Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗോദ്രാ കലാപത്തിൽ വാജ്‌പേയിയുടെ കോപമടക്കിയ തന്ത്രശാലി; 2014ൽ അദ്വാനിയുടെ മോഹത്തെ വെട്ടിയത് ബിജെപിയെ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാൻ; സുഷമയുടെ സൗമ്യതയെ വെട്ടി മോദിയുടെ ഹിന്ദുത്വത്തെ നേതാവാക്കിയതിന് പിന്നിലെ ചാലക ശക്തി; നോട്ട് നിരോധനത്തിലൂടെ യുപിയിൽ പാർട്ടിക്ക് നൽകിയത് മൂന്നിൽ രണ്ട് ഭൂരിപക്ഷം; സാമ്പത്തിക അച്ചടക്കത്തിലൂടെ സുഹൃത്തിനെ രണ്ടാം വട്ടവും പ്രധാനമന്ത്രിയാക്കി; മോദിക്ക് നഷ്ടമാകുന്നത് വലംകൈയെ; അരുൺ ജെയ്റ്റ്‌ലി പരിവാറുകാരുടെ ബൗദ്ധിക മുഖം

ഗോദ്രാ കലാപത്തിൽ വാജ്‌പേയിയുടെ കോപമടക്കിയ തന്ത്രശാലി; 2014ൽ അദ്വാനിയുടെ മോഹത്തെ വെട്ടിയത് ബിജെപിയെ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാൻ; സുഷമയുടെ സൗമ്യതയെ വെട്ടി മോദിയുടെ ഹിന്ദുത്വത്തെ നേതാവാക്കിയതിന് പിന്നിലെ ചാലക ശക്തി; നോട്ട് നിരോധനത്തിലൂടെ യുപിയിൽ പാർട്ടിക്ക് നൽകിയത് മൂന്നിൽ രണ്ട് ഭൂരിപക്ഷം; സാമ്പത്തിക അച്ചടക്കത്തിലൂടെ സുഹൃത്തിനെ രണ്ടാം വട്ടവും പ്രധാനമന്ത്രിയാക്കി; മോദിക്ക് നഷ്ടമാകുന്നത് വലംകൈയെ; അരുൺ ജെയ്റ്റ്‌ലി പരിവാറുകാരുടെ ബൗദ്ധിക മുഖം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദിയെ വികസന നായകനാക്കിയ പ്രചരണ തന്ത്രമൊരുക്കിയ ആർഎസ്എസ് സൈദ്ധാന്തികനായിരുന്നു അരുൺ ജെയ്റ്റ്‌ലി. ഇന്ത്യ പിടിക്കാൻ പറ്റിയത് മോദിയുടെ കാർക്കശ്യമാണെന്ന് തിരിച്ചറിഞ്ഞ നേതാവ്. പ്രമോദ് മഹാജന്റെ മരണത്തോടെ ബിജെപിയുടെ കോർ ടീമിൽ തന്ത്രങ്ങൾ ഒരുക്കുന്ന ചുമതല ജെയ്റ്റിലിയുടേതായി. ബിജെപിയെ കേവല ഭൂരിപക്ഷത്തോടെ ഇന്ത്യയിൽ അധികാരത്തിലെത്തിച്ചതിന് പിന്നിലെ കൂർമ്മ ബുദ്ധി ജെയ്റ്റിലിയുടേതായിരുന്നു. തീവ്ര ഹിന്ദുത്വ മുഖം ജെയ്റ്റ്‌ലിക്കില്ലായിരുന്നു. സാമ്പത്തിക വിദഗ്ധനും അഭിഭാഷകരിൽ മിടുക്കനുമായ ജെയ്റ്റ്‌ലി കരുതലോടെ കാര്യങ്ങൾ നീക്കി. അങ്ങനെ എബി വാജ്‌പേയിക്ക് ശേഷം പ്രധാനമന്ത്രിയായി മോദി എത്തി. മോദിക്ക് രണ്ടാം ഭരണം ഒരുക്കുന്നതിലും ഉത്തർപ്രദേശിൽ വീണ്ടും പരിവാർ ഭരണം എത്തിക്കുന്നതിനും കാരണമായത് ജെയ്റ്റ്‌ലിയുടെ ചടുലമായ സർജിക്കൽ സ്‌ട്രൈക്കുകളായിരുന്നു. നോട്ട് നിരോധനമെന്ന സർജിക്കൽ സ്‌ട്രൈക്കാണ് എസ് പിയുടേയും ബി എസ് പിയുടേയും നടുവൊടിച്ചത്. അങ്ങനെ യുപി ഭരണം യോഗി ആദിത്യനാഥിന് സ്വന്തമായി. കരുത്തനായ ഭരണാധികാരിയായി മോദിയെ അവതരിപ്പിച്ചതും നോട്ട് നിരോധനമാണ്. അങ്ങനെ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി. അപ്പോഴേക്കും രോഗം തളർത്തിയ ജെയ്റ്റ്‌ലി വിശ്രമ ജീവിതത്തിലേക്ക് കടന്നു.

മോദിയുമായുള്ള അടുത്ത സൗഹൃദമായിരുന്നു പ്രധാന വഴിത്തിരിവ്. സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തിലും നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലും അധികാരം സ്ഥാപിക്കാൻ അത് ജെയ്റ്റ്‌ലിയെ സഹായിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പല നിർണായക പരീക്ഷണങ്ങൾക്കും ചുക്കാൻ പിടിച്ചത് ജെയ്റ്റ്‌ലിയായിരുന്നു. 2008ൽ കർണാടകത്തിൽ ബിജെപിയെ വിജയിപ്പിക്കുകവഴി ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്വാധീനമില്ലെന്ന വിമർശകരുടെ നാവടപ്പിക്കാൻ അദ്ദേഹത്തിനായി. ഗുജറാത്തിൽ മൂന്ന് തിരഞ്ഞെടുപ്പ് വിജയങ്ങൾ മോദിക്ക് സമ്മാനിക്കാൻ പ്രധാന പങ്കുവഹിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സമയത്ത് രാഷ്ട്രീയ എതിരാളികളെ കൗശലപൂർവം സമീപിക്കുന്നതിനും ഉപരിസഭയിൽ ബില്ലുകൾ പാസാക്കാൻ സർക്കാരിനെ സഹായിക്കാനും അരുൺ ജെയ്റ്റ്‌ലി തയ്യാറായിരുന്നു. പാർട്ടികൾക്കതീതമായി സൗഹൃദം സ്ഥാപിക്കാനുള്ള അസാമാന്യ കഴിവുള്ള മികച്ചൊരു രാഷ്ട്രീയക്കാരനായിരുന്നു ജെയ്റ്റ്‌ലി. ഇതിനൊപ്പം രാഷ്ട്രീയ തന്ത്രങ്ങളിലും അഗ്രഗണ്യൻ. ബിജെപിയെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയാക്കി മാറ്റിയതിൽ ജെയ്റ്റിലിയുടെ പങ്ക് ഏറെ വലുതാണ്.

മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത് എൽകെ അദ്വാനിയെന്ന രാഷ്ട്രീയ ഗുരുവായിരുന്നു. എന്നാൽ ഗോദ്ര കലാപത്തോടെ മോദിയോട് വാജ്‌പേയിക്ക് താൽപ്പര്യം കുറഞ്ഞു. മോദിയേ മാറ്റിയേ മതിയാകൂവെന്ന് വാജ്‌പേയ് കടുംപിടിത്തത്തിലായി. അദ്വാനിക്കും വാജ്‌പേയിയുടെ കോപത്തെ അടക്കാനായില്ല. ഈ സമയം ഗോദ്ര കലാപത്തിന് പിന്നിലെ പ്രധാന പ്രശ്‌നക്കാരൻ പ്രവീൺ തൊഗാഡിയയാണെന്ന് പറഞ്ഞ് വാജ്‌പേയിയെ മനസ്സിലാക്കിയത് ജെയ്റ്റ്‌ലിയായിരുന്നു. മന്ത്രിസഭയിൽ അതിനിർണ്ണായക പദവിയിലുണ്ടായിരുന്ന ജെയ്റ്റ്‌ലിയും വാജ്‌പേയിയെ പോലെ തീവ്ര ഹിന്ദുത്വ മുഖമായിരുന്നില്ല. സൗമ്യനായ ജെയ്റ്റ്‌ലി കാര്യങ്ങൾ പറഞ്ഞപ്പോൾ വാജ്‌പേയിക്ക് എല്ലാം മനസ്സിലായി. അങ്ങനെയാണ് ഗുജറാത്ത് സർക്കാരിനെ പിരിച്ചുവിടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് വാജ്‌പേയ് എത്തിയത്. ആർ എസ് എസിന്റെ മനസ്സ് മനസ്സിലാക്കിയാണ് മോദിയെ അന്ന് ജെയ്റ്റ്‌ലി രക്ഷിച്ചത്. ഇതോടെ ബിജെപിയിലെ വിശ്വസ്ത സഹയാത്രികനായി ജെയ്റ്റ്‌ലി മാറി. ഗുജറാത്ത് മോഡലിനെ രാജ്യ വ്യാപകമായി ചർച്ചയാക്കിയതും മോദിയിലെ നേതാവിനെ ജെയ്റ്റ്‌ലി തിരിച്ചറിഞ്ഞതിന്റെ ഫലമാണ്. ബിജെപിയുടെ ബൗദ്ധിക മുഖമാണ് മൂന്ന് പതിറ്റാണ്ടായി ജെയ്റ്റ്‌ലി. ഇത് തന്നെയാണ് മോദിയേയും പ്രധാനമന്ത്രിയാക്കിയത്.

ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി വാജ്‌പേജ് തെരഞ്ഞെടുപ്പിൽ വീണ്ടും എത്തി. എന്നാൽ പരാജയമായിരുന്നു ഫലം. ഇതോടെ ക്രിക്കറ്റിലും കോടതിയിലും ജെയ്റ്റ്‌ലി സജീവമായി. അടുത്ത തവണ എൽകെ അദ്വാനിയെ ഉയർത്തിക്കാട്ടി ബിജെപി മത്സരത്തിനെത്തി. രണ്ടാം യുപിഎ സർക്കാരിലെ അഴിമതികൾ എൻ ഡി എയ്ക്ക് ജയമുറപ്പാക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. അദ്വാനിയും പ്രധാനമന്ത്രിയാകാമെന്ന് പ്രതീക്ഷിച്ചു. സഖ്യകക്ഷികളെ ചേർത്ത് നിർത്തി. എന്നാൽ അദ്വാനിയെ മുന്നിൽ നിർത്തിയാൽ വീണ്ടുമൊരു സഖ്യകക്ഷി സർക്കാരിന് മാത്രമേ സാധ്യതയുള്ളൂവെന്ന് ജെയ്റ്റ്‌ലിയെ പോലുള്ളവർ തിരിച്ചറിഞ്ഞു. ഇതിന്റെ പ്രതിഫലനമായിരുന്നു ബിജെപിയിലെ ദേശീയ നേതാവായി മോദി മാറിയതും. മോദിക്ക് ഹിന്ദുത്വ വികാരം ആളിക്കത്തിക്കാനാകുമെന്നും ഉത്തരേന്ത്യ തൂത്തുവാരുമെന്നും ജെയ്റ്റ്‌ലി കണക്ക് കൂട്ടി. ഇത് ആർ എസ് എസിനേയും കണക്കുകളിലൂടെ ബോധ്യപ്പെടുത്തി. ഇതോടെ അദ്വാനിയെ വെട്ടി മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി. പിണക്കം നടിച്ച സുഷമാ സ്വാരാജിന്റെ എതിർപ്പുകളും പരിവാറുകാർ കണ്ടില്ലെന്ന് നടിച്ചത് ജെയ്റ്റ്‌ലിയുടെ കൂടെ വിജയമായിരുന്നു.

ഇന്ത്യയിലെ മറ്റനേകം രാഷ്ട്രീയ നേതാക്കളെ പോലെ അടിയന്തിരാവസ്ഥയാണ് അരുൺ ജെയ്റ്റ്ലിയെന്ന രാഷ്ട്രീയ പ്രവർത്തകനും അടിത്തറ പാകിയത്. 1975 ജൂൺ 25ന് ഡൽഹി നരെയ്ന വിഹാറിലെ വീട്ടിലെത്തിയ പൊലീസുകാരനിൽ നിന്നാണ് ജെയ്റ്റ്ലിയുടെ അടിയന്തിരാവസ്ഥാ ഓർമ്മകൾ ആരംഭിക്കുന്നത്. അക്കാലത്ത് എബിവിപിയുടെ യൂത്ത് കമ്മിറ്റി കൺവീനറും ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായിരുന്നു ജെയ്റ്റ്‌ലി. പൊലീസുകാരൻ മുറ്റത്തുനിന്ന് അച്ഛനുമായി സംസാരിക്കുന്നതുകണ്ട അദ്ദേഹം അപകടം മണത്തു. പിന്നിലെ ഗേറ്റ് വഴി അതിവേഗം രക്ഷപെട്ടു. എന്നാൽ പിറ്റേന്നുതന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥി പ്രതിഷേധം നടന്നു. മുന്നൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്ന് ജെയ്റ്റ്ലി പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെ വിദ്യാർത്ഥിയായിരിക്കെ പരിവാർ പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്റ്റ്‌ലി തൊട്ടതെല്ലാം പൊന്നാക്കി. അഭിഭാഷകനായും തിളങ്ങി.

ജനതാ പാർട്ടി രൂപീകൃതമായ 1977 ജനുവരിയിലാണ് ജെയ്റ്റ്ലി ജയിൽ മോചിതനാകുന്നത്. പുറത്തിറങ്ങിയ ഉടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നിയോഗിക്കപ്പെട്ടു. വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച ജെയ്റ്റ്ലി അക്കാലത്തെ പ്രമുഖ രാഷ്ടീയ നേതാക്കളുമായെല്ലാം സംവദിച്ചു. ലാലു പ്രസാദ് യാദവ്, ശരത് യാദവ്, നിതീഷ് കുമാർ, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പ്രകാശ് സിങ് ബാദൽ, ആചാര്യ കൃപലാനി, ജോർജ് ഫെർണാണ്ടസ്, എൽ കെ അദ്വാനി, അടൽബിഹാരി വാജ്പേയി എന്നിവരുമായൊക്കെ അദ്ദേഹം അക്കാലത്തെ രാഷ്ട്രീയം സംസാരിച്ചു. വ്യക്തിബന്ധങ്ങൾ സമ്പാദിച്ചു. അങ്ങനെ പരിവാറിന്റെ രാഷ്ട്രീയ മുഖമായി. കോൺഗ്രസ് പാർട്ടി പരാജയം രുചിച്ച പൊതുതെരഞ്ഞെടുപ്പിന് ശേഷം ജെയ്റ്റ്ലിയുടെ രാഷ്ട്രീയ ജീവിതം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. ലോക് താന്ത്രിക് യുവമോർച്ചയുടെ കൺവീനർ എന്ന നിലയിൽ നിന്നും എബിവിപി ഡൽഹി ഘടകത്തിന്റെ പ്രസിഡന്റായും സംഘടനയുടെ അഖിലേന്ത്യ സെക്രട്ടറിയുമായൊക്കെ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1980ൽ ലഭിച്ച യുവഘടകത്തിന്റെ പ്രസിഡന്റ് സ്ഥാനമാണ് ബിജെപിയിലെ ആദ്യ ചുമതല. 1999ൽ വാജ്പേയി സർക്കാരിന്റെ വാർത്താവിതരണ വകുപ്പിൽ ആദ്യമായി സഹമന്ത്രി സ്ഥാനത്തെത്തി.

മോദി സർക്കാരിലെ ധനമന്ത്രി സ്ഥാനം വരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു ജെയ്റ്റ്ലി. ബിജെപിയുടെ ബൗദ്ധിക മുഖമായിരുന്നു അരുൺ ജെയ്റ്റ്‌ലി. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിച്ചിരുന്നു. സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുൺ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാക്കുന്നത്. ഇന്ത്യൻ സാമ്പത്തികരംഗത്തെ മാറ്റിമറിച്ച രണ്ട് നിർണായക തീരുമാനങ്ങൾ നടപ്പിലായത് ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന കാലത്താണ് ജിഎസ്ടിയും നോട്ടുനിരോധനവും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ, ധനകാര്യ -പ്രതിരോധ മന്ത്രാലയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രി എന്നീ വിശേഷണങ്ങൾ കൂടിയുള്ള ജെയ്റ്റ്‌ലി കടുത്ത ക്രിക്കറ്റ് ആരാധകൻ കൂടിയായിരുന്നു.

1973ൽ ജയപ്രകാശ് നാരായണനും രാജ് നരെയ്നും തുടങ്ങിവെച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു അരുൺ ജെയ്റ്റ്‌ലി. നേതൃപാടവം കൊണ്ട് ശ്രദ്ധേയനായ ജെയ്റ്റ്‌ലി 20-ാം വയസ്സിൽ ജനസംഘം പ്രവർത്തക സമിതിയിൽ അംഗമായി. 1991ൽ ബിജെപി നിർവാഹക സമിതിയിലെത്തിയ ജെയ്റ്റ്ലി എട്ടുവർഷത്തിനു ശേഷം 1999ൽ പാർട്ടി വക്താവായി. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വാർത്താ വിനിമയ വകുപ്പ് മന്ത്രിയായി. രാംജഠ് മലാനി മന്ത്രിസഭയിൽനിന്ന് രാജിവെച്ചതോടെ നിയമ-നീതി, കമ്പനി കാര്യവകുപ്പുകളുടെ ചുമതലയും വഹിച്ചു. 2009 മുതൽ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. വി പി സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് 1989ൽ അഡീഷണൽ സോളിസിറ്റർ ജനറലായ ജെയ്റ്റ്ലി 1990 ൽ സോളിസിറ്റർ ജനറലുമായി. സുപ്രീം കോടതിയിലെ തിരക്കേറിയ അഭിഭാഷക ജീവിതത്തിന് മുമ്പ് വിവിധ ഹൈക്കോടതികളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996ൽ ജെയ്ൻ ഹവാല കേസിൽ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മാധവ് റാവു സിന്ധ്യക്കു വേണ്ടി ജെയ്റ്റ്ലിയാണ് ഹാജരായത്.

അഭിഭാഷനായിരുന്ന മഹാരാജ് കിഷൻ ജെയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജെയ്റ്റ്ലിയുടെയും മകനായി 1952 ഡിസംബർ 28ന് ഡൽഹിയിലാണ് അരുൺ ജെയ്റ്റ്‌ലി ജനിച്ചത്. ഡൽഹി സെന്റ് സേവ്യേഴ്സ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽനിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ജെയ്റ്റ്ലി 1977ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നാണ് നിയമബിരുദം നേടിയത്. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP