Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിട്ടയായ ജീവിതം നൽകിയത് 107-ാം വയസ്സിലും ചുറുചുറുക്ക്; സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയത് ഗാന്ധിയുടെ നിർദ്ദേശ പ്രകാരം; പ്രായം പറഞ്ഞ് മാറ്റിനിർത്താൻ ശ്രമിച്ചപ്പോൾ രാജഗോപാലിനെ വെട്ടിലാക്കിയ ബിജെപിയിലെ ഒറ്റയാൻ; ലോ അക്കാദമി സമരകാലത്തെ രാജിയും ചർച്ചയായി; ആരേയും ഒന്നിനും ആശ്രയിക്കാതെ അയ്യപ്പൻപിള്ള മടങ്ങുമ്പോൾ

ചിട്ടയായ ജീവിതം നൽകിയത് 107-ാം വയസ്സിലും ചുറുചുറുക്ക്; സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയത് ഗാന്ധിയുടെ നിർദ്ദേശ പ്രകാരം; പ്രായം പറഞ്ഞ് മാറ്റിനിർത്താൻ ശ്രമിച്ചപ്പോൾ രാജഗോപാലിനെ വെട്ടിലാക്കിയ ബിജെപിയിലെ ഒറ്റയാൻ; ലോ അക്കാദമി സമരകാലത്തെ രാജിയും ചർച്ചയായി; ആരേയും ഒന്നിനും ആശ്രയിക്കാതെ അയ്യപ്പൻപിള്ള മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 107-ാം വയസ്സിലും രാവിലെ നടക്കാൻ ഇറങ്ങും. വ്യക്തിപരമായ യാത്രകൾ എല്ലാം അടുത്ത കാലം വരെ ഒറ്റയ്ക്ക്. വീട്ടിന് അടുത്ത ഓട്ടോ സ്റ്റാൻഡിലെത്തി സ്വയം ഓട്ടോയിൽ കയറി ലക്ഷ്യ സ്ഥാനത്ത് പോകുന്നതാണ് പതിവ്. ആരേയും ആശ്രയിക്കുന്നത് ഒരുകാലത്തും ഇഷ്ടമായിരുന്നില്ല കെ അയ്യപ്പൻപിള്ളയ്ക്ക്. ചിട്ടയായ ജീവിതത്തിലൂടെയാണ് അയ്യപ്പൻപിള്ള തിരുവനന്തപുരത്തെ വിസ്മയിപ്പിച്ചത്. രാഷ്ട്രീയത്തിൽ ഉൾപ്പെടെ എടുത്ത നിലപാടുകളിൽ ഉറച്ചു നിന്നു. മുമ്പൊരിക്കൽ ബിജെപിയുടെ ദേശീയ കൗൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അയ്യപ്പൻപിള്ള പ്രഖ്യാപിച്ചപ്പോൾ പലരും അനുനയത്തിനെത്തി. എന്നാൽ പ്രായമല്ല പ്രവർത്തിയിലാണ് കാര്യമെന്ന നിലപാട് അയ്യപ്പൻപിള്ള എടുത്തു. അതോടെ മത്സരം ഒഴിവാക്കാൻ ഒ രാജഗോപാലിന് ദേശീയ കൗൺസിൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. പറയുന്നിടത്ത് ഉറച്ചു നിൽക്കുന്ന അയ്യപ്പൻപിള്ളയുടെ മനസ്സായിരുന്നു രണ്ട് പതിറ്റാണ്ട് മുമ്പ് രാജഗോപാലിന്റെ പിന്മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ബിജെപി അച്ചടക്ക സമിതി അധ്യക്ഷനുമായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അയ്യപ്പൻപിള്ള. പ്രായം 107 ആയെങ്കിലും സ്വാതന്ത്ര്യസമര സേനാനി കെ. അയ്യപ്പൻപിള്ളയുടെ ജീവിതചര്യയ്ക്ക് മാറ്റമൊന്നുമില്ലായിരുന്നു. പത്രവും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും വായിച്ചും ടി.വിയിൽ വാർത്തകൾ കണ്ടും രാഷ്ട്രീയ സംവാദത്തിലേർപ്പെട്ടും അദ്ദേഹം ഊർജ്ജസ്വലനായിരുന്നു. തൈക്കാട്ടെ വീട്ടിൽ മകളും മരുമകനും മാത്രം പങ്കെടുത്തുള്ള ജന്മദിനാഘോഷവും ചർച്ചയായിരുന്നു.

ഗാന്ധിജിയെ രണ്ടുതവണ നേരിൽ കാണുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിനിറങ്ങുകയും ചെയ്ത അയ്യപ്പൻപിള്ളയോട് രാഷ്ട്രീയ കാര്യങ്ങൾ ചോദിച്ചാൽ നിറുത്താതെ സംസാരിക്കുമായിരുന്നു. കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചെങ്കിലും പഴയതുപോലെ പുറത്തിറങ്ങാനാവുന്നില്ലെന്നതു മാത്രമായിരുന്നു അവസാന കാല സങ്കടം. കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നും അയ്യപ്പൻപിള്ളയ്ക്കില്ലായിരുന്നു. രണ്ട് ദിവസം മുമ്പ് ചെറിയ അസ്വസ്ഥതകളുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത് വീട്ടിൽ നിന്നുള്ള അവസാന യാത്രയുമായി. സ്റ്റേറ്റ് കോൺഗ്രസ് നേതാവായിരിക്കെ 1942ൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യകൗൺസിൽ അംഗമായ അയ്യപ്പൻപിള്ള പിന്നീടാണ് ബിജെപിയിലെത്തിയത്.

ലോ അക്കാദമിയുടെ ചെയർമാനായിരുന്നു അയ്യപ്പൻപിള്ള. ലോ അക്കാദമി വിവാദത്തിനിടെ അയ്യപ്പൻപിള്ള രാജി പ്രഖ്യാപനം നടത്തി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചി്ല്ലെങ്കിൽ താൻ സ്ഥാനമൊഴിയുമെന്നാണ് അയ്യപ്പൻപിള്ള വ്യക്തമാക്കിയത് ഏറെ ചർച്ചയായി. ഇത് ലക്ഷ്മി നായരെ പ്രതിസന്ധിയിലുമാക്കി. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ കർശന നിർദ്ദേശമാണ് അയ്യപ്പൻപിള്ളയെ ഇത്തരമൊരു നിലപാട് എടുക്കാൻ പ്രേരിപ്പിച്ചത്. അപ്പോൾ നേമം എംഎൽഎ കൂടിയായ രാജഗോപാലും പാർട്ടി നിലപാടിനൊപ്പം വരണമെന്ന് അയ്യപ്പൻ പിള്ളയോട് നിർദ്ദേശിച്ചു.

ലോ അക്കാദമി വിഷയത്തിൽ സമരത്തിനിറങ്ങിയ ബിജെപിയെ വെട്ടിലാക്കാൻ അയ്യപ്പൻപിള്ളയെ ഉയർത്തിയാണ് ലോ അക്കാദമി നീങ്ങിയത്. ഇത് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ സ്ഥാപകരിൽ ഒരാളാണ് അയ്യപ്പൻപിള്ള. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. തെരഞ്ഞെടുപ്പി വേദികളിലെല്ലാം സജീവമായി നിറയുന്ന അയ്യപ്പൻപിള്ള ലോ അക്കാദമിയുടെ ചെയർമാനായത് ബിജെപിക്ക് അന്ന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് ചൂണ്ടിയാണ് ബിജെപി പ്രതിരോധിക്കാൻ എസ് എഫ് ഐയും സിപിഎമ്മുമെല്ലാം ശ്രമിച്ചത്.

അതിനിടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച പാരമ്പര്യമുള്ള പ്രമുഖന്റെ മകന്റെ വിവാഹം തിരുവനന്തപുരത്ത് നടന്നത്. സൽക്കാര ചടങ്ങിൽ കുമ്മനം ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെല്ലാം പങ്കെടുത്തു. ഒ രാജഗോലും എത്തി. ഇതിനിടെയാണ് അയ്യപ്പൻ പിള്ളയും വന്നത്. സൗഹൃദ സംഭാഷണത്തിന് ശേഷം കുമ്മനം തന്നെയാണ് പാർട്ടിക്കുണ്ടായ പ്രതിസന്ധി അയ്യപ്പൻപിള്ളയോട് വിശദീകരിച്ചത്. ലോ അക്കാദമിയുടെ ചെയർമാനായി തുടരുന്നത് ബിജെപിക്ക് കടുത്ത പ്രശ്നമാണെന്നും കുമ്മനം അറിയിച്ചു.

സമരം ന്യായമായി പരിഹരിക്കാൻ ലക്ഷ്മി നായരും നാരായണൻ നായരും തയ്യാറായില്ലെങ്കിൽ കടുത്ത നിലപാട് എടുക്കണമെന്നായിരുന്നു അയ്യപ്പൻപിള്ളയോട് കുമ്മനത്തിന്റെ ആവശ്യം. ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് ലോ അക്കാദമിക്ക് മുമ്പിലെ സമരപന്തലിൽ ഉച്ചയോടെ അയ്യപ്പൻപിള്ള എത്തിയത്. ബിജെപിയുടെ മനസ്സറിഞ്ഞ് കാര്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിയണമെന്ന് ചെയർമാൻ അയ്യപ്പൻപിള്ള ആവശ്യപ്പെട്ടു. ഇതെല്ലാം ലോ അക്കാദമി സമരകാലത്ത് അയ്യപ്പൻപിള്ളയെ ചർച്ചകളിൽ നിറച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP