Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഹരിഹർനഗറിൽ സ്വയം ട്രോളിന് നിന്നു കൊടുത്ത നടനായ പ്രവാസി; സിനിമാ ലോകത്ത് എത്തിയത് ഭരതന്റെ വൈശാലി നിർമ്മിച്ച്; ഹോളിഡേയ്‌സിലൂടെ സംവിധായകനുമായി; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന സ്വന്തം കടയുടെ പരസ്യ വാചകത്തിലൂടെ മിമിക്രിക്കാരുടെ ഇഷ്ട കഥാപാത്രമായി: അറ്റ്‌ലസ് രാമചന്ദ്രൻ ജനഹൃദയങ്ങളെ കീഴടക്കി മടങ്ങുമ്പോൾ

ഹരിഹർനഗറിൽ സ്വയം ട്രോളിന് നിന്നു കൊടുത്ത നടനായ പ്രവാസി; സിനിമാ ലോകത്ത് എത്തിയത് ഭരതന്റെ വൈശാലി നിർമ്മിച്ച്; ഹോളിഡേയ്‌സിലൂടെ സംവിധായകനുമായി; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന സ്വന്തം കടയുടെ പരസ്യ വാചകത്തിലൂടെ മിമിക്രിക്കാരുടെ ഇഷ്ട കഥാപാത്രമായി: അറ്റ്‌ലസ് രാമചന്ദ്രൻ ജനഹൃദയങ്ങളെ കീഴടക്കി മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അറ്റ്ലസ് രാമചന്ദ്രന് എത്ര കടകൾ ഉണ്ടായിരുന്നു എന്നത് ഒരു പക്ഷെ മലയാളിക്ക് അറിയാമായിരുന്നില്ല. അതവർക്ക് പ്രശ്നവുമല്ല. എന്നാൽ രാമചന്ദ്രൻ മറ്റ് സ്വർണ്ണകടകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടങ്ങൾ മൂലം ആയിരുന്നു. സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ സ്വയം ശബ്ദം നൽകി രാമചന്ദ്രൻ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു.

ഗൾഫ് നാടുകളിലെ പ്രശസ്തമായ അറ്റ്‌ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രൻ പിന്നീട് അറ്റ്‌ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാര വിജയത്തെ തുടർന്നായിരുന്നു. സിനിമാ നിർമ്മാതാവ്, നടൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സിൽ വന്ന പിഴവുകളെ തുടർന്ന് 2015 ഓഗസ്റ്റിലാണ് ജയിലിലാവുന്നത്. രണ്ടേമുക്കാൽ വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്ക് വരാനായില്ല. തന്റെ അററ്‌ലസ് വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാൽ ആ ശ്രമം വിജയം കണ്ടില്ല. അതിനിടെ മരണവുമെത്തി.

വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്ലസ് രാമചന്ദ്രൻ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. അപ്പോഴൊന്നും ഈ മലയാളിയെ ആരും ശ്രദ്ധിക്കപ്പെട്ടില്ല. ടു ഹരിഹർ നഗർ എന്ന ചിത്രത്തിൽ സ്വയം ട്രോളുന്നത് പോലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിമർശനങ്ങളോട് കാട്ടിയ സഹിഷ്ണുതയ്ക്ക് തെളിവായി ആ സിനിമ.

അപ്പോഴാണ് മലയാളിയുടെ വിശ്വസ്ത സ്ഥാപനമെന്ന തലവാചകവുമായി രാമചന്ദ്രന്റെ പരസ്യമെത്തുന്നത്. ഇതോടെ മലയാളി എവിടേയും രാമചന്ദ്രനെ തിരിച്ചറിയാൻ തുടങ്ങി. അറബിക്കഥയിലേയും ഹരിഹർ നഗറിലേയും വേഷങ്ങൾ നടന്നെ നിലയിലും ശ്രദ്ധേയനായി. ഇതിനിടെയാണ് സംവിധായക മോഹമുണ്ടാകുന്നത്. ഹോളിഡേയ്സ് എന്ന സിനിമയിലൂടെ ആതും സാധിച്ചു. 'ഹോളിഡേയ്സ്' എന്ന സിനിമയിലൂടെ യുവത്വത്തിന്റെ ആഘോഷങ്ങളുടെ കഥയാണ് സംവിധായകൻ അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞത്. മുക്തയും വിനുമോഹനനും നായികാനായകന്മാരായ ഈ സിനിമയിൽ പുതുമുഖങ്ങൾക്കായിരുന്നു പ്രാമുഖ്യം. ബാംഗ്ലൂരിലെ ഐ.ടി. വിദ്യാർത്ഥികളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

എം ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി. 1988ൽ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഏക ഭരതൻ ചിത്രമായിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ നിർണ്ണായ ഏടായിരുന്നു വൈശാലിയെന്ന സിനിമ. അക്കാലത്ത് ഏറെ ചെലവ് ഉണ്ടായ സിനിമയ്ക്ക് സംവിധായകന് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന സംവിധായകനാണ് രാമചന്ദ്രൻ. എംടി-ഭരതൻ കൂട്ടുകെട്ടിന്റെ സിനിമയുടെ വിജയത്തിൽ നിർമ്മാതവിന്റെ പേര് അധികം ചർച്ചയായില്ല. ഭരതന്റെ മോഹൻലാൽ ചിത്രമായ വാസ്തുഹാരയും ദേശീയ ശ്രദ്ധ നേടി. സിബി മലയിലിന്റെ ധനം സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് നിർമ്മച്ചത്. എന്നാൽ അത് വേണ്ടത്ര ശ്രദ്ധിക്കാതെ പോയി.

ഹരികുമാർ എംടി ടീമിന്റെ സുകൃതവും കലാപരമായ ഔന്യത്യം പുലർത്തി. രാമചന്ദ്രന്റെ ചന്ദ്രകാന്ത് ഫിലിംസ് നിരവധി നല്ല ചിത്രങ്ങളുടെ വിതരണവും നടത്തി. എന്നാൽ പലതും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. വേണ്ടത്ര കലാപരമായ ചർച്ചകളിൽ ഇടം നേടിയ സിനിമകളായിരുന്നു അവ. സാമ്പത്തിക ലാഭത്തിനപ്പുറമുള്ള ചിന്ത രാമചന്ദ്രന് സിനിമയെടുക്കുമ്പോഴും ഉണ്ടായിരുന്നില്ല. അവിടേയും വെറുമൊരു മുതലാളിയായി രാമചന്ദ്രൻ മാറിയില്ല. സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം നൽകി സിനിമയെ ജനങ്ങളിൽ എത്തിച്ച സംവിധായകൻ സ്വർണ്ണ കച്ചവടം കൂടുതൽ സജീവമായതോടെ സിനിമാ നിർമ്മാണത്തിന് അവധി നൽകി.

അറ്റല്സിന്റെ പരസ്യ ചിത്രത്തോടെ മിമിക്രിക്കാരുടെ പ്രിയതാരമായി രാമചന്ദ്രൻ. അന്നുവരെ പരസ്യ ചിത്രങ്ങളിൽ മുതലാളി പ്രത്യക്ഷപ്പെടുന്ന പതിവ് കേരളത്തിലില്ലായിരുന്നു. അതാണ് രാമചന്ദ്രൻ മറികടന്നത്. ക്യാമറയ്ക്ക് മുന്നിലേക്ക് കടന്നുവരാനുള്ള മനസ്സാണ് രാമചന്ദ്രൻ പ്രകടിപ്പിച്ചത്. ഇതിന്റെ തുടർച്ചയായിരുന്നു സിനിമാ അഭിനയം. അറിബക്കഥയിലെ പ്രവാസി മലയാളിയുടെ വേഷവും ഇൻ ഹരിഹർ നഗറിലെ ചെറിയ വേഷവും മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു സംവിധായകനായി മാറിയത്.

ആവശ്യത്തിന് പണം ഉണ്ടായതു കൊണ്ട് മാത്രമായിരുന്നില്ല അത്. സിനിമയെ അടുത്തറിയാനുള്ള മോഹമായിരുന്നു സംവിധായക കുപ്പായത്തിലൂടെ രാമചന്ദ്രൻ സാക്ഷാത്കരിച്ചത്. അങ്ങനെ മലയാളി സിനിമയ്ക്ക് ഒരു പിടി നല്ല ചിത്രങ്ങൾ നൽകിയ വ്യക്തി സ്വർണ്ണ കുടിപകയിൽ പെട്ട് ജയിലിനുള്ളിലായി. കച്ചവടത്തിലും സിനിമയിലും ജീവിതത്തിലും നല്ലതു മാത്രം നൽകിയ രാമചന്ദ്രൻ വിടവാങ്ങുമ്പോൾ അറബിക്കഥ അടക്കമുള്ള സിനിമകളിലൂടെ രാമചന്ദ്രൻ ജനമനസ്സുകളിൽ ജീവിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP