ. ദിലീപ് കുറിച്ചു.

ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല മഞ്ജു വാര്യർ
' ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല,ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല...' മഞ്ജു കുറിച്ചു.

ആർക്കും ഇങ്ങനെ ഒരു അവസാനം വരരുത്-മഞ്ജരി
ഞാൻ കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് ബാലഭാസ്‌ക്കറിനെ അറിയാം. അദേഹത്തിന്റെ ആദ്യകാല വർക്കുകളിൽ എല്ലാം തന്നെ ഞാൻ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മോക്ഷത്തിൽ പാടാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വർക്കുകളിൽ ഏറ്റവും അധികം പാടിയ ഗായിക ഞാനായിരിക്കുമെന്ന്.

അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുമ്പോൾ ഞാൻ വളരെയധികം സന്തോഷവതിയായിരുന്നു. എനിക്ക് ക്ലാസിക്കൽ സംഗീതത്തിൽ ഒട്ടേറെ അവസരങ്ങൾ തന്ന വ്യക്തിയാണ് ബാലഭാസ്‌ക്കർ. അദേഹത്തിന് സംഗീതത്തിനോടുള്ള ആത്മാർത്ഥത വളരെ വലുതാണ്. അത്രയ്ക്കും അനുഗ്രഹീത പ്രതിഭയായിരുന്നു അദ്ദേഹം.

ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും എനിക്ക് വളരെയധികം അടുപ്പമുള്ള വ്യക്തികളായിരുന്നു. ലക്ഷ്മിയും റെക്കോഡിങ്ങിന് വരുമായിരുന്നു. റെക്കോഡിങ്ങ് സമയം വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു. പാട്ടിൽ എത്രത്തോളം ഇംപ്രവൈസേഷൻ വരുത്തണം എന്ന് പറഞ്ഞ് തരുമായിരുന്നു. വളരെയധികം സന്തോഷത്തോടെയാണ് അദ്ദേഹത്തിന്റെ ഒരോ റെക്കോഡിങ്ങും ചെയതിരുന്നത്.

ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. വളരെ നേരത്തെയുള്ള അദ്ദേഹത്തിന്റെ വിയോഗം തീർത്തും ദുഃഖിപ്പിക്കുന്നതാണ്. ഞങ്ങൾ കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ ഒരുമിച്ച് ഷോ ചെയ്തതാണ്. ഒരുമിച്ച് ഒരു പരിപാടിയൊക്കെ ചെയ്തിട്ട് ഇങ്ങനെ പെട്ടെന്ന് ഒരു വിയോഗത്തെ കുറിച്ച് കേട്ടപ്പോൾ ശരിക്കും ഷോക്കായിരുന്നു. ഒന്നും ചെയ്യാൻ പറ്റാത്തൊരു അവസ്ഥ. ആർക്കും ഇങ്ങനെ ഒരു അവസാനം വരരുത്.

ഇങ്ങനെ പറ്റിക്കാമോ ഞങ്ങളെവിധു പ്രതാപ്
'പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങൾക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോ ഞങ്ങളെ'- ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും ഗായകനുമായ വിധു പ്രതാപ് ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം വരെ ആശുപത്രി വൃത്തങ്ങളിൽ നിന്ന് പ്രതീക്ഷ തരുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരുന്നത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ബാലഭാസ്‌കർ, ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലക്ഷ്മി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായി തകർന്നിരുന്നു.

അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ ആ സംഗീതം ഇനിയില്ല: ശ്രീകുമാർ മേനോൻ
അകാലത്തിൽ പൊലിഞ്ഞ യുവസംഗീതജ്ഞൻ ബാലഭാസ്‌കറിനെ വേദനയോടെ അനുസ്മരിക്കുകയാണ് സിനിമാ ലോകം. ഉറക്കമുണർന്നതു മുതൽ ബാലുവിന്റെ മരണ വാർത്ത കേട്ട് തരിച്ചിരിക്കാനെ തനിക്ക് കഴിയുന്നുള്ളുവെന്ന് പറയുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. ബാലഭാസ്‌കറിനെ ഉൾപ്പെടുത്തി മുംബയിൽ ഒരു സംഗീത നിശ നടത്തണമെന്ന ആഗ്രഹം ബാക്കിയായെന്നും ശ്രീകുമാർ മേനോൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണർന്നത് മുതൽ നിന്റെ മരണവാർത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ. വർഷങ്ങളായി ഞാൻ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്‌കറിനെ കൂടി ഉൾപ്പെടുത്തി ഒരു സംഗീത നിശ മുംബൈയിൽ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് പറയാൻ എനിക്ക് വയ്യ.

ജാനിയെ തനിച്ചാക്കാൻ വയ്യാതെ നീയും പോകുമ്പോൾ ലക്ഷ്മിക്കായാണ് എന്റെ പ്രാർത്ഥനകൾ മുഴുവൻ. ഈ ലോകത്തിലെ സകല ദൈവങ്ങളും അവർക്ക് ശക്തി പകരട്ടെ. പുത്തൂർ നൃത്ത സംഗീതോത്സവ വേദിയിൽ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങൾക്കുള്ളിൽ പൊഴിയാതെയുണ്ട്. നീ മീട്ടി നിർത്തിയ ആ വയലിൻ ഈണങ്ങൾ മാത്രമാണ് മാറോടണയ്ക്കാൻ ഉള്ളത്.

ബാലഭാസ്‌ക്കർ മകന പോലെ ആയിരുന്നുകടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വയലിൻ തന്ത്രികളിൽ സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും മാസ്മരികത വിരിയിച്ച ബാലഭാസ്‌കർ വിട വാങ്ങുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് എല്ലാവരും അനുസ്മരിക്കുന്നത്. ബാലഭാസ്‌ക്കറിനെ മകനെ പോലെ ഇഷ്ടമായിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഖാവ് ആയിരുന്നു ഒരിക്കലും മറക്കാനാകാത്ത വിസ്മയ പ്രകടനങ്ങൾ കാഴ്ച വെച്ച കലാകാരനായിരുന്നെന്നും കടകംപള്ളി പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് അനുഗ്രഹീത കലാകാരനെ കടകംപള്ളി അനുശോചിച്ചത്.

ബോധരഹിതനായ ബാലുവിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും ഈണങ്ങളുടെ ലോകത്ത് നീ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മകളുടെ വിയോഗം നീ സഹിക്കില്ലായിരുന്നു. അധികമൊന്നും കുറിക്കാനാകുന്നില്ല. ലാൽസലാം ബാലു'- ഫേസ്‌ബുക്കിൽ കടകംപള്ളി കുറിച്ചു.

ഹൃദയത്തിൽ തുളച്ചുകയറുന്ന നിഷ്‌കളങ്കമായ ചിരിയും ആ സംഗീതവും മനസ്സിൽ മായാതെ നിൽക്കുംശബരിനാഥൻ
ബാലഭാസ്‌കർ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളിൽ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിൻ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികൾ വിരളം. ഞാൻ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറന്റിലാണ്.

ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോൾ ഒരു കുഞ്ഞു പെൺകുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോൾ ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്‌കർ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു 'മകളാണ്, പേര് തേജസ്വിനി'. രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തിൽ തുളച്ചുകയറുന്ന നിഷ്‌കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സിൽ മായാതെ നിൽക്കും.
ആദരാഞ്ജലികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP