Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202228Wednesday

'ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനുജന് ഉണ്ടാകരുത്'; മലയാളിയുടെ ഉള്ളുപൊള്ളിച്ച ആ വാക്കുകൾ നൊമ്പരപ്പെടുത്തുന്ന ഓർമ്മ; രോഗബാധിതയായി വേദന അനുഭവിക്കുമ്പോഴും അനുജന്റെ ചികിത്സയ്ക്കായി അഭ്യർത്ഥന നടത്തിയ മാലാഖക്കുട്ടി; അഫ്ര വിട പറയുമ്പോൾ

'ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനുജന് ഉണ്ടാകരുത്'; മലയാളിയുടെ ഉള്ളുപൊള്ളിച്ച ആ വാക്കുകൾ നൊമ്പരപ്പെടുത്തുന്ന ഓർമ്മ; രോഗബാധിതയായി വേദന അനുഭവിക്കുമ്പോഴും അനുജന്റെ ചികിത്സയ്ക്കായി അഭ്യർത്ഥന നടത്തിയ മാലാഖക്കുട്ടി; അഫ്ര വിട പറയുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: 'ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനുജന് ഉണ്ടാകരുത്..അവൻ എന്നെപ്പോലെയാകരുത്' മലയാളിയുടെ ഉള്ളുപൊള്ളിച്ച വാക്കുകളാണ് ഇത്.എസ്എംഎ ബാധിതയായി വേദന അനുഭവിക്കുമ്പോഴും തന്റെ അനുജന്റെ ചികിത്സയ്ക്കായി അഭ്യർത്ഥന നടത്തിയ അഫ്രയെ മലയാളി ഒരിക്കലും മറക്കില്ല.എല്ലുനുറുങ്ങുന്ന പ്രാണ വേദനയ്ക്കിടെയിലും അവൾ സ്വപ്നം കാണുകയും ചിരിക്കുകയും കഥകൾ വായിക്കുകയും ചിത്രവരയ്ക്കുകയും ചെയ്തു.ഒരു വീൽചെയറിൽ വീടിന്റെ മുറികൾക്കിടെയിലായിരുന്നു അവളുടെ ലോകം.

എന്നെങ്കിലും അവൾ തിരിച്ചുവരുമെന്നും പൂമ്പാറ്റയെപോലെ വിദ്യാലയത്തിൽ പറന്നുകളിക്കുമെന്നും വീട്ടുകാരും നാട്ടുകാരും സ്വപ്നം കണ്ടു. കേരളംമുഴുവൻ അവൾക്കായി പ്രാർത്ഥിക്കുകയും അവളെയും സഹായിക്കാനായി മുൻപിൻ നോക്കാതെ മുന്നിട്ടിറങ്ങുകയും ചെയ്തു. എന്നിട്ടും അഫ്രയെന്ന പെൺകുട്ടി നാടിനെ കണ്ണീരിലാഴ്‌ത്തി വിടപറഞ്ഞു.ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുതെന്നു ലോകത്തോട് പറഞ്ഞ അഫ്രയുടെ വാക്കുകൾ ഇനി കണ്ണീരോർമ്മയായി കേരളത്തിന്റെ മനസിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കും.

സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു അവളെ മലയാളികൾ. അവളുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ വരെ വാർത്തയായി. പലരും ഫോണിൽ വിളിച്ചു അവളെ ആശ്വസിപ്പിക്കുകയും സോഷ്യൽമീഡിയയിലൂടെ അവളുടെ ചെറിയ സന്തോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു.ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അവൾ ജീവിതത്തിലേക്ക് മടങ്ങിവന്ന് പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുമെന്ന പ്രതീക്ഷയെയാണ് രംഗബാധമില്ലാത്ത കോമാളിയായി എത്തിയ മരണം കരിച്ചുകളഞ്ഞത്.

ഇടിത്തീപോലെയാണ് തിങ്കളാഴ്‌ച്ച പുലരുമ്പോൾ കണ്ണൂർ അഫ്രയുടെ ദുരന്തം കേട്ടത്.പുലർച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ മിംമ്സ് ആശുപത്രിയിലായിരുന്നു അന്ത്യം.കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മിംമ്സ് ആശുപത്രിയിലേക്ക് മാറ്റിയത്.അഫ്രയ്ക്ക് എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അസുഖം മാറി അഫ്ര തിരിച്ചുവരുന്നതു കാത്തിരിക്കുകയായിരുന്നു നാട്ടുകാരും പ്രിയപ്പെട്ടവരും.

എസ്എംഎ എന്ന അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞനിയൻ മുഹമ്മദിനു മരുന്നു വാങ്ങാൻ സഹായിക്കണമെന്ന്, ഇതേ രോഗം ബാധിച്ച അഫ്ര വിൽചെയറിൽ ഇരുന്നുകൊണ്ട് അഭ്യർത്ഥിച്ചത് ലോകം മുഴുവൻ കേട്ടിരുന്നു. 18 കോടി രൂപയുടെ മരുന്ന് ഇറക്കുമതി ചെയ്യാനാണ് അഫ്ര സഹോദരനുവേണ്ടി സഹായം ചോദിച്ചത്. നാടിന്റെ കാരുണ്യത്തിനും കനിവിനുംഅപൂർവ്വ രോഗം ബാധിച്ച പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗം ബാധിച്ച പഴയങ്ങാടി മാട്ടൂൽ സ്വദേശിനിയായ പെൺകുട്ടി അഫ്രമോളെ(15) കേരളത്തിന്റെ മന:സാക്ഷി മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. എങ്കിലും പുഞ്ചിരിമായാത്ത മുഖത്തോടെ അവൾ മരണത്തിന്റെ കൈപിടിച്ചു കടന്നു പോവുകയായിരുന്നു.അപൂർവ്വ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി( എസ്. എം. എ) രോഗബാധിതയായ അഫ്രമോൾ രോഗവുമായി മല്ലടിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങിയത്. കണ്ണൂർ പഴങ്ങാടി മാട്ടൂൽ സ്വദേശിയായ റഫീഖിന്റെയും മറിയുമ്മയുടെയും മകളാണ്. അഫ്രയുടെ സഹോദരൻ മുഹമ്മദിനും(രണ്ട്) ഇതേ രോഗമായിരുന്നു.

മുഹമ്മദിന്റെ ചികിത്സയ്ക്കക്കായി സോഷ്യൽ മീഡിയയിലൂടെയുള്ള ക്രൗഡിങ് ഫണ്ടിലൂടെ കേരളത്തിലെയുംവിദേശത്തെയും ഉദാരമതികളായ ജനങ്ങൾ കോടികളാണ് സമാഹരിച്ചത്. മുഹമ്മദിന്റെ ചികിത്സ ആംസ്റ്റർമിംമ്സിൽ നടന്നുകൊണ്ടിരിക്കയെയാണ് സഹോദരിയെ മരണം തേടിയെത്തിയത്. സഹോദരനുംതനിക്കുള്ള അതേ രോഗം ബാധിച്ചതറിഞ്ഞ് അഫ്രയുടെ അഭ്യർത്ഥനയാണ് കേരളം പിന്നീട് കേരളം ഏറ്റെടുത്തത്. മുഹമ്മദിന്റെ ചികിത്സാസഹായം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സമാഹരിച്ചത് ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.വിദേശരാജ്യങ്ങളിൽ നിന്നുവരെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ മുഹമ്മദിന് വേണ്ടി കൈക്കോർത്തു.കഴിഞ്ഞ കുറെക്കാലമായി അപൂർവ്വ രോഗംബാധിച്ച അഫ്രമോൾ വീൽചെയറിലാണ് കഴിഞ്ഞിരുന്നത്. സഹോദരൻ മുഹമ്മദിനും തനിക്കുബാധിച്ച അതേ രോഗം ബാധിച്ചതായിരുന്നു അവളുടെ കുഞ്ഞു സങ്കടങ്ങളിലൊന്ന്.വായനയെയും എഴുത്തിനെയും ചിത്രങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന അഫ്ര കേരളത്തിനെ സങ്കടത്തിലാഴ്‌ത്തിയാണ് വിടപറയുന്നത്. അഫ്രയെയും സഹോദരനെയും പോലെ അപൂർവ്വ രോഗമായ എസ്. എം. എയുടെ പിടിയിലമർന്ന മറ്റു കുട്ടികളും കണ്ണൂർ ജില്ലയിലുണ്ട്. അവരെ രക്ഷിക്കുന്നതിനായി നാടുകൈക്കോർക്കുന്ന വേളയിലാണ് കാരുണ്യപ്രവർത്തനം നടത്തുന്നവരെ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ടു അഫ്രയുടെ അപ്രതീക്ഷിത വിയോഗം തേടിയെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP