Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയം നോക്കാത്തെ ഏവരേയും സഹായിക്കാൻ ഓടി നടന്ന കോൺഗ്രസുകാരൻ; ജീവകാരുണ്യത്തിന് വേറിട്ട വഴി സ്വീകരിച്ച അഭിഭാഷകൻ; ഫാത്തിമാപുരത്ത് സ്‌കൂട്ടർ അപകടത്തിൽ മരിച്ചത് ചങ്ങനാശ്ശേരിക്കാരുടെ സ്വന്തം ടോമിച്ചൻ; ടോമി കണയംപ്ലാക്കലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് തൃക്കൊടിത്താനം

രാഷ്ട്രീയം നോക്കാത്തെ ഏവരേയും സഹായിക്കാൻ ഓടി നടന്ന കോൺഗ്രസുകാരൻ; ജീവകാരുണ്യത്തിന് വേറിട്ട വഴി സ്വീകരിച്ച അഭിഭാഷകൻ; ഫാത്തിമാപുരത്ത് സ്‌കൂട്ടർ അപകടത്തിൽ മരിച്ചത് ചങ്ങനാശ്ശേരിക്കാരുടെ സ്വന്തം ടോമിച്ചൻ; ടോമി കണയംപ്ലാക്കലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് തൃക്കൊടിത്താനം

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി : ടോമി കണയംപ്ലാക്കൽ എല്ലാ അർഥത്തിലും ചങ്ങനാശേരിയുടെ നിറസാന്നിധ്യമായിരുന്നു. ടോമിയുടെ സാന്നിധ്യവും സഹകരണവുമില്ലാത്ത സാംസ്‌കാരിക പരിപാടികൾ്തന്നെ കുറവായിരുന്നു. അതുകൊണ്ട് കൂടിയാണ് അഡ്വ. ടോമി കണയംപ്ലാക്കൽ (48) വിടവാങ്ങുമ്പോൾ അത് ചങ്ങനാശ്ശേരിയുടെ ആകെ ദുഃഖമാകുന്നത്. കോൺഗ്രസുകാരനായ ടോമി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച് ഏവരുടേയും കൈയടി നേടിയ പൊതുപ്രവർത്തകനായിരുന്നു.

മധ്യ തിരുവിതാംകൂറിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന അഡ്വ. ടോമി കണയംപ്ലാക്കൽ സ്‌കൂട്ടർ അപകടത്തിലാണ് മരിച്ചത്. കൊല്ലത്ത് യോഗത്തിൽ പങ്കെടുത്തശേഷം തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെത്തി തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. വാഴൂർ റോഡിലെ മേൽപ്പാലത്തിൽനിന്നു ഫാത്തിമാപുരത്തേക്കുള്ള റെയിൽവേ ഗുഡ്‌സ്‌ഷെഡ് റോഡിൽ ക്ലൂണി പബ്ലിക് സ്‌കൂളിനു സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിയുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. വിശദമായ അന്വേഷണം നടത്തുകയും ചെയ്യും.

മുഴുവൻ സമയവും പൊതുപ്രവർത്തകനായ ടോമി ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. എംകോം, എൽഎൽഎം ബിരുദങ്ങൾ നേടിയ ടോമി കോട്ടയം പ്രസ് ക്ലബിൽനിന്നു ജേർണലിസത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. ചങ്ങനാശേരി ബാറിൽ അഭിഭാഷകനായ ഇദ്ദേഹം വിവിധ സഹകരണബാങ്കുകളിൽ ലീഗൽ അഡൈ്വസറായും പ്രവർത്തിച്ചിട്ടുണ്ട്.

ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം, കോൺഗ്രസ് ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറി, ചങ്ങനാശേരി ജനറൽ ആശുപത്രി വികസന സമിതിയംഗം, എസ്ബി കോളജ് അലുംനി അസോസിയേഷൻ വൈസ് പ്രസിഡന്റ്, റേഡിയോ മീഡിയാ വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ബോർഡംഗം, മീഡിയാ വില്ലേജ്, ചാരിറ്റി വേൾഡ് ട്രസ്റ്റ് പിആർഒ, ഫാ.ഗ്രിഗറി പരുവപ്പറന്പിൽ ഫൗണ്ടേഷൻ ചെയർമാൻ, എകെസിസി കേന്ദ്ര പ്രതിനിധി, തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ചങ്ങനാശേരി റോട്ടറി ക്ലബിന്റെ മുൻ പ്രസിഡന്റുകൂടിയാണ്. റോട്ടറി ക്ലബിന്റെ 2018-19 വർഷത്തെ നിയുക്ത അസിസ്റ്റന്റ് ഗവർണർ കൂടിയാണു ടോമി കണയംപ്ലാക്കൽ.

കൊല്ലത്ത് പരിപാടിക്ക് പോയ ടോമി രാത്രി വൈകിയിട്ടും വീട്ടിലെത്താതെ വന്നതോടെ ഭാര്യ നിഷ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വിവരമറിയിച്ചതിനെ തുടർന്നു സുഹൃത്തുക്കളും പൊലീസും അഗ്‌നിശമനസേനയും രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചു. ഇന്നലെ പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂട്ടർ നെഞ്ചിലേക്കു മറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.

ഭാര്യ നിഷ നാലുകോടി വെട്ടിക്കാട് കുഴിയടിയിൽ കുടുംബാംഗവും ചങ്ങനാശേരി സെന്റ് ജോസഫ് എൽപി സ്‌കൂൾ അദ്ധ്യാപികയുമാണ്. ക്ലൂണി പബ്ലിക് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ടോംസ് ഏക മകനാണ്. സഹോദരങ്ങൾ: ജോജോ (ഇന്ത്യനികേഷ് മുംബൈ), ബെറ്റി (അദ്ധ്യാപിക, എസ്എച്ച് എച്ച്എസ്എസ് ചങ്ങനാശേരി), ബെന്നി (അദ്ധ്യാപിക, എ.ജെ. ജോൺ മെമോറിയൽ സ്‌കൂൾ കൈനടി), ഡോ. റാണി മരിയ (ഇക്കണോമിക്‌സ് വകുപ്പുമേധാവി അസംപ്ഷൻ ഓട്ടോണമസ് കോളജ് ചങ്ങനശേരി), ജോണി (എറണാകുളം), ജിമ്മി (എറണാകുളം), പരേതനായ ജോയി.

ടോമിയുടെ മൃതദേഹം ഇന്ന് ഏഴിനു കുരിശുംമൂട് റേഡിയോ മീഡിയ വില്ലേജിൽ പൊതുദർശനത്തിനു വച്ചശേഷം തൃക്കൊടിത്താനം നാൽക്കവലയിലുള്ള വീട്ടിലെത്തിക്കും. സംസ്‌കാരം മൂന്നിനു തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളിയിൽ. ഭവനത്തിലെ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പൗവത്തിലും ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സഹായമെത്രാൻ മാർ തോമസ് തറയിലും കാർമികത്വം വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP