Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ദാരിദ്ര്യത്തിൽ വിശപ്പടക്കാൻ എത്തിയത് പഴനി മലയിൽ; ജീവിത ദുഃഖങ്ങൾക്കിടിയിലെ ഭജന പാടി എത്തിയത് ചൈന്നൈയിലെ സംഗീത ലോകത്ത്; ദേവരാജൻ മാസ്റ്റർ ഗുരുവായപ്പോൾ ആർ കെ ശേഖർ സുഹൃത്തുമായി; കൂട്ടുകാരന്റെ മരണത്തോടെ കൊച്ചു റഹ്മാന്റെ കൈ നെഞ്ചോട് ചേർത്തുകൊണ്ടു പോയത് റിക്കോർഡിങ് സ്റ്റുഡിയോയിലേക്ക്; ടേപ്പ് റിക്കോർഡർ ഓപ്പറേറ്ററിൽ നിന്ന് കീ ബോർഡ് വായിപ്പിച്ച് ഓസ്‌കാർ ജേതാവിന്റെ ആദ്യ ഗുരുവായി; യാത്രയാകുന്നത് യേശുദാസിനും എആർ റഹ്മാനും വഴി തെളിച്ച സംഗീത സംവിധായകൻ

ദാരിദ്ര്യത്തിൽ വിശപ്പടക്കാൻ എത്തിയത് പഴനി മലയിൽ; ജീവിത ദുഃഖങ്ങൾക്കിടിയിലെ ഭജന പാടി എത്തിയത് ചൈന്നൈയിലെ സംഗീത ലോകത്ത്; ദേവരാജൻ മാസ്റ്റർ ഗുരുവായപ്പോൾ ആർ കെ ശേഖർ സുഹൃത്തുമായി; കൂട്ടുകാരന്റെ മരണത്തോടെ കൊച്ചു റഹ്മാന്റെ കൈ നെഞ്ചോട് ചേർത്തുകൊണ്ടു പോയത് റിക്കോർഡിങ് സ്റ്റുഡിയോയിലേക്ക്; ടേപ്പ് റിക്കോർഡർ ഓപ്പറേറ്ററിൽ നിന്ന് കീ ബോർഡ് വായിപ്പിച്ച് ഓസ്‌കാർ ജേതാവിന്റെ ആദ്യ ഗുരുവായി; യാത്രയാകുന്നത് യേശുദാസിനും എആർ റഹ്മാനും വഴി തെളിച്ച സംഗീത സംവിധായകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സംഗീതത്തിലെ മാസ്റ്ററായിരുന്നു എംകെ അർജുനൻ. നിത്യഹരിത ഗാനങ്ങളുടെ രാജശിൽപി. തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത കുലപതി. ഈ വിശേഷണങ്ങൾക്കുപരി ലോക സംഗീതത്തിന് അർജുനൻ മാസ്റ്റർ നൽകിയ സംഭാവനയാണ് സാക്ഷാൽ എആർ റഹ്മാൻ. തന്റെ വഴി സംഗീതമാണെന്ന് റഹ്മാന് കാട്ടിക്കൊടുത്ത ആദ്യ ഗുരു. റഹ്മാന്റെ അച്ഛനുമായുണ്ടായിരുന്ന അടുത്ത സൗഹൃദമാണ് ചെന്നൈയിലെ റിക്കോർഡിങ് സ്റ്റുഡുയോയിലേക്ക് ഈ കൊച്ചു മിടുക്കന്റെ കൈപിടിച്ച് അർജുനൻ മാസ്റ്ററെ എത്തിച്ചത്. അങ്ങനെ അർജുനൻ മാസ്റ്റർക്ക് ടേപ്പി റിക്കോർഡർ ഓപ്പറേറ്റ് ചെയ്ത് തുടങ്ങിയ ആർ കെ ശേഖറിന്റെ മകൻ ലോക സംഗീതത്തിന്റെ നെറുകെയിലേക്ക് നടന്നു കയറി. അപ്പോഴും ഈ ഗുരുനാഥനെ റഹ്മാൻ മറന്നില്ല.

പക്ഷേ കൊറോണക്കാലത്ത് ഈ ഗുരുനാഥൻ മരണത്തിന് കീഴടങ്ങുമ്പോൾ അന്ത്യാജ്ഞലി അർപ്പിക്കാൻ പോലും ഈ ശിഷ്യർക്ക് എത്താനാകില്ല. അങ്ങനെ മലയാളിക്ക് നൊമ്പരങ്ങൾ നൽകിയ വിഷാദ ഗാനങ്ങളുടെ ശിൽപി യാത്രയാവുകയാണ്. ശിഷ്യന്മാർക്കും ആരാധകർക്കും സംഗീത സാന്ദ്രമായ ഓർമ്മയാകും ആയിരത്തിലേറെ പാട്ടുകൾക്ക് ഈണം നൽകിയ ഈ പ്രതിഭ ഇനി. അംഗീകാരങ്ങൾ നൽകേണ്ടവർ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചപ്പോഴും ചിരിച്ച് മുഖവുമായി നടന്ന ആ മനുഷ്യൻ ഇനി ഓർമ്മ മാത്രം. റഹ്മാനെ പോലുള്ള ശിഷ്യന്മാരിലൂടെ ആ സംഗീതം ഇനിയും ഉയർന്നു കേൾക്കും.

സുഹൃത്തായ ആർകെ ശേഖറിന്റെ മകൻ ദിലീപ് എന്ന സംഗീത പ്രതിഭ പിന്നീട് എആർ റഹ്മാനായതിലും അർജുനൻ മാസ്റ്ററുടെ പങ്ക് ചെറുതല്ല. 1968 ലെ കറുത്ത പൗർണമി എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതൽ ഇങ്ങോട്ടുള്ള ഗാന മാധുര്യങ്ങളൊക്കെയും മലയാളികളുടെ മനസ് നിറച്ചു. പി ഭാസ്‌ക്കരൻ, വയലാർ, ഒ എൻ വി, ശ്രീകുമാരൻ തമ്പി, തിക്കുറുശ്ശി, മുല്ലനേഴി, പൂവച്ചൽ ഖാദർ, ഭരണിക്കാവ് ശിവകുമാർ, പാപ്പനംകോട് ലക്ഷ്മൺ തുടങ്ങിയ പ്രതിഭകളുടെ വരികളെ അനുപമ ഗാനസൃഷ്ടികളാക്കി മാഷ് മലയാളിക്ക് സമ്മാനിച്ചു. ശേഖറിന്റെ മരണത്തോടെ ആ കുടുംബവും കഷ്ടതയിലേക്ക് നീങ്ങി. ഇത് തിരിച്ചറിഞ്ഞാണ് റഹ്മാന്റെ മകനെ മാഷ് കൂടെ കൂട്ടിയത്.

റഹ്മാനെ കുറിച്ച് അർജുനൻ മാസ്റ്റർ മുമ്പ് പറഞ്ഞത്

റഹ്മാനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ അച്ഛൻ ശേഖർ വഴിയാണ്. 1968ൽ സിനിമയിൽ വന്നപ്പോഴാണ് ശേഖറിനെ പരിചയപ്പെട്ടത്. അക്കാലത്ത് കംപോസ് ചെയ്യാൻ ശേഖറിന്റെ വീട്ടിൽ പോയിരുന്നു. അവിടെ വച്ച് ഈ കുട്ടിയെ (എ.ആർ. റഹ്മാൻ) കാണും. കംപോസിങ് നടക്കുമ്പോൾ അവിടെ വന്നിരിക്കും. പഠിത്തം കഴിഞ്ഞു വന്നാൽ പിന്നെ കീബോർഡിന്റെ മുകളിൽ കിടന്നാണ് 'ഓട്ടം'. കൈ വെറുതെ വച്ചങ്ങനെ ഓടിക്കും. പിന്നീട്, അദ്ദേഹം പിയാനോ പഠിക്കാൻ പോയി. കംപോസിങ് കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നു മാറിയാലും റഹ്മാൻ അവിടെ ഇരുന്ന് ഇതെല്ലാം വായിച്ചു കൊണ്ടേയിരിക്കും. റഹ്മാന്റെ അച്ഛന്റെ മരണ ശേഷം ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു-ഇയാളെ ഒന്ന് എവിടെയെങ്കിലും സ്റ്റുഡിയോയിൽ കൊണ്ടുപോയി പഠിപ്പിക്കണം.

1981ൽ 'അടിമച്ചങ്ങല' എന്ന ചിത്രത്തിൽ ആദ്യമായി വായിപ്പിച്ചു. അതേതുടർന്ന് എന്റെ എല്ലാ സിനിമകൾക്കും വായിക്കാൻ തുടങ്ങി. പിന്നീട് പലരും റഹ്മാനെ വിളിക്കുകയും വായിക്കാൻ പോകുകയും ചെയ്തു. ഇയാൾ അക്കാലത്ത് ജിംഗിൾസ് ചെയ്യും. അങ്ങനെയിരിക്കെ ഒരിക്കൽ ഇയാൾ ചെയ്ത ജിംഗിൾസ് മണിരത്‌നം കേട്ടു. അങ്ങനെയാണ് 'റോജ'യിലേക്ക് ക്ഷണിക്കുന്നത്. റഹ്മാനെ സംബന്ധിച്ചിടത്തോളം 'റോജ'യ്ക്കു ലഭിച്ച നേട്ടങ്ങൾ വരാനിരിക്കുന്ന അവാർഡുകളുടെ തുടക്കം മാത്രമായിരുന്നു. അതിപ്പോൾ ഓസ്‌കർ പുരസ്‌കാരം വരെ എത്തിയിരിക്കുന്നു. അതിനു കാരണം റഹ്മാന്റെ പ്രയത്‌നം തന്നെയാണ്. എല്ലാവരും പാട്ടു ചെയ്യുന്നതു പോലെ രണ്ടാഴ്ച കൊണ്ടോ, മൂന്നാഴ്ച കൊണ്ടോ, ഒരുമാസം കൊണ്ടോ ചെയ്തു തീർക്കാറില്ല. വർഷങ്ങളെടുക്കും. ഒരു പാട്ടെടുത്താൽ അയാൾക്കു തൃപ്തി വരുന്നതു വരെ ചെയ്യും. ഇൻസ്ട്രുമെന്റിൽ ചെയ്യുന്ന സൗണ്ട്‌സ് പ്രത്യേകമാണ്. ആ പ്രത്യേകത തന്നെയാണ് അയാളുടെ വിജയവും.

കെജെ യേശുദാസിന്റെ വീട്ടിന് അടുത്തായിരുന്നു അർജുനൻ മാസ്റ്ററുടെ വീട്. യേശുദാസിന് വേണ്ടി ആദ്യമായി പാട്ടിന് ഈണം നൽകിയതും അത് റിക്കോർഡ് ചെയ്തതും അർജുനൻ മാസ്റ്ററായിരുന്നു. യുവജനോത്സവത്തിൽ വിജയിയായ കൊച്ചു യേശുദാസിന് നാട്ടുകാർ സ്വീകരണം നൽകി. അന്ന് പൊൻകുന്നം ദാമോദരന്റെ പാട്ട് യേശുദാസിന് വേണ്ടി ഈണം ചെയ്യിക്കാൻ നാട്ടുകാർ തീരുമാനിച്ചു. അത് അവർ ഏൽപ്പിച്ചത് യേശുദാസിന്റെ അയൽവാസി കൂടിയായ അർജുനൻ എന്ന മിടുമിടുക്കനെ ആയിരുന്നു. ഈ പാട്ട് റിക്കോർഡ് ചെയ്യുകയും ചെയ്തു. അങ്ങനെ റഹ്മാനെ കൈപിടിച്ച് സിനിമാ ലോകത്ത് എത്തിച്ച അർജുനൻ മാസ്റ്റർ യേശുദാസിന്റെ സംഗീത വഴിയുടെ തുടക്കത്തിലും വഴി കാട്ടിയുടെ റോളിലെത്തി.

പകരംവയ്ക്കാനാവാത്ത സംഗീത സപര്യയായാണ് ഇന്ന് വിടവാങ്ങുന്നത്. 22-ാം വയസിൽ തുടങ്ങിയ മാഷിന്റെ സംഗീത മാധുര്യം ഇന്നും മലയാളിയുടെ കാതുകളിൽ മുഴങ്ങുകയാണ്. 1946 മാർച്ച് ഒന്നാം തീയതി ഫോർട്ടുകൊച്ചിയിൽ ചിരട്ടപ്പാലത്തുകൊച്ചു കുഞ്ഞിന്റെയും പാർവതിയുടെയും മകനായി ജനിച്ച അർജുനൻ മാഷ് നാടകഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തുന്നത്. തുടക്ക കാലത്ത് സിനിമ ലോകത്തു നിന്നും നേരിടേണ്ടി വന്ന ചില തിരിച്ചടികളെ പുഞ്ചിരിയോടെ നേരിട്ടു. 16 തവണ മികച്ച നാടക സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള സംഗീത കുലപതി. ദാരിദ്രമാണ് അർജുനൻ മാസ്റ്ററെ സംഗീത സംവിധായകനാക്കിയത്. പഴനിമലയുടെ സംഭാവന.

പഴനിയിലെ ആശ്രമത്തിൽ മാഷെ എത്തിച്ചത് ബാല്യത്തിൽ നേരിട്ട കടുത്ത ദാരിദ്ര്യമായിരുന്നു. ആശ്രമത്തിൽ ഭജനകൾ പാടി തന്റെ സ്വരസ്ഥാനങ്ങൾ ഉറപ്പിച്ചു. പിന്നീട് ആശ്രമത്തിലെ സ്വാമി അർജുനൻ മാസ്റ്ററെ സംഗീതം പഠിപ്പിച്ചു. പതിയെ ചെന്നൈയിൽ എത്തി. പിന്നീട് ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റും. കെപിഎസിയിലൂടെ പാട്ടുകളുടെ വഴിയേ എത്തി. അക്കാലത്തെ സംഗീത മഹാരഥന്മാർക്കൊപ്പമാണ് കേവലം ഹാർമോണിസ്റ്റ് എന്നൊരിക്കൽ അവഗണിക്കപ്പെട്ടിരുന്ന എംകെ അർജുനന് സ്ഥാനം ലഭിച്ചത്. ആ യാത്രയിൽ ദേവരാജൻ മാസ്റ്ററുടെ ആശിർവാദവും ആർകെ ശേഖറുടെ സംരക്ഷണവും താങ്ങും തണലുമായി. പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കിയില്ല.

ഫോർട്ട് കൊച്ചിയിലെ താമരപ്പറമ്പ് സ്‌കൂളിലാണ് അർജുനൻ മാസ്റ്റർ പഠിച്ചത്. ഒന്നിൽനിന്ന് രണ്ടിലേക്ക് ജയിച്ചു. പല കാരണങ്ങൾകൊണ്ട് പഠിത്തംനിർത്തേണ്ടി വന്നു. പിന്നീട് മാഷും ജ്യേഷ്ഠനും പോവുന്നത് പഴനി ജീവകാരുണ്യാനന്ദാശ്രമത്തിലാണ്. ആറേഴുവർഷം അവിടെയുണ്ടായിരുന്നു. മാഷെ വളർത്തിയ നാടാണ് പഴനിയും ഈ ആശ്രമവും. അവിടെനിന്നാണ് പഠിത്തവും സംഗീതവും എല്ലാം. പഴനിയിൽനിന്ന് മടങ്ങി നാട്ടിൽ വന്നശേഷം പലരും വിളിച്ച് കച്ചേരി നടത്തിച്ചു. പക്ഷേ, ഹാർമോണിയം വായിക്കാൻ തുടങ്ങിയതിനുശേഷമാണ് മാഷിന് കുറെശ്ശെ പരിപാടി കിട്ടാൻ തുടങ്ങിയത്. അത് സംഗീത ലോകത്തേക്ക് പുതിയ വഴിയുമൊരുക്കി.

ഒരു ഇടവേളയ്ക്കു ശേഷം സംവിധായകൻ ജയരാജിന്റെ നവരസ പരമ്പര ചിത്രങ്ങളിൽ വീരം' എന്ന ചിത്രത്തിലൂടെയാ മാസ്റ്റർ വീണ്ടും സജീവമായത്. ജയരാജിന്റെ തന്നെ ചിത്രമായ ഭായനകത്തിലും മാഷ് ആയിരുന്നു സംഗീതം. ആയിരത്തിയഞ്ഞൂറിലേറെ സിനിമഗാനങ്ങൾ അസംഖ്യം നാടക ഗാനങ്ങൾ, അതിലേറെയും കാലാതിവർത്തിയായ ഹിറ്റുകൾ. 1968 ൽ തുടങ്ങിയ സംഗീത സപര്യയ്ക്ക് കേരള സർക്കാരിന്റെ പുരസ്‌കാരത്തിന് അർഹനാകാൻ മാസ്റ്റർക്ക് അരനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഭയാനകത്തിലെ ഗാനങ്ങളിലൂടെ ഒടുവലദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി, അനുവാദമില്ലാതെ അകത്തു വന്നു..., ഏഴു സുന്ദരരാത്രികൾ..തുടങ്ങിയവ മലയാളി നെഞ്ചിലേറ്റി. ഈ എൺപത്തിനാലാം വയസിലും ഹാർമോണിയത്തോടായിരുന്നു കൂടുതൽ താൽപ്പര്യം. പാടാത്തെ വീണയും പാടും.... ഈ വരികൾ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. കസ്തൂരി മണമുള്ള ഗാനങ്ങളൊരുക്കിയാണ് അർജുനൻ മാസ്റ്റർ വിടവാങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP