Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം അമ്മയുടെ പ്രസവമെടുക്കാനുള്ള അപൂർവ്വ ഭാഗ്യം; അമരത്തിലെ അച്ചൂട്ടി മകളെ ഡോക്ടറാക്കാൻ മാതൃകയായി കണ്ട വ്യക്തിത്വം; 69-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് നേടി താരമായി: 99-ാം വയസ്സിൽ വിടവാങ്ങിയത് സ്വന്തം ആശുപത്രിയിൽ പാവപ്പെട്ട പെൺകുട്ടികളെ സൗജന്യമായി നഴ്സിങ് പരിശീലിപ്പിച്ച ചാലക്കുടിക്കാരുടെ സ്വന്തം ആനി ഡോക്ടർ

സ്വന്തം അമ്മയുടെ പ്രസവമെടുക്കാനുള്ള അപൂർവ്വ ഭാഗ്യം; അമരത്തിലെ അച്ചൂട്ടി മകളെ ഡോക്ടറാക്കാൻ മാതൃകയായി കണ്ട വ്യക്തിത്വം; 69-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് നേടി താരമായി: 99-ാം വയസ്സിൽ വിടവാങ്ങിയത് സ്വന്തം ആശുപത്രിയിൽ പാവപ്പെട്ട പെൺകുട്ടികളെ സൗജന്യമായി നഴ്സിങ് പരിശീലിപ്പിച്ച ചാലക്കുടിക്കാരുടെ സ്വന്തം ആനി ഡോക്ടർ

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: സ്വന്തം അമ്മയുടെ പ്രസവത്തിന് മേൽനോട്ടം വഹിക്കാനുള്ള അപൂർവ്വ അവസരം ലഭിച്ച ഡോക്ടർ ആനി ജോൺ വിടവാങ്ങി. 99-ാം വയസ്സിലാണ് ചാലക്കുടിക്കാരുടെ പ്രിയ ഡോക്ടർ വിടപറഞ്ഞത്. ഉള്ളാട്ടിക്കുളം പരേതനായ ഡോ. ഒ.സി. ജോണിന്റെ ഭാര്യയാണ്. വൈപ്പിൻ മഴുവഞ്ചേരി പുതുശ്ശേരി എബ്രഹാമിന്റെയും ചേർച്ചിയുടെയും 11 മക്കളിൽ മൂത്തമകളായിരുന്നു ആനി ജോൺ.

അമ്മയുടെ 11-ാമത്തെ പ്രസവത്തിനാണ് മകൾ ഡോക്ടറായത്. ആനിയെ പ്രസവിക്കുമ്പോൾ ചേർച്ചിക്ക് 16 വയസ്സായിരുന്നു. 11-ാമത്തെ പ്രസവം 46-ാം വയസ്സിലും. അക്കാലത്ത് ചാലക്കുടിക്കാരുടെ ഹീറോ ആയിരുന്നു ആനി ഡോക്ടർ. അന്തരിച്ച സംവിധായകൻ എ.കെ. ലോഹിതദാസിന്റെ 'അമരം' എന്ന സിനിമയിൽ മമ്മൂട്ടി (അച്ചുട്ടി) പറയുന്ന ഒരു സംഭാഷണമുണ്ട്: മകൾ മുത്തുവിനെ ആനിഡോക്ടറെപ്പോലെ വലിയ ഡോക്ടറാക്കണം എന്നായിരുന്നു അത്. ചാലക്കുടിക്കാരനായ ലോഹിതദാസ് ഈ സംഭാഷണത്തിലൂടെ തന്റെ നാട്ടുകാരിയെ ആണ് സൂചിപ്പിച്ചത്.

1968-ൽ ചാലക്കുടിയിൽ ലയൺസ് ക്ലബ്ബ് രൂപവത്കരിച്ചത് ഡോ. ആനി ജോണിന്റെ നേതൃത്വത്തിലായിരുന്നു. ആനി ജോൺ 69-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് നേടിയത് ചാലക്കുടിയിൽ വലിയ വാർത്തയായിരുന്നു. ചാലക്കുടിയിലെ കായികരംഗത്തും സജീവമായിരുന്നു. മികച്ച അത്ലറ്റായിരുന്നു. ചാലക്കുടിയിലെ സ്വന്തം ആശുപത്രിയായ ജെ.എ.യിൽ പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യമായി നഴ്സിങ് പരിശീലിപ്പിച്ചിരുന്നു.

1961 മുതൽ തൃശ്ശൂർ ലയൺസ് ക്ലബ്ബ് അംഗമായിരുന്ന ആനി ഡോക്ടർ ലയൺസ് ക്ലബ്ബിന്റെ യോഗങ്ങളിൽ മുടങ്ങാതെ എട്ടുമാസംമുമ്പുവരെ പങ്കെടുത്തിരുന്നു. രണ്ടാഴ്ച മുമ്പുവരെ ആരോഗ്യവതിയായി കർമരംഗത്തുണ്ടായിരുന്നു.ചെറായി രാമവർമ യൂണിയൻ സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലായിരുന്നു ആദ്യനിയമനം.

1956-ൽ വിവാഹിതയായി. ഭർത്താവ് ജോണും എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഇരുവരും ചേർന്ന് ചാലക്കുടിയിൽ 1958-ൽ ആണ് ജെ.എ. ആശുപത്രി തുടങ്ങിയത്. പ്രസവവിഭാഗത്തിനായിരുന്നു പ്രാമുഖ്യം. 1986-ൽ ഡോ. ഒ.സി. ജോൺ അന്തരിച്ചു. 2002-ൽ ആശുപത്രിയുടെ പ്രവർത്തനം നിർത്തി സാമൂഹികപ്രവർത്തനങ്ങളിൽ മുഴുകി.

സഹോദരങ്ങൾ: മിൽക്കാമ, ശോശാമ്മ, റൂബി, ജോൺ, ലിസ്സി, സാറാക്കുട്ടി, ഇട്ടിയച്ചൻ, പരേതരായ മേരിക്കുഞ്ഞ്, സൂസി, റോയി. മക്കളില്ല. ശവസംസ്‌കാരം വ്യാഴാഴ്ച 3.30-ന് ചാലക്കുടി സെയ്ന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP