Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

അറ്റ്‌ലസ് രാമചന്ദ്രൻ കോവിഡ് പോസിറ്റീവ്; സംസ്‌കാരചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദുബായ് ജബൽ അലി ശ്മശാനത്തിൽ; പ്രിയപ്പെട്ട വ്യവസായിക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ കഴിയാത്ത വേളയിൽ മലയാളികളായ പ്രവാസികളും; സ്വപ്നങ്ങൾ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രൻ പോകുമ്പോൾ പ്രവാസ ലോകത്തിനും നഷ്ടം

അറ്റ്‌ലസ് രാമചന്ദ്രൻ കോവിഡ് പോസിറ്റീവ്; സംസ്‌കാരചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദുബായ് ജബൽ അലി ശ്മശാനത്തിൽ; പ്രിയപ്പെട്ട വ്യവസായിക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ കഴിയാത്ത വേളയിൽ മലയാളികളായ പ്രവാസികളും; സ്വപ്നങ്ങൾ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രൻ പോകുമ്പോൾ പ്രവാസ ലോകത്തിനും നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്നലെ രാത്രി അന്തരിച്ച വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മൃതദേഹ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്‌കാരം. ഇക്കാര്യം അദ്ദേഹത്തിന്റെ മകൾ മകൾ മഞ്ജു രാമചന്ദ്രനാണ് അറിയിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ദുബായ് ജബൽ അലി ശ്മശാനത്തിൽ നടക്കും. കോവിഡ് സ്ഥിരീകരിച്ചതു കൊണ്ട് തന്നെ അറ്റ്‌ലസ് രാമചന്ദ്രന് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരവും പ്രവാസികൾക്ക നഷ്ടമാകും. സ്വപ്നങ്ങൾ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രൻ പോകുമ്പോൾ പ്രവാസ ലോകത്തിനും അത് കനത്ത നഷ്ടമാണ്.

വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് ദിവസം മുൻപ് ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. യു.എ.ഇ.സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ.മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മകൻ ശ്രീകാന്ത് യു.എസിലാണ്.

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് അറ്റ്‌ലസ് രാമചന്ദ്രന്റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാൾ പോലും ആ മുഖവും ശബ്ദവും മറക്കാൻ സാധ്യതയില്ല. നല്ല നിലയിൽ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയിൽ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്‌ലസ് രാമചന്ദ്രനെ വലച്ചിരുന്നു.

കടബാധ്യതകളെ തുടർന്ന് അദ്ദേഹം ജയിൽ ശിക്ഷയും നേരിടേണ്ടി വന്നിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 55 കോടിയിലേറെ ദിർഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനേത്തുടർന്ന് 2015 ആഗസ്തിൽ അറസ്റ്റിലായിരുന്നു. ദുബൈ കോടതി അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ ഉൾപ്പെടെ അദ്ദേഹത്തിന്റെ മോചനത്തിനായി പരിശ്രമിച്ചിരുന്നു. 2018ലാണ് അദ്ദേഹം ജയിൽ മോചിതനായത്.

ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടര വർഷത്തെ ജയിൽ വാസത്തിനു ശേഷം രാമചന്ദ്രൻ പുറത്തിറങ്ങുമ്പോൾ ആഭരണ വ്യാപാര രംഗത്തുണ്ടായിരുന്ന ആസ്തികളായ സ്വർണവും ഡയമണ്ടുമെല്ലാം നഷ്ടമായിരുന്നു. ചെക്ക് കേസിൽ രാമചന്ദ്രൻ ജയിലിലാകുമ്പോൾ അറ്റ്‌ലസ് ഗ്രൂപ്പിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതോളം ജൂവലറികളാണ് ഉണ്ടായിരുന്നത്. താൻ വിശ്വസിച്ച് കൂടെ കൊണ്ടുനടന്നിരുന്ന ആളുകൾ പോലും തന്റെ പതനത്തിന് കാരണക്കാരായെന്നു മനസിലാക്കിയിട്ടും രാമചന്ദ്രൻ അവർക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ല.

തന്റെ തകർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്ന് രാമചന്ദ്രൻ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. അറ്റ്‌ലസ് വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോൾ അതൊക്കെ തുറന്നുപറയാമെന്നായിരുന്നു രാമചന്ദ്രൻ പറഞ്ഞിരുന്നത്. എന്നാൽ താൻ ജയിലിൽ ആയിരുന്നപ്പോൾ ചതിച്ച മാനേജർമാരെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2015-ൽ അറസ്റ്റിലായ രാമചന്ദ്രൻ അപ്പീൽ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് പുറത്തിറങ്ങിയപ്പോഴേക്കും ഏകദേശം മൂന്ന് വർഷത്തോളം പിന്നിട്ടിരുന്നു. അപ്പോഴേക്കും രാമചന്ദ്രൻ കഷ്ടപ്പെട്ടു നേടിയതൊക്കെയും നഷ്ടമായിരുന്നു. ആഭരണ വ്യാപാര രംഗത്തെ ആസ്തികളായ സ്വർണവും ഡയമണ്ടും ഒന്നും ശേഷിച്ചിരുന്നില്ല.

ജയിലിൽ പോയ ഉടമ ഉടൻ തിരികെ വരില്ലെന്നു മനസിലാക്കിയ മാനേജർമാർ തോന്നിയപോലെയാണ് കാര്യങ്ങൾ ചെയ്തതെന്ന് രാമചന്ദ്രൻ പറഞ്ഞു. ഒരു മാനേജർ തീർത്ഥാടനത്തിനു നാട്ടിൽ പോകാൻ ഭാര്യയോട് അവധി ചോദിച്ചു. ഒരാഴ്ചത്തേക്ക് നാട്ടിൽ പോയ അദ്ദേഹം പിന്നീടൊരിക്കലും മടങ്ങിവന്നില്ല. രാജ്യം വിട്ട മാനേജർമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. അവർ ഫോൺ കട്ട് ചെയ്തു. ആരെയാണ് നാം വിശ്വസിക്കുകയെന്ന് രാമചന്ദ്രൻ ചോദിച്ചു.

പൊലീസിൽ പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. പരാതി നൽകിയാലും അവരുടെയൊന്നും കൃത്യമായ മേൽവിലാസം ഇല്ലാത്തതിനാൽ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ല. അതിനേക്കാൾ ഭേദം ഈ കുരിശ് സ്വയം ചുമക്കുന്നതാണ് നല്ലത് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം നിക്ഷേപകരെ കണ്ടെത്തി അറ്റ്‌ലസ് ഗോൾഡുമായി വീണ്ടും വരാനുള്ള തയ്യാറെടുപ്പിലായിരുന്നു രാമചന്ദ്രൻ. അതിനുള്ള ശ്രമങ്ങളുമായി ഏറെദൂരം അദ്ദേഹം മുന്നോട്ടു പോയിരുന്നു. തന്നെ ചതിച്ചവർ ആരൊക്കെയെന്ന് ആദ്യത്തെ ഷോറൂം തുറന്ന ശേഷം വെളിപ്പെടുത്താമെന്നായിരുന്നു രാമചന്ദ്രൻ പറഞ്ഞിരുന്നത്. എന്നാൽ രഹസ്യങ്ങൾ ബാക്കിയാക്കി നിക്ഷേപങ്ങളില്ലാത്ത ലോകത്തേക്ക് രാമചന്ദ്രൻ യാത്രയായിരിക്കുകയാണ്.

എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്തിൽ ദുബൈയിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്. മലയാളികൾ നെഞ്ചേറ്റിയ വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച അറ്റ്‌ലസ് രാമചന്ദ്രൻ 2010 ൽ ഹോളിഡേയ്സ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട് . ഇന്നലെ , കൗരവർ , വെങ്കലം , ചകോരം തുടങ്ങിയ സിനിമകൾ വിതരണം ചെയ്തു . അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ , സുഭദ്രം , ബാല്യകാലസഖി തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP