Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദുബായിലെ ജയിൽ മോചനത്തിൽ രക്ഷകരുടെ റോളിൽ നിന്നത് കേന്ദ്രവും മന്ത്രി സുഷാമാ സ്വരാജും; അതേ സംവിധാനത്തിന് കീഴിലെ ഇഡി തന്നെ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനത്തെ തളർത്താൻ സജീവമായത് രണ്ടാം മോദി സർക്കാരിന്റെ കാലത്ത്; ഉയർത്തെഴുന്നേൽക്കാൻ അറ്റ്ലസ് രാമചന്ദ്രനെ അനുവദിക്കാതെ റെയ്ഡും പണം കണ്ടു കെട്ടലും; അറ്റ്‌ലസിനെ തകർത്തതും തൃശൂർ ലോബി

ദുബായിലെ ജയിൽ മോചനത്തിൽ രക്ഷകരുടെ റോളിൽ നിന്നത് കേന്ദ്രവും മന്ത്രി സുഷാമാ സ്വരാജും; അതേ സംവിധാനത്തിന് കീഴിലെ ഇഡി തന്നെ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനത്തെ തളർത്താൻ സജീവമായത് രണ്ടാം മോദി സർക്കാരിന്റെ കാലത്ത്; ഉയർത്തെഴുന്നേൽക്കാൻ അറ്റ്ലസ് രാമചന്ദ്രനെ അനുവദിക്കാതെ റെയ്ഡും പണം കണ്ടു കെട്ടലും; അറ്റ്‌ലസിനെ തകർത്തതും തൃശൂർ ലോബി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അറ്റ്ലസ് രാമചന്ദ്രനെ സ്വന്തം നാടും വെറുതെ വിട്ടില്ലെന്നതാണ് വസ്തുത. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തനാകാൻ ശ്രമിക്കുന്ന പ്രവാസി വ്യവസായിയെ അക്ഷരാർത്ഥത്തിൽ തളർത്തി അറ്റ്ലസ് ജുവലറി ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പോലും നടത്തി. ഈ റെയ്ഡാണ് രാമചന്ദ്രന്റെ തിരിച്ചു വരവിന്റെ വേഗത കുറച്ചത്. ഒടുവിൽ എൺപതാം വയസ്സിൽ മടക്കവും. ഇനി അറ്റ്‌ലസ് പുനർജനിക്കാനുള്ള കരുത്ത് എവിടെ നിന്ന് കിട്ടുമെന്നതാണ് ഉയരുന്ന ചോദ്യം. രക്ഷിക്കുമെന്ന് കരുതിയവർ പോലും ശിക്ഷിച്ചുവെന്നതാണ് വസ്തുത.

വ്യവസായത്തിലെ കുടിപ്പകയാണ് രാമചന്ദ്രനെ ജയിലിലാക്കിയതെന്ന ആരോപണം ശക്തമാണ്. തൃശൂരിലെ ചിലരാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. ഇതേ ആളുകളാണ് ഇപ്പോഴും അറ്റ്ലസിനെ തകർക്കാൻ മുന്നിൽ നിന്നത്. ആ വ്യവസായി സ്വർണ്ണ കച്ചവടത്തെ നിയന്ത്രിക്കുന്നത് അവർക്ക് സഹിച്ചില്ല. ഗൾഫിലെ രാജകുടുംബവുമായി അറ്റ്‌ലസ് ഇടപെഴുകിയാൽ തങ്ങളുടെ പ്രധാന്യവും പ്രസക്തിയും നാട്ടിലും വിദേശത്തും കുറയുമോ എന്നും അവർ ഭയന്നു. ജയിലിൽ കിടന്ന നാളിൽ എല്ലാം രാമചന്ദ്രൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഗൾഫിലെ ഇടപെടലുകളിൽ കണ്ണും കാതും തുറന്നു വച്ചു. അപ്പോഴാണ് സ്വന്തം നാട്ടിൽ പുതിയ ചതിയൊരുക്കി അവർ എത്തിയത്. ഇതോടെ അറ്റ്‌ലസിന്റെ ഗൾഫ് ഷോറൂം എന്ന സ്വപ്‌നവും നടക്കാതെ പോയി. തൃശൂരിൽ നിന്ന് മലയാളിയുടെ അഭിമാനമായി കുതിച്ചുയർന്ന രാമചന്ദ്രനെ സ്വന്തം നാട്ടിലെ ശതകോടീശ്വരായ മറ്റ് പ്രവാസികൾ തന്നെ വെട്ടിവീഴ്‌ത്തി എന്നാണ് വിലയിരുത്തലുകൾ.

മോദിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് അറ്റ്‌ലസിന് വേണ്ടി നടത്തിയത് സമാനതളില്ലാത്ത ഇടപെടലാണ്. അതാണ് മോചനം സാധ്യമാക്കിയതും. അന്ന് തൃശൂരിലെ പാരക്കൂട്ടങ്ങൾക്കൊന്നും സുഷമയെ സ്വാധീനിക്കാനായില്ല. എന്നാൽ രണ്ടാം മോദി സർക്കാരിൽ സുഷമ അംഗമായില്ല. അധികം വൈകാതെ ആ രാഷ്ട്രീയ നന്മയും ഓർമ്മയായി. ഇതോടെ വീണ്ടും തൃശൂരിലെ വമ്പന്മാർ കളി തുടങ്ങി. അത് അറ്റ്‌ലസിലെ റെയ്ഡുകളായി. മുകളിൽ നിന്നുള്ള നിർദ്ദേശം എൻഫോഴ്‌സ്‌മെന്റ് നടപ്പാക്കിയപ്പോൾ അത് അറ്റ്‌ലസിനെ മാനസികമായി തളർത്തി. പുഞ്ചരിച്ച മുഖത്തോടെ ഒന്നും സംഭവിച്ചില്ലെന്ന ഭാവത്തിൽ ഒൻപത് മാസം വരെയേ രാമചന്ദ്രൻ പിന്നീടുണ്ടായുള്ളൂ. ഒക്ടോബറിൽ തിരിച്ചു നടക്കുകയാണ് അറ്റ്‌ലസിന്റെ എല്ലാമെല്ലാം.

മുംബൈ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലാണ് ഈ വർഷം ജനുവരിയിൽ പരിശോധന നടന്നത്. 26.50 കോടിയുടെ പണവും സ്വർണവും സ്ഥിര നിക്ഷേപ രേഖകളും പിടിച്ചെടുത്തു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറ്റ്ലസ് രാമചന്ദ്രനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പു കേസിന്റെ ഭാഗമായിട്ടായിരുന്നു ഇ.ഡി അന്വേഷണം. അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചനത്തിന് ഇടപെടൽ നടത്തിയത് കേന്ദ്ര സർക്കാരാണ്. ദുബായിൽ രക്ഷകർ ചമഞ്ഞവരുടെ കീഴിലെ അന്വേഷണ ഏജൻസിയാണ് നിർണ്ണായക ഘട്ടത്തിൽ രാമചന്ദ്രന്റെ സ്വത്തുക്കളെല്ലാം കണ്ടു കെട്ടിയത്. ഈ കണ്ടു കെട്ടൽ ഇല്ലായിരുന്നുവെങ്കിൽ മാസങ്ങൾക്ക് മുമ്പേ അറ്റ്‌ലസ് ഉയർത്തെഴുന്നേൽക്കുമായിരുന്നു. പക്ഷേ അതിന് ആ ബാങ്കും ഇഡിയും അനുവദിച്ചില്ല.

തൃശ്ശൂർ പൊലീസാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്. വ്യാജരേഖകളുണ്ടാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. 242 കോടിയുടെ വായ്പയാണ് രാമചന്ദ്രൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും എടുത്തത്. 2013-18 കാലയളവിലാണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നത്. ഈ കേസിലെ ഇടപെടലുകൾ അറ്റ്ലസ് രാമചന്ദ്രനെ അക്ഷരാർത്ഥത്തിൽ തളർത്തി. കടങ്ങൾ എല്ലാം തിരിച്ചടച്ച് ബിസിനസ്സിൽ സജീവമാകാനായിരുന്നു രാമചന്ദ്രന്റെ ശ്രമം. ഇതിനെ തകർക്കുന്നതാണ് ഇന്ത്യയിലെ കേസും റെയ്ഡുകളും. വിൽക്കാൻ കരുതി വച്ച പലതും ഇഡി കണ്ടുകെട്ടി. ഇതോടെ ആ സ്വപ്‌നങ്ങളും പൊലിഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 2013 മാർച്ച് 21 നും 2018 സെപ്റ്റംബർ 26നും ഇടയിൽ എടുത്ത 242.40 കോടി രൂപയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു കേസ്. ഈ തുക രാമചന്ദ്രൻ തിരിച്ചടച്ചിരുന്നില്ല. ദുബായിലെ ബാങ്കുകൾക്ക് സെക്യൂരിറ്റിയായി നൽകിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് 2015ലാണ് അറ്റ്‌ലസ് രാമചന്ദ്രന് കോടതി ശിക്ഷ വിധിച്ചത്. 2015 ഓഗസ്റ്റിലാണ് അദ്ദേഹം ദുബായിൽ ജയിലിലായത്. വായ്പ നൽകിയിരുന്ന 23 ബാങ്കുകൾ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

ബാങ്കുകൾക്ക് തിരികെ നൽകാനുള്ള പണത്തെ സംബന്ധിച്ച് നിലവിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് രാമചന്ദ്രനെ ജയിലിൽ നിന്നും പുറത്തിറക്കിയത്. കൂടാതെ 75 വയസ് കഴിഞ്ഞ പൗരന്മാർക്ക് ലഭിക്കുന്ന ശിക്ഷാ ഇളവും രാമചന്ദ്രന് ആശ്വാസമായിരുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് ടാഗ്ലൈനോട് കൂടിയാണ് അറ്റ്ലസ് ജൂവലറി ജനഹൃദയങ്ങളിൽ ഇടം പിടിച്ചത്. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ മറ്റ് താരങ്ങളെയോ മോഡലുകളെയോ ഉൾപ്പെടുത്താതെ സ്വയം ഇറങ്ങി തിരിച്ച് പരസ്യത്തിലൂടെ ജനങ്ങളെ ആകർഷിച്ച വ്യവസായിയാണ് അറ്റ്ലസ് രാമചന്ദ്രൻ.

അറ്റ്‌ലസ് രമാചന്ദ്രൻ ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുമെന്ന സൂചനകളും പുറത്തു വന്നു. രാമചന്ദ്രന്റെ സ്ഥാപനത്തിന് ഓഹരി മൂല്യത്തിൽ വൻ കുതിപ്പുണ്ടാവുകയും ചെയ്തു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജൂവലറിയുടെ ഓഹരി മൂല്യം ഉയർന്നിരുന്നു. ജയിൽ മോചിതനായി കേവലം രണ്ട് മാസം തികയുമ്പോഴാണ് കമ്പനിയുടെ ഓഹരിമൂല്യത്തിൽ വൻ കുതിപ്പുമണ്ടായത്.

ബംഗളൂരു, താനെയിലും ഉള്ള അറ്റ്ലസിന്റെ ബ്രാഞ്ചുകൾ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലും ഗൾഫിലുമായി 15 ജൂവലറികൾ ഉള്ള അറ്റ്ലസ് ഗ്രൂപ്പ് കൂടുതൽ ബ്രാഞ്ചുകൾ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതെല്ലാം അട്ടിമറിക്കാനാണ് ഇഡി ഇടപെട്ടതെന്ന സൂചനയും ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP