Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

പത്താം ക്ലാസ് വരെ സർക്കാർ സ്‌കൂളിൽ; ശാസ്ത്രത്തിന്റെ വാതിൽ തുറന്നത് പരന്ന വായന; സ്വർണ മെഡലോടെ ബിരുദങ്ങൾ; വിണ്ണിന്റെ അതിരുകൾ ഭേദിച്ച ഭൗതിക ശാസ്ത്ര കൗതുകം; ശാസ്ത്രനക്ഷത്രം താണു പത്മനാഭൻ വിടവാങ്ങുമ്പോൾ

പത്താം ക്ലാസ് വരെ സർക്കാർ സ്‌കൂളിൽ;  ശാസ്ത്രത്തിന്റെ വാതിൽ തുറന്നത് പരന്ന വായന; സ്വർണ മെഡലോടെ ബിരുദങ്ങൾ; വിണ്ണിന്റെ അതിരുകൾ ഭേദിച്ച ഭൗതിക ശാസ്ത്ര കൗതുകം; ശാസ്ത്രനക്ഷത്രം താണു പത്മനാഭൻ വിടവാങ്ങുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നക്ഷത്രഭൗതിക (ആസ്ട്രോഫിസിക്സ്), പ്രപഞ്ചവിജ്ഞാനീയം (കോസ്മോളജി) എന്നീ മേഖലകളിൽ അദ്വിതീയമായ വിജ്ഞാനസമ്പത്തിനുടമയായിരുന്നു അകാലത്തിൽ പൊലിഞ്ഞ ശാസ്ത്രനക്ഷത്രം താണു പത്മനാഭൻ. തിരുവനന്തപുരം കരമന സർക്കാർ ഹൈസ്‌കൂളിൽ മലയാളം മീഡിയത്തിൽ പത്താം ക്ലാസ് വരെ പഠിച്ച ഒരു വിദ്യാർത്ഥി പ്രപഞ്ച വിജ്ഞാനീയത്തിൽ ലോകത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി മാറിയ സമാനതകളില്ലാത്ത ജീവിത അനുഭവമാണ് താണു പത്മനാഭന്റേത്. എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവനയെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

1957 മാർച്ച് 10 ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായാണ് താണു പത്മനാഭന്റെ ജനനം.ഗണിതത്തിൽ പ്രത്യേകിച്ച് ജ്യോമട്രിയിൽ ഏറെ തൽപരരായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. ഗണിതതൽപരരായ പിതാവ് താണു അയ്യരും ബന്ധു നീലകണ്ഠശർമയും സ്‌കൂൾ പഠനകാലത്ത് ഗണിതത്തിൽ ഏറെ മുന്നേറാൻ പത്മനാഭനെ സഹായിച്ചു. ഇങ്ങനെ ഗണിതത്തിൽ തുടർ വിദ്യാഭ്യാസത്തിനു കൊതിച്ച താണുവിനെ വഴിതിരിച്ചുവിട്ടത് 'ഫെയ്ന്മാൻ ലക്‌ചേഴ്‌സ് ഓൺ ഫിസിക്‌സ്' എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം വായിച്ചുറപ്പിച്ചതോടെ അനന്തമായ ആകാശവും അതിനപ്പുറമുള്ള കാഴ്ചകളും അറിയണമെന്ന ആകാംക്ഷയായി ആ മനസ്സിൽ.

വിണ്ണിന്റെ അതിരുകൾ ഭേദിച്ച ആ ഭൗതികശാസ്ത്ര കൗതുകം തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിച്ചുവന്ന 'ട്രിവാൻഡ്രം സയൻസ് സൊസൈറ്റി'യിൽ താണുവിനെ സജീവ അംഗമാക്കി. പിന്നാലെ എൻസിഇആർടിയുടെ നാഷനൽ സയൻസ് ടാലന്റ് സെർച്ച് പരീക്ഷ കൂടി ജയിച്ചതോടെ കുടുംബത്തിലെ മോശം സാമ്പത്തികസ്ഥിതിയിലും ശാസ്ത്രവിഷയങ്ങളിൽ പഠനവുമായി മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസമായി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്നും സ്വർണമെഡലോടെ ബിഎസ്സി, എംഎസ്സി ബിരുദങ്ങൾ നേടി. യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദകാലത്തു തന്നെയാണ് ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. ഈ കാലയളവിൽ 'കോഴ്സ് ഓഫ് തിയററ്റിക്കൽ ഫിസിക്സ്' പത്തു വോള്യവും വായിക്കാനായത് ഗുരുത്വാകർഷണത്തിൽ ഊന്നിയുള്ള ഗവേഷണത്തിന് അടിത്തറയിട്ടതായി അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. എംഎസ്സിക്കു ശേഷം 1979 ൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽനിന്നു പിഎച്ച്ഡി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം,. ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങൾ.

പഠനകാലം പിന്നിട്ടിട്ടും പുതുവിവരങ്ങൾ തേടിയുള്ള ഗവേഷണങ്ങൾ അദ്ദേഹത്തിന് ആകാശത്തിനും സൗരയൂഥത്തിനുമപ്പുറത്തേക്കുള്ള വാതായനങ്ങൾ തുറന്നു. ശാസ്ത്രത്തിന് പൂർണമായും പിടികിട്ടാത്ത തമോഗർത്തങ്ങളെക്കുറിച്ചുള്ള പല സമസ്യകളും ചുരുളഴിച്ചതും പുത്തൻ അറിവുകൾ തേടിയലഞ്ഞ ആ ശാസ്ത്രമനസ്സു തന്നെ. പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും, ഗുരുത്വാകർഷണ പ്രതിഭാസം, ക്വാണ്ടം ഫിസിക്‌സ് എന്നീ മേഖലകളിലെ ഗവേഷണവഴികളിൽ തന്റെ പേരു കൂടി മായാതെ കുറിച്ചിട്ടാണ് ആ മടക്കവും.

1986-87-ൽ കേംബ്രിജ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായി. ജ്യോതിശാസ്ത്രത്തിൽ എണ്ണപ്പെട്ട പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം, വിദേശങ്ങളിലെ പതിനൊന്നോളം പ്രശസ്ത സർവകലാശാലകളിൽ വിസിറ്റിങ് സയന്റിസ്റ്റും റിസർച്ച് അസോഷ്യേറ്റും സീനിയർ വിസിറ്റിങ് ഫെലോയും വിസിറ്റിങ് ഫാക്കൽറ്റിയുമായി.

അദ്ദേഹത്തിന്റെ ഏഴോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത് കേംബ്രിജ് സർവകലാശാലയാണ്. പ്രപഞ്ച വിജ്ഞാനത്തിൽ രാജ്യത്തെ എണ്ണപ്പെട്ട ഗവേഷക സ്ഥാപനം കൂടിയായ പുണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സിൽ (ഐയുസിഎഎ) പ്രഫസറായിരിക്കെയാണ് അന്ത്യം.

രാജ്യം പത്മശ്രീ നൽകി ആദരിച്ച താണു പത്മനാഭൻ ഇന്ത്യൻ ശാസ്ത്രലോകത്തെ ഉന്നത ബഹുമതിയായ ഭട്നഗർ പുരസ്‌കാരം നേടിയിട്ടുണ്ട്. ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഉന്നത ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഈ വർഷം അർഹനായി.

രാജ്യാന്തര വേദിയിൽ പ്രപഞ്ചത്തിലെ തമോർജത്തെക്കുറിച്ചു പന്തയം വച്ച് അതിൽ ജയിച്ച ചരിത്രം കൂടിയുണ്ട് താണു പത്മനാഭന്. ഒടുവിൽ തോൽവി സമ്മതിച്ച ന്യൂസീലൻഡ് കാന്റർബറി സർവകലാശാലാ ഗവേഷകൻ ഡേവിഡ് വിൽഷൈർ പന്തയസമ്മാനമായി 'സ്മാർട് ലാംപ്' കൈമാറുകയായിരുന്നു.

ഗ്രാവിറ്റിയും ക്വാണ്ടം തിയറിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ഏറെ നാളായി താണു പത്മനാഭന്റെ ഗവേഷണം. സൂക്ഷ്മ പ്രപഞ്ചത്തെ അപഗ്രഥിക്കുന്ന ക്വാണ്ടം ഭൗതികവും വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമായ കോസ്മോളജിയും സമന്വയിക്കുന്ന ക്വാണ്ടം ഗ്രാവിറ്റി, ക്വാണ്ടം കോസ്മോളജി എന്നീ മേഖലകളിൽ ഗവേഷണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടാകുന്നത്.

ഒരു ശാസ്ത്രസമൂഹമെന്ന നിലയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ ഇപ്പോഴും രാജ്യാന്തര തലത്തിൽ തമസ്‌കരിക്കപ്പെടുന്നതിനു കാരണം ഈ മേഖലയിൽ ഇന്ത്യൻ ഗവേഷകരുടെ കൂട്ടായ്മ രൂപപ്പെടാത്തതിനാലാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. 2018 ൽ അന്തരിച്ച ഇ.സി.ജി സുദർശനെപ്പോലെ ക്വാണ്ടം ഒപ്റ്റിക്സിലെ പല ഗവേഷണങ്ങൾക്കും തുടക്കമിട്ടയാൾ നൊബേൽ സമ്മാനത്തിലും മറ്റും പരിഗണിക്കപ്പെടാതെ പോയത് പരാമർശിച്ചായിരുന്നു ഇത്.

ടിഐഎഫ്‌ഐആറിൽ പിഎച്ച്ഡിക്ക് ഒരു വർഷം ജൂനിയറായിരുന്ന വാസന്തിയാണ് താണു പത്മനാഭന്റെ ഭാര്യ. പ്രണയത്തിൽനിന്ന് കുടുംബവഴിയിലെത്തിയ ആ ബന്ധം താണു പത്മനാഭന്റെ ഗവേഷണ ജീവിതത്തിലും മുതൽക്കൂട്ടായി. പത്മനാഭൻ രചിച്ച പല ശാസ്ത്രഗ്രന്ഥങ്ങളിലും വാസന്തിയും ഒപ്പംകൂടി. 'ദ് ഡോൻ ഓഫ് സയൻസ്' എന്ന ജനപ്രിയ ശാസ്ത്രഗന്ഥം ഇരുവരും ചേർന്നാണ് രചിച്ചത്. ഹംസയെന്ന ഇവരുടെ ഏക മകളും മാതാപിതാക്കളെപ്പോലെ അസ്‌ട്രോഫിസിക്‌സിലാണ് പിഎച്ച്ഡി നേടിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP