Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉറക്കത്തിൽ ഒന്നുമറിയാതെ നിഥിൻ യാത്രയായി; പിറക്കാൻ പോകുന്ന കുഞ്ഞിനെ കാണാതെ; കോവിഡ് കാലത്ത് ഗർഭിണികളുടെ വിമാനയാത്രയ്ക്കായി സുപ്രീം കോടതിയിൽ പോരാടിയ ആതിരയുടെ ഭർത്താവ് ദുബായിൽ അന്തരിച്ചു; 28 കാരൻ മരണമടഞ്ഞത് ഹൃദയാഘാതം മൂലം; കോവിഡ് ടെസ്റ്റ് ഫലത്തിന് കാക്കുന്നു; നിഥിൻ എല്ലാവരെയും വിട്ടുപിരിഞ്ഞത് ഞായറാഴ്ച രാത്രി ഉറക്കത്തിലെന്ന് സുഹൃത്തുക്കൾ; വേർപാട് ജൂലൈ ആദ്യവാരം ആതിരയുടെ ഡെലിവെറി നടക്കാനിരിക്കെ

ഉറക്കത്തിൽ ഒന്നുമറിയാതെ നിഥിൻ യാത്രയായി; പിറക്കാൻ പോകുന്ന കുഞ്ഞിനെ കാണാതെ; കോവിഡ് കാലത്ത് ഗർഭിണികളുടെ വിമാനയാത്രയ്ക്കായി സുപ്രീം കോടതിയിൽ പോരാടിയ ആതിരയുടെ ഭർത്താവ് ദുബായിൽ അന്തരിച്ചു; 28 കാരൻ മരണമടഞ്ഞത് ഹൃദയാഘാതം മൂലം; കോവിഡ് ടെസ്റ്റ് ഫലത്തിന് കാക്കുന്നു; നിഥിൻ എല്ലാവരെയും വിട്ടുപിരിഞ്ഞത് ഞായറാഴ്ച രാത്രി ഉറക്കത്തിലെന്ന് സുഹൃത്തുക്കൾ; വേർപാട് ജൂലൈ ആദ്യവാരം ആതിരയുടെ ഡെലിവെറി നടക്കാനിരിക്കെ

മറുനാടൻ ഡെസ്‌ക്‌

 കോഴിക്കോട്: ദുബായിൽ നിന്ന് ഡെലിവെറിക്ക് വേണ്ടി നാട്ടിൽ പോകാൻ സുപ്രീം കോടതിയിൽ കേസ് കൊടുത്ത ആതിരയെ തേടി അവിചാരിതമായി ദുരന്തം. ആതിര നാട്ടിലായിരിക്കെ, ഭർത്താവ് നിഥിൻ(28) ഹൃദായഘാതം മൂലം മരണമടഞ്ഞു. ദുബായ് ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് നിഥിൻ. കോവിഡ് ആണോയെന്ന് സംശയമുണ്ട്. ഇതിനായി ടെസ്റ്റ് നടത്തി വരുന്നു. ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ച രാത്രി ഉറക്കത്തിലായിരുന്നു മരണം. ഭാര്യ ആതിര നാട്ടിലേക്ക് മടങ്ങി ഒരുമാസത്തിന് ശേഷമാണ് നിഥിന് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ജൂൺ 2 നായിരുന്നു നിഥിന്റെ 28 ാം പിറന്നാൾ. ഭാര്യ ആതിര ഗീത ശ്രീധരന് 27 വയസാണ്. ദുബായിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ് നിഥിൻ. വന്ദേ ഭാരത് മിഷന്റെ മെയ്് 27 ലെ ആദ്യ ഫ്‌ളൈറ്റിൽ ആതിര ദുബായിൽ നിന്ന് മടങ്ങിയിരുന്നു, ഇതിന് ശേഷവും നിഥിൻ ജോലി ആവശ്യത്തിനായി ദുബായിൽ തുടരുകയായിരുന്നു. ജൂലൈ ആദ്യ ആഴ്ചയാണ് ആതിരയുടെ പ്രസവതീയതി. കോവിഡിനെ തുടർന്ന് ഇന്ത്യയിക്കുള്ള ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ, പ്രസവത്തിനായി നാട്ടിൽ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആതിരയും ഭർത്താവും ചേർന്ന് സുപ്രീം കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയെടുത്തത്.

ബിപിക്ക് ചികിത്സയിൽ

ഉയർന്ന രക്തസമ്മർദ്ദത്തിന് ചികിത്സയിലായിരുന്നു നിഥിൻ. ഹൃദ്രോഗമുണ്ടായിരുന്നതായും സംശയിക്കുന്നു. ഞായറാഴ്ച ഉറക്കത്തിലാണ് നിഥിന് ഹൃദയാഘാതമുണ്ടായതെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കോവിഡിനും ടെസ്റ്റ് നടത്തുന്നുണ്ട്. ആതിര വീട്ടിൽ പോയതോടെ ഒറ്റയ്ക്കായ നിഥിന് കൂട്ടായി പ്രവീൺ എന്ന സുഹൃത്ത് ഏതാനും ദിവസമായി അപ്പാർട്ട്‌മെന്റിൽ ഒപ്പമുണ്ടായിരുന്നു. സുഹൃത്ത് ബിബിൻ ജേക്കബിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായിലെ കോൺസുൽ ജനറൽ വിപുൽ കുടുംബത്തെ അനുശോചനം അറിയിച്ചു. വിപുലിന്റെ കൂടി സഹായത്തോടെയാണ് ആതിര ആദ്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. നിഥിന്റെ മരണം ഞെട്ടലുണ്ടാക്കിയെന്ന് കോൺസുൽ ജനറൽ പറഞ്ഞു. കോവിഡ് കാലത്ത് ദുബായിലെ മലയാളിസമൂഹത്തിന് വേണ്ടി ക്ഷീണമില്ലാതെ പ്രവർത്തിച്ചയാളാണ് നിഥിൻ. രക്തദാന ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നതിൽ നേരത്തെ തന്നെ സദാ സന്നദ്ധസേവകനായിരുന്നു.

നിരവധി ജീവനുകൾ രക്ഷിച്ചു

സാമൂഹിക സേവനത്തിൽ അതീവ തത്പരരായിരുന്നു ദമ്പതികൾ. ബ്ലഡ് ഡോണേഴ്‌സ് കേരള യുഎഇ ചാപ്റ്ററിലെ അംഗങ്ങളെന്ന നിലയിലും, ഇൻകാസിന്റെ പ്രവർത്തകരെന്ന നിലയിലും ഊർജ്ജസ്വലർ. യുഎഇയിൽ കൊറോണവ്യാപനമായതോടെ, ആതിരയുടെ ഗർഭാവസ്ഥ കണക്കിലെടുത്ത് തത്കാലത്തേക്ക് സന്നദ്ധസേവനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, ആതിര നാട്ടിലേക്ക് പോയതോടെ നിഥിൻ വീണ്ടും അതിലൊക്കെ സജീവമായി. തിരക്കുള്ള ജോലിക്കിടയിലും, സുഹൃത്തുക്കൾ പറഞ്ഞു.

സ്വന്തം കാര്യം മാത്രം നോക്കുന്നവരല്ല

ഏഴു മാസം ഗർഭിണിയായ ആതിര തന്നെപ്പോലുള്ള ഗർഭിണികളുടെ മടക്കയാത്രാ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത് യു.എ.ഇയിലെയും ഇന്ത്യയിലെയും മാധ്യമങ്ങൾ വലിയ വാർത്തയായി നൽകിയിരുന്നു.

പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീണ്ടത്. ഗർഭിണികളായ ഒട്ടേറെ പേരാണ് നാട്ടിലേക്ക് മടങ്ങാനിരുന്നത്. ഇവരുടെയെല്ലാം പ്രതിനിധിയായ ആതിരയുടെ പേരിൽ ദുബായിലെ ഇൻകാസ് യൂത്ത് വിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആതിരയ്ക്ക് വിമാനയാത്ര നിയമപ്രകാരം, മെയ് പകുതിയായാൽ യാത്ര ചെയ്യാനാകില്ല. ഇതുംആശങ്കപ്പെടുത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഗർഭിണികളോട് അനുഭാവം കാട്ടണമെന്നും അവർക്കായി യാത്രാസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ദുബായിലെ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയുടെ ഭർത്താവ് നിർമ്മാണ മേഖലയിലെ എഞ്ചിനീയറാണ്. കോവിഡ് 19 പകരാൻ സാധ്യത ഏറെയുള്ള മേഖലയിലാണ് ആതിരയുടെ ഭർത്താവ് നിതിൻ ജോലി ചെയ്തിരുന്നത്.

ലോക്ഡൗൺ കഴിയുന്നതിന് മുമ്പ് തന്നെ പ്രത്യേക വിമാന സർവ്വീസിലൂടെ നാട്ടിലെത്താമെന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണ് ആതിരയടക്കമുള്ള ഗർഭിണികൾ. ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പിൽ എംഎ‍ൽഎയാണ് നൽകിയത്. സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയതിനുള്ള ഇൻകാസിന്റെ സ്‌നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പിൽ ടിക്കറ്റ് നൽകികൊണ്ട് പറഞ്ഞത്. സമ്മാനം സ്വീകരിച്ച ആതിരയും ഭർത്താവ് നിതിനും ടിക്കറ്റെടുക്കാൻ തങ്ങൾക്ക് ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കി രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണം നൽകാമെന്ന് അറിയിച്ചിരുന്നു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP